/indian-express-malayalam/media/media_files/uploads/2020/12/anil-nedumangad-1.jpg)
തിരുവനന്തപുരം: വെള്ളിയാഴ്ച വൈകുന്നേരം അന്തരിച്ച മലയാള ചലച്ചിത്രതാരം അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. തൊടുപുഴയിലെ താലൂക്കാശുപത്രിയിലെ മോർച്ചറിയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ പോസ്റ്റ്‍മോർട്ടം നടക്കും. കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‍മോർട്ടം. അതിന് ശേഷം മൃതദേഹം നാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.
വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങിപ്പോയത്. കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായ പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസിയായ യുവാവ് ഓടിയെത്തി എട്ട് മിനിറ്റുകൊണ്ട് അനിലിനെ കരയ്ക്ക് എത്തിച്ചു. ഉടനടി ആശുപത്രിയിലേക്ക് അനിലിനെയും കൊണ്ട് കുതിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി തൊടുപുഴയിലെത്തിയതായിരുന്നു അനിൽ നെടുമങ്ങാട്. ചിത്രത്തിൽ ഒരു മുഴുനീള പൊലീസുദ്യോഗസ്ഥന്‍റെ വേഷമായിരുന്നു അദ്ദേഹത്തിന്.
അടുത്തിടെ ഇറങ്ങിയ ‘അയ്യപ്പനും കോശിയും,’ ‘കമ്മട്ടിപ്പാടം’ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ‘ഞാൻ സ്റ്റീവ് ലോപ്പസ്,’ ‘പൊറിഞ്ചു മറിയം ജോസ്,’ ‘കിസ്മത്ത്,’ ‘പാവാട’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
നാടക-ടെലിവിഷൻ രംഗങ്ങളിൽ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് അനിൽ നെടുമങ്ങാട്. 1997-98ല്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഏതാനും വർഷങ്ങൾ നാടക രംഗത്തു പ്രവർത്തിച്ചു. പിന്നീട് കോമഡി സ്കിറ്റുകളിലൂടെ ടെലവിഷൻ രംഗത്തെത്തി. ചാനലുകളിൽ അവതാരകനും പ്രൊഡ്യൂസറുമായി മാറിയ അദ്ദേഹം കൈരളി ടിവിയിലെ ‘സ്റ്റാർ വാർസ്’ എന്ന പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
2005ൽ പുറത്തിറങ്ങിയ ‘തസ്കരവീര’നിലൂടെ ആണ് അനിൽ നെടുമങ്ങാട് ആദ്യമായി ബിഗ് സ്ക്രീനിലെത്തിയത്. ആദ്യഘട്ടങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ 2014ൽ ഇറങ്ങിയ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രാധാന്യമുള്ള ഒരു വേഷം ചെയ്തത്. 2016ൽ ഇറങ്ങിയ രാജീവ് രവി ചിത്രം’കമ്മട്ടിപ്പാട’ത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.