/indian-express-malayalam/media/media_files/2025/07/29/malayali-nuns-arrest-2025-07-29-08-30-48.jpg)
ചിത്രം: എക്സ്
Malayali Nuns Arrest: ഡൽഹി: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പിന്തുണയുമായി പ്രതിപക്ഷ പ്രതിനിധിസംഘം ഇന്ന് റായ്പൂരിൽ എത്തും. എംപിമാരും എംഎല്‍എമാരും അടക്കമുള്ള കോൺഗ്രസ് പ്രതിനിധി സംഘമാണ് ഛത്തീസ്ഗഡിൽ എത്തുക. ബിജെപി നേതാവ് അനൂപ് ആന്‍റണിയും ഇന്നു രാവിലെ ഛത്തീസ്ഗഡിൽ എത്തും.
എൻ.കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നിബഹ്നാൻ തുടങ്ങിയവരാണ് ഛത്തീസ്ഗഡിൽ എത്തുകയെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഢിലെത്തുക. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയെ നേരിൽകണ്ട് ചർച്ച നടത്തുമെന്നാണ് വിവരം.
Also Read: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ചുമത്തിയത് ഗുരുതര വകുപ്പുകൾ, വ്യാപക പ്രതിഷേധം
അതേസമയം, കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് സൂചന. ദുർഗ് ജില്ലാ കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. നിർബന്ധിത മത പരിവർത്തന നിരോധന നിയമപ്രകാരമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി സിസ്റ്റർ പ്രീതി മേരിയെ ഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്ന് സംശയിക്കുന്നതായും മനുഷ്യക്കടത്തും സംശയിക്കുന്നതായും എഫ്ഐആറിൽ പറയുന്നു.
വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ടു മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ തടഞ്ഞുവച്ചത്.
Also Read: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്; നിഷേധിച്ച് തലാലിന്റെ സഹോദരൻ
അറസ്റ്റിലായ കന്യാസ്ത്രീകൾ നിലവില്‍ റിമാന്‍ഡിലാണ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
Read More: ഓപ്പറേഷൻ സിന്ദൂർ: പാക്ക് ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളുടെ പഠനച്ചെലവ് രാഹുൽ ഗാന്ധി ഏറ്റെടുക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.