scorecardresearch

കാലിയടിച്ച് ഓട്ടം; എറണാകുളം-ഹാർബർ ടെർമിനസ് ഡെമു ട്രെയിൻ നിർത്തിയേക്കും

'കഴിഞ്ഞദിവസം രണ്ടാളുകളെ വച്ചാണ് സര്‍വീസ് നടത്തിയത്. അതിന്റെ തൊട്ടു മുമ്പത്തെ ദിവസം നാലുപേര്‍ ഉണ്ടായിരുന്നെന്നു തോന്നുന്നു. വലിയ തമാശയാണ്,'

'കഴിഞ്ഞദിവസം രണ്ടാളുകളെ വച്ചാണ് സര്‍വീസ് നടത്തിയത്. അതിന്റെ തൊട്ടു മുമ്പത്തെ ദിവസം നാലുപേര്‍ ഉണ്ടായിരുന്നെന്നു തോന്നുന്നു. വലിയ തമാശയാണ്,'

author-image
Vishnu Varma
അപ്‌ഡേറ്റ് ചെയ്‌തു
New Update
indian railways, Cochin Harbour Terminus-Ernakulam Jn DEMU, DEMU, Kochi passenger train, shortest passenger train, India news, ie malayalam

കൊച്ചി: സെപ്തംബര്‍ 26ന് എണറാകുളത്തു നിന്ന് ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ആരംഭിച്ച ഡെമു സര്‍വീസ് നിര്‍ത്തിയേക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ തിരുവന്തപുരം ഡിവിഷന്‍ മാനേജര്‍ എസ്.കെ സിന്‍ഹ. മൂന്ന് കോച്ചുകളില്‍ 300 പേര്‍ക്ക് സഞ്ചരിക്കാനുള്ള ശേഷിയോടെയാണ് ഡെമു സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരും 12 യാത്രക്കാരുമായാണ് ഡെമു സര്‍വീസ് നടത്തിയത്. യാത്രക്കാര്‍ക്കായി ട്രെയിന്‍ കാത്തുകിടക്കേണ്ട അവസ്ഥ വരെ ഇവിടെയുണ്ട്.

Advertisment

"കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നും എറണാകുളത്തേക്കുള്ള ട്രൈയല്‍ റണ്ണായിരുന്നു ഇപ്പോള്‍ നടന്നത്. സേവനം എങ്ങനെയുണ്ടെന്ന് അറിയാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഇത് അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. യാത്രക്കാരില്ലാതെ സര്‍വീസ് നടത്തുന്നതില്‍ എന്താണ് കാര്യം? ഒരു ദിവസത്തില്‍ 15 ടിക്കറ്റില്‍ താഴെയാണ് വിറ്റു പോകുന്നത്," എസ്.കെ സിന്‍ഹ പറയുന്നു.

രാവിലെയും വൈകുന്നേരവും രണ്ടുവീതം സര്‍വീസുകള്‍ ഉള്ള ഡെമുവിന് ഒരുദിവസത്തില്‍ നാല് സര്‍വീസുകളാണ് ആകെ ഉള്ളത്. മട്ടാഞ്ചേരി ഹാള്‍ട്ടും എറണാകുളവും മാത്രമാണ് രണ്ട് സ്റ്റേഷനുകള്‍. മട്ടാഞ്ചേരി ഹാള്‍ട്ടില്‍ രാവിലെ 8.10 ന് എത്തുന്ന ട്രയിന്‍ ഇവിടെ നിന്ന് 8.11 ന് പുറപ്പെടും. പിന്നീട് 8.40 ന് ട്രെയിന്‍ എറണാകുളത്ത് എത്തും. 06303 ആണ് ഈ ട്രെയിനിന്റെ നമ്പര്‍. 06304 നമ്പര്‍ ട്രെയിന്‍ എറണാകുളത്ത് നിന്ന് രാവിലെ 9 ന് പുറപ്പെട്ട് മട്ടാഞ്ചേരിയില്‍ 9.14 ന് എത്തും. 9.15 ന് ഇവിടെ നിന്നും പുറപ്പെട്ട് 9.40 ന് ഹാര്‍ബര്‍ ടെര്‍മിനസില്‍ എത്തും.

publive-image

Advertisment

വൈകിട്ടാണ് അടുത്ത സര്‍വ്വീസ്. 06305 നമ്പര്‍ ട്രെയിന്‍ വൈകിട്ട് അഞ്ച് മണിക്ക് ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് പുറപ്പെടും. പിന്നീട് 5.40 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് 6.20 ന് തിരികെ പോകുന്ന 06306 നമ്പര്‍ ട്രെയിന്‍ മട്ടാഞ്ചേരി ഹാള്‍ട്ട് പിന്നിട്ട് 7ന് ഹാര്‍ബര്‍ ടെര്‍മിനസില്‍ എത്തും. യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു ലോക്കോ പൈലറ്റിന്റെ മറുപടി. ഒമ്പത് കിലോമീറ്റര്‍ 40 മിനുട്ടുകൊണ്ടാണ് സഞ്ചരിക്കുന്നത്.

"കഴിഞ്ഞദിവസം രണ്ടാളുകളെ വച്ചാണ് സര്‍വീസ് നടത്തിയത്. അതിന്റെ തൊട്ടു മുമ്പത്തെ ദിവസം നാലുപേര്‍ ഉണ്ടായിരുന്നെന്നു തോന്നുന്നു. വലിയ തമാശയാണ്," അദ്ദേഹം പറയുന്നു.

ഇത്രയധികം സ്വകാര്യ ബസ്സുകള്‍ ഓടുന്ന ഒരു റൂട്ടില്‍ ഇങ്ങനെയൊരു സര്‍വീസിനെക്കുറിച്ച് റെയില്‍വേ പ്രഖ്യാപിച്ചപ്പോള്‍ അത്ഭുതം തോന്നിയെന്നായിരുന്നു ട്രെയിനുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഒരു ടെക്‌നീഷന്റെ പ്രതികരണം.

"എപ്പോളും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരായിരിക്കുമല്ലോ ഇത്തരം കാര്യങ്ങളൊക്കെ തീരുമാനിക്കുക. മുകളില്‍ നിന്നും ഉത്തരവ് വന്നു, ഞങ്ങളത് ചെയ്തു. ഈ ട്രെയിനിന് ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം," ഒരു ദീര്‍ഘനിശ്വാസത്തോടെ അദ്ദേഹം പറയുന്നു.

തിങ്കളാഴ്ച ഡെമുവില്‍ യാത്ര ചെയ്യാന്‍ നേവല്‍ ബേസിലെ സൂപ്പര്‍വൈസര്‍ ജോസഫും അദ്ദേഹത്തിന്റെ മകനും എത്തിയിരുന്നു. 120 രൂപ ഓട്ടോറിക്ഷയ്ക്ക് കൊടുത്തതാണ് ഹാര്‍ബര്‍ ടെര്‍മിനസില്‍ എത്തി അദ്ദേഹം ട്രെയിനില്‍ കയറിയത്. അതില്‍ യാത്ര ചെയ്യാനുള്ള കൗതുകം കൊണ്ട് മാത്രം എത്തിയതായിരുന്നു ജോസഫും മകനും.

"ഇത്രയും ചെറിയൊരു റൂട്ടില്‍ ട്രെയിന്‍ സെര്‍വീസ് കൊണ്ടുവരുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. തൃശൂരിലേക്കോ കോട്ടയത്തേക്കോ കൂടി സര്‍വീസുകള്‍ നീട്ടുകയാണെങ്കില്‍ ഓഫീസില്‍ പോയിവരുന്ന ആളുകള്‍ക്ക് ഉപകാരപ്പെടും. പക്ഷെ റെയില്‍വേ സര്‍വീസ് അവസാനിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം," ജോസഫ് പറഞ്ഞു.

തൊണ്ണൂറുകളുടെ തുടക്കകാലത്താണ് ഹാര്‍ബര്‍ ടെര്‍മിനസിന്റെ തകര്‍ച്ച ആരംഭിച്ചത്. അതിന് മുമ്പ് ബ്രിട്ടീഷ് കാലഘട്ടത്തില്‍ തേയില, കാപ്പി, കയര്‍ തുടങ്ങിയവയെല്ലാം കയറ്റുമതി ചെയ്തിരുന്നത് ഇവിടെനിന്നായിരുന്നു. പിന്നീട് തിരുവനന്തപുരം പ്രധാന സ്റ്റേഷനാക്കിയതോടെ ഹാര്‍ബര്‍ ടെര്‍മിനസിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു.

publive-image കൊച്ചിൻ ഹാർബർ ടെർമിനസ്

ട്രെയിനില്‍ ഒരു പക്ഷെ ആവശ്യത്തിന് യാത്രക്കാരെ ലഭിച്ചേക്കില്ല. പക്ഷെ ശബ്ദമുണ്ടാക്കിക്കൊണ്ട് മറ്റുള്ളവയ്‌ക്കൊപ്പം ഡെമു നീങ്ങുന്നത് മനോഹരമായൊരു കാഴ്ചയാണ്. നേവല്‍ എയര്‍പോര്‍ട്ടും വില്ലിങ്ടണ്‍ ഐലന്റിലേക്കുള്ള തിരക്കുള്ള റോഡും കടന്ന് ട്രെയിന്‍ കുതിക്കുമ്പോള്‍ പുറത്തുനിന്നും സ്ത്രീകളും കുട്ടികളും പുഞ്ചിരിച്ചുകൊണ്ട് ലോക്കോ പൈലറ്റിനു നേരേ കൈവീശിക്കാണിച്ചു.

"എന്റെ ചെറുപ്പത്തില്‍ വില്ലിങ്ടണ്‍ ഐലന്റില്‍ ഒരുപാട് സ്വകാര്യ കച്ചവടസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം അടച്ചുപൂട്ടി. തിരുച്ചിറപ്പള്ളിയില്‍ നിന്നും ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ട്രെയിനുകള്‍ വരാറുള്ളത് എനിക്കോര്‍മയുണ്ട്. അക്കാലത്ത് ബസ്സുകളൊക്കെ വളരെ കുറവായിരുന്നു. മാത്രമല്ല, അന്ന് ട്രെയിനില്‍ യാത്ര ചെയ്യാന്‍ വല്ലാത്ത കൗതുകമായിരുന്നു എല്ലാവര്‍ക്കും," മട്ടാഞ്ചേരി സ്വദേശി അഷ്‌റഫ് അലി പറയുന്നു.

ഡെമുവിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ട് എറണാകുളം ജംഗ്ഷനും ഹാര്‍ബര്‍ ടെര്‍മിനസിനുമിടയ്ക്കുള്ള ഹെറിറ്റേജ് ട്രെയിന്‍ സര്‍വീസുകള്‍ ചാര്‍ട്ടില്‍ ഉണ്ടായിരുന്നുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

"ദക്ഷിണേന്ത്യന്‍ റെയില്‍വേയില്‍ നിന്നും ഒരു സ്റ്റീം ട്രെയിന്‍  (ആവി എഞ്ചിന്‍) ലഭിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. അത്തരം ഹെറിറ്റേജ് ട്രെയിന്‍ സര്‍വീസുകള്‍ ആഴ്ചവസാനങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കും. ഹാര്‍ബര്‍ ടെര്‍മിനസ് സ്‌റ്റേഷന്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കും. കമ്പ്യൂറ്ററൈസ്ഡായി ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള കൗണ്ടറുകള്‍ ഉണ്ട്. സ്റ്റേഷനിലെ ട്രാക്ക് സിഗ്നല്‍ വര്‍ക്കുകളെല്ലാം ചെയ്തുകഴിഞ്ഞു," സിന്‍ഹ പറഞ്ഞു.

Read More: വെറുമൊരു ക്ലോക്കല്ല, ഇത് ഒരു അമൂല്യ നിധി

വൈകുന്നേരം ഡെമു എറണാകുളും ജംഗ്ഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോള്‍ ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. ട്രെയിന്‍ തിരിച്ചുപോകാന്‍ അരമണിക്കൂറോളം താമസമുണ്ട്. മറ്റു ട്രെയിനുകളിലേക്ക്് ആളുകള്‍ ഓടുമ്പോള്‍, ഡെമുവിലേക്ക് ആരും തിരിഞ്ഞുനോക്കുന്നേ ഇല്ലായിരുന്നു. ഒരു യാത്രികന്‍ പോലും ഇല്ലാതെ തിരിച്ചു പോകുന്ന അവസ്ഥയിലായിരുന്നു ഡെമു.

അപ്പോളാണ് ഒരു സ്ത്രീയും അവരുടെ മകനും ആളൊഴിഞ്ഞ ട്രെയിനിലേക്ക് ഓടിക്കയറുന്നത്. ഐലന്റിലേക്ക് പോകാനാണോ എന്നു ചോദിച്ചപ്പോള്‍, അവര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, "ഇല്ല, ഞാന്‍ ഇവിടെ തന്നെയാണ് താമസിക്കുന്നത്. എന്റെ മകന് ട്രെയിനില്‍ കയറാന്‍ വലിയ ഇഷ്ടമാണ്. അപ്പോള്‍ ആരോ പറഞ്ഞു ഇതൊരു ചെറിയ സെര്‍വീസാണെന്ന്. അതുകൊണ്ടാണ് ഞങ്ങള്‍ കയറിയത്."

Indian Railway Irctc Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: