ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാർ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 16 നകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേസിലെ വിചാരണ നീട്ടിവയ്ക്കണമെന്ന് പ്രോസിക്യുട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സര്‍ക്കാര്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷികളിൽ ഒരാളായ വിപിൻ ലാൽ ക്രൈംബ്രാഞ്ചിനെതിരെ ഹർജിയുമായി ഹൊസ്ദുർഗ് കോടതിയെ സമീപിച്ചു.
ദിലീപിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ മുൻ ഓഫീസ് സ്റ്റാഫ് ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നും കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കോടതിയുടെ നേതൃത്വത്തിൽ കേസിൽ തുടരന്വേഷണം വേണമെന്നും വിപിൻ ലാൽ ഹർജിയിൽ ആവശ്യപ്പെട്ടു. ഹൊസ്ദുർഗ് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഈ മാസം 28ന് ഹർജി പരിഗണിക്കും.