Vishu Phalam 2023: മേടമാസത്തിൽ തുടങ്ങി മീനത്തിൽ അവസാനിക്കുന്ന പന്ത്രണ്ട് മാസങ്ങൾ (ഒരു കൊല്ലക്കാലം) ജ്യോതിഷപരമായി പ്രാധാന്യമുള്ള കാലഗണനയാണ്. കൊല്ലവർഷം കണക്കാക്കുന്നത് ചിങ്ങം തൊട്ട് കർക്കടകം വരെയാണെന്ന് നമുക്കറിയാം. എന്നാൽ രാശിക്രമവും നക്ഷത്രക്രമവും എല്ലാം മേടം മുതലും മേടക്കൂറിലെ അശ്വതി മുതലുമാണ് കണക്കാക്കുന്നത്.
ബ്രഹ്മപ്രളയാനന്തരം, മന്വന്തരങ്ങളും കല്പവുമെല്ലാം സമാരംഭിക്കുന്നത് മേടം മുതലാണ്, മേടത്തിലെ ‘വിഷുവത് പുണ്യകാലം’ തൊട്ടാണ് എന്നാണ് ജ്യോതിഷസങ്കല്പം. മനുവിന്റെ പുത്രനായ വൈവസ്വതന്റെ കാലാരംഭം, അതായത് ഇപ്പോൾ നടന്നുവരുന്ന ‘വൈവസ്വതമന്വന്തരം ‘, മേടത്തിലാണ് തുടങ്ങിയിരിക്കുന്നതും. അങ്ങനെ പലനിലയ്ക്കും ജ്യോതിഷ വിശ്വാസികൾക്ക് വിഷുക്കാലം വരുന്ന ഒരു സംവത്സരത്തെ അറിയാൻ ഉതകുന്ന സമയബിന്ദു കൂടിയാണ്.
ശനി കുംഭം രാശിയിലും, വ്യാഴം മീനത്തിലും, രാഹുകേതുക്കൾ യഥാക്രമം മേഷതുലാദികളിലും കുജൻ മിഥുനത്തിലും ബുധൻ മേടത്തിലും ശുക്രൻ ഇടവത്തിലും ആയി നിൽക്കുമ്പോഴാണ് ഈയ്യാണ്ടത്തെ വിഷുസംക്രമം ഭവിക്കുന്നത്. 1198 മീനം 31 ന്, 2023 ഏപ്രിൽ 14ന് വെള്ളിയാഴ്ച പകൽ ഇന്ത്യൻ സമയം 2 മണി 58 മിനിറ്റിന്, മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിലായി ചന്ദ്രൻ സഞ്ചരിക്കവേയാണ് സൂര്യന്റെ മേടരാശി സംക്രമം എന്ന് പഞ്ചാംഗത്തിൽ നിന്നും അറിയാനാവും. അതിന്റെ പിറ്റേദിനം വിഷുദിനമായി നാം ആഘോഷിക്കുന്നു.
1198 /2023 ലെ വിഷു മുതൽ അടുത്ത വിഷുവരെയുള്ള ഒരാണ്ടത്തെ ഫലമാണ് ഇവിടെ വിശകലനം ചെയ്യുന്നത്. മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിൽ ജനിച്ച അശ്വതി മുതൽ രേവതി പര്യന്തം ഇരുപത്തിയേഴ് നാളുകാരുടെ ഫലങ്ങൾ ഇവിടെ വിചിന്തനം നടത്തുകയാണ്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ആത്മപ്രഭാവം വർദ്ധിക്കും. അധികാരമുള്ള പദവികൾ വന്നുചേരും. അവിവാഹിതർക്ക് വിവാഹം സിദ്ധിക്കുന്നതാണ്. ജീവിതപങ്കാളിയുടെ പൂർണപിന്തുണ കുടുംബജീവിതത്തിന് ശക്തിയേകും. പങ്കുകച്ചവടം അഭിവൃദ്ധിയിലേക്ക് നീങ്ങുന്നതാണ്. സ്വന്തമായി തൊഴിൽ തുടങ്ങാനും, നിലവിലുള്ള തൊഴിൽ നവീകരിക്കാനും സാധിക്കും. സാമ്പത്തിക സ്ഥിതി ഉയരുന്നതാണ്. നിക്ഷേപങ്ങൾ വർദ്ധിക്കാം. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയത്തിൽ ഉപരി വിദ്യാഭ്യാസം സിദ്ധിക്കുന്നതാണ്. മക്കളുടെ പഠനം, വിവാഹം ഇവയെല്ലാം പ്രതീക്ഷിച്ചവിധം തന്നെ നടക്കാൻ സാധ്യത കാണുന്നു. പൂർവ്വികസ്വത്തുക്കൾ നന്നായി പരിപാലിക്കാൻ അനുകൂലമായ സാഹചര്യം ഉദിക്കും. സകുടുംബം വിനോദ- ആത്മീയ യാത്രകൾ ഉണ്ടാവും. തുലാം മാസത്തിന് ശേഷം ഔദ്യോഗികമായി മുന്നേറ്റം പ്രതീക്ഷിക്കാം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യാവസ്ഥ സുസ്ഥിതിയിൽ തുടരും. മേടം, ഇടവം, തുലാം,വൃശ്ചികം, മീനം എന്നീ മാസങ്ങളിൽ നവസംരംഭങ്ങൾ തുടങ്ങരുത്. എല്ലാക്കാര്യത്തിലും ജാഗ്രത ഉണ്ടാവുകയും വേണം.
ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): സ്വന്തം സിദ്ധികൾ എല്ലാം തന്നെ പുറത്തെടുക്കേണ്ട വർഷമാണ്. കാര്യസാധ്യത്തിനായി കൂടുതൽ അധ്വാനം വേണ്ടിവരും. അന്യനാട്ടിൽ പഠിക്കാനോ തൊഴിൽ ചെയ്യാനോ സാഹചര്യം ഉദയം ചെയ്യുന്നതാണ്. സഹിഷ്ണുതയും ക്ഷമയും ഗുണത്തിനായി വരുന്നതാണ്. സ്വന്തം തൊഴിലിൽ സാങ്കേതികവിജ്ഞാനം പ്രയോജനപ്പെടുത്തും. ക്രയവിക്രയങ്ങളിൽ തരക്കേടില്ലാത്ത നേട്ടം വന്നുചേരുന്നതാണ്. ഊഹക്കച്ചവടം ഗുണകരമാവണം എന്നില്ല. പുതിയ മുതൽ മുടക്കുകൾക്ക് തുലാം മാസം മുതൽ കാലം നല്ലതാണ്. ഭവനവാഹനാദി സ്വപ്നങ്ങൾ സാക്ഷാല്ക്കരിക്കാൻ ഭാഗികമായി കഴിയും. തൊഴിലിടത്തിൽ പ്രതികൂലതകൾ തലപൊക്കിയാലും പ്രത്യുല്പന്നമതിത്വത്തോടെ അവയെ മറികടക്കാൻ സാധിച്ചേക്കും. വിവാഹാദികൾക്ക് കാലവിളംബം ഭവിക്കാം. പ്രേമകാര്യങ്ങളിൽ തടസ്സങ്ങൾ ആവർത്തിച്ചേക്കാം. പ്രവാസികളായ കമ്പനി ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവന്നേക്കും. മേടം, ഇടവം, കന്നി, ധനു മാസങ്ങളിൽ കൂടുതൽ കരുതൽ വേണം. മക്കളുടെ പഠന, വിവാഹാദികൾക്ക് വായ്പാസഹായം സിദ്ധിക്കുന്നതാണ്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): ശനിയും വ്യാഴവും രാഹുവുമൊക്കെ അനുകൂലഭാവത്തിൽ നിലകൊള്ളുന്ന വർഷമാണിത്. ലക്ഷ്യബോധമുള്ള പ്രവർത്തനം വിജയകിരീടം ചൂടും. സാമ്പത്തികസ്ഥിതി ഉയരും. ഒന്നിലധികം ആദായമാർഗങ്ങൾ തുറക്കപ്പെടും. കച്ചവടമേഖല വളരും. നിലവിലുള്ള സ്ഥാപനത്തിന് മറ്റൊരു ശാഖ ആരംഭിക്കാൻ കഴിഞ്ഞേക്കും. വിദ്യാർത്ഥികൾ മികച്ച പരീക്ഷാ വിജയം കരസ്ഥമാക്കുന്നതാണ്. കലാകായിക മത്സരങ്ങളിൽ പാരിതോഷികങ്ങൾ നേടാനാവും. പ്രൊഫഷണൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒരുങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതനവർദ്ധനവ് എന്നിവ ന്യായമായിത്തന്നെ ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലക്ഷ്യം നേടാൻ സഹായിക്കും. പ്രണയികൾക്ക് സന്തോഷിക്കാനാവും. അവിവാഹിതർക്ക് കുടുംബജീവിതത്തിൽ പ്രവേശിക്കാൻ കാലം അനുഗുണമാണ്. ഗൃഹസ്ഥജീവിതം നയിക്കുന്നവർക്ക് സന്താനലബ്ധിയുണ്ടാവാം. കടബാധ്യതയിൽ നിന്നും മോചനം ലഭിക്കുന്നതാണ്. ഗൃഹം മോടിപിടിപ്പിക്കാനും പുതുവാഹനം വാങ്ങാനും സന്ദർഭം വന്നുചേരുന്നതാണ്. രോഗികൾക്ക് ചികിത്സാരീതികൾ മാറുന്നത് കൊണ്ട് ആരോഗ്യം മെച്ചപ്പെട്ടേക്കാം. നവസംരംഭങ്ങൾ, പുതുനിക്ഷേപങ്ങൾ ഇവയും മറ്റുനേട്ടങ്ങൾ. ഇടവം, മിഥുനം, തുലാം, മകരം എന്നീ മാസങ്ങളിൽ കരുതൽ അനിവാര്യം.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): കർമ്മരംഗത്ത് ഉണ്ടാകുന്ന വെല്ലുവിളികളെ ഭംഗിയായി മറികടക്കും. തൊഴിലിൽ സ്വയം നവീകരിക്കുന്നതിനൊപ്പം കാലോചിതമായ മാറ്റങ്ങളും കൊണ്ടുവരും. മനുഷ്യവിഭവശേഷി കൂടുതൽ പ്രയോജനപ്പെടുത്തും. ഗൃഹാന്തരീക്ഷം അനൈക്യങ്ങൾ ഒഴിഞ്ഞ് ശാന്തമാകുന്നതാണ്. പുതുതലമുറയുമായി സഹകരിച്ചുള്ള നിർവഹണങ്ങൾ വിജയകരമായിത്തീരും. മക്കളുടെ വിദ്യാഭ്യാസം , വിവാഹം എന്നിവയ്ക്ക് വായ്പകൾ കൈക്കൊള്ളും. വസ്തുവില്പനയിൽ പ്രതീക്ഷിച്ച ആദായം വന്നുചേരണമെന്നില്ല. ക്രയവിക്രയങ്ങളിൽ അമളിപറ്റാതെ നോക്കണം. വിദേശതൊഴിലിനുള്ള പരിശ്രമങ്ങൾ ഫലവത്താകുന്നതാണ്. മേടം, ഇടവം, കന്നി, ധനു മാസങ്ങളിൽ ഉദ്യോഗത്തിൽ ഉയർച്ചയും കച്ചവടത്തിൽ ആദായവും വർദ്ധിക്കും. മിഥുനം-കർക്കടകം- കുംഭം മാസങ്ങളിൽ സാഹസകർമ്മങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. സർക്കാർ കാര്യങ്ങളിൽ ഇടപെടേണ്ടി വരുമ്പോൾ സൂക്ഷ്മത പുലർത്തണം. കുടുംബസമേതം ആത്മീയയാത്രകൾ നടത്താൻ സാധിച്ചേക്കാം. സാമ്പത്തിക അച്ചടക്കം പാലിക്കുകയും വേണം. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): സ്വക്ഷേത്രബലവാനായി ഏഴാം ഭാവത്തിൽ നിൽക്കുന്ന ശനിക്ക് ദോഷം കുറയും. ഗുണാനുഭവങ്ങൾ വർദ്ധിക്കും. ശത്രുക്കളുടെ പ്രവർത്തനം ഏതാണ്ട് മന്ദീഭവിക്കും. വ്യാഴാനുകൂല്യം കൂടി വരുന്നതിനാൽ അനുരാഗസാഫല്യം, വിവാഹസിദ്ധി, സന്താനപ്രാപ്തി തുടങ്ങിയവയും പ്രതീക്ഷിക്കാവുന്ന വർഷമാണ്. ഭാഗ്യാനുഭവങ്ങൾ തടസ്സം കൂടാതെ വന്നെത്തുന്നതാണ്. തുലാം മാസം തൊട്ട്, വിശേഷിച്ചും. പഠനം, തൊഴിൽ, സ്ഥലദർശനം ഇത്യാദികൾക്കായി വിദേശയാത്രകളും അതുകൊണ്ട് നാനാപ്രകാരേണയുള്ള പ്രയോജനങ്ങളും സിദ്ധിക്കും. വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ആഗ്രഹിച്ച വിഷയത്തിൽ നടത്താനാവും. ഗവേഷകർക്ക് തങ്ങളുടെ പ്രബന്ധം സമർപ്പിക്കാനും അതുവഴി മേൽതസ്തികകളിൽ പ്രവേശിക്കാനും അവസരം ഉണ്ടാവുന്നതാണ്. കോടതി വ്യവഹാരങ്ങൾക്ക് അനുകൂലമായ തീർപ്പുകൾ ഭവിക്കും. രാഷ്ട്രീയപ്രവർത്തനം അധികാര നേട്ടത്തിന് വഴിയൊരുക്കിയേക്കും. ക്ഷേത്ര- ഉത്സവാദികളുടെ ചുമതലകൾ ഏൽക്കേണ്ടതായി വരുന്നതാണ്. കൃഷി കാര്യങ്ങളിൽ ശ്രദ്ധ കൂടും. വ്യാപാരരംഗം വിപുലീകരിക്കുന്നതിന് ആവശ്യമായ വായ്പകൾ ലഭിക്കും. പിതാവിന്റെയും ഗുരുനാഥന്റെയും അനുഗ്രഹാശിസ്സുകൾ ജീവിതയാത്രക്ക് വെളിച്ചം ചൊരിയും. കർക്കടകം, ചിങ്ങം, കന്നി, മീനം എന്നീ മാസങ്ങൾക്ക് മാറ്റ് കുറയുന്നതാണ്.
കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. വിദേശവ്യാപാരത്തിന് അനുമതി കിട്ടുന്നതാണ്. ഉദ്യോഗസ്ഥർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതായിരിക്കും. കരാർ ജോലികൾ, ഫ്രാഞ്ചൈസികൾ, പാർട്ട് ടൈം ജോലികൾ എന്നിവയിൽ നിന്നും ആദായം വന്നുചേരുന്നതാണ്. പ്രതികൂലഘടകങ്ങളെ സമർത്ഥമായി പ്രതിരോധിച്ച് മുന്നേറും. ഗൃഹനിർമ്മാണത്തിൽ പുരോഗതി കുറഞ്ഞേക്കും.
മേടം, ചിങ്ങം, കന്നി, തുലാം എന്നീ മാസങ്ങളിൽ നവസംരംഭങ്ങൾക്ക് മുതിരരുത്. വീട് മാറി താമസിക്കേണ്ടി വരാം. കർക്കടകമാസത്തിൽ സൽക്കീർത്തിയേറും. നിക്ഷേപങ്ങൾ, വായ്പ ഇവ മൂലം സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബകലഹങ്ങൾ പറഞ്ഞുതീർക്കും. വൃശ്ചിക മാസത്തിൽ കടബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കാനാവും. നിലച്ചുപോയ വിദ്യാഭ്യാസം തുടരാനും ഉപരിപഠനത്തിനും സാധ്യതയുള്ള കാലമാണ്. രാഹുസ്ഥിതിക്ക്
തുലാം മാസം മുതൽ മാറ്റം വരികയാൽ വിവാഹതടസ്സം നീങ്ങുന്നതാണ്. ചിരകാലാഭിലഷിതങ്ങളായ കാര്യങ്ങൾ സാക്ഷാത്കരിക്കാനാവും. കിടപ്പ് രോഗികൾക്ക് ആശ്വാസം വരും. മാതാപിതാക്കളുടെ ആരോഗ്യപരിരക്ഷയിൽ ശ്രദ്ധയുണ്ടാവണം, സാഹസങ്ങൾക്ക് മുതിരരുത്. വാതകഫരോഗങ്ങൾക്ക് വൈദ്യസഹായം തേടണം.
തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): ജീവിതം കൂടുതൽ പ്രസാദഭരിതമാകും. കച്ചവടം ലാഭത്തിലേക്ക് നീങ്ങുന്നതാണ്. വസ്തുക്കൾ വിൽക്കാനും തന്മൂലം കടബാധ്യതകൾ തീർക്കാനും കഴിയും. വലിയ തോതിലുള്ള കരാറുകളും ഉടമ്പടികളും നേടിയെടുക്കും. രാഷ്ട്രീയമത്സരങ്ങളിൽ അഭിമാനിക്കാവുന്ന വിജയം വന്നെത്തുന്നതാണ്. സമൂഹത്തിൽ ആദരവും സ്വാധീനവും വർദ്ധിക്കും. പ്രവാസജീവിതം വിജയകരമായി തുടരാൻ സാധിക്കും. പ്രണയസാഫല്യം, വിവാഹം, ദാമ്പത്യഭദ്രത എന്നിവ ചില സൽഫലങ്ങളാണ്. സാങ്കേതികവിദ്യയിൽ ഉപരിപഠനം സാധ്യമാകും. പുതുവാഹനലബ്ധി, ഗൃഹം മോടിപിടിപ്പിക്കൽ, എന്നിവ അനുഭവത്തിലെത്തും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഇടവം, കന്നി, തുലാം എന്നീ മാസങ്ങളിൽ ചെലവും അലച്ചിലും ഏറും. നവസംരംഭങ്ങൾ ഇക്കാലത്ത് തുടങ്ങരുത്. ആരോഗ്യപരമായി ശ്രദ്ധ വേണം. അഗ്നി, വാഹനം, വൈദ്യുതി ഇവയുടെ ഉപയോഗം അങ്ങേയറ്റം കരുതലോടെയാവണം.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ഇച്ഛയും ജ്ഞാനവും ക്രിയയും സമന്വയിപ്പിക്കാൻ സാധിക്കും. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ദൗത്യങ്ങളുടെ ചുമതല കൂടുതലായി വന്നുചേരുന്നതാണ്. അന്യനാടുകളിൽ പഠനമോ തൊഴിലോ ഭവിക്കും. ചെറുപ്പക്കാരുടെ വിവാഹതീരുമാനം നീണ്ടുപോകാനിടയുണ്ട്. തറവാട് വീട് പരിഷ്കരിക്കാനും പുതുക്കാനും പണം കണ്ടെത്തും. ഓഹരി വിപണിയിൽ നഷ്ടങ്ങളേർപ്പെട്ടേക്കാം. മക്കളുടെ വിവാഹം നടക്കും. കുടുംബ പ്രാരബ്ധങ്ങൾ ചിലപ്പോൾ കടബാധ്യതകൾ സൃഷ്ടിച്ചേക്കാം. വലിയ മുതൽമുടക്കുള്ള സംരംഭങ്ങൾക്ക് കാലം അനുകൂലമല്ലെന്ന് ഓർമ്മവേണം. മിഥുനം, തുലാം, വൃശ്ചികം എന്നീ മാസങ്ങളിൽ ചെറുതും വലുതുമായ കാര്യങ്ങളിൽ ജാഗ്രത ഉണ്ടാവണം. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ബന്ധുമിത്രാദികളുടെ പിന്തുണ വലിയ ആശ്വാസമേകും. കൂട്ടുസംരംഭങ്ങളിലും ഉടമ്പടികളിലും പങ്കാളിയാവുമ്പോൾ എല്ലാവശങ്ങളും അറിഞ്ഞിരിക്കുവാൻ ശ്രദ്ധിക്കണം. അന്യരുടെ പണമിടപാടിന് ജാമ്യം നിൽക്കുന്നത് ആലോചിച്ചിട്ടാവണം. ദുർവ്യയങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ഇടക്കാലത്തെ തടസ്സങ്ങൾക്കുശേഷം ജീവിതനദി ശാന്തമായൊഴുകുന്ന വർഷമാണ്. ന്യായമായ ആഗ്രഹങ്ങൾ മിക്കതും സഫലമാകും. സഹോദരരും ബന്ധുമിത്രാദികളും പിന്തുണയുമായി ഒപ്പമുണ്ടാവും. അസാദ്ധ്യം എന്ന് കരുതിയ കാര്യങ്ങൾ അധികം വിയർപ്പൊഴുക്കാതെ നേടിയെടുക്കും. സ്ഥിരജോലിയിൽ ഉയർച്ച, കരാറുകൾ ഉറപ്പിച്ചു കിട്ടുക, വ്യാപാരത്തിൽ മുന്നേറ്റം എന്നിവ പ്രതീക്ഷിക്കാം. സാങ്കേതികപഠനം, കലാപഠനം എന്നിവയ്ക്ക് അവസരം വന്നെത്തും. ഭൂമിയിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ഉയർന്ന വരുമാനം പ്രതീക്ഷിക്കാം. വിദേശ വിദ്യാഭ്യാസം, വിദേശ ജോലി, വിവാഹം, സന്താനലബ്ധി എന്നിവ ശുഭസാധ്യതകളാണ്. മക്കൾക്ക് പലവിധം അഭ്യൂദയം കൈവരും. ഗൃഹം മോടി പിടിപ്പിക്കും. പുതുവാഹനം വാങ്ങും. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ മടക്കിക്കിട്ടുന്നതാണ്. കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ പ്രതികൂലാനുഭവങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ കൂടുതൽ ജാഗ്രത വേണം.
മകരക്കൂറിന് (ഉത്രാടം 2 ,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): കുടുംബ ജീവിതത്തിൽ സുഖവും സമാധാനവും അനുഭവപ്പെടും. സുഹൃത്തുക്കളും ബന്ധുക്കളും പിന്തുണയേകും. ഉപരിവിദ്യാഭ്യാസം പ്രതീക്ഷിച്ച വിഷയത്തിൽ, ഉയർന്ന സർവ്വകലാശാലയിൽ നടത്തുവാൻ സാധിക്കും. ഗവേഷണ പൂർത്തീകരണം തൊഴിൽ നേട്ടത്തിന് കാരണമാകും. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും. കലാപ്രവർത്തനത്തിന് നല്ലരീതിയിൽ പ്രോൽസാഹനം ലഭിക്കുന്നതാണ്. കൃഷിയിൽ നവീനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. വ്യാപാരം ലാഭത്തിലേക്ക് നീങ്ങുന്നതാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടുകയില്ല. വിദേശതൊഴിൽ വലിയ സാധ്യതയാണ്. വിവാഹാഭിലാഷം നിറവേറ്റപ്പെടും. ഭൂമി വാങ്ങാൻ / ഗൃഹം നിർമ്മിക്കാൻ സന്ദർഭം സംജാതമാകുന്നതാണ്. തീർത്ഥാടനവും ദൈവ സമർപ്പണങ്ങളും മനസ്സന്തോഷത്തിന് വഴിയൊരുക്കും. ചിങ്ങം, കന്നി, ധനു, മകരം മാസങ്ങളിൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ കൂട്ടണം. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം. പുതിയ സംരംഭങ്ങൾ തുടങ്ങരുത്.
കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): പ്രതീക്ഷകൾ നിറവേറുന്നത് അല്പം വൈകിയിട്ടാവും. വാഗ്ദാനങ്ങൾ പാഴായിപ്പോകാം. അദ്ധ്വാനം വർദ്ധിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുകയെക്കാൾ എളുപ്പമാവും, ഉള്ളത് നിലനിർത്തിപ്പോകുന്നത്. നിത്യവരുമാനക്കാർ നിരാശപ്പെടുകയില്ല. കരാർ ജോലികൾ തടസ്സം കൂടാതെ മുന്നേറുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റം ഭവിക്കും. മക്കളുടെ പഠനം, വിവാഹം ഇത്യാദികൾക്ക് നല്ല രീതിയിലുള്ള സാമ്പത്തികസഹായം കൈവരുന്നതാണ്. ഗാർഹിക ജീവിതത്തിൽ സമാധാനം പുലരും. സഹോദരരും സുഹൃത്തുക്കളും പ്രതിസന്ധികളിൽ ഉറച്ച പിന്തുണയേകും. മേടം, കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ കാര്യങ്ങൾ സുഗമവും സുലഭവുമാകും. വിദേശത്ത് പോകാനും പഠനം – തൊഴിൽ എന്നിവയിൽ ഏർപ്പെടുവാനും കാലം അനുകൂലമാണ്. കിടപ്പ് രോഗികൾ, കുടുംബത്തിലെ വൃദ്ധജനങ്ങൾ എന്നിവരുടെ സ്ഥിതി ഭേദപ്പെടുന്നതാണ്. കന്നി, തുലാം, മകരം മാസങ്ങളിൽ മനോവാക്കർമ്മങ്ങളിലും ആരോഗ്യകാര്യത്തിലും ജാഗ്രത വേണ്ടതുണ്ട്.
മീനക്കൂറിന് ( പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ഏഴരശനി തുടങ്ങിയ വർഷമാണ്. പഠനാദികൾക്കോ തൊഴിലിനോ ആയി വീടും നാടും വിട്ടുനിൽക്കേണ്ട സ്ഥിതി ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് അകലങ്ങളിലേക്ക് സ്ഥലം മാറ്റം വരാവുന്നതാണ്. ധനക്ലേശത്തിന് ഒട്ടൊക്കെ അറുതിയാകും. കച്ചവടത്തിൽ വരുമാനം വർദ്ധിക്കുന്നതാണ്. ഏജൻസി പ്രവർത്തനം വിപുലീകരിക്കും. തൊഴിൽ തേടുന്നവർക്ക് ആശ്വസിക്കാനാവും. പഠന മികവ് അംഗീകരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, പഠനോപകരണങ്ങൾ എന്നിവ കൈവരും. പഠനകാലത്ത് ജോലി ലഭിക്കുന്ന സാഹചര്യവും വരാവുന്നതാണ്. കുടുംബാംഗങ്ങൾക്കിടയിൽ ഉള്ള അനൈക്യം അവസാനിക്കും. പ്രണയസാഫല്യം, വിവാഹയോഗം ഇവയും പ്രതീക്ഷിക്കാവുന്നതാണ്. മേടം, ഇടവം, ചിങ്ങം, ധനു, മകരം എന്നീ മാസങ്ങളിൽ സ്ഥാനലബ്ധി, അംഗീകാരം, രാഷ്ട്രീയവിജയം, ധനോന്നതി എന്നിവ ചില സാധ്യതകളാണ്. ഗൃഹനവീകരണം, പുതുവാഹനലബ്ധി എന്നിവയും അനുഭവത്തിൽ വന്നേക്കാം.