കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് ഇടതുപക്ഷത്തേക്കെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസുമായി അസ്വാരസ്യങ്ങൾ ഉള്ളതിനാലാണ് ഇടതുപക്ഷവുമായി സഹകരിക്കാൻ കെ.വി.തോമസ് ആലോചിക്കുന്നത്. തോമസിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തു. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് കെ.വി.തോമസ് നേരത്തെ പരസ്യ നിലപാടെടുത്തിരുന്നു.

ജനുവരി 23 ന് കെ.വി.തോമസ് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. അന്ന് തനിക്ക് പറയാനുള്ളതെല്ലാം തുറന്നുപറയുമെന്ന് തോമസ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ തന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നാണ് സൂചന. ശനിയാ‌ഴ്‌ച കൊച്ചിയിലെ ബിടിഎച്ചിൽ വച്ചാണ് കെ.വി.തോമസ് മാധ്യമപ്രവർത്തകരെ കാണുക. ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിനു ‘വരട്ടെ, പറയാം’ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

Read Also: കോൺഗ്രസിന് അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതി, സിഎജിക്ക് രാഷ്ട്രീയലക്ഷ്യം: എം.സ്വാരാജ്

കുമ്പളങ്ങിയില്‍ നിന്നുള്ള ഒരു നിവേദക സംഘത്തിനൊപ്പം തിരുവനന്തപുരത്തെത്തിയ കെ.വി.തോമസ് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് തന്നെയെന്ന് സൂചന നൽകുന്നതാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ കെ.വി.തോമസിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് കെ.വി.തോമസും കോൺഗ്രസും തമ്മിൽ അകൽച്ച ഉടലെടുത്തത്. എറണാകുളത്ത് സീറ്റ് നിഷേധിച്ചതിനെതിരെ കെ.വി.തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. താനുമായി ഒരു കൂടിയാലോചനയും നടന്നില്ലെന്നായിരുന്നു കെ.വി.തോമസ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.