/indian-express-malayalam/media/media_files/uploads/2022/01/dileep-case-5.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണം നിഷേധിച്ച് ദിലീപ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് വിചാരണക്കോടതിയെ അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കവെയാണ് ദിലീപ് തന്റെ ഭാഗം അറിയിച്ചത്.
ദിലീപ് അഭിഭാഷകര്‍ വഴി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ള വിചാരണക്കോടതിയെ അറിയിച്ചു.
ദിലീപിന്റെ വീട്ടിലെ വാച്ച്മാനായിരുന്ന ദാസനെ അഭിഭാഷകര്‍ ഇടപെട്ട് മൊഴിമാറ്റിച്ചുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അഡ്വ. രാമന്‍ പിള്ളയുടെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് പറഞ്ഞ് പഠിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ആരോപണം കളവാണെന്ന് പ്രതിഭാഗം ബോധിപ്പിച്ചു. ദാസനുമായി കൂടിക്കാഴ്ച നടത്തിയെന്നാരോപിക്കുന്ന ദിവസം താന്‍ കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്നുവെന്ന് രാമന്‍ പിള്ള വ്യക്തമാക്കി.
കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനു ദിലീപ് ഭീഷണിക്കത്ത് അയച്ചുവെന്ന വാദവും തെറ്റാണ്. കത്ത് അന്വേഷണസംഘം വ്യാജമായി സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. മറ്റൊരു സാക്ഷിയായ സാഗര്‍ വിന്‍സെന്റിനെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതും കഴമ്പില്ലാത്ത ആരോപണമാണ്. ദിലീപ് ജയിലില്‍ കഴിയുമ്പോഴാണ് അഭിഭാഷകര്‍ സാഗറിനെ കണ്ടതെന്നതിനാല്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമല്ല.
പ്രോസിക്യൂഷന്‍ ആരോപണത്തിനു തെളിവില്ലെന്ന് കണ്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി നേരത്തെ തള്ളിയതാണെന്നും പ്രതിഭാഗം വ്യക്തമാക്കി.
അതേസമയം, കേസ് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ അടങ്ങുന്ന പെന്‍ഡ്രൈവ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയോയെന്ന് കോടതി ചോദിച്ചു. അതിനുള്ള അപേക്ഷ കോടതിയ്ക്കു നേരത്തെ നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ഏഴിലേയ്ക്കു മാറ്റി.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ക്രൈം ബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഫോണുകളില്‍ നിന്ന് ഡിജിറ്റല്‍ രേഖകളും ശബ്ദശകലങ്ങളും അടക്കം ആയിരക്കണക്കിനു ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
Also Read: തിരുവനന്തപുരത്ത് ലോഡ്ജ് മുറിയില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.