scorecardresearch

അധികാരപദവിയും സ്ഥാനക്കയറ്റവും തേടിയെത്തും, ഈ ഒമ്പത് നാളുകാരുടെ വിഷുഫലം

മേടം മിഥുനം, വൃശ്ചികംഎന്നീ കൂറുകളിലെ അശ്വതി, ഭരണി, കാർത്തിക, മകയിരം , തിരുവാതിര, പുണർതം, വിശാഖം, അനിഴം, തൃക്കേട്ട എന്നീ ഒമ്പത് നക്ഷത്രജാതരുടെ സമ്പൂർണ വിഷുഫലം വിശകലനം ചെയ്യുന്നു

മേടം മിഥുനം, വൃശ്ചികംഎന്നീ കൂറുകളിലെ അശ്വതി, ഭരണി, കാർത്തിക, മകയിരം , തിരുവാതിര, പുണർതം, വിശാഖം, അനിഴം, തൃക്കേട്ട എന്നീ ഒമ്പത് നക്ഷത്രജാതരുടെ സമ്പൂർണ വിഷുഫലം വിശകലനം ചെയ്യുന്നു

author-image
S. Sreenivas Iyer
New Update
vishu phalam, astrology, ie malayalam

മേടമാസത്തിൽ തുടങ്ങി മീനത്തിൽ അവസാനിക്കുന്ന പന്ത്രണ്ട് മാസങ്ങൾ (ഒരു കൊല്ലക്കാലം) ജ്യോതിഷപരമായി പ്രാധാന്യമുള്ള കാലഗണനയാണ്. കൊല്ലവർഷം കണക്കാക്കുന്നത് ചിങ്ങം തൊട്ട് കർക്കടകം വരെയാണെന്ന് നമുക്കറിയാം. എന്നാൽ രാശിക്രമവും നക്ഷത്രക്രമവും എല്ലാം മേടം മുതലും മേടക്കൂറിലെ അശ്വതി മുതലുമാണ് കണക്കാക്കുന്നത്.

Advertisment

ബ്രഹ്മപ്രളയാനന്തരം, മന്വന്തരങ്ങളും കല്പവുമെല്ലാം സമാരംഭിക്കുന്നത് മേടം മുതലാണ്, മേടത്തിലെ ‘വിഷുവത് പുണ്യകാലം’ തൊട്ടാണ് എന്നാണ് ജ്യോതിഷസങ്കൽപ്പം. മനുവിന്റെ പുത്രനായ വൈവസ്വതന്റെ കാലാരംഭം, അതായത് ഇപ്പോൾ നടന്നുവരുന്ന ‘വൈവസ്വതമന്വന്തരം ‘, മേടത്തിലാണ് തുടങ്ങിയിരിക്കുന്നതും. അങ്ങനെ പലനിലയ്ക്കും ജ്യോതിഷ വിശ്വാസികൾക്ക് വിഷുക്കാലം വരുന്ന ഒരു സംവത്സരത്തെ അറിയാൻ ഉതകുന്ന സമയബിന്ദു കൂടിയാണ്.

ശനി കുംഭം രാശിയിലും, വ്യാഴം മീനത്തിലും, രാഹുകേതുക്കൾ യഥാക്രമം മേഷതുലാദികളിലും കുജൻ മിഥുനത്തിലും ബുധൻ മേടത്തിലും ശുക്രൻ ഇടവത്തിലും ആയി നിൽക്കുമ്പോഴാണ് ഈയ്യാണ്ടത്തെ വിഷുസംക്രമം ഭവിക്കുന്നത്. 1198 മീനം 31 ന്, 2023 ഏപ്രിൽ 14ന് വെള്ളിയാഴ്ച പകൽ ഇന്ത്യൻ സമയം 2 മണി 58 മിനിറ്റിന്, മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിലായി ചന്ദ്രൻ സഞ്ചരിക്കവേയാണ് സൂര്യന്റെ മേടരാശി സംക്രമം എന്ന് പഞ്ചാംഗത്തിൽ നിന്നും അറിയാനാവും. അതിന്റെ അടുത്തദിവസമാണ് വിഷു.

മേടം മിഥുനം, വൃശ്ചികം എന്നീ കൂറുകളിലെ അശ്വതി, ഭരണി, കാർത്തിക,മകയിരം , തിരുവാതിര, പുണർതം,വിശാഖം അനിഴം, തൃക്കേട്ട എന്നീ നാളുകാരുടെ ഈ വിഷു മുതൽ അടുത്ത വിഷുവരെയുള്ള ഫലമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

Advertisment

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ആത്മപ്രഭാവം വർദ്ധിക്കും. അധികാരമുള്ള പദവികൾ വന്നുചേരും. അവിവാഹിതർക്ക് വിവാഹം സിദ്ധിക്കുന്നതാണ്. ജീവിതപങ്കാളിയുടെ പൂർണപിന്തുണ കുടുംബജീവിതത്തിന് ശക്തിയേകും. പങ്കുകച്ചവടം അഭിവൃദ്ധിയിലേക്ക് നീങ്ങുന്നതാണ്. സ്വന്തമായി തൊഴിൽ തുടങ്ങാനും, നിലവിലുള്ള തൊഴിൽ നവീകരിക്കാനും സാധിക്കും. സാമ്പത്തിക സ്ഥിതി ഉയരുന്നതാണ്. നിക്ഷേപങ്ങൾ വർദ്ധിക്കാം. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയത്തിൽ ഉപരി വിദ്യാഭ്യാസം സിദ്ധിക്കുന്നതാണ്. മക്കളുടെ പഠനം, വിവാഹം ഇവയെല്ലാം പ്രതീക്ഷിച്ചവിധം തന്നെ നടക്കാൻ സാധ്യത കാണുന്നു. പൂർവ്വികസ്വത്തുക്കൾ നന്നായി പരിപാലിക്കാൻ അനുകൂലമായ സാഹചര്യം ഉദിക്കും. സകുടുംബം വിനോദ- ആത്മീയ യാത്രകൾ ഉണ്ടാവും. തുലാം മാസത്തിന് ശേഷം ഔദ്യോഗികമായി മുന്നേറ്റം പ്രതീക്ഷിക്കാം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യാവസ്ഥ സുസ്ഥിതിയിൽ തുടരും. മേടം, ഇടവം, തുലാം,വൃശ്ചികം, മീനം എന്നീ മാസങ്ങളിൽ നവസംരംഭങ്ങൾ തുടങ്ങരുത്. എല്ലാക്കാര്യത്തിലും ജാഗ്രത ഉണ്ടാവുകയും വേണം.

മിഥുനക്കൂർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): ശനിയും വ്യാഴവും രാഹുവുമൊക്കെ അനുകൂലഭാവത്തിൽ നിലകൊള്ളുന്ന വർഷമാണിത്. ലക്ഷ്യബോധമുള്ള പ്രവർത്തനം വിജയകിരീടം ചൂടും. സാമ്പത്തികസ്ഥിതി ഉയരും. ഒന്നിലധികം ആദായമാർഗങ്ങൾ തുറക്കപ്പെടും. കച്ചവടമേഖല വളരും. നിലവിലുള്ള സ്ഥാപനത്തിന് മറ്റൊരു ശാഖ ആരംഭിക്കാൻ കഴിഞ്ഞേക്കും. വിദ്യാർത്ഥികൾ മികച്ച പരീക്ഷാ വിജയം കരസ്ഥമാക്കുന്നതാണ്. കലാകായിക മത്സരങ്ങളിൽ പാരിതോഷികങ്ങൾ നേടാനാവും. പ്രൊഫഷണൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒരുങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതനവർദ്ധനവ് എന്നിവ ന്യായമായിത്തന്നെ ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലക്ഷ്യം നേടാൻ സഹായിക്കും. പ്രണയികൾക്ക് സന്തോഷിക്കാ നാവും. അവിവാഹിതർക്ക് കുടുംബജീവിതത്തിൽ പ്രവേശിക്കാൻ കാലം അനുഗുണമാണ്. ഗൃഹസ്ഥജീവിതം നയിക്കുന്നവർക്ക് സന്താനലബ്ധിയു ണ്ടാവാം. കടബാധ്യതയിൽ നിന്നും മോചനം ലഭിക്കുന്നതാണ്. ഗൃഹം മോടിപിടിപ്പിക്കാനും പുതുവാഹനം വാങ്ങാനും സന്ദർഭം വന്നുചേരുന്നതാണ്. രോഗികൾക്ക് ചികിത്സാരീതികൾ മാറുന്നത് കൊണ്ട് ആരോഗ്യം മെച്ചപ്പെട്ടേക്കാം. നവസംരംഭങ്ങൾ, പുതുനിക്ഷേപങ്ങൾ ഇവയും മറ്റുനേട്ടങ്ങൾ. ഇടവം, മിഥുനം, തുലാം, മകരം എന്നീ മാസങ്ങളിൽ കരുതൽ അനിവാര്യം.

വൃശ്ചികക്കൂർ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ഇച്ഛയും ജ്ഞാനവും ക്രിയയും സമന്വയിപ്പിക്കാൻ സാധിക്കും. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ദൗത്യങ്ങളുടെ ചുമതല കൂടുതലായി വന്നുചേരുന്നതാണ്. അന്യനാടുകളിൽ പഠനമോ തൊഴിലോ ഭവിക്കും. ചെറുപ്പക്കാരുടെ വിവാഹതീരുമാനം നീണ്ടുപോകാനിടയുണ്ട്. തറവാട് വീട് പരിഷ്കരിക്കാനും പുതുക്കാനും പണം കണ്ടെത്തും. ഓഹരി വിപണിയിൽ നഷ്ടങ്ങളേർപ്പെ ട്ടേക്കാം. മക്കളുടെ വിവാഹം നടക്കും. കുടുംബ പ്രാരബ്ധങ്ങൾ ചിലപ്പോൾ കടബാധ്യതകൾ സൃഷ്ടിച്ചേക്കാം. വലിയ മുതൽമുടക്കുള്ള സംരംഭങ്ങൾക്ക് കാലം അനുകൂലമല്ലെന്ന് ഓർമ്മവേണം. മിഥുനം, തുലാം, വൃശ്ചികം എന്നീ മാസങ്ങളിൽ ചെറുതും വലുതുമായ കാര്യങ്ങളിൽ ജാഗ്രത ഉണ്ടാവണം. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ബന്ധുമിത്രാദികളുടെ പിന്തുണ വലിയ ആശ്വാസമേകും. കൂട്ടുസംരംഭങ്ങളിലും ഉടമ്പടികളിലും പങ്കാളിയാവുമ്പോൾ എല്ലാവശങ്ങളും അറിഞ്ഞിരിക്കുവാൻ ശ്രദ്ധിക്കണം. അന്യരുടെ പണമിടപാടിന് ജാമ്യം നിൽക്കുന്നത് ആലോചിച്ചിട്ടാവണം. ദുർവ്യയങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്.

Astrology Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: