scorecardresearch

ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ മൂന്നു ദിവസം ചോദ്യം ചെയ്യാൻ അനുമതി; അറസ്റ്റ് പാടില്ല

കേസ് ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

കേസ് ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

author-image
WebDesk
New Update
Dileep case, Actor Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾ മൂന്നു ദിവസം ചോദ്യം ചെയ്യലിനു ക്രൈം ബ്രാഞ്ച് മുൻപാകെ ഹാജരാവാൻ ഹൈക്കോടതി ഉത്തരവ്. വീഴ്ച വരുത്തിയാൽ ഗുരുതരമായി കണക്കാക്കുമെന്നും ഉത്തരവ് റദ്ദാക്കുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി. കേസ് 27നു വീണ്ടും പരിഗണിക്കും. അതുവരെ പ്രതികളുടെ അറസ്റ്റ് തടഞ്ഞു.

Advertisment

ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് എട്ടു വരെ ചോദ്യം ചെയ്യലുമായി സഹകരിക്കണം. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ 27ന് പ്രോസിക്യൂഷൻ ഹാജരാക്കണം. പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ദിലീപ്, സഹോദരൻ പി. ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി.എന്‍.സൂരജ്, മറ്റു പ്രതികളായ ബി.ആർ.ബൈജു, ആർ.കൃഷ്ണപ്രസാദ്, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്.

പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവട്ടെയെന്നും പൊലീസ് ചോദ്യം ചെയ്തശേഷം വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതു സാധ്യമല്ലെന്നും ചോദ്യം ചെയ്ത് വിട്ടയച്ചതാല്‍ പ്രതികള്‍ കൂടിയാലോചന നടത്തുമെന്നുമായിരുന്നു ഡിജിപി മറുപടി നല്‍കിയത്. ഇതിനുപിന്നാലെയാണ് ഉത്തരവുണ്ടായത്.

Advertisment

അന്വേഷണത്തില്‍ പൊലീസിനു കൂടുതല്‍ തെളിവ് കിട്ടുന്നില്ലെങ്കില്‍ എന്താവും സ്ഥിതിയെന്നു കോടതി ചോദിച്ചു.

ദിലീപിന് മുൻ‌കൂർ ജാമ്യം നൽകിയാൽ പിന്നെ പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. ഹർജിക്കർ വലിയ സ്വാധീനമുള്ളവരാണ്. കേസിൽ വലിയരീതിയിലുള്ള അട്ടിമറികൾ നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ഗൂഢാലോചന നടന്നുവെന്ന് പറയുന്നതല്ലാതെ ഒന്നും നടന്നില്ലല്ലോയെന്ന് കോടതി ആരാഞ്ഞു. മൊഴിമാത്രമായിരുന്നുവെങ്കിൽ അങ്ങനെ കരുതാമായിരുന്നുവെന്നും ഡിജിറ്റൽ തെളിവുകളുണ്ടെന്നും വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് ഒരു നിമിഷത്തെ വികാരവിക്ഷോഭത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് പറഞ്ഞതല്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഗൂഢാലോചനയുടെ ആഴം കണ്ടെത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.

അന്വേഷണം വേണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കസ്റ്റഡി ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു.

Also Read: നടിയെ ആക്രമിച്ച കേസ്: കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ദിലീപിന്റെ ആളുകൾ ശ്രമിച്ചുവെന്നതിന് ഡിജിറ്റൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം പ്രതിഭാഗം എതിർത്തു. കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് ഗൗരവതരമായ ആരോപണമെന്നും പൊലീസ് സമർപ്പിച്ച തെളിവുകൾ പ്രകാരം എന്തൊക്കെയോ നടന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് പ്രതിഭാഗം ആരോപിച്ചു. എന്നാൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ഈ കേസിൽ വലിയ മാനിപ്പുലേഷൻസ് നടക്കുന്നുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവൻ സംരക്ഷിക്കേണ്ടതുണ്ട്. പ്രതികൾ സാധാരണക്കാർ അല്ല. കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. സാധാരണക്കാരന്റേത് പോലെ സ്വീകരണമുറിയിലിരുന്ന് വെറുതെ പറ‌ഞ്ഞതല്ല. അത് മാത്രമല്ല തെളിവായുള്ളതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

എന്നാൽ എന്താണീ തെളിവുകൾ എന്നറിയാതെ എന്താണ് മറുപടി പറയുകയെന്ന് പ്രതിഭാഗം ചോദിച്ചു. തെളിവുകൾ ഹർജിക്കാരെ കാണിക്കാനാവില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. ഹർജിക്കാരെ തെളിവ് കാണിക്കാതെ ഉത്തരവ് പാസാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയും പറഞ്ഞു.

അതേസമയം, സാക്ഷിമൊഴിയിൽ ദിലീപ് ഇടയ്ക്കിടെ മറ്റൊരു മുറിയിൽ പോയി മദ്യപിക്കുന്നതായി പറയുന്നുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞൂ. എന്നാൽ മദ്യലഹരിയിൽ ഭീഷണി മുഴക്കിയെന്നത് പ്രതിരോധമായി ദിലീപിനു സ്വീകരിക്കാനാകില്ലെന്ന് പ്രോസിക്യൂട്ടർ വാദിച്ചു.

കൊലപാതകശ്രമം എങ്ങനെ നിലനിൽക്കുന്നുവെന്ന് കോടതി ചോദിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ ഗൂഢാലോചന ആകുമോയെന്ന് കോടതി ആരാഞ്ഞു. ഇതിനെ പ്രോസിക്യൂഷൻ എതിർത്തു. കൂടിയാലോചന മാത്രമല്ല മറ്റ് കാര്യങ്ങൾ കൂടി ഉണ്ടായതായി പ്രോസിക്യൂഷൻ പറഞ്ഞു. പൊലീസിന് കൂടുതൽ തെളിവ് കിട്ടിയിട്ടുണ്ടെന്നും മുൻപുള്ള കോടതി വിധികളെ കുറിച്ച് പൂർണ ബോധ്യത്തോടെയാണ് പൊലീസ് നീങ്ങുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

മുദ്രവെച്ച കവറിൽ ബാലചന്ദ്രകുമാറിൻ്റെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. മൊഴിയുടെ പകർപ്പ് തങ്ങൾക്കും ലഭിക്കണമെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഡ്വ. ബി.രാമൻപിള്ള പറഞ്ഞു.

തെളിവ് നശിപ്പിച്ചുവെന്ന ആരോപണം പ്രധാന കേസിലുണ്ടന്ന് അഭിഭാഷകൻ ആരോപിച്ചു. ബാലചന്ദ്ര കുമാറിന്റെ പരാതി ഡിസംബർ 28ന് ലഭിച്ചിട്ടും ഡിവൈഎസ്പി വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകുകയോ കേസെടുക്കുകയോ ചെയ്തില്ല. ആദ്യ പരാതിയിൽ ഇല്ലാത്ത പല കാര്യങ്ങളും പിന്നീട് നൽകിയ മൊഴിയിൽ കാണുന്നു. വിചാരണയുടെ അവസാന ദിവസം ഇത്തരമൊരു കള്ളക്കഥ ഉണ്ടാക്കിയത് കേസെടുക്കാൻ വേണ്ടി മാത്രമാണെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു.

ദിലീപ് സാക്ഷികളെ വളയുകയാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ ഹാജരാക്കാമെന്ന് അറിയിച്ചു.

അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി കേസ് പരിഗണിച്ചത്. ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് പുറമെ കൊലപാതകം ലക്ഷ്യം വച്ചുള്ള ഗൂഢാലോചന വകുപ്പും ക്രൈംബ്രാഞ്ച് പുതുതായി ചുമത്തിയിട്ടുണ്ട്.

Dileep High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: