scorecardresearch
Latest News

ചൊവ്വ ഇടവം രാശിയിൽ; അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Mars in Idava Rashi 2022 Effects on Stars Ashwathi to Ayilyam: അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രക്കാരെ ചൊവ്വ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നോക്കാം

idavam, astrology, ie malayalam

Mars in Edavam Rashi 2022 Effects on Stars Ashwathi to Ayilyam: 2022 ഓഗസ്റ്റ് 10 ന് (1197 കർക്കടകം 25 ന്) ചൊവ്വ മേടം രാശിയിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുകയാണ്. സാധാരണ 45 ദിവസമാണ് ഒരു രാശിയിൽ ഉണ്ടാവുക. ഇത്തവണ രണ്ടുമാസത്തിലധികം, ഏതാണ്ട് 67 ദിവസം ചൊവ്വ ഇടവം രാശിയിൽ സഞ്ചരിക്കുവാൻ പോകുകയാണ്. ഇടവം ശുക്രന്റെ രാശിയാണ്. സ്ഥിരരാശിയാണ്. മറ്റ് ഗ്രഹങ്ങളൊന്നും ചൊവ്വക്കൊപ്പമില്ല. ശുക്രനും ചൊവ്വയും പരസ്പരം സമന്മാരായ ഗ്രഹങ്ങളാണ്. അവർക്കിടയിൽ മൈത്രിയോ ക്ഷാത്രമോ ഇല്ല. അതിനാൽ ചൊവ്വ വലിയ ബലശാലിയല്ല, ഇടവത്തിൽ എന്ന് പറയേണ്ടിവരും.

അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രക്കാരെ ചൊവ്വ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഇവിടെ വിശദീകരിക്കുന്നത്.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദത്തിന്): ജന്മരാശിയിൽ നിന്നിരുന്ന ചൊവ്വ രണ്ടാമെടത്തിലേക്ക് മാറിയത് വലിയ ആശ്വാസമാണ്. എന്നാലും കുറച്ചൊക്കെ തിക്തഫലങ്ങൾ വരാം. പരുക്കൻ വാക്കുകൾ പറയാൻ സാഹചര്യം ഉണ്ടായേക്കും. മക്കളോടോ ബന്ധുമിത്രാദികളോടോ കലഹിക്കാനുള്ള സാഹചര്യങ്ങളുണ്ട്. വിദ്യാർത്ഥികൾക്ക് ആശിച്ച വിഷയത്തിൽ പഠനാനുമതി ലഭിച്ചില്ലെന്നു വരാം. എതിർപ്പുകൾ പല ഭാഗത്തുനിന്നുമുയരാം. ഉദ്യോഗസ്ഥർക്ക് മേലധികാരിയുടെ അപ്രീതിയുണ്ടാവും. വിലപിടിപ്പുള്ള വസ്തുക്കൾ കളവ് പോകാതെ ശ്രദ്ധിക്കണം. മുഖരോഗങ്ങൾക്ക് (പല്ല് വേദന, ചെവിവേദന ഇത്യാദി) സാധ്യത കൂടുതലാണ്.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): ജന്മരാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. അതിനാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. കുടുംബത്തിലും ദാമ്പത്യത്തിലും അനൈകൃത്തിന് സാധ്യതയുണ്ട്. പ്രണയികൾക്കിടയിൽ ‘ego’ ഉണ്ടാവും. തന്മൂലം അസ്വാരസ്യങ്ങൾ ഭവിച്ചേക്കാം. പണവരവ് ഉയരുമെങ്കിലും അനാവശ്യച്ചെലവുകൾ വരാം. പല കാര്യങ്ങളും വിചാരിച്ചതു പോലെ നടന്നെന്നു വരുന്നതല്ല. പ്രതികൂലതകളെ മറികടക്കാൻ മുഴുവൻ ശക്തിയും പുറത്തെടുക്കേണ്ടി വരുന്നതായിരിക്കും.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര,പുണർതം 1,2,3 പാദങ്ങൾ): വേണ്ടപ്പെട്ടവർ അന്യനാട്ടിലേക്ക് മാറിപ്പോകുന്നത് മനോവിഷമത്തിന് കാരണമാകും. ദൂരയാത്രകൾ പ്രയോജനരഹിതമായിത്തീരാം. ചികിത്സാർത്ഥം പണച്ചെലവ് വരും. ; അതിനനുസരിച്ച് ആദായം ഉയരണമെന്നില്ല. അപകടങ്ങളെ അതിജീവിക്കുന്നതായിരിക്കും. ചീത്തക്കൂട്ടുകെട്ടുകളിൽ നിന്നും അകലം പാലിക്കാനുള്ള ശ്രമം അധികം വിജയിക്കില്ല. ഊഹക്കച്ചവടത്തിൽ നിന്നും വിചാരിച്ചത്ര ലാഭം കിട്ടിക്കൊള്ളണമെന്നില്ല.

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം): ഭൂമി, കച്ചവടം എന്നിവയിൽ നിന്നും ആദായം ഉയരും. അകന്ന ബന്ധുക്കൾ അടുക്കും. ഭോഗസിദ്ധിയുണ്ടാവും. വിദേശ യാത്രകൾക്ക് അനുമതി ലഭിക്കും. വിദ്യാർത്ഥികൾക്ക് നല്ലകാലമാണ്. രാഷ്ട്രീയക്കാർ പുതിയ പദവികളിൽ പ്രവേശിക്കും. പ്രണയികൾക്കിടയിൽ സ്നേഹവും അനുരാഗവുമേറും. കിടപ്പ് രോഗികൾക്ക് ആശ്വാസമനുഭവപ്പെടുന്നതായിരിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mars in idava rashi 2022 effects on stars ashwathi to ayilyam