/indian-express-malayalam/media/media_files/uploads/2023/04/vishuphalam-4.jpg)
മേടമാസത്തിൽ തുടങ്ങി മീനത്തിൽ അവസാനിക്കുന്ന പന്ത്രണ്ട് മാസങ്ങൾ (ഒരു കൊല്ലക്കാലം) ജ്യോതിഷപരമായി പ്രാധാന്യമുള്ള കാലഗണനയാണ്. കൊല്ലവർഷം കണക്കാക്കുന്നത് ചിങ്ങം തൊട്ട് കർക്കടകം വരെയാണെന്ന് നമുക്കറിയാം. എന്നാൽ രാശിക്രമവും നക്ഷത്രക്രമവും എല്ലാം മേടം മുതലും മേടക്കൂറിലെ അശ്വതി മുതലുമാണ് കണക്കാക്കുന്നത്.
ബ്രഹ്മപ്രളയാനന്തരം, മന്വന്തരങ്ങളും കല്പവുമെല്ലാം സമാരംഭിക്കുന്നത് മേടം മുതലാണ്, മേടത്തിലെ ‘വിഷുവത് പുണ്യകാലം’ തൊട്ടാണ് എന്നാണ് ജ്യോതിഷസങ്കൽപ്പം. മനുവിന്റെ പുത്രനായ വൈവസ്വതന്റെ കാലാരംഭം, അതായത് ഇപ്പോൾ നടന്നുവരുന്ന ‘വൈവസ്വതമന്വന്തരം ‘, മേടത്തിലാണ് തുടങ്ങിയിരിക്കുന്നതും. അങ്ങനെ പലനിലയ്ക്കും ജ്യോതിഷ വിശ്വാസികൾക്ക് വിഷുക്കാലം വരുന്ന ഒരു സംവത്സരത്തെ അറിയാൻ ഉതകുന്ന സമയബിന്ദു കൂടിയാണ്.
ശനി കുംഭം രാശിയിലും, വ്യാഴം മീനത്തിലും, രാഹുകേതുക്കൾ യഥാക്രമം മേഷതുലാദികളിലും കുജൻ മിഥുനത്തിലും ബുധൻ മേടത്തിലും ശുക്രൻ ഇടവത്തിലും ആയി നിൽക്കുമ്പോഴാണ് ഈയ്യാണ്ടത്തെ വിഷുസംക്രമം ഭവിക്കുന്നത്. 1198 മീനം 31 ന്, 2023 ഏപ്രിൽ 14ന് വെള്ളിയാഴ്ച പകൽ ഇന്ത്യൻ സമയം 2 മണി 58 മിനിറ്റിന്, മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിലായി ചന്ദ്രൻ സഞ്ചരിക്കവേയാണ് സൂര്യന്റെ മേടരാശി സംക്രമം എന്ന് പഞ്ചാംഗത്തിൽ നിന്നും അറിയാനാവും. അതിന്റെ അടുത്തദിവസമാണ് വിഷു.
കർക്കടകം, തുലാം, മീനം എന്നീ കൂറുകളിലെ പുണർതം , പൂയം, ആയില്യം,ചിത്തിര, ചോതി, വിശാഖം, പൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ ഒമ്പത് നക്ഷത്രങ്ങളുടെ ഈ വിഷു മുതൽ അടുത്ത വിഷുവരെയുള്ള ഒരാണ്ടത്തെ ഫലമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
കർക്കടകക്കൂർ (പുണർതം നാലാം പാദം, പൂയം, ആയില്യം): കർമ്മരംഗത്ത് ഉണ്ടാകുന്ന വെല്ലുവിളികളെ ഭംഗിയായി മറികടക്കും. തൊഴിലിൽ സ്വയം നവീകരിക്കുന്നതിനൊപ്പം കാലോചിതമായ മാറ്റങ്ങളും കൊണ്ടുവരും. മനുഷ്യവിഭവശേഷി കൂടുതൽ പ്രയോജനപ്പെടുത്തും. ഗൃഹാന്തരീക്ഷം അനൈക്യങ്ങൾ ഒഴിഞ്ഞ് ശാന്തമാകുന്നതാണ്. പുതുതലമുറയുമായി സഹകരിച്ചുള്ള നിർവഹണങ്ങൾ വിജയകരമായിത്തീരും. മക്കളുടെ വിദ്യാഭ്യാസം , വിവാഹം എന്നിവയ്ക്ക് വായ്പകൾ കൈക്കൊള്ളും. വസ്തുവില്പനയിൽ പ്രതീക്ഷിച്ച ആദായം വന്നുചേരണമെന്നില്ല. ക്രയവിക്രയങ്ങളിൽ അമളിപറ്റാതെ നോക്കണം. വിദേശതൊഴിലിനുള്ള പരിശ്രമങ്ങൾ ഫലവത്താകുന്നതാണ്. മേടം, ഇടവം, കന്നി, ധനു മാസങ്ങളിൽ ഉദ്യോഗത്തിൽ ഉയർച്ചയും കച്ചവടത്തിൽ ആദായവും വർദ്ധിക്കും. മിഥുനം-കർക്കടകം- കുംഭം മാസങ്ങളിൽ സാഹസകർമ്മങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. സർക്കാർ കാര്യങ്ങളിൽ ഇടപെടേണ്ടി വരുമ്പോൾ സൂക്ഷ്മത പുലർത്തണം. കുടുംബസമേതം ആത്മീയയാത്രകൾ നടത്താൻ സാധിച്ചേക്കാം. സാമ്പത്തിക അച്ചടക്കം പാലിക്കുകയും വേണം. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.
തുലാക്കൂർ (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): ജീവിതം കൂടുതൽ പ്രസാദഭരിതമാകും. കച്ചവടം ലാഭത്തിലേക്ക് നീങ്ങുന്നതാണ്. വസ്തുക്കൾ വിൽക്കാനും തന്മൂലം കടബാധ്യതകൾ തീർക്കാനും കഴിയും. വലിയ തോതിലുള്ള കരാറുകളും ഉടമ്പടികളും നേടിയെടുക്കും. രാഷ്ട്രീയ മത്സരങ്ങളി ൽ അഭിമാനിക്കാവുന്ന വിജയം വന്നെത്തുന്നതാണ്. സമൂഹത്തിൽ ആദരവും സ്വാധീനവും വർദ്ധിക്കും. പ്രവാസജീവിതം വിജയകരമായി തുടരാൻ സാധിക്കും. പ്രണയസാഫല്യം, വിവാഹം, ദാമ്പത്യഭദ്രത എന്നിവ ചില സൽഫലങ്ങളാണ്. സാങ്കേതികവിദ്യയിൽ ഉപരിപഠനം സാധ്യമാകും. പുതുവാഹനലബ്ധി, ഗൃഹം മോടിപിടിപ്പിക്കൽ, എന്നിവ അനുഭവത്തിലെത്തും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഇടവം, കന്നി, തുലാം എന്നീ മാസങ്ങളിൽ ചെലവും അലച്ചിലും ഏറും. നവസംരംഭങ്ങൾ ഇക്കാലത്ത് തുടങ്ങരുത്. ആരോഗ്യപരമായി ശ്രദ്ധ വേണം. അഗ്നി, വാഹനം, വൈദ്യുതി ഇവയുടെ ഉപയോഗം അങ്ങേയറ്റം കരുതലോടെയാവണം.
മീനക്കൂർ ( പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ഏഴരശനി തുടങ്ങിയ വർഷമാണ്. പഠനാദികൾക്കോ തൊഴിലിനോ ആയി വീടും നാടും വിട്ടുനിൽക്കേണ്ട സ്ഥിതി ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് അകലങ്ങളിലേക്ക് സ്ഥലം മാറ്റം വരാവുന്നതാണ്. ധനക്ലേശത്തിന് ഒട്ടൊക്കെ അറുതിയാകും. കച്ചവടത്തിൽ വരുമാനം വർദ്ധിക്കുന്നതാണ്. ഏജൻസി പ്രവർത്തനം വിപുലീകരിക്കും. തൊഴിൽ തേടുന്നവർക്ക് ആശ്വസിക്കാനാവും. പഠന മികവ് അംഗീകരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, പഠനോപകരണങ്ങൾ എന്നിവ കൈവരും. പഠനകാലത്ത് ജോലി ലഭിക്കുന്ന സാഹചര്യവും വരാവുന്നതാണ്. കുടുംബാംഗങ്ങൾക്കിടയിൽ ഉള്ള അനൈക്യം അവസാനിക്കും. പ്രണയസാഫല്യം, വിവാഹയോഗം ഇവയും പ്രതീക്ഷിക്കാവുന്നതാണ്. മേടം, ഇടവം, ചിങ്ങം, ധനു, മകരം എന്നീ മാസങ്ങളിൽ സ്ഥാനലബ്ധി, അംഗീകാരം, രാഷ്ട്രീയവിജയം, ധനോന്നതി എന്നിവ ചില സാധ്യതകളാണ്. ഗൃഹനവീകരണം, പുതുവാഹനലബ്ധി എന്നിവയും അനുഭവത്തിൽ വന്നേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us