scorecardresearch

മെറിന്റെ കാർ തടയുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്; സംസ്‌കാരം ബുധനാഴ്‌ച അമേരിക്കയിൽ

മെറിന്റെ ബന്ധുക്കൾ തിങ്കളാഴ്‌ച മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഫ്ലോറിഡ ഡേവിയിലെ ജോസഫ് സ്‌കെറാനോ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിനുവയ്‌ക്കും

മെറിന്റെ ബന്ധുക്കൾ തിങ്കളാഴ്‌ച മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഫ്ലോറിഡ ഡേവിയിലെ ജോസഫ് സ്‌കെറാനോ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിനുവയ്‌ക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Malayali Nurse Killed, Merin Joy

കോട്ടയം: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിന്റെ സംസ്‌കാരം ബുധനാഴ്‌ച. അമേരിക്കയിലെ റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിൽ വച്ച് അമേരിക്കൻ സമയം രാവിലെ പതിനൊന്നിനാണ് സംസ്‌കാര ശുശ്രൂഷ.

Advertisment

മയാമിയിലെ ഫ്യൂണറൽ ഹോമിലാണ് നിലവിൽ മെറിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മെറിന്റെ പിതാവ് ജോയിയുടെ മാതൃ സഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ അമേരിക്കയിലുണ്ട്. മെറിന്റെ ബന്ധുക്കൾ തിങ്കളാഴ്‌ച മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഫ്ലോറിഡ ഡേവിയിലെ ജോസഫ് സ്‌കെറാനോ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിനുവയ്‌ക്കും. മെറിൻ ജോലി ചെയ്‌തിരുന്ന ആശുപത്രിയിലെ ജീവനക്കാർക്ക് ഇവിടെവച്ച് അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ട്.

Read Also: പിറന്നാളും വിവാഹവാർഷികവും ഇന്ന്; മെറിൻ പോയത് ആഘോഷങ്ങൾക്ക് കാത്തുനിൽക്കാതെ

എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് മൃതദേഹം അമേരിക്കയിൽ നിന്നു നാട്ടിലെത്തിക്കാൻ സാധിക്കാത്തത്. മെറിന്റെ ശരീരത്തിൽ 17 കുത്തുകളേറ്റിട്ടുണ്ട്. ഇതിന് പുറമേ മെറിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൃതദേഹം എംബാം ചെയ്യാൻ സാധിച്ചില്ല. ഇക്കാര്യം ആശുപത്രി അധികൃതർ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. മോനിപ്പള്ളിയിലെ വീട്ടിലും അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി-മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ ജോയി.

Advertisment

അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്‌പ്രിങ്‌സ് ആശുപത്രിയിൽ നഴ്‌സായിരുന്ന മെറിൻ ജോയി ചൊവ്വാഴ്‌ച വൈകിട്ട് ഏഴരയോടെയാണു കൊല്ലപ്പെട്ടത്. കോവിഡിനെതിരായ പോരാട്ടത്തിനിടെയാണ് മെറിൻ ഭർത്താവ് ഫിലിപ്പ് മാത്യു (34) വിന്റെ കത്തിമുനയ്‌ക്കിരയായത്. ആശുപത്രിയുടെ നാലാം നിലയിലെ കോവിഡ് വാർഡിൽനിന്ന് ജോലി കഴിഞ്ഞ് മിയാമിയിലെ താമസ സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു മെറിൻ. കാറിലെത്തിയ ഫിലിപ്പ് പാര്‍ക്കിങ് ലോട്ടിൽവച്ച് മെറിനെ കുത്തിവീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകത്തിനുപിന്നാലെ കാറോടിച്ച് കടന്നുകളഞ്ഞ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേൽപ്പിച്ച നിലയിൽ ഹോട്ടൽ മുറിയിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഫിലിപ്പിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫിലിപ്പ് മിഷഗണിലാണു താമസിച്ചിരുന്നത്.

തന്നെ കുത്തിയതും വണ്ടി കയറ്റിയതും ഫിലിപ് മാത്യു ആണെന്നു ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന സമയത്ത് മെറിൻ വ്യക്തമായി പൊലീസിനോടു പറഞ്ഞിരുന്നു. ഇതാണ് മരണമൊഴി. ഇത് ആംബുലൻസിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദേഹത്തെ ക്യാമറയിൽ റെക്കോർഡ് ചെയ്‌തിട്ടുണ്ട്.

Read Also: ‘എനിക്കൊരു കുഞ്ഞുണ്ട്’; സഹപ്രവർത്തകർക്ക് തീരാവേദനയായി മെറിൻ

മെറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ ജോലി കഴിഞ്ഞ് മെറിൻ പുറത്തിറങ്ങുന്നതിനായി ഭർത്താവ് നെവിൻ മുക്കാൽ മണിക്കൂറോളം കാത്തുനിന്നു. കൊലപാതകം നടന്ന ദിവസം രാവിലെ 6.45 ന് (അമേരിക്കൻ സമയം) മെറിൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നെവിൽ എത്തിയിട്ടുണ്ട്. സ്വന്തമായി കാറോടിച്ചാണ് നെവിൽ എത്തിയത്. ഏഴരയോടെ മെറിൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പുറത്തിറങ്ങി. അപ്പോഴാണ് കൊലപാതകം നടക്കുന്നത്. ആശുപത്രിയിലെ പാർക്കിങ് ഏരിയയിലാണ് നെവിൽ കാത്തുനിന്നത്. ഇതിന്റെയെല്ലാം ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. മെറിൻ ജോലി ചെയ്‌തിരുന്ന ബ്രൊവാഡ് ആശുപത്രിയുടെ അധികൃതർ കോറൽ സ്‌പ്രിങ്‌സ് പൊലീസിനു കൈമാറിയ ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. മെറിന്റെ കാറിനു മുന്നിൽ സ്വന്തം കാർ കുറുകെയിട്ട് നെവിൻ തടയുകയായിരുന്നു. തുടർന്ന് മെറിനെ കാറിൽ നിന്നു വലിച്ചിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മെറിനെ തല്ലുന്നതും പാർക്കിങ് സ്ഥലത്തേക്ക് വലിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. കേസിൽ ഈ ദൃശ്യങ്ങൾ നിർണായകമാണ്.

Read Also: പ്രധാനമന്ത്രി ഇടപെട്ടു, ചായക്കാശ് വെട്ടിക്കുറച്ചു; നൂറ് രൂപയുടെ ചായ ഇനി 15 രൂപയ്‌ക്ക്

ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു മെറിൻ. നെവിൻ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു തന്നെ അപായപ്പെടുത്തുമെന്ന് മെറിനു പേടിയുണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകരിൽനിന്നുള്ള വിവരം. ഇതുകാരണം കോറൽ സ്‌പ്രിങ്‌സ് ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. അതിനിടയിലാണ് ദാരുണമായ കൊലപാതകം.

2016 ലായിരുന്നു മെറിൻ-ഫിലിപ്പ് ദമ്പതികളുടെ വിവാഹം. 2017 ലാണു നഴ്‌സിങ് ജോലിയ്‌ക്കായി മെറിൻ ആദ്യമായി യുഎസിലെത്തിയത്. രണ്ട് വർഷത്തിലേറെയായി ബ്രൊവാര്‍ഡ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. മെറിന്റെ സഹപ്രവർത്തകരിൽ പലരും കൊലപാതകം നേരിട്ടുകണ്ടതായി പറയുന്നു. പാർക്കിങ് ലോട്ടിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന മെറിൻ ‘എനിക്കൊരു കുഞ്ഞുണ്ട്..’ എന്ന് അലമുറയിട്ടു കരഞ്ഞതായി സഹപ്രവർത്തകർ കണ്ണീരോടെ ഓർക്കുന്നു. തങ്ങൾക്ക് മെറിൻ ഒരു മാലാഖയെ പോലെയായിരുന്നെന്നും നല്ല സുഹൃത്തായിരുന്നെന്നും സഹപ്രവർത്തക പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍വച്ച് മെറിനും ഫിലിപ്പും തമ്മില്‍ വഴക്കുണ്ടായിരുന്നു. മെറിനെ കൂട്ടാതെ ഫിലിപ്പ് അമേരിക്കയിലേക്കു പോയി. പിന്നീട്, രണ്ട് വയസുള്ള മകളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് മെറിൻ തനിച്ച് യുഎസിലേക്ക് പോകുകയായിരുന്നു.വിവാഹമോചനത്തിനു വേണ്ടിയുള്ള നിയമനടപടികൾ പൂർത്തിയാക്കിയാണ് മെറിൻ നാട്ടിൽനിന്ന് മടങ്ങിയത്. ഫിലിപ്പ് തന്നെ അപായപ്പെടുത്താൻ സാധ്യതയുള്ളതായി മെറിൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് മെറിന്റെ സുഹൃത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.

Murder Nurses

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: