scorecardresearch

പ്രേമത്തിന് തടസം, സാഹസത്തിന് മുതിരരുത്, പുതിയ സംരംഭങ്ങൾ തുടങ്ങരുത്; ഈ നാളുകാരുടെ വിഷുഫലം

ഇടവം, കന്നി, മകരം എന്നീ കൂറുകളിലെ കാർത്തിക, രോഹിണി, മകയിരം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം എന്നിങ്ങനെ ഒമ്പത് നക്ഷത്രങ്ങളുടെ സമ്പൂർണ വിഷുഫലം വിശകലനം ചെയ്യുന്നു

ഇടവം, കന്നി, മകരം എന്നീ കൂറുകളിലെ കാർത്തിക, രോഹിണി, മകയിരം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം എന്നിങ്ങനെ ഒമ്പത് നക്ഷത്രങ്ങളുടെ സമ്പൂർണ വിഷുഫലം വിശകലനം ചെയ്യുന്നു

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

മേടമാസത്തിൽ തുടങ്ങി മീനത്തിൽ അവസാനിക്കുന്ന പന്ത്രണ്ട് മാസങ്ങൾ (ഒരു കൊല്ലക്കാലം) ജ്യോതിഷപരമായി പ്രാധാന്യമുള്ള കാലഗണനയാണ്. കൊല്ലവർഷം കണക്കാക്കുന്നത് ചിങ്ങം തൊട്ട് കർക്കടകം വരെയാണെന്ന് നമുക്കറിയാം. എന്നാൽ രാശിക്രമവും നക്ഷത്രക്രമവും എല്ലാം മേടം മുതലും മേടക്കൂറിലെ അശ്വതി മുതലുമാണ് കണക്കാക്കുന്നത്.

Advertisment

ബ്രഹ്മപ്രളയാനന്തരം, മന്വന്തരങ്ങളും കല്പവുമെല്ലാം സമാരംഭിക്കുന്നത് മേടം മുതലാണ്, മേടത്തിലെ ‘വിഷുവത് പുണ്യകാലം’ തൊട്ടാണ് എന്നാണ് ജ്യോതിഷസങ്കൽപ്പം. മനുവിന്റെ പുത്രനായ വൈവസ്വതന്റെ കാലാരംഭം, അതായത് ഇപ്പോൾ നടന്നുവരുന്ന ‘വൈവസ്വതമന്വന്തരം ‘, മേടത്തിലാണ് തുടങ്ങിയിരിക്കുന്നതും. അങ്ങനെ പലനിലയ്ക്കും ജ്യോതിഷ വിശ്വാസികൾക്ക് വിഷുക്കാലം വരുന്ന ഒരു സംവത്സരത്തെ അറിയാൻ ഉതകുന്ന സമയബിന്ദു കൂടിയാണ്.

ശനി കുംഭം രാശിയിലും, വ്യാഴം മീനത്തിലും, രാഹുകേതുക്കൾ യഥാക്രമം മേഷതുലാദികളിലും കുജൻ മിഥുനത്തിലും ബുധൻ മേടത്തിലും ശുക്രൻ ഇടവത്തിലും ആയി നിൽക്കുമ്പോഴാണ് ഈയ്യാണ്ടത്തെ വിഷുസംക്രമം ഭവിക്കുന്നത്. 1198 മീനം 31 ന്, 2023 ഏപ്രിൽ 14ന് വെള്ളിയാഴ്ച പകൽ ഇന്ത്യൻ സമയം 2 മണി 58 മിനിറ്റിന്, മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിലായി ചന്ദ്രൻ സഞ്ചരിക്കവേയാണ് സൂര്യന്റെ മേടരാശി സംക്രമം എന്ന് പഞ്ചാംഗത്തിൽ നിന്നും അറിയാനാവും. അതിന്റെ അടുത്തദിവസമാണ് വിഷു.

Advertisment

ഇടവം,കന്നി, മകരം എന്നീ കൂറുകളിലെ കാർത്തിക,രോഹിണി,മകയിരം , ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം,അവിട്ടം എന്നീ നാളുകാരുടെ ഈ വിഷു മുതൽ അടുത്ത വിഷുവരെയുള്ള ഫലത്തെ കുറിച്ചുള്ള വിശകലനം വായിക്കാം.

ഇടവക്കൂർ (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): സ്വന്തം സിദ്ധികൾ എല്ലാം തന്നെ പുറത്തെടുക്കേണ്ട വർഷമാണ്. കാര്യസാധ്യത്തിനായി കൂടുതൽ അധ്വാനം വേണ്ടിവരും. അന്യനാട്ടിൽ പഠിക്കാനോ തൊഴിൽ ചെയ്യാനോ സാഹചര്യം ഉദയം ചെയ്യുന്നതാണ്. സഹിഷ്ണുതയും ക്ഷമയും ഗുണത്തിനായി വരുന്നതാണ്. സ്വന്തം തൊഴിലിൽ സാങ്കേതികവിജ്ഞാനം പ്രയോജനപ്പെടുത്തും. ക്രയവിക്രയങ്ങളിൽ തരക്കേടില്ലാത്ത നേട്ടം വന്നുചേരുന്നതാണ്. ഊഹക്കച്ചവടം ഗുണകരമാവണം എന്നില്ല. പുതിയ മുതൽ മുടക്കുകൾക്ക് തുലാം മാസം മുതൽ കാലം നല്ലതാണ്. ഭവനവാഹനാദി സ്വപ്നങ്ങൾ സാക്ഷാല്ക്കരിക്കാൻ ഭാഗികമായി കഴിയും. തൊഴിലിടത്തിൽ പ്രതികൂലതകൾ തലപൊക്കിയാലും പ്രത്യുൽപ്പന്നമതിത്വത്തോടെ അവയെ മറികടക്കാൻ സാധിച്ചേക്കും. വിവാഹാദികൾക്ക് കാലവിളംബം ഭവിക്കാം. പ്രേമകാര്യങ്ങളിൽ തടസ്സങ്ങൾ ആവർത്തിച്ചേക്കാം. പ്രവാസികളായ കമ്പനി ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവന്നേക്കും. മേടം, ഇടവം, കന്നി, ധനു മാസങ്ങളിൽ കൂടുതൽ കരുതൽ വേണം. മക്കളുടെ പഠന, വിവാഹാദികൾക്ക് വായ്പാസഹായം ലഭിക്കാം.

കന്നിക്കൂർ (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. വിദേശവ്യാപാരത്തിന് അനുമതി കിട്ടുന്നതാണ്. ഉദ്യോഗസ്ഥർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതായിരിക്കും. കരാർ ജോലികൾ, ഫ്രാഞ്ചൈസികൾ, പാർട്ട് ടൈം ജോലികൾ എന്നിവയിൽ നിന്നും ആദായം വന്നുചേരുന്നതാണ്. പ്രതികൂലഘടകങ്ങളെ സമർത്ഥമായി പ്രതിരോധിച്ച് മുന്നേറും. ഗൃഹനിർമ്മാണത്തിൽ പുരോഗതി കുറഞ്ഞേക്കും. മേടം, ചിങ്ങം, കന്നി, തുലാം എന്നീ മാസങ്ങളിൽ നവസംരംഭങ്ങൾക്ക് മുതിരരുത്. വീട് മാറി താമസിക്കേണ്ടി വരാം. കർക്കടകമാസത്തിൽ സൽക്കീർത്തിയേറും. നിക്ഷേപങ്ങൾ, വായ്പ ഇവ മൂലം സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബകലഹങ്ങൾ പറഞ്ഞുതീർക്കും. വൃശ്ചിക മാസത്തിൽ കടബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കാനാവും. നിലച്ചുപോയ വിദ്യാഭ്യാസം തുടരാനും ഉപരിപഠനത്തിനും സാധ്യതയുള്ള കാലമാണ്. രാഹുസ്ഥിതിക്ക് തുലാം മാസം മുതൽ മാറ്റം വരികയാൽ വിവാഹതടസ്സം നീങ്ങുന്നതാണ്. ചിരകാലാഭിലഷിതങ്ങളായ കാര്യങ്ങൾ സാക്ഷാത്കരിക്കാനാവും. കിടപ്പ് രോഗികൾക്ക് ആശ്വാസം വരും. മാതാപിതാക്കളുടെ ആരോഗ്യപരിരക്ഷയിൽ ശ്രദ്ധയുണ്ടാവണം, സാഹസങ്ങൾക്ക് മുതിരരുത്. വാതകഫരോഗങ്ങൾക്ക് വൈദ്യസഹായം തേടണം.

മകരക്കൂർ (ഉത്രാടം 2 ,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): കുടുംബ ജീവിതത്തിൽ സുഖവും സമാധാനവും അനുഭവപ്പെടും. സുഹൃത്തുക്കളും ബന്ധുക്കളും പിന്തുണയേകും. ഉപരിവിദ്യാഭ്യാസം പ്രതീക്ഷിച്ച വിഷയത്തിൽ, മികച്ച സർവ്വകലാശാലയിൽ നടത്തുവാൻ സാധിക്കും. ഗവേഷണ പൂർത്തീകരണം തൊഴിൽ നേട്ടത്തിന് കാരണമാകും. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും. കലാപ്രവർത്തനത്തിന് നല്ലരീതിയിൽ പ്രോത്സാഹനം ലഭിക്കുന്നതാണ്. കൃഷിയിൽ നവീനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. വ്യാപാരം ലാഭത്തിലേക്ക് നീങ്ങുന്നതാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടുകയില്ല. വിദേശതൊഴിൽ വലിയ സാധ്യതയാണ്. വിവാഹാഭിലാഷം നിറവേറ്റപ്പെടും. ഭൂമി വാങ്ങാൻ / ഗൃഹം നിർമ്മിക്കാൻ സന്ദർഭം സംജാതമാകുന്നതാണ്. തീർത്ഥാടനവും ദൈവ സമർപ്പണങ്ങളും മനസ്സന്തോഷത്തിന് വഴിയൊരുക്കും. ചിങ്ങം, കന്നി, ധനു, മകരം മാസങ്ങളിൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ കൂട്ടണം. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം. പുതിയ സംരംഭങ്ങൾ തുടങ്ങരുത്.

Astrology Horoscope Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: