/indian-express-malayalam/media/media_files/bailey-bridge-wayanad-landslide-4.jpg)
പത്തു ദിവസം നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചാണ് സൈന്യം മടങ്ങുന്നത്
കൽപറ്റ: വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടുനിന്ന സൈന്യം മടങ്ങുന്നു. പത്തു ദിവസം നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചാണ് സൈന്യം മടങ്ങുന്നത്. ഹെലികോപ്റ്റർ തിരച്ചിലിനും ബെയ്‌ലി പാലം മെയ്ന്റനൻസ് ടീമും അടുത്ത നിർദേശം വരുന്നതുവരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.
മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും ചേർന്ന് യാത്രയയപ്പ് നൽകി. സൈനിക മേധാവികളെ സർക്കാർ ആദരിച്ചു. ദുരന്ത ഭൂമിയിൽ ജനങ്ങൾ നൽകിയ സേവനങ്ങൾക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രി മുഹമ്മദ് റിയാസ് തിരികെ നന്ദി അറിയിച്ചു. ഒത്തോരുമിച്ച് ഒരു ശരീരം പോലെ പ്രവർത്തിച്ചുവെന്നും ചെയ്യാവുന്നതെല്ലാം സൈന്യം ചെയ്തെന്നും മന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താം ദിനമായ ഇന്നും തുടരുന്നുണ്ട്. സൺറൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്ന് കൂടുതൽ പരിശോധന. ഇതിനുപുറമേ, ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലും ചാലിയാർ പുഴയിലും തിരച്ചിൽ നടത്തുന്നുണ്ട്. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 400 കടന്നിട്ടുണ്ട്. 16 ക്യാംപുകളിലായി 1968 പേരാണ് കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്താനുള്ള നടപടികൾ തുടരുന്നുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.