scorecardresearch
Latest News

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിന്റെ വിചാരണ തടയണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

കേസ് റദ്ദാക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിന്റെ വിചാരണ തടയണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസിന്റെ വിചാരണ സ്‌റ്റേ ചെയ്യാനാവില്ലെന്നു ഹൈക്കോടതി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയിലെ കാലതാമസം അനുവദിച്ചുനല്‍കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണു കോടതിയുടെ പരാമര്‍ശം. കേസ് 10നു വീണ്ടും പരിഗണിക്കും.

പെരുമ്പാവൂര്‍ മജിസ്ട്രറ്റ് കോടതിയിലെ കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍ പൊതു താല്‍പ്പര്യമുണ്ടെന്നും റദ്ദാക്കാനാവില്ലെന്നും വിചാരണ കോടതിയോട് തീരുമാനമെടുക്കാനുമായിരുന്നു നിര്‍ദേശം. ഇതോടെയാണു ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മോഹന്‍ലാലിന് എന്ത് അവകാശമാണുള്ളതെന്നും സര്‍ക്കാരല്ലേ ഹര്‍ജി നല്‍കേണ്ടതെന്നും സെപ്റ്റംബര്‍ 29നു കോടതി ചോദിച്ചു.

മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ 2012 ലാണ് രണ്ടു ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിനു ശേഷമാണു മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.

ആനകൊമ്പ് തനിക്കു സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് പിടിച്ചെടുത്ത് തൊണ്ടി മുതലായി കോടതിയില്‍ ഹാജരാക്കാന്‍ വനം വകുപ്പ് തയാറായില്ല. പകരം തൊണ്ടി മുതല്‍ മോഹന്‍ ലാലിനെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. തൊണ്ടി മുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും വനം വന്യജീവി നിയമ പ്രകാരം മോഹന്‍ലാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ഏലൂര്‍ സ്വദേശി എ എ പൗലോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വനം വകുപ്പ് കുറ്റ പത്രം നല്‍കിയത്.

ഇതിനിടയില്‍ മോഹന്‍ ലാല്‍ നല്‍കിയ നിവേദനത്തില്‍ ആനകൊമ്പ് നിയമപ്രകാരം ക്രമപ്പെടുത്തി നല്‍കാന്‍ മുഖ്യ വനപാലകന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചതോടെയാണ് കേസ് മജിസ്ട്രറ്റ് കോടതിയില്‍ വീണ്ടും സജിവമായത്. കുറഞ്ഞത് അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു മോഹന്‍ലാലിനെതിരെയുള്ളത്.

ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയിരുന്നതായും ആനക്കൊമ്പ് അനധികൃതമാണെന്ന ഹര്‍ജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണന്നും 2019 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ മോഹന്‍ലാല്‍ ബോധിപ്പിച്ചിരുന്നു. ചില വ്യക്തികളും സംഘടനകളും പൊതുസമൂഹത്തില്‍ തന്നെ മോശക്കാരനാക്കാനും പ്രതിഛായ തകര്‍ക്കാനും ശ്രമം നടത്തുന്നുണ്ട്. ആനക്കൊമ്പ് കേസ് വ്യക്തിഹത്യ നടത്താനുള്ള ശ്രമം മാത്രമാണന്നും മോഹന്‍ലാല്‍ ബോധിപ്പിച്ചിരുന്നു.

എന്നാല്‍, ആനക്കൊമ്പ് കൈവശം വച്ച കേസില്‍ മോഹന്‍ലാലിനെതിരെ കുറ്റം നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിനു മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു.കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമസാധുത നല്‍കാനാവുമെന്നാണു കോടതി
ചോദിച്ചത്. ആനക്കൊമ്പ് കൈവശം വച്ച നടപടി വനം-വന്യജീവി നിയമത്തിലെ 31-ാം വകുപ്പിന്റെ ലംഘനമാണന്നും കോടതി പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mohanlal ivory case hc rejects governments request to stay trial