/indian-express-malayalam/media/media_files/uploads/2022/08/rain-aluva.jpg)
ആലുവ: ശക്തമായ മഴയിൽ ആലുവയിൽ കൂറ്റൻ മരം കടപുഴകി വീണു. ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ കാറ്റാടി മരമാണ് കടപുഴകി വീണത്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.
ഇന്നു രാവിലെയാണ് മരം കടപുഴകി വീണത്. സ്‌കൂള്‍ ബസ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ കടന്നുപോയതിനു തൊട്ടുപിന്നാലെയാണ് മരം വീണത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മരം അപകടാവസ്ഥയിൽ ആയിരുന്നുവെന്നും മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ആളപായമൊന്നും ഇല്ല. വൈദ്യുതി ലൈനുകളടക്കം പൊട്ടിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് സംഘത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ മരം നീക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തിൽ ഓഗസ്റ്റ് 4 മുതൽ 8 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. ഓഗസ്റ്റ് 4മുതൽ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.