scorecardresearch

വെറുമൊരു ക്ലോക്കല്ല, ഇത് ഒരു അമൂല്യ നിധി

ഒന്നര പതിറ്റാണ്ട് കാലം കൊച്ചിയിലെ ഹാർബർ ടെർമിനസ് സ്റ്റേഷനിൽ ഉപയോഗശൂന്യമായി കിടന്ന അമൂല്യനിധി കണ്ടെത്തിയത് റെയിൽവേയിലെ മൂന്ന് ജീവനക്കാരാണ്

വെറുമൊരു ക്ലോക്കല്ല, ഇത് ഒരു അമൂല്യ നിധി

കൊച്ചി:  “ആദ്യമായി ഇത് കണ്ടപ്പോൾ ഭീമാകാരമായൊരു വാച്ചിനകത്ത് അകപ്പെട്ടത് പോലെ വല്ലാത്തൊരു ഭയം ഞങ്ങൾക്കുണ്ടായി. എപ്പോഴും വാച്ച് ഉപയോഗിക്കാറുണ്ടെങ്കിലും ഞങ്ങൾക്ക് വാച്ചിനകത്ത് നടക്കുന്ന പ്രവർത്തനം എന്താണെന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. ഇതിനകത്ത് എത്തിയപ്പോൾ സത്യത്തിൽ വാച്ചിനകത്ത് അകപ്പെട്ടത് പോലെയാണ് അനുഭവപ്പെട്ടത്,” ദക്ഷിണ റെയിൽവേയിലെ സിഗ്നൽ ആന്റ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ടെക്‌നീഷ്യനായ മുഹമ്മദ് ജാബിർ പറഞ്ഞു.

കൊച്ചിൻ ഹാർബർ ടെർമിനസ് സ്റ്റേഷനിലെ ക്ലോക്ക് പുറത്ത് കെട്ടിനിന്ന വെളളത്തിൽ പ്രതിഫലിച്ചപ്പോൾ

കൊച്ചിൻ ഹാർബർ ടെർമിനസ് സ്റ്റേഷനിൽ 1940 കളുടെ തുടക്കത്തിലാണ് ജാബിറിനെ അതിശയിപ്പിച്ച ഈ ക്ലോക്ക് സ്ഥാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുഗതാഗത സംവിധാനത്തിന്റെ സമയക്രമം തെറ്റാതെ കാത്തത് ഈ ഭീമൻ ക്ലോക്കായിരുന്നു. പിന്നീട് 2004 ൽ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തനം ആരംഭിക്കുകയും റെയിൽപ്പാത തകരാറിലാവുകയും  ചെയ്‌തതോടെ ഹാർബർ ടെർമിനസ് സ്റ്റേഷൻ പ്രവർത്തിക്കാതെയായി. ഇതോടൊപ്പം കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഈ യന്ത്രവും സമയം പറയുന്നത് നിർത്തി.

എന്നാൽ നീണ്ട 14 വർഷങ്ങൾക്ക് ശേഷം മൂന്ന് റെയിൽവേ ജീവനക്കാർ ക്ലോക്ക് വീണ്ടും പ്രവർത്തിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വാച്ചോ ക്ലോക്കോ റിപ്പയർ ചെയ്യുന്നതിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്നിട്ടും ജുബൈറും സുഹൃത്തുക്കളും തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞും, ഞായറാഴ്‌ചകളിലും ക്ലോക്ക് സമയം തെറ്റാതെ നടക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടിപ്പോൾ.

ഒന്നര പതിറ്റാണ്ട് കാലത്തോളം അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഹാർബർ ടെർമിനസ് സ്റ്റേഷൻ നവീകരിക്കാനുളള തീരുമാനത്തിന് പിന്നാലെയാണ് ജുബൈറും സഹപ്രവർത്തകരായ വിനോദും റാം മീനയും കൊച്ചി ഹാർബർ ടെർമിനസ് സ്റ്റേഷനിലെത്തിയത്. ഇവിടെ നിന്നും തുരുമ്പെടുത്ത, പഴയ ഇരുമ്പ് സാധനങ്ങളും മറ്റും വിൽക്കാനുളള റെയിൽവേ തീരുമാനത്തിന് ചുമതലപ്പെട്ട ടെക്‌നീഷ്യന്മാരായിരുന്നു മൂവരും.

“വളരെയേറെ യന്ത്രങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ലോക്ക് ടവറിനകത്തേക്ക് കടന്ന ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയുമില്ലായിരുന്നു. ഇതിലെ ഒരു ലിവറിൽ പിടിച്ചപ്പോൾ പെട്ടെന്ന് ക്ലോക്കിലെ സൂചി ചലിക്കാൻ തുടങ്ങി. ക്ലോക്ക് പ്രവർത്തിക്കുന്നതാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് അപ്പോഴാണ്.  ഒന്ന് ശ്രമിച്ച് നോക്കുക പോലും ചെയ്യാതെ ക്ലോക്ക് ഉപേക്ഷിക്കുന്നത് എങ്ങിനെയെന്നാണ് അപ്പോൾ ചിന്തിച്ചത്,” ജുബൈർ പറഞ്ഞു.

ഭാരത്താൽ നിയന്ത്രിക്കപ്പെടുന്നതും മനുഷ്യപ്രയത്നം കൊണ്ട് മാത്രം പ്രവർത്തിപ്പിക്കാവുന്നതുമായ ഈ ക്ലോക്ക് കഴിഞ്ഞ 14 വർഷത്തിനിടെ ഒരിക്കൽ പോലും സർവ്വീസ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. നാല് അടി വ്യാസമുളള ക്ലോക്ക് 25 കിലോ ഭാരമുളള ഇരുമ്പുകട്ടയുടെ താഴോട്ടുളള ചലനത്തിന് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. ഈ ഇരുമ്പുകട്ട ഓരോ എട്ട് ദിവസം കൂടുമ്പോഴും തിരികെ മുകളിലെത്തിക്കണം. ദീർഘകാലമായി റെയിൽവേയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഖാലിദ് ഈ ക്ലോക്കിനെ കുറിച്ച് പറഞ്ഞതിങ്ങനെ. “ഈ സ്റ്റേഷൻ പ്രവർത്തിക്കാൻ തുടങ്ങിയ കാലം മുതലേ ഈ ക്ലോക്ക് പ്രവർത്തിപ്പിക്കാൻ പ്രത്യേകം ജീവനക്കാരുണ്ടായിരുന്നില്ല. ഞങ്ങൾ ഡ്രൈവർമാരോ, പോർട്ടർമാരോ, പ്യൂൺമാരോ ആണ് ക്ലോക്ക് പ്രവർത്തിപ്പിച്ചിരുന്നത്.”

കൊച്ചിൻ ഹാർബർ ടെർമിനസ് സ്റ്റേഷൻ

കഴിഞ്ഞ വർഷം മാർച്ച് മാസം മുതലാണ് ഞായറാഴ്‌ചകളിൽ പോലും മുടങ്ങാതെ ക്ലോക് ഹൗസിൽ ചിലവഴിച്ച് മൂന്ന് ടെക്‌നീഷ്യന്മാരും ഇവരുടെ മേലുദ്യോഗസ്ഥനും ചേർന്ന് ക്ലോക്കിന്റെ പ്രവർത്തനം ഏറ്റെടുത്തത്. സാങ്കേതിക വശം അറിയാത്തതിനാൽ ഓരോന്നും അവർക്ക് പരീക്ഷണമായിരുന്നു. ക്ലോക്ക് ടവറിനകത്ത് ആഴ്‌ചകളോളം നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് അവർ ആ ലക്ഷ്യത്തിലേയ്‌ക്ക് എത്തിയതും.

“അതത്ര എളുപ്പമായിരുന്നില്ല. പഴകിയ ഗ്രീസും പൊടിയും പിടിച്ച് ദുരവസ്ഥയിലായിരുന്നു ക്ലോക്ക്. ഇതെല്ലാം മാറ്റി ക്ലോക്ക് വൃത്തിയാക്കലായിരുന്നു ആദ്യത്തെ ശ്രമം. അതിന് ശേഷമേ എങ്ങിനെയാണ് ക്ലോക്ക് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കുമായിരുന്നുളളൂ,” ജുബൈർ പറഞ്ഞു.

“ആദ്യം ഞങ്ങളീ യന്ത്രഭാഗങ്ങൾ ഇളക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴാണ് വളരെ ഉയർന്ന ഗുണമേന്മയുളള ഇരുമ്പുപയോഗിച്ചാണ് ക്ലോക്ക് നിർമ്മിച്ചതെന്ന് ഞങ്ങൾക്ക് മനസിലായത്. വീണ്ടും പ്രവർത്തിപ്പിക്കാൻ സാധിച്ചാൽ അടുത്ത നൂറ് വർഷത്തേക്കെങ്കിലും ക്ലോക്ക് അതേപടി നിലനിന്നേക്കുമെന്ന് ഞങ്ങൾക്ക് മനസിലായി,” ജുബൈറിന്റെ സഹപ്രവർത്തകൻ വിനോദ് പറഞ്ഞു. ക്ലോക്ക് ബ്രിട്ടീഷ് നിർമ്മിതമാണോ, അല്ല ഇന്ത്യയിൽ നിർമ്മിച്ചതാണോയെന്ന് റെയിൽവേ ജീവനക്കാർക്ക് ഇപ്പോഴും അറിയില്ല.

ക്ലോക്ക് വൃത്തിയാക്കി കഴിഞ്ഞപ്പോഴാണ് സെക്കന്റ് സൂചി ചലിപ്പിക്കുന്ന പല്ലുകളുളള  ചെറുചക്രം ദ്രവിച്ചുപോയതായി അവർ തിരിച്ചറിഞ്ഞത്. ഏറെ പഴയ മാതൃകയായതിനാൽ ഇത്തരത്തിലൊന്ന് കേരളത്തിൽ എവിടെയും ലഭ്യമായിരുന്നില്ല.

“പലയിടത്തും ഞങ്ങളിതിനായി അന്വേഷിച്ചു. ഇത്തരമൊരു ക്ലോക്ക് നന്നാക്കാൻ അറിയുന്ന ആരെയും കണ്ടെത്താനായില്ലെന്ന് മാത്രമല്ല, യന്ത്രഭാഗങ്ങളും ലഭിച്ചില്ല,” റെയിൽവേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊച്ചിൻ ഹാർബർ ടെർമിനസ് സ്റ്റേഷനിലെ പതിറ്റാണ്ടുകൾ പഴക്കമുളള ക്ലോക്കിന്റെ പുറകുവശം

തടിച്ച എംബ്രോയിഡറി സൂചികൾ ഈ ചെറുചക്രത്തിന്റെ പല്ലാക്കി ഘടിപ്പിച്ച ശേഷം ക്ലോക്ക് പ്രവർത്തിപ്പിക്കാനുളള ശ്രമം ജുബൈറാണ് നടത്തിയത്. 15 മിനിറ്റ് നേരം ക്ലോക്ക് പ്രവർത്തിച്ചു. “ഇതൊരു പോസിറ്റീവ് സൂചനയായിരുന്നു. ക്ലോക്ക് പ്രവർത്തിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായി. ഇതോടെ സെക്കന്റ് സൂചിക്കായുളള ചെറുചക്രം ഞങ്ങൾ തന്നെ ഉണ്ടാക്കിയെടുത്തു.

ഭാരക്കട്ടി ഒരിക്കൽ ഉയർത്തിവച്ചാൽ പിന്നെ എട്ട് ദിവസത്തേയ്‌ക്ക് ക്ലോക്ക് പ്രവർത്തിക്കും. അപ്പോഴേക്കും ഭാരക്കട്ടി താഴെയെത്തും. പിന്നെ ഇതിനെ വീണ്ടും മുകളിലേക്ക് ഉയർത്തി വയ്‌ക്കണം.

Read More: സമയരഥത്തിൽ നിലച്ചുപോയ ജീവിതങ്ങള്‍

ഈ വർഷം ആദ്യം ജനുവരി മാസത്തിലാണ് ക്ലോക്ക് പൂർണമായി വീണ്ടും പ്രവർത്തിച്ച് തുടങ്ങിയത്. ഇപ്പോൾ ഇവർ മൂന്ന് പേരിൽ ഒരാൾ ആഴ്‌ചയിലൊരിക്കൽ ഇവിടെ എത്തി ക്ലോക്കിന്റെ ഭാരക്കട്ടി ഉയർത്തി മുകളിൽ വയ്‌ക്കും. ഇത് പൂർണമായും യന്ത്രവത്കൃതമാക്കുന്നതിനായി, നിലവിലെ സാങ്കേതിക വിദ്യയിൽ യാതൊരു മാറ്റവും വരുത്താതെ, ഭാരക്കട്ടി എട്ട് ദിവസം കൂടുമ്പോൾ മുകളിലേക്ക് ഉയർത്തിവയ്‌ക്ക്ൻ മോട്ടോർ ഘടിപ്പിക്കാനുളള ആലോചനയിലാണ് അധികൃതർ.

തയ്യാറാക്കിയത്: പ്രജ്‌ന ഉണ്ണിക്കുമാരത്ത് 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 1940s era contraption installed at the cochin harbour terminus railway station