/indian-express-malayalam/media/media_files/uploads/2022/08/chovva-horoscope-3.jpg)
Mars in Edavam Rashi 2022 Effects on Stars Makam to Thrikketta: 2022 ഓഗസ്റ്റ് 10 ന് (1197 കർക്കടകം 25 ന്) ചൊവ്വ മേടം രാശിയിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുകയാണ്. സാധാരണ 45 ദിവസമാണ് ഒരു രാശിയിൽ ഉണ്ടാവുക. ഇത്തവണ രണ്ടുമാസത്തിലധികം, ഏതാണ്ട് 67 ദിവസം ചൊവ്വ ഇടവം രാശിയിൽ സഞ്ചരിക്കുവാൻ പോകുകയാണ്. ഇടവം ശുക്രന്റെ രാശിയാണ്. സ്ഥിരരാശിയാണ്. മറ്റ് ഗ്രഹങ്ങളൊന്നും ചൊവ്വക്കൊപ്പമില്ല. ശുക്രനും ചൊവ്വയും പരസ്പരം സമന്മാരായ ഗ്രഹങ്ങളാണ്. അവർക്കിടയിൽ മൈത്രിയോ ക്ഷാത്രമോ ഇല്ല. അതിനാൽ ചൊവ്വ വലിയ ബലശാലിയല്ല, ഇടവത്തിൽ എന്ന് പറയേണ്ടിവരും.
മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരെ ചൊവ്വ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഇവിടെ വിശദീകരിക്കുന്നത്.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): കർമ്മമേഖല പ്രക്ഷുബ്ധമായേക്കും. മുൻപ് ആലോചിച്ചുറച്ച പദ്ധതികൾ തുടങ്ങാൻ കഴിഞ്ഞേക്കില്ല. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അവസരങ്ങൾ കുറയാം. രാഷ്ട്രീയക്കാർക്ക് കടുത്ത മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും. സർക്കാരിൽ നിന്നും സഹായ ധനം വന്നുചേരാൻ കാലവിളംബം ഉണ്ടാവുന്നതാണ്. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ ക്ലേശിക്കും. വിദ്യാർത്ഥികളുടെ ഉപരിപഠനപ്രവേശനത്തിന് കാത്തിരുപ്പ് തുടരപ്പെടാം. വൈദ്യപരിശോധനകളിൽ അമാന്തം അരുത്.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം,ചിത്തിര 1,2 പാദങ്ങൾ): വരുമാനത്തിൽ നേരിയ വർദ്ധന വന്നുചേരാം. കടബാധ്യതയെ കുറച്ചൊന്ന് പിടിച്ചു നിർത്താൻ കഴിഞ്ഞേക്കും. ഉപാസനകളിലും ഈശ്വരസമർപ്പണങ്ങളിലും വിഘ്നങ്ങൾ വരാം. രോഗാവസ്ഥ വർദ്ധിച്ചേക്കാം. സ്വന്തം ആരോഗ്യരംഗവും പ്രശ്നങ്ങളുള്ളതാകയാൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മക്കളുടെ കാര്യത്തിൽ നല്ലശുഷ്ക്കാന്തി വേണം. സഹോദരരുമായി പൈതൃക സ്വത്തിനെച്ചൊല്ലി ചില്ലറ വാഗ്വാദങ്ങൾ ഉയരാം. എതിർപ്പുകളെ ശക്തമായി പ്രതിരോധിക്കും.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3): അഷ്ടമ കുജനാണ്- ജാഗരൂകത എല്ലാക്കാര്യത്തിലും വേണ്ടതുണ്ട്. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളിൽ അന്തിമ വിധി നീണ്ടേക്കും. സ്ഥിരപരിശ്രമങ്ങൾക്ക് ചില നേട്ടങ്ങൾ വന്നെത്താതിരിക്കില്ല. വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാം. തൊഴിൽ തേടുന്നവർക്ക് നൈരാശ്യം ഭവിക്കാം. രക്തസമ്മർദ്ദം മൂലമുള്ള രോഗാവസ്ഥ ഒരു സാധ്യതയാണ്. ഗൃഹനിർമ്മാണം ഇഴയും. അകാരണമായ ഭയപ്പാടുകൾക്കും വിധേയരാവാം.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): അനുരാഗികൾക്ക് പരസ്പരസ്നേഹം നഷ്ടപ്പെടാം. ദാമ്പത്യം അനുഭവിക്കുന്നവർ വിരഹ വിഷാദാദികളാൽ വലയും. പങ്കുകച്ചവടത്തിൽ ഭിന്നതകൾ ഉയരാനിടയുണ്ട്. നേത്രരോഗമോ ജ്വരാദികളോ ജീവിതചര്യയെ തകിടംമറിക്കാം. യാത്രകൾ വൃഥാവ്യയത്തിനിടവരുത്തും. കരാർപണിക്കാർക്ക് കരാർ പുതിക്കിക്കിട്ടാം. കൃഷിക്കാരുടെ വിളകൾക്ക് ആവശ്യക്കാരേറും. വ്യക്തിപരമായ സാഹസ കർമ്മങ്ങൾക്ക് കാലം അനുകൂലമല്ലെന്ന ഓർമ്മ വേണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.