scorecardresearch
Latest News

വ്യഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ഡാം നാളെ തുറന്നേക്കും

2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

വ്യഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ഡാം നാളെ തുറന്നേക്കും

തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. കാലാവസ്ഥ പ്രതികൂലമായി തുടരുകയാണെങ്കില്‍ ഡാം നാളെ രാവിലെ 10 മണിക്ക് തുറന്നേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ജലനിരപ്പ് 136 അടിയെത്തിയപ്പോള്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ജലനിരപ്പ് പരമാവധി കുറച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്നാട് വകുപ്പ് മന്ത്രി ദുരൈമുരുകന് കത്തയച്ചു.

ഷോളയാര്‍, പെരിങ്ങള്‍ക്കുത്ത് ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഗണ്യമായി ഉയരുന്നു. നിലവില്‍ ചാലക്കുടി പുഴയില്‍ 1.5 മീറ്റര്‍ ജലനിരപ്പ് ഉയരുമെന്നാണ് വിവരം. രാത്രിയോടെ കൂടുതല്‍ വെള്ളമെത്താനുള്ള സാധ്യത പരിഗണിച്ച് കനത്ത ജാഗ്രതയാണ് പ്രദേശത്ത്. ചാലക്കുടി പുഴയുടെ തീരത്ത് ഇന്ന് രാത്രി തുടരുന്ന സുരക്ഷിതമല്ലെന്നാണ് റവന്യു മന്ത്രി കെ രാജന്‍ വ്യക്തിമാക്കിയത്. രേഖകളും ആവശ്യമായ വസ്തുക്കളുമായി ജനങ്ങള്‍ ക്യാമ്പിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.

ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട് .

കൊല്ലം, മലപ്പുറം, കോഴിക്കോട് , വയനാട് , കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്. ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറ്റി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും പുഴകളുടെ കരകളിൽ, പുഴയിൽ, കായലിൽ, കുളങ്ങളിൽ വിനോദ സഞ്ചാരം, കുളിക്കൽ, തുണി കഴുകൽ, ചൂണ്ട ഇടൽ എന്നിവ ഒഴിവാക്കുക എല്ലാ വീടുകളിലും എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്.

ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

കേരളത്തിൽ ആഗസ്ത് നാല് വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു. ആയതിനാൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുകൾ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിൽ വെക്കേണ്ടതാണ്. അടിയന്തിര സഹായങ്ങൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1077 ൽ വിളിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ടാണ്.

തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തിൽ ഓഗസ്റ്റ് 4 മുതൽ 8 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. ഓഗസ്റ്റ് 4 മുതൽ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rain updates in kerala holiday for educational institutions schools

Best of Express