/indian-express-malayalam/media/media_files/uploads/2019/04/vijayaraghavan-vijayaraghavan.1544723501-002.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുക്കേസ് പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ വിചിത്ര വാദവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഉത്തരം എഴുതാത്ത കടലാസ് എങ്ങനെ ഉത്തരക്കടലാസാകും എന്നാണ് വിജയരാഘവന്‍ ചോദിക്കുന്നത്.
"ഉത്തരക്കടലാസ്..ഉത്തരക്കടലാസ് എന്നാണ് എല്ലാവരും പറയുന്നത്. ഉത്തരക്കടലാസില്‍ ഉത്തരം എഴുതത്തില്ലേ? എനിക്കിതുവരെ മനസിലായിട്ടില്ല. ഉത്തരമെഴുതാത്ത കടലാസിന്റെ പേരെന്താ? അതിന്റെ പേര് ഉത്തരക്കടലാസ് എന്നാ? പേപ്പറില്‍ മുഴുവന്‍ വരുന്നത് ഉത്തരക്കടലാസ് എന്നാണ്. ഉത്തരക്കടലാസ് കാണാതെ പോയാല്‍ പ്രശ്‌നം വേറെയാണ്. ഉത്തരക്കടലാസില്‍ ഉത്തരം എഴുതിയിട്ടുണ്ടാകും. അതില്‍ മാര്‍ക്കും ഉണ്ട്. ഉത്തരവും മാര്‍ക്കും ഇല്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാന്‍ പറ്റോ? അതിന് വെറും കടലാസിന്റെ വിലയേ ഉള്ളൂ."- എ.വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.
Read Also: ‘തെറ്റായി ഒന്നും പറഞ്ഞിട്ടില്ല’; അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതെ വിജയരാഘവന്‍
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവം വെറും അടിപിടി മാത്രമെന്ന് വിജയരാഘവന്‍ നേരത്തെ പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് വെറും അടിപിടി മാത്രമാണ്. അടിപിടി ഉണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെ എന്തിനാണ് സമരമെന്നും വിജയരാഘവന്‍ ചോദിച്ചു. കെ.എസ്.യുവിന്റെ സമരപരിപാടികളില്‍ പങ്കെടുക്കുന്നത് കുറച്ച് മീന്‍ കച്ചവടക്കാരും വക്കീലന്‍മാരും ആണ്. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന് പ്രതിഷേധിച്ചത് ഒരു വക്കീലാണ്. അവര്‍ എങ്ങനെ കെ.എസ്.യുവിന്റെ സമരത്തിനെത്തിയെന്നും വിജയരാഘവൻ ചോദിച്ചിരുന്നു.
തിരഞ്ഞെടുപ്പ് സമയത്തും വിവാദ പരാമർശം നടത്തി വാർത്തകളിൽ ഇടം പിടിച്ച നേതാവാണ് വിജയരാഘവൻ. ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം ഏറെ വിവാദമായി. സ്ഥാനാർഥിയായ രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കണാൻ പോയതാണ് വിജയരാഘവൻ പ്രസംഗത്തിൽ പരാമർശിച്ചത്. സിപിഎമ്മിലടക്കം വിജയരാഘവനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.