/indian-express-malayalam/media/media_files/uploads/2023/05/horoscope-4-3.jpg)
Weekly Horoscope in Malayalam: May 28-June 3, 2023, Astrological Predictions for stars Aswathi to Revathy
Weekly Horoscope in Malayalam: May 28-June 3, 2023, Astrological Predictions for stars Aswathi to Revathy: 2023 മേയ് 28 മുതൽ ജൂൺ 3 വരെ (1198 ഇടവം 14 മുതൽ 20 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ രേവതി വരെയുള്ള നാളുകളില്‍ ജനിച്ചവരുടെ സമ്പൂര്‍ണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
സൂര്യൻ രോഹിണി ഞാറ്റുവേലയിലാണ്. ചന്ദ്രൻ പൂരം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. വെളുത്തപക്ഷത്തിലാണു ചന്ദ്രന്റെ സഞ്ചാരം എന്നത് പ്രസ്താവ്യമാണ്. ചന്ദ്രബലം ഉള്ള വാരമാണ്.
മറ്റുള്ള ഗ്രഹങ്ങളിൽ ശുക്രനൊഴികെ ആർക്കും രാശി മാറ്റമില്ല. ശുക്രൻ ഇടവം 16 ന്, മേയ് 30 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്ക് സംക്രമിക്കുന്നു. പുണർതത്തിലാണ് സഞ്ചാരം. വ്യാഴം, രാഹു, ബുധൻ എന്നീ മൂന്ന് ഗ്രഹങ്ങളും മേടം രാശിയിൽ അശ്വതിയിൽ തുടരുന്നു. കേതു തുലാം രാശിയിൽ ചോതിയിലും ചൊവ്വ കർക്കടകം രാശിയിൽ പൂയത്തിലും ശനി കുംഭം രാശിയിൽ ചതയത്തിലും തന്നെയാണ്.
Astrological Predictions for Aswathy, അശ്വതി
ജീവിത സാഹചര്യങ്ങളിൽ മാറ്റം വരാം. ഉപരി വിദ്യാഭ്യാസത്തിൽ ലക്ഷ്യം നേടും. ദേശാന്തരയാത്രകൾ ഉണ്ടായേക്കും. തൊഴിൽപരമായി മെച്ചം വരുമെങ്കിലും സമ്മർദങ്ങളും കൂടെയുണ്ടാവും. കൃത്യാന്തരങ്ങളാൽ വിഷമിച്ചേക്കും. ഗാർഹിക സൗഖ്യം പ്രതീക്ഷിക്കാം. എന്നാൽ, കുടുംബാംഗങ്ങൾ തന്നെ ഒറ്റപ്പെടുത്തുകയാണോ എന്ന് സന്ദേഹിക്കുന്ന സാഹചര്യങ്ങൾ സംജാതമാകാം.
Astrological Predictions for Bharani, ഭരണി
പുതിയ സൗഹൃദങ്ങൾ ഉണ്ടായെന്ന് വരാം. മനസ്സിൽ തരളഭാവങ്ങൾ മൊട്ടിട്ടേക്കും. പ്രണയികൾക്ക് അനുകൂലമായ വാരമാണ്. കുറച്ചുകാലമായി പ്രതീക്ഷിച്ചിരുന്ന ചില നേട്ടങ്ങൾ വന്നെത്തും. തൊഴിലിടത്തിൽ ചൊവ്വ നോക്കുകയാൽ സ്വസ്ഥത കുറയുന്നതാണ്. ചിലരുടെ ആജ്ഞാനുവർത്തിയാകാൻ സമ്മർദ്ദം ഉയരും. സകുടുംബം വിനോദയാത്രകൾ നടത്തിയേക്കും.
Astrological Predictions for Karthika, കാർത്തിക
ശുഭവാർത്തകൾ ശ്രവിക്കാനാവും. കർമ്മഗുണമുള്ള വാരമാണ്. ചെയ്യുന്ന പ്രവൃത്തിയിൽ വിജയിക്കും. കലാകാരന്മാർക്ക് അംഗീകാരം സിദ്ധിക്കുന്നതാണ്. മക്കളുടെ കാര്യത്തിൽ ഉചിതതീരുമാനങ്ങൾ കൈക്കൊള്ളും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഉപാസനകളും ആത്മിക സാധനകളും മുടക്കം വരാതെ നിർവഹിക്കാനാവും. സാമ്പത്തിക സ്ഥിതിയിൽ ചെറിയ ഉയർച്ചയെങ്കിലും പ്രതീക്ഷിക്കാം.
Astrological Predictions for Rohini, രോഹിണി
ആരോഗ്യപരമായി മെച്ചം കുറയും. അലച്ചിലുമുണ്ടാവും. ജന്മനക്ഷത്രത്തിൽ സൂര്യൻ സഞ്ചരിക്കുകയാണല്ലോ. എന്നാൽ സാമ്പത്തികമായി നേട്ടം വന്നുചേരുന്നതാണ്. കർമ്മഗുണം പ്രതീക്ഷിക്കാം. തൊഴിലിൽ പുരോഗതിയുടെ സൂചനകൾ പ്രകടമാവുന്നതാണ്.
ചില മത്സരങ്ങളിൽ കടുത്ത വെല്ലുവിളി നേരിട്ടാലും വിജയിക്കാൻ സാധിക്കും. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും വലിയ പിന്തുണ വന്നെത്തുന്നതായിരിക്കും.
Astrological Predictions for Makayiram, മകയിരം
ആത്മദർശനത്തിന് സാഹചര്യമൊരുങ്ങും. സ്വയം അറിയാനും തെറ്റുകുറ്റങ്ങൾ കണ്ടെത്തി തിരുത്താനും മുതിരും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വഴിതെളിയും. അന്യനാട്ടിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. കലാപരമായ കാര്യങ്ങളിൽ താൽപര്യമേറുന്നതാണ്. അധികാരികളുടെ പ്രീതി ഉദ്യോഗത്തിൽ ഉയർച്ച വരുത്തും. പണപരമായി ചെറിയ മെച്ചമെങ്കിലും പ്രതീക്ഷിക്കാനാവും. ചിലരുടെ മർക്കടമുഷ്ടിയെ കണ്ടില്ലെന്ന് നടിക്കും.
Astrological Predictions for Thiruvathira, തിരുവാതിര
വാരത്തിന്റെ തുടക്കത്തിൽ ചിന്താക്ലമം ഭവിക്കും. കർമ്മഭംഗം വരാം. മക്കളെക്കുറിച്ച് ചില ഉൽക്കണ്ഠകൾ ഉയർന്നേക്കും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. വാരത്തിന്റെ പകുതി മുതൽ കാര്യസിദ്ധി ഭവിക്കും. സ്വയം തൊഴിലിൽ മുന്നേറ്റം ദൃശ്യമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭൂമിസംബന്ധിച്ച വ്യവഹാരങ്ങൾ പരിഹാരത്തിലേക്ക് നീങ്ങാം. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും.
Astrological Predictions for Punartham, പുണർതം
പുതുസംരംഭങ്ങൾ ആലോചനയിൽ നിറയും. വായ്പാ ലഭ്യതക്കായി അലച്ചിലുണ്ടാവും. സാങ്കേതിക വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തും. കച്ചവടത്തിൽ ന്യായമായ മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്. പൂർവ്വിക സ്വത്തുക്കളുടെ അവകാശം പുനസ്ഥാപിക്കപ്പെട്ടുകിട്ടുന്നതാണ്. വാരാന്ത്യത്തിൽ മത്സരവിജയം, ശുഭവാർത്താശ്രവണം എന്നിവ പ്രതീക്ഷിക്കാം. മിഥുനക്കൂറുകാർക്ക് നേട്ടങ്ങൾ വർദ്ധിക്കും.
Astrological Predictions for Pooyam, പൂയം
ചില ആശയക്കുഴപ്പങ്ങൾ തുടരപ്പെടും. സുഖാനുഭവങ്ങൾ കുറയാം. ഉത്തരവാദിത്വങ്ങൾ വീർപ്പുമുട്ടിച്ചേക്കും. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിന്റെ ഫലമാണതിന് കാരണം. സാഹസങ്ങൾക്ക് മുതിരാതിരിക്കുന്നത് നന്ന്. ആത്മസംയമനമാവും കരണീയം. ഉദ്യോഗസ്ഥർക്ക് ചില ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. പൊതുപ്രവർത്തനത്തിൽ എതിർപ്പുകൾ കൂടും. കുടുംബകാര്യങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടിവരുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി മോശമാവില്ല.
Astrological Predictions for Ayilyam, ആയില്യം
കരാറുകൾ പുതുക്കിക്കിട്ടാം. കർമ്മരംഗത്ത് പൂർണശ്രദ്ധയും അർപ്പിക്കാൻ കഴിഞ്ഞേക്കില്ല. കൃത്യാന്തരങ്ങൾ വലച്ചേക്കും. യാത്രകൾ മുഴുവനായും വിജയിക്കുമെന്ന് പറയാനാവില്ല.
പിതാവിന്റെ സമ്പത്ത് / ധനം അനുഭവിക്കാനാവും. വിദ്യാർത്ഥികൾക്ക് ഉപരിപഠനം സംബന്ധിച്ച അവ്യക്തതകൾ വരാം. ബന്ധുക്കളുടെ സമീപനത്തിൽ വിഷമിച്ചേക്കും. സ്വകാര്യ വിരുന്നുകളിൽ പങ്കെടുക്കും.
Astrological Predictions for Makam, മകം
തന്റെ പ്രവൃത്തികൾ അന്യർക്ക് ഉപകാരപ്പെടുന്നത് ചാരിതാർത്ഥ്യമുണ്ടാക്കും. ആസൂത്രണമികവ് പുലർത്തും. നല്ലകാര്യങ്ങൾക്ക് ചെലവേറുന്നതാണ്. സഭകളിലും സമാജങ്ങളിലും സക്രിയ സാന്നിധ്യം പുലർത്തും. പ്രൊഫഷണലുകൾ മികച്ച സാങ്കേതിക ജ്ഞാനം നേടിയെടുക്കും. അതുപോലെ പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്കും നേട്ടങ്ങൾ ഉണ്ടാവും. ആഴ്ചയുടെ മധ്യത്തിൽ കൂടുതൽ തിളങ്ങാനാവും.
Astrological Predictions for Pooram, പൂരം
നക്ഷത്രനാഥനായ ശുക്രന് ചൊവ്വയുമായി യോഗം വരുന്നതിനാൽ ചില സമ്മർദ്ദങ്ങൾ വന്നേക്കും. വ്യക്തികാര്യങ്ങളിൽ ചിലരുടെ ഇടപെടലുകൾ തലവേദനയാവാം. തൊഴിലിൽ അധ്വാനമേറും. നവീകരണ ശ്രമങ്ങൾ അല്പം പതുക്കെയാവും. കുടുംബബന്ധങ്ങളിൽ വിള്ളൽ വരാതിരിക്കാൻ അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുകയാവും കരണീയം. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടായേക്കില്ല. വാക്കിലും കർമ്മത്തിലും ജാഗ്രത വേണം.
Astrological Predictions for Uthram, ഉത്രം
മാനസികോന്മേഷം വർദ്ധിക്കുന്നതാണ്. സൽക്കാര്യങ്ങളിൽ ഭാഗഭാക്കാകാൻ അവസരം വന്നുചേരും. ഉദ്യോഗത്തിൽ ജോലി ഭാരമേറുന്നതാണ്. പഠനം സംബന്ധിച്ച് അന്യദേശത്ത് പോകാനുള്ള സാധ്യതകൾ ആരായും. വായ്പ, ചിട്ടി മുതലായവ പ്രയോജനപ്പെടുന്നതാണ്. പുതുതീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ തെല്ല് കുറഞ്ഞേക്കും.
Astrological Predictions for Atham, അത്തം
ശുക്രനും ചൊവ്വയും ലാഭഭാവത്തിൽ വരുകയാൽ നേട്ടങ്ങൾ വർദ്ധിക്കും. സിദ്ധിസാധനകൾ അംഗീകരിക്കപ്പെടും. നിർണായക മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ബന്ധുക്കളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകും. നക്ഷത്രനാഥനായ ചന്ദ്രൻ പൂർണതയിലേക്കടുക്കുകയാൽ കർമ്മരംഗത്ത് പൂർണതയും മനപ്രസാദവും പ്രതീക്ഷിക്കാവുന്നതാണ്. കുടുംബ ബന്ധങ്ങൾ ഊഷ്മളമാകും. സമൂഹത്തിൽ സ്വാധീനം വർദ്ധിക്കുന്നതാണ്.
Astrological Predictions for Chithira, ചിത്തിര
പ്രതിസന്ധികളിൽ തളരില്ല. ധനപരമായ ക്ലേശങ്ങളേറും. എന്നാലും ഒന്നിനും മുടക്കം വരില്ല. ചിലരുടെ ആകസ്മിക സഹായം ഉജ്ജീവകമാകുന്നതാണ്. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അനുകൂലമായ അന്തരീക്ഷം രൂപപ്പെടാം. വ്യാപാരികൾ ഉടമ്പടികളിൽ പങ്കാളികളാകും മുൻപ് നിബന്ധനകൾ അറിയുന്നത് ഉചിതമായിരിക്കും. മുതിർന്ന കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധയുണ്ടാവണം. അയൽബന്ധങ്ങളിൽ സ്വാസ്ഥ്യം കുറഞ്ഞേക്കും.
Astrological Predictions for Chothi, ചോതി
അവഗണനകൾ അവസാനിച്ചതായി തോന്നും. ചില പദവികളിലുള്ള അവകാശം അനുവദിക്കപ്പെടും. കുടുംബത്തോടൊപ്പം ഒത്തുചേരാൻ സന്ദർഭം കൈവരും. ഗവേഷണപ്രബന്ധം സമർപ്പിക്കാൻ സാധിക്കുന്നതാണ്. വ്യാപാര കാര്യങ്ങളിൽ പ്രയോജനപ്രദമായ ചർച്ചകൾ നടക്കും. എന്നാലും വലിയ മുതൽ മുടക്കുകൾക്ക് കാലം അനുകൂലമല്ല. സഹപ്രവർത്തകരോട് ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്തും. പ്രണയകാര്യങ്ങളിൽ വിജയിക്കാനാവും.
Astrological Predictions for Vishakam, വിശാഖം
ആരോപണങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ശുഭകാര്യങ്ങളിൽ ശ്രദ്ധ പുലർത്താനാവും. കുടുംബദൗത്യങ്ങൾ നിറവേറ്റുന്നതിൽ ക്ലേശിക്കാം. ചില ബന്ധുക്കളുടെ പരിരക്ഷക്ക് മുന്നിൽ നിൽക്കേണ്ടതായി വന്നേക്കാം. പുതിയ തൊഴിൽ തേടുന്നവർക്ക് ഈയാഴ്ച അനുകൂലമാണെന്ന് പറയാനാവില്ല. ഉപരിപഠനത്തിൽ ചെറിയ ആശങ്കകൾ ഉയരാം. പ്രവർത്തനങ്ങളുടെ മുൻഗണനാക്രമം നിർണയിക്കുന്നത് ശ്രദ്ധ വെക്കേണ്ടതുണ്ട്.
Astrological Predictions for Anizham, അനിഴം
കർമ്മരംഗത്ത് ചില ഉദാസീനതകൾ പ്രകടമാവും. തീരുമാനങ്ങൾ കൈക്കൊള്ളുന്ന വേഗത്തിൽ തന്നെ ഉപേക്ഷിക്കും. ഉദ്യോഗസ്ഥർക്ക് മാനസിക പിരിമുറുക്കം കൂടാം. ചെറുകച്ചവടക്കാർക്ക് കാര്യങ്ങൾ ഒരുവിധം നടന്നുപോകും. ഊഹക്കച്ചവടത്തിന് ഒട്ടും അനുകൂലമല്ല കാലം. പകരക്കാരെ ചുമതലകൾ ഏൽപ്പിക്കുന്നത് അബദ്ധമായേക്കാം. ആരോഗ്യകാര്യത്തിൽ ജാഗ്രത കുറക്കരുത്. പണമിടപാടുകളിലും സൂക്ഷ്മത വേണം.
Astrological Predictions for Thrikketta, തൃക്കേട്ട
അമിതാവേശം നന്നല്ല. ചിന്തയുടെ കുതിപ്പ് പ്രവർത്തനങ്ങളിൽ കൈവരിക്കാൻ കഴിഞ്ഞേക്കില്ല. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തവരോട് കലഹിക്കും. എന്നാൽ സ്വയം നൽകിയ വാഗ്ദത്തങ്ങൾ നിറവേറ്റാനായോ എന്നും ചിന്തിക്കേണ്ടതുണ്ട്. വിദേശ / അന്യദേശ പഠനത്തിന് കളമൊരുങ്ങുന്നതാണ്. കുടുംബ ജീവിതത്തിൽ അനുരഞ്ജനം അനിവാര്യമായിത്തീരും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്.
Astrological Predictions for Moolam, മൂലം
കർമ്മരംഗം സജീവമാകും. വളർച്ച, വരുമാന വർദ്ധനവ് എന്നിവ പ്രകടമാവും. സാമൂഹിക സേവന രംഗത്ത് സമർപ്പണബുദ്ധ്യാ പ്രവർത്തിക്കും. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. അമിതാവേശങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബസമേതം ഉല്ലാസയാത്രകൾ നടത്താൻ സാധിക്കും. ആഢംബരകാര്യങ്ങൾക്ക് വാരാന്ത്യം ചെലവേറുന്നതാണ്.
Astrological Predictions for Pooradam, പൂരാടം
പ്രയത്നം ലക്ഷ്യത്തിലെത്തും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വ്യാപാരത്തിൽ പുതുപരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ്. ഉപരിപഠനത്തിന് ഇഷ്ടവിഷയങ്ങൾ ലഭിക്കാൻ കാത്തിരിപ്പ് തുടരും. കൂട്ടുകെട്ടുകളെച്ചൊല്ലി മാതാപിതാക്കളുടെ ശകാരം കേൾക്കേണ്ടിവരും. വാടക വീടിനുള്ള തെരച്ചിൽ തുടരും. വാഹനങ്ങളുടെ അറ്റകുറ്റത്തിന് പ്രതീക്ഷിചതിലും ചെലവേറുന്നതാണ്.
Astrological Predictions for Uthradam, ഉത്രാടം
ദാമ്പത്യത്തിൽ ചില അലോസരങ്ങൾ ഉണ്ടാകാം. ഗാർഹിക കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന തോന്നലുണ്ടാകും. ചില ചർച്ചകൾ തൊഴിൽ പുരോഗതിയിലേക്ക് നയിച്ചേക്കും. വായ്പകൾക്ക് ശ്രമം തുടരുന്നതാണ്. ഭൂമിയിൽ നിന്നുള്ള ആദായം കുറയാനിട യുണ്ട്. ജോലിക്കൊപ്പം പഠനത്തിനും മുതിരും. പഴയ വസ്തുക്കൾ വിൽക്കാൻ ആഗ്രഹിക്കും. കടബാധ്യത ദുർമുഖം കാട്ടിയേക്കും.
Astrological Predictions for Thiruvonam, തിരുവോണം
വിജയ പ്രതീക്ഷ വർദ്ധിക്കും. മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ വിഷമിക്കും, ഗൃഹനിർമ്മാണത്തിന് പ്രതീക്ഷിച്ചതിലും ചെലവുണ്ടാകും. പ്രണയകലഹങ്ങൾക്ക് സാധ്യതയുണ്ട്. യാത്രകൾ ആസൂത്രണം ചെയ്താലും മാറ്റിവെക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. സഹപ്രവർത്തകരോട് കർക്കശമായി പെരുമാറിയെന്ന് വരാം.
Astrological Predictions for Avittam, അവിട്ടം
പ്രതീക്ഷകൾക്കനുസരിച്ച് ഗുണാനുഭവങ്ങൾ ഉണ്ടാവണമെന്നില്ല. പരാശ്രയത്വം ചിലപ്പോൾ വ്യക്തിത്വത്തിന്റെ ശോഭ കെടുത്തുന്നുണ്ടെന്ന് വരാം. മക്കളുടെ കാര്യങ്ങൾക്കായി അലച്ചിലുണ്ടാവും. വരവ് കൂടുമെങ്കിലും ചെലവും ഉയരുന്നതാണ്. കൂട്ടുകച്ചവടത്തിൽ ചില അലോസരങ്ങൾ ഉണ്ടാകാം. അനാവശ്യ വിവാദങ്ങളിൽ ചെന്നുചാടാതിരിക്കാൻ ശ്രദ്ധിക്കണം. കച്ചവടത്തിനുള്ള വായ്പ അനുവദിക്കപ്പെടാം. പതിവ് ആരോഗ്യപരിശോധനകൾ മുടക്കരുത്.
Astrological Predictions for Chathayam, ചതയം
കർമ്മരംഗവും വ്യക്തിജീവിതവും പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാൻ ക്ലേശിക്കും. ദിനചര്യകൾക്ക്
നേരനീക്കം അനുഭവപ്പെടാം. പുതിയ തൊഴിലിനായി നടത്തുന്ന ശ്രമങ്ങൾക്ക് അനുകൂലമായ മറുപടി ലഭിച്ചേക്കില്ല. സജ്ജനങ്ങളുടെ സൗഹൃദം മനോബലം നൽകും. ഉപജാപങ്ങളെ പ്രതിരോധിക്കാൻ ഒരുപാട് ഊർജ്ജം ചെലവഴിക്കേണ്ടതായി വന്നേക്കും. കച്ചവടത്തിൽ വലിയ മുതൽ മുടക്കിന് ഈ ആഴ്ച അനുകൂലമല്ല. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം.
Astrological Predictions for Pooruruttathi, പൂരുട്ടാതി
നിരന്തരപരിശ്രമം നേട്ടങ്ങളിലേക്ക് നയിക്കും. വ്യാപാരം വിപുലീകരിക്കാൻ സാമ്പത്തിക സഹായം വന്നെത്തും. ഉദ്യോഗസ്ഥർ പുതിയ ചുമതലകൾ പൂർത്തീകരിക്കുന്നതിൽ വിഷമിക്കും. അപ്രസക്ത കാര്യങ്ങൾക്ക് ധാരാളം സമയം വ്യയം ചെയ്യും. കുട്ടികളുടെ ഉപരിപഠനത്തിൽ പ്രതീക്ഷിച്ചത് നടന്നതിൽ സന്തോഷിക്കും. പാരിതോഷികങ്ങൾ കൈവരും. കലാകാരന്മാർക്ക് അവരുടെ കലാസൃഷ്ടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്നേക്കും.
Astrological Predictions for Uthrattathi, ഉത്രട്ടാതി
അഷ്ടമരാശിക്കൂറ് വരുന്ന ആഴ്ചയാകയാൽ സാഹസങ്ങൾക്ക് മുതിരരുത്. സാമ്പത്തിക ഇടപാടുകളിൽ
നല്ലശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആവശ്യങ്ങൾ കൂടി വരുന്നതാണ്. മക്കളുടെ പഠനച്ചെലവിന് പണം കണ്ടെത്താൻ നെട്ടോട്ടമോടും. ജോലിസ്ഥലത്ത് അനാവശ്യമായ തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ മാറ്റം വരുന്നതാണ്.
Astrological Predictions for Revathi, രേവതി
കുടുംബ ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുന്നതിൽ ഏറെ വിട്ടുവീഴ്ചകൾ വേണ്ടിവരും. ആഴ്ച മധ്യം മുതൽ കൂടുതൽ കരുതൽ പുലർത്തണം. വാഹനം, അഗ്നി എന്നിവയുടെ ഉപയോഗത്തിൽ അതീവ ജാഗ്രതയുണ്ടാവണം. മുൻപോട്ടുള്ള പഠനത്തിൽ താൽകാലികമായ തടസ്സങ്ങൾ വരാം. കടം വാങ്ങുന്ന പ്രവണത നിയന്ത്രിക്കപ്പെടേണ്ടതാണ്. അതിചിന്ത പ്രവൃത്തികളെ താമസിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ധനപരമായി ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.