/indian-express-malayalam/media/media_files/uploads/2020/12/K-Surendran-BJP.jpg)
തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തില്‍ താൻ പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ഇതില്‍ ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്.
മുതിർന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുമ്പോൾ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാൽ പ്രചാരണത്തിൽ പ്രചാരണത്തിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രൻ മത്സരിക്കാനിടയുണ്ടായിരുന്നത്. രണ്ടിടത്തും ഇക്കുറിയും സുരേന്ദ്രന്റെ പേര് ഉയർന്നിരുന്നു. എന്നാൽ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് ഇക്കുറി ബിജെപിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സുരേന്ദ്രനെ വര്‍ക്കല സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു ആലോചന.
Read More: കെ.വി.തോമസിനെ സ്വാഗതം ചെയ്‌ത് സിപിഎം; ശനിയാഴ്‌ച നിലപാട് പ്രഖ്യാപനം
എന്നാൽ, സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അന്തിമ ചര്‍ച്ചകളിലേക്ക് കടക്കാനിരിക്കെയാണ് മത്സരത്തിനിറങ്ങാനില്ലെന്ന കാര്യം സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. സുരേന്ദ്രനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു പാര്‍ട്ടിയുടെ ആലോചന.
അതേസമയം, തലസ്ഥാനത്തെ മണ്ഡലങ്ങളില്‍ ആറോളം നേതാക്കള്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കുമ്മനം രാജശേഖരന്‍ നേമത്തും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും വി മുരളീധരന്‍ കഴക്കൂട്ടത്തും വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും സംസ്ഥാന സമിതി അംഗം സുധീര്‍ ആറ്റിങ്ങലിലും പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലും തൃശൂർ കോർപറേഷനിലും തങ്ങൾ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് ബിജെപി സമ്മതിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിക്കുമെന്ന് പോലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുൻപ് ബിജെപി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ തങ്ങൾ പ്രതീക്ഷച്ച സീറ്റുകൾ നേടാനായില്ല. കോർപറേഷനിൽ 35 സീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.
ബിജെപിക്ക് വേണ്ടത്ര വിജയം ലഭിക്കാത്തതിനു കാരണം എൽഡിഎഫ്, യുഡിഎഫ് കൂട്ടുക്കെട്ടാണെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം. ബിജെപിക്ക് തടയിടാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു നിന്നെന്ന് കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ആരോപിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് മത്സരിച്ചൂടെ എന്ന് സുരേന്ദ്രൻ പരിഹസിക്കുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us