scorecardresearch

Dhanu Month 2022 Astrological Predictions: ധനു മാസത്തെ സമ്പൂർണ നക്ഷത്രഫലം

Dhanu Month 2022 Astrological Predictions: 1198 ധനു മാസത്തിലെ സമ്പൂർണ നക്ഷത്രഫലം പരിശോധിക്കാം

Dhanu Month 2022 Astrological Predictions: 1198 ധനു മാസത്തിലെ സമ്പൂർണ നക്ഷത്രഫലം പരിശോധിക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrology, horoscope, ie malayalam

Dhanu Month 2022 Astrological Predictions: 2022 ഡിസംബർ 16 ന് ധനുമാസം തുടങ്ങുന്നു. 2023 ജനുവരി 14 ന് (ധനു മാസം 30 ദിവസം) പൂർണമാകുന്നു. ധനു മാസം ഒന്നാം തീയതി രാവിലെ സൂര്യസംക്രമം. സൂര്യൻ വൃശ്ചികത്തിൽ നിന്നും ധനുവിലേക്ക് പ്രവേശിക്കുന്നു. ദക്ഷിണായനത്തിലെ അവസാന മാസമാണ് ധനുമാസം. ആദ്യ പതിമ്മൂന്ന് ദിവസം മൂലം ഞാറ്റുവേലയും പിന്നെ പതിമ്മൂന്നു ദിവസം പൂരാടം ഞാറ്റുവേലയും ഒടുവിലത്തെ നാലുദിവസം ഉത്രാടം ഞാറ്റുവേലയുമാണ്.

Advertisment

ചന്ദ്രൻ ധനു ഒന്നിന് പൂരത്തിലും ധനു മുപ്പതിന് ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അത്തത്തിലുമാണ്. വ്യാഴം മീനത്തിലും ശനി മകരത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും ചൊവ്വ വക്രഗതിയായി ഇടവത്തിലും സഞ്ചരിക്കുന്നു. ബുധൻ രണ്ടാം ആഴ്ചയിൽ മകരത്തിലേക്ക് കടന്ന് രണ്ട് ദിവസങ്ങൾക്കു ശേഷം വക്രഗതിയായി ധനുവിലും സഞ്ചരിക്കുന്നു. ധനു 14 ന് ശുക്രൻ മകരത്തിലേക്ക് കടക്കുകയായി. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 1198 ധനു മാസത്തിലെ സമ്പൂർണ നക്ഷത്രഫലം പരിശോധിക്കാം.

അശ്വതി: അധികാരസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടും. രാഷ്ട്രീയമായി ഉജ്ജ്വലമായ കാലഘട്ടമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഭവിക്കും. പിതാവിന്റെ വാത്സല്യം വർദ്ധിക്കും. പിതൃസ്വത്തിന്മേലുള്ള തർക്കം അനുകൂലമായി കലാശിക്കും. വിവാഹപ്രതീക്ഷകൾ പൂവണിയാൻ അൽപം കൂടി കാത്തിരിക്കേണ്ടിവരും. വിദ്യാർത്ഥികൾ പഠനത്തിൽ മികവുനേടും. പരുഷവാക്കുകൾ ശത്രുക്കളെ സൃഷ്ടിക്കും. തീർത്ഥാടനം നടത്താനും ദാനധർമ്മങ്ങൾ ചെയ്യാനും സന്ദർഭമുണ്ടാവും.

ഭരണി: തൊഴിൽ രംഗം അൽപമൊന്ന് കലുഷമാകും. ചിലരുടെ ദുർവാശി കാരണം നിലമറന്ന് പെരുമാറേണ്ടി വരാം. സാമ്പത്തികസ്ഥിതി ഉയരും. എന്നാൽ ചെലവുമേറും. തറവാട് പുതുക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ പുരോഗമിക്കും. പ്രവാസികൾക്ക് ജന്മനാട്ടിലേക്ക് വരാൻ കഴിയും. സ്വന്തം തൊഴിലിൽ ഇപ്പോൾ വലിയ തോതിൽ മുതൽ മുടക്കുന്നത് ആശാസ്യമല്ല. രാഹു, രണ്ടുമാസം കൂടി ഭരണി നക്ഷത്രത്തിൽ തുടരുന്നതിനാൽ ആരോഗ്യസ്ഥിതി അനുകൂലമാവണമെന്നില്ല. അകാലചര്യകളും ദുർവാസനകളും ഒഴിവാക്കുന്നതാവും കാമ്യം.

Advertisment

കാർത്തിക: മേടക്കൂറുകാരായ കാർത്തികക്കാർക്കാവും ധനുവിൽ ഗുണാധിക്യം. ഇടവക്കൂറുകാരായ കാർത്തികക്കാർ അധികാര സ്ഥാനത്തുള്ള വരുമായി ശ്രദ്ധാപൂർവ്വം ഇടപെടണം. ധനപരമായി മെച്ചപ്പെട്ട കാലമാണ്. എന്നാൽ വ്യാപാരികൾ ഇടപാടുകളിൽ കരുതൽ പുലർത്തേണ്ടതുണ്ട്. വൈകാരിക പ്രതികരണങ്ങളെ സ്വയം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർത്ഥികൾ ഉപരിപഠനത്തിൽ നേട്ടങ്ങൾ കൈവരിക്കും. വിദേശത്ത് തൊഴിൽ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ഉന്നമനത്തിനായി ചില നടപടികൾ സ്വീകരിക്കും. വസ്തുതർക്കങ്ങൾ അനുരഞ്ജനത്തിലാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

രോഹിണി: പ്രതീക്ഷിച്ച നേട്ടങ്ങൾ വന്നുചേരും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. പ്രണയികൾക്ക് കാലം അനുകൂലമല്ല. ദാമ്പത്യത്തിൽ ചില അലോസരങ്ങൾ ഉയരാം. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച ധനസഹായമോ, അനുമതിപത്രമോ ലഭിച്ചേക്കില്ല. പിതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഗൃഹനിർമ്മാണം പൂർത്തിയാകും. പുതിയ സൗഹൃദങ്ങൾ സന്തോഷം കൊണ്ടുവരും. ജന്മരാശിയിലെ ചൊവ്വ അനാവശ്യ സഹാസങ്ങൾക്ക് പ്രേരണയേകാം.

മകയിരം: ശരിതെറ്റുകളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകാം. ആത്മവിശ്വാസം ചിലപ്പോൾ നഷ്ടപ്പെടുന്നതുപോലെ തോന്നും. വ്യക്തിബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ ക്ലേശിക്കും. പിതാവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉയരാം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ചെറിയ നേട്ടങ്ങൾ വന്നുകൊണ്ടിരിക്കും. മിഥുനക്കൂറുകാരായ മകയിരം നാളുകാർക്ക് അഷ്ടമശനി മൂലം കാര്യവിഘ്നം ഏർപ്പെടാം. ശാരീരികമായ അലച്ചിൽ, ക്ഷീണം എന്നിവ ഭവിക്കാം. പണച്ചെലവ് അൽപം കൂടും. ഒരുവിധം വെടിപ്പായി കാര്യനിർവഹണം നടത്തി എന്നതിൽ മാസാവസാനം ചാരിതാർത്ഥ്യം ഉണ്ടാകുന്നതായിരിക്കും.

തിരുവാതിര: പൊതുവേ സംതൃപ്തിക്ക് അവകാശമുള്ള കാലമാണ്. പരീക്ഷകളിൽ വിദ്യാർത്ഥികൾ ഉയർന്ന വിജയം നേടും. സ്വന്തം സ്ഥാപനം തുടങ്ങുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഭംഗിയായി പുർത്തിയാക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അണികളുടെ പൂർണ പിന്തുണ ലഭിക്കും. കലാകാരന്മാർ സർഗ സൃഷ്ടികളിൽ പ്രതിഭാവിലാസം പ്രകടമാക്കും. പകർച്ചവ്യാധികളെ കരുതിയിരിക്കണം. ചികിത്സക്കായി ആശുപത്രിയിൽ കഴിയുന്നവരുടെ ശസ്ത്രക്രിയ വിജയകരമാവും. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ ഉണ്ടാവണമെന്നില്ല. സാമ്പത്തിക ജാഗ്രത അനിവാര്യം.

പുണർതം: കുടുംബാംഗങ്ങളുമായി ഒത്തുചേരാൻ സന്ദർഭമുണ്ടാകും. തീർത്ഥാടനം മനസ്സിനെ സന്തോഷിപ്പിക്കും. മക്കളുടെ ശ്രേയസ്സിൽ അഭിമാനം കൊള്ളും. സാമ്പത്തിക ബാധ്യതകൾ ഏറും. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും ഉറച്ച പിന്തുണ കിട്ടും. എതിർപ്പുകളെ ആത്മധൈര്യത്തോടെ നേരിടും. വ്യാപാരത്തിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ അൽപകാലം കൂടി കാത്തിരിക്കുന്നതാവും ഉചിതം. ഉദരരോഗത്തിന് വിദഗ്ദ്ധ ചികിത്സ പ്രയോജനപ്പെടുത്തും. വൃദ്ധജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സന്തോഷപൂർവ്വം പങ്കെടുക്കും. നവസാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ അഭിപ്രായവും എതിർപ്പും രേഖപ്പെടുത്തി ശ്രദ്ധ നേടും.

പൂയം: വസ്തുക്കളിൽ നിന്നും ആദായമുണ്ടാകും. ഭൂമി വാങ്ങാനുള്ള സാഹചര്യം അനുകൂലമായിത്തീരും. പങ്കുകച്ചവടത്തിൽ നിന്നും പിന്തിരിഞ്ഞാലോ എന്ന ആലോചന വളരും. കായിക മത്സരങ്ങളിൽ വിജയിക്കും. പറഞ്ഞത് അനുസരിക്കാൻ ഉറ്റ കുടുംബാംഗങ്ങൾ തയ്യാറാകാത്തതിൽ ദുഃഖവും ഈർഷ്യയും ഉണ്ടാകും. ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം. ഈശ്വര കാര്യങ്ങൾ മുടക്കം വരാതെ നിർവഹിക്കും. ഗൃഹനവീകരണത്തിന് ശ്രമം തുടങ്ങും. ദീർഘകാല പദ്ധതികളെക്കുറിച്ച് സുഹൃത്തുക്കളുമായി സംസാരിക്കും.

ആയില്യം: പിതാവിന്റെ രോഗാവസ്ഥക്ക് ശമനമുണ്ടാകും. ചില അധിക വരുമാനങ്ങൾക്ക് കൂടി വഴി തുറക്കപ്പെടും. അനാവശ്യമായ ചെലവുകളെ നിയന്ത്രിക്കും. തൊഴിലന്വേഷകർക്ക് ശുഭവാർത്തയുണ്ടാകും. ഗൃഹത്തിന്റെ ജീർണോദ്ധാരണം പുരോഗമിക്കും. കുടുംബ പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടും. സുഹൃത്തുക്കളുടെ ഉപദേശം ചെവിക്കൊള്ളും. എതിരാളികളുടെ നീക്കങ്ങളെക്കുറിച്ച് രഹസ്യസന്ദേശങ്ങൾ ലഭിക്കും. ഭോഗസിദ്ധിയും അശനശയനസൗഖ്യവും ഉണ്ടാകുന്നതാണ്.

മകം: പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവർ മികവുകൾ കൈവരിക്കും. കുടുംബബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. യാത്രകൾ ചിലപ്പോൾ ക്ലേശത്തിനിടവരുത്തിയേക്കാം. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാകാം. വലിയ മുതൽ മുടക്കുകൾ വേണ്ട കാര്യങ്ങളിൽ നിന്നും പിന്തിരിയുന്നതാവും തൽക്കാലം ഉചിതം. സന്താനങ്ങളെ സംബന്ധിച്ച് നല്ല കാര്യങ്ങൾ നടക്കും. എതിർക്കുന്നവരെ തൃണവൽഗണിച്ച് മുന്നോട്ട് പോകും. കിടപ്പ് രോഗികൾക്ക് നേരിയ ആശ്വാസം ഭവിക്കുന്നതായിരിക്കും.

പൂരം: മുൻപ് പരിശ്രമിച്ചിട്ട് പരാജയപ്പെട്ട കാര്യങ്ങളിൽ വിജയമുണ്ടാകും. ബൗദ്ധികമായ നേട്ടങ്ങൾ വന്നെത്തും. വിദ്യാർത്ഥികൾ അധ്യാപകരുടെ അഭിനന്ദനം നേടും. തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. വീട് മോടി പിടിപ്പിക്കാനോ വാഹനം വാങ്ങാനോ വായ്പാ സഹായം ലഭിക്കും. ഗവേഷണത്തിൽ സ്വന്തം നിഗമനങ്ങൾ അംഗീകാരം നേടിത്തരും. കടബാധ്യത കുറച്ചെങ്കിലും പരിഹരിക്കാനാവും. ഇളയ സഹോദരരുടെ പിന്തുണ കിട്ടാത്തതിനാൽ ചില കുടുംബ പ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം. വരവും ചെലവും തുല്യമായിരിക്കും.

ഉത്രം: ഉദ്യോഗസ്ഥർക്ക് ഉയർന്ന പദവികൾ ലഭിക്കാം. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലം മാറ്റമുണ്ടാകും. പൊതുരംഗത്തുള്ളവർ മത്സരങ്ങളിൽ വിജയിക്കും. വിരോധികളുടെ കുതന്ത്രങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. സുഹൃൽ സംഗമങ്ങളിൽ പങ്കെടുക്കും. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവ് നേടും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരും. ദാമ്പത്യജീവിതം സുഭദ്രവും ഐശ്വര്യ പൂർണവുമാകും.

അത്തം: സാമൂഹിക കാര്യങ്ങളിൽ സോത്സാഹം പങ്കെടുക്കും. നേർവഴികളിലൂടെ സമ്പാദ്യമുയരും. ഓഹരി വിപണിയിൽ നിന്നും സാമാന്യമായ നേട്ടങ്ങളുണ്ടാകും. കർമ്മകുശലത അഭിനന്ദിക്കപ്പെടും. കായിക മത്സരങ്ങളിൽ പുരസ്ക്കാരങ്ങൾ നേടും. സംഘടനാ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തും. പ്രണയത്തിലും വൈവാഹിക ജീവിതത്തിലും വിജയിക്കും. ജീവിതശൈലീ രോഗങ്ങൾ കുറയാം. സജ്ജനങ്ങളുടെ പിന്തുണ സന്തോഷമരുളും.

ചിത്തിര: കടമകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് തുടരും. ധനപരമായി ഉള്ള ക്ഷീണാവസ്ഥക്ക് മാറ്റം വരാം. കച്ചവടത്തിൽ നേരിയ മുന്നേറ്റം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണത്തെക്കുറിച്ചുള്ള ആലോചനകൾ തുടരും. ഭൂമി സംബന്ധിച്ച കൊടുക്കൽ വാങ്ങലുകൾക്ക് കാലം അനുകൂലമാണ്. മക്കളുടെ പഠനം, തൊഴിൽ, വിവാഹം തുടങ്ങിയവയ്ക്കായി വായ്പകളെ ആശ്രയിക്കും. അന്യനാടുകൾ സന്ദർശിക്കാൻ അവസരം വന്നെത്തും. രാഷ്ട്രീയ പ്രവർത്തനത്തിൽ പുതുതന്ത്രങ്ങൾ പയറ്റും. രാഹു-കേതു-ചൊവ്വ എന്നിവരുടെ അനിഷ്ടസ്ഥിതി മൂലം ആരോഗ്യപ്രശ്നങ്ങളും മാനസിക സംഘർഷങ്ങളും ഉയരാം.

ചോതി: പ്രതീക്ഷിച്ചത്ര ലാഭം ബിസിനസ്സിൽ വന്നുചേരണമെന്നില്ല. ചെയ്തുതീർക്കണം എന്ന് കരുതിയ ചില കാര്യങ്ങൾ മുടങ്ങുകയോ വിളംബഗതിയിലാവുകയോ ചെയ്യാം. ക്രയവിക്രയങ്ങളിൽ നേട്ടം നാമമാത്രമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ അദ്ധ്വാനഭാരം അധികരിക്കും. ഊഹക്കച്ചവടത്തിൽ മുതൽ മുടക്കുന്നത് സൂക്ഷിച്ചാവണം. എന്നാലും ഗുണപ്രധാനമായ മാസം തന്നെയാവും. അപ്രതീക്ഷിതമായി ചില സഹായഹസ്തങ്ങൾ വന്നെത്താം. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ അനുകൂലമായ മറുപടിയുണ്ടാവും. കുടുംബസൗഖ്യത്തിൽ വിള്ളൽ വീണാലും പിന്നെയും ഇണങ്ങുന്നതായിരിക്കും.

വിശാഖം: വാക്ക് പാലിക്കാൻ ക്ലേശിക്കും. സമയബന്ധിതമായി ഒന്നും ചെയ്യാനാവില്ല. കൃഷിയിലും കച്ചവടത്തിലും ലാഭം കുറയും. ബന്ധുക്കളുമായി രമ്യതയിലെത്താനുള്ള ശ്രമം മുഴുവനായി വിജയിക്കില്ല. പഠന കാര്യത്തിൽ ഏകാഗ്രത കുറഞ്ഞേക്കും. വീട്ടുകാര്യങ്ങൾക്ക് ചെലവേറും. താൽകാലിക ജോലി, സ്ഥിരപ്പെടുത്തി കിട്ടാനുള്ള യത്നം ഭാഗികമായി വിജയിക്കും. തുലാക്കൂറുകാർക്ക് കണ്ടക ശനി മൂലം വീടുവിട്ട് നിൽക്കേണ്ടി വന്നേക്കാം. മനശ്ശാന്തിയും ചില നേരങ്ങളിൽ ഭഞ്ജിക്കപ്പെടാം.

അനിഴം: ആരോഗ്യപ്രശ്നങ്ങൾ മാറും. മനസ്സിൽ ഉത്സാഹം ഏറും. ഇഷ്ടപ്പെട്ട കാര്യങ്ങളിൽ മുഴുകും. മുടങ്ങിപ്പോയ പദ്ധതികൾ പൊടിതട്ടിയെടുക്കും. കച്ചവടത്തിൽ നിന്നും ലാഭം ഉയരും. ഏഴിലെ ചൊവ്വയുടെ സ്ഥിതി മൂലം ചിലപ്പോൾ പ്രണയികൾക്ക് വിരഹം ഏർപ്പെട്ടേക്കാം. ദാമ്പത്യത്തിലും ചെറിയ പൊരുത്തക്കേടുകൾ തലപൊക്കാം. ഭൗതികതയോട്, താൽക്കാലികമായെങ്കിലും വിരക്തി തോന്നിക്കാൻ പന്ത്രണ്ടിലെ കേതു കാരണമായേക്കും. മക്കളെച്ചൊല്ലി അഭിമാനിക്കാൻ കഴിയും.

തൃക്കേട്ട: ആലോചനകളും ആലസ്യവും കുറച്ച് പ്രവൃത്തിയിൽ ശ്രദ്ധയൂന്നും. വ്യവഹാരങ്ങളിൽ അനുകൂലതീർപ്പ് പ്രതീക്ഷിക്കാം. കലാസാഹിത്യരംഗം ഊഷ്മളമാകും. പകുതിയിൽ നിന്ന സർഗസൃഷ്ടികൾ പൂർത്തിയാക്കാൻ കഴിയും. വിദ്യാർത്ഥികൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ തിളങ്ങും. മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. അതുരശുശ്രൂഷകർക്ക് ജോലിഭാരം കുറയാം. കച്ചവടം വിപുലീകരിക്കും. വിദേശ ജോലിക്കുളള ശ്രമം വിജയിക്കും. പൊതുവേ സമാശ്വാസം ലഭിക്കുന്ന മാസമാണ്.

മൂലം: ഉറച്ച കാൽ വെയ്പ്പുകളുമായി മുന്നോട്ടു പോകാൻ കഴിയും. തടസ്സങ്ങളെയും എതിർവാദങ്ങളെയും അതിജീവിക്കും. സഭകളിലും സമാജങ്ങളിലും പ്രസംഗം നടത്തി കൈയ്യടി നേടും. ഗൃഹനിർമ്മാണം പൂർത്തീകരണത്തോടുക്കും. കുടുംബക്ഷേത്രത്തിൽ സകുടുംബം ദർശനം നടത്തും. ചില കടബാധ്യതകൾ പരിഹരിക്കാനാവും. മേലധികാരികളുടെ പ്രീതി നേടും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അധികാരവും പദവികളും വന്നുചേരും. അധ്യാപകർ, മാധ്യമ പ്രവർത്തകർ, നിയമജ്ഞർ എന്നിവർക്കെല്ലാം കർമ്മരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനാകും. ബന്ധുക്കളുടെ പിന്തുണ പ്രചോദനമേകും.

പൂരാടം: ചില കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാകാം. എന്നാലും കർമ്മരംഗം ഉദാസീനമാകില്ല. ഏജൻസി ഏർപ്പാടുകൾ ലാഭകരമാകും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. വായ്പാസഹായം കൈവരും. കിട്ടാക്കടങ്ങൾ ചിലത് കിട്ടിയേക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉയർച്ചയുണ്ടാകും. ധനവരവ് മോശമാവില്ല. ഉദര-ശിരോരോഗങ്ങൾ സാധ്യതയാണ്.

ഉത്രാടം: മത്സരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. അധ്വാനം വെറുതെയാകില്ല. സർക്കാർ കാര്യങ്ങൾ നേടാൻ അലച്ചിലും ആയാസവും ഉണ്ടായേക്കാം. സഹപ്രവർത്തകരും സുഹൃത്തുക്കളും ഉറച്ച പിന്തുണയേകും. ഗാർഹികമായി സ്വൈരം ഏർപ്പെടുന്ന കാലമാണ്. അയൽ ബന്ധങ്ങൾ ഊഷ്മളമായിത്തീരും. തീർത്ഥാടനയോഗമുണ്ട്. നൂതനചിന്തകൾ സാക്ഷാല്ക്കരിക്കാനാവും. ക്രയവിക്രയങ്ങളിൽ ലാഭം വന്നുചേരും. ആരോഗ്യ ജാഗ്രത പുലർത്തണം.

തിരുവോണം: ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റും. ധാർമ്മികവും ഭൗതികവും ആയ കാര്യങ്ങളിൽ തുല്യമായ നിലപാടെടുക്കും. കലഹങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉത്തമം. പാഴ്ച്ചിലവുകൾ വർദ്ധിക്കാം. വിനോദവിജ്ഞാന പരിപാടികളിൽ പങ്കുകൊള്ളും. സ്വയം തൊഴിൽ തുടങ്ങാൻ അല്പം കൂടി കാത്തിരിക്കുന്നതാവും ഉചിതം. യുവജനങ്ങളുടെ വിവാഹതീരുമാനങ്ങളും നീണ്ടേക്കാം. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ ജാഗ്രതക്കുറവ് വന്നേക്കാം. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

അവിട്ടം: പ്രമുഖ വ്യക്തികളുമായി പരിചയപ്പെടാൻ അവസരമുണ്ടാകും. വ്യാപാരത്തിൽ പുതിയ ആസൂത്രണങ്ങൾ നടപ്പിലാക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകുന്ന സന്ദർഭമാണ്. മകരക്കൂറുകാർക്ക് ചെലവേറും. കുംഭക്കൂറുകാർക്ക് വരുമാനം അധികരിക്കും. ചില ചിത്തശല്യങ്ങൾ ഒഴിക്കാൻ വഴി തേടും. സദ്ഭാവനയോടെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുവേ അദ്ധ്വാനം കൂടും. വിശ്രമവേളകൾ കുറയും.

ചതയം: ആശിച്ച വിധത്തിൽ പരീക്ഷയിൽ വിജയിക്കാനാവും. ചെറുപ്പക്കാർക്ക് തൊഴിൽ സാധ്യത കാണുന്നു. പിതൃസ്വത്തിൽ പൂർണമായ അവകാശം വന്നുചേരും. പൊതുരംഗത്ത് നിന്നും അംഗീകാരം ലഭിക്കും. സംരംഭങ്ങൾക്ക് ആവശ്യമായ വായ്പാസൗകര്യം ലബ്ധമാകും. മക്കളുടെ വിവാഹത്തിൽ നല്ല തീരുമാനമുണ്ടാകും. കൃഷി, കച്ചവടം എന്നിവയിൽ ആദായം വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം.

പൂരുട്ടാതി: കുംഭക്കൂറുകാർക്ക് നേട്ടം കൂടും. കരാർ പണികൾ സ്ഥിരപ്പെടാം. സ്ഥിരവരുമാനത്തിന് വഴികൾ തുറക്കപ്പെടും. പുതിയ സംരംഭങ്ങൾക്ക് മികച്ച പിന്തുണ കരഗതമാകും. പ്രൊഫഷണലുകൾക്ക് സ്വന്തം കർമ്മരംഗത്ത് കുതിച്ചുചാട്ടത്തിന് സന്ദർഭമുണ്ടാകും. ഭാവിയെ സംബന്ധിച്ച ആലോചനകൾ മറ്റുള്ളവരുടെ പ്രശംസ നേടും. നവസാങ്കേതികവിദ്യയിലൂടെ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കാലതാമസം കൂടാതെ ലഭ്യമാകും. വാത – കഫ രോഗങ്ങൾ വിഷമിപ്പിച്ചേക്കാം.

ഉത്രട്ടാതി: കാര്യങ്ങൾ ഒരുവിധം സുഖകരമായി ഭവിക്കും. പൂർവ്വിക സ്വത്ത്, കിട്ടാക്കടം എന്നിവയിൽ നിന്നും ധനം വന്നുചേരാം. അധികാരികളുടെ ഒത്താശയോടെ രാഷ്ട്രീയ പ്രതിബന്ധങ്ങളെ മറികടക്കും. മാസത്തിന്റെ രണ്ടാം പകുതിയിൽ ശുക്രൻ ലാഭ സ്ഥാനത്തെത്തുകയാൽ ഭോഗം, വസ്ത്രാഭരണ സിദ്ധി തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ സൗഹൃദങ്ങൾ, പ്രണയത്തിൽ നിന്നും സന്തോഷം എന്നിവയും സാധ്യതകളാണ്. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച കാര്യങ്ങളിൽ അനുകൂല മറുപടി കിട്ടും. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാനമാർഗമെങ്കിലും തുറന്നുകിട്ടും. അഷ്ടമകേതുവിന്റെ പ്രവർത്തനം ചിലപ്പോൾ കാര്യവിഘ്നത്തിന് ഇടയുണ്ടാക്കിയേക്കാം.

രേവതി: വാഗ്ദാനങ്ങൾ പാലിക്കാൻ കിണഞ്ഞുപരിശ്രമിക്കുന്നതായിരിക്കും. യാത്രകൾ കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാകും. കർമ്മരംഗത്തെ ആലസ്യം നീങ്ങും. സഹോദരരുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക് അംഗീകാരം കിട്ടും. മേലധികാരികളുടെ പ്രീതിയുണ്ടാകും. കലാകാരന്മാർ സമൂഹത്തിന്റെ ആദരം നേടും. നവമാധ്യമങ്ങളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമുണ്ടാകും. ശുക്രന്റെ ലാഭസ്ഥിതി കാരണം മാസത്തിന്റെ മധ്യം മുതൽ പ്രേമവിജയം, ദാമ്പത്യസൗഖ്യം, ആർഭാടം എന്നിവയുണ്ടാകും. സാംക്രമികരോഗങ്ങൾക്കെതിരെ ജാഗ്രത കാണിക്കണം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: