/indian-express-malayalam/media/media_files/uploads/2021/04/photo-by-navy-vessels-ship-sea-rescue-boat.jpg)
മംഗളൂരു: മംഗളൂരു തീരത്തിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ നാവിക സേനയും പങ്കുചേർന്നു. നാവിക സേനയുടെ നിരീക്ഷക് എന്ന കപ്പലാണ് തിരച്ചിലിനായി എത്തിയത്. ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ തൊഴിലാളികളെയാണ് കാണാതായത്. അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്തിരുന്നു.
അപകടത്തിൽപെട്ട ഐഎഫ്ബി റബഹ് എന്ന മത്സ്യബന്ധന ബോട്ടിൽ 14 മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്. ഗോവയിൽ നിന്ന് നാവിക സേനയുടെ ടില്ലൻചാങ്ങ്, കൽപേനി കപ്പലുകൾ തിരച്ചിലിനായി എത്തിയിട്ടുണ്ട്. നാവികസേനാ വിമാനങ്ങളും തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനുമായി അപകട സ്ഥലത്ത് എത്തിച്ചു.
Read More: രോഗവ്യാപനം രൂക്ഷമായാല്‍ 144 പ്രഖ്യാപിക്കും; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നതിനായി ഐഎൻഎസ് സുഭദ്ര എന്ന പട്രോളിംഗ് കപ്പലിൽ കാർവാറിൽ നിന്ന് മുങ്ങൽ വിദഗ്ധരുടെ സംഘം പുറപ്പെട്ടതായും നാവികസേന അറിയിച്ചു. രണ്ട് സ്പെഷ്യലിസ്റ്റ് ഡൈവിംഗ് ടീമുകൾ തിരച്ചിൽ തുടരുന്നുണ്ട്.
ഞായറാഴ്ച ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി തിരിച്ച ബോട്ടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.05ഓടെ മംഗളൂരു തീരത്തുനിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. സിംഗപ്പൂരില്‍നിന്നുള്ള എം.വി എപിഎല്‍ ലെ ഹാവ് റേ എന്ന ചരക്ക് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് കോസ്റ്റ് ഗാര്‍ഡിൽ നിന്നുള്ള വിവരം. കപ്പല്‍ സംഭവസ്ഥലത്തുതന്നെ തുടരുകയാണ്.
അപകടത്തിൽപെട്ട ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ കോസ്റ്റ്ഗാർഡും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശി സുനില്‍ദാസ്(34) തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍(37) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.