/indian-express-malayalam/media/media_files/uploads/2022/01/dileep-case-4.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനു തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച വിചാരണക്കോടതി, ഇതു തള്ളണമെന്ന ദിലീപിന്റെയും സുഹൃത്ത് ശരത്തിന്റെയും ഹര്‍ജി നിരസിച്ചു.
പ്രതികള്‍ തെളിവു നശിപ്പിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്തുകൊണ്ടാണു തുടരന്വേഷണ റിപ്പോര്‍ട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് അംഗീകരിച്ചിരിക്കുന്നത്. ദിലീപിനും ശരത്തിനുമെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കി. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ ഇരുവരും 31 നു ഹാജരാവണമെന്നു കോടതി നിര്‍ദേശിച്ചു. വിചാരണ നവംബര്‍ 10 നു തുടങ്ങും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തെളിവു നശിപ്പിച്ചതിനു ദീലീപും സഹോദരനും അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തുടരന്വേഷണ കേസില്‍ ശരത്ത് ആറാം പ്രതിയാണ്.
തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ദിലീപിന്റെയും ശരത്തിന്റെയും വാദം. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകളുണ്ടെന്നാണു കോടതി വ്യക്തമാക്കിയിരിക്കുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുള്ള തുടരന്വേഷണത്തിന്റ ഭാഗമായി ഹൈക്കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണു ദിലീപ ഫോണുകള്‍ കൈമാറിയത്. എന്നാല്‍, ഈ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തുവെന്നു കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. മുംബൈയിലെ ലാബില്‍ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്നതാണു ശരത്തിനെതിരായ കുറ്റം. ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നും ഈ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നതായും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണു ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.
പുതിയ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.