scorecardresearch
Latest News

Monthly Horoscope December 2022: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം

Monthly Horoscope December 2022 star predictions: അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് 2022 ഡിസംബർ മാസത്തെ അനുഭവങ്ങൾ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കുകയാണിവിടെ

december horoscope, astrology, ie malayalam

Monthly Horoscope December 2022 star predictions: 2022 ഡിസംബർ മാസം 15-ാം തീയതി വരെ വൃശ്ചിക മാസവും ശേഷം ധനുമാസവുമാകുന്നു. സൂര്യൻ ഡിസംബർ 16-ാം തീയതി പ്രഭാതത്തിൽ വൃശ്ചിക രാശിയിൽ നിന്നും ധനു രാശിയിലേക്ക് കടക്കുന്നു. ഡിസംബർ ഒന്നിന് ചന്ദ്രൻ പൂരുട്ടാതിയിൽ. ഒരുവട്ടം നക്ഷത്രമണ്ഡലഭ്രമണം പൂർത്തിയാക്കി ഡിസംബർ 31 ന് രേവതിയിൽ സഞ്ചരിക്കുന്നു.

ചൊവ്വ വക്രഗതിയായി ഇടവത്തിൽ തുടരുന്നു. രാഹു മേടത്തിലും കേതു തുലാത്തിലുമുണ്ട്. വൃശ്ചികം, ധനു, മകരം എന്നീ മൂന്നു രാശികളിലായി ബുധനും ശുക്രനും സഞ്ചരിക്കുന്നു. വ്യാഴം മീനത്തിൽ, ശനി മകരത്തിലും. ഇതാണ് ഡിസംബർ മാസത്തെ ഗ്രഹസ്ഥിതി. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2022 ഡിസംബർ മാസത്തെ അനുഭവങ്ങൾ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കുകയാണിവിടെ.

അശ്വതി: ഡിസംബർ ഒന്നാം പകുതിയിൽ സമ്മർദങ്ങൾ തുടരും. ഗാർഹികാന്തരീക്ഷത്തിലെ പിരിമുറുക്കത്തിനും വലിയ കുറവില്ല. ഉദ്യോഗസ്ഥർ അധികാരികളുടെ അനിഷ്ടത്തിന് പാത്രമായേക്കും. പിതാവിന് കാലം അനുകൂലമല്ല. വേണ്ടെന്ന് കരുതിയാലും ചിലപ്പോൾ വാക്കുകൾക്ക് മുനയും മൂർച്ചയും വന്നേക്കും. ഭോഗ വിഘാതം, നിദ്രാഭംഗം, ആലസ്യം എന്നിവയും സാധ്യതകൾ. തീർത്ഥാടനം, ദൈവിക സമർപ്പണങ്ങൾ എന്നിവയ്ക്ക് പണച്ചെലവ് ഭവിക്കും. ഡിസംബർ രണ്ടാം പകുതിയിൽ കാര്യങ്ങൾ കുറേശയായി ഭേദപ്പെടാം.

ഭരണി: കലാപരമായി വളർച്ചയും നേട്ടങ്ങളും ഉണ്ടാകും. വിദ്യാഭ്യാസത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. ചുറ്റുമുള്ള സംഘർഷങ്ങളിൽ തലയിടാതിരിക്കുന്നതാവും ഉചിതം. വിവാദം, തർക്കം എന്നിവയിൽ തോൽക്കാം. സൽക്കാര്യങ്ങൾ ചെയ്യും. അവയ്ക്ക് പണച്ചെലവേറും. അകലങ്ങളിൽ നിന്നും നല്ലവാർത്ത വന്നെത്തും. പുതിയ തൊഴിൽ ലഭിച്ചാലും ഒത്തുപോകാൻ ക്ലേശിക്കും. ഭൂമിയുടെ ക്രയവിക്രയത്തിൽ നഷ്ടം വരാം. ധനപരമായി മിതത്വവും ആരോഗ്യപരമായി ജാഗ്രതയും പുലർത്തേണ്ട കാലമാണ്.

കാർത്തിക: ബാഹ്യലോകം തന്നെ ശരിക്കും മനസിലാക്കുന്നില്ല എന്ന ഖേദം ഉണ്ടാകാം. ആലോചനാശൂന്യമായ പെരുമാറ്റം ശുതുക്കളെ സൃഷ്ടിക്കാം. ഗൃഹനവീകരണം പതുക്കെയാവും. വിദേശധനം സമയത്ത് കൈവശം വന്നുചേരില്ല. കരാർ പണികൾ തുടർന്നും ലഭിച്ചേക്കും. കച്ചവടത്തിൽ നേരിയ പുരോഗതി കാണപ്പെടും. പ്രേമബന്ധത്തിൽ തെറ്റിദ്ധാരണകൾ വന്നേക്കാം. കലാകാരന്മാർക്ക് അരങ്ങത്ത് തന്നെ അഭിനന്ദനം ലഭിക്കും. കലാപ്രവർത്തനവുമായി ബന്ധപ്പെട്ട യാത്രകൾ ഗുണം ചെയ്യും.

രോഹിണി: കുറേക്കാലമായി ലക്ഷ്യം നേടാത്ത പ്രവർത്തനങ്ങൾ ഇപ്പോൾ ലക്ഷ്യത്തിലെത്തും. വരുമാനം ഉയരും. ഉന്നതാധികാരികൾ പുതിയ ഉത്തരവാദിത്വങ്ങൾ ഏൽപിക്കും. പഠനത്തിൽ വിജയം ഉറപ്പിക്കും. കുടുംബകാര്യങ്ങൾ രമ്യമാക്കാൻ അധികാരം പ്രയോഗിച്ചേക്കും. ജന്മരാശിയിലെ ചൊവ്വ അനാവശ്യമായ പിരിമുറുക്കങ്ങൾക്ക് വഴി തുറക്കാം. കൂട്ടുകെട്ടുകൾ നന്മ ചെയ്യുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. അപരിചിതരുമായി കരാറുകളിൽ ഏർപ്പെടാതിരിക്കുന്നതാവും നല്ലത്.

മകയിരം: ശുഭവാർത്തകൾ കേൾക്കാൻ കഴിയും. സജ്ജനങ്ങളുടെ ഉപദേശം ചെവിക്കൊള്ളും. ആരോഗ്യം ചിലപ്പോൾ ക്ലേശിപ്പിച്ചേക്കാം. ചെലവ് നിയന്ത്രിക്കാൻ കഴിഞ്ഞെന്നുവരില്ല. ദാമ്പത്യത്തിൽ സ്വരഭംഗങ്ങൾ തലപൊക്കാം. വിദ്യാർത്ഥികൾ പരീക്ഷയിൽ സാമാന്യമായ നേട്ടങ്ങൾ ഉണ്ടാക്കും. പൊതുരംഗത്തുള്ളവർ ശരവ്യരാവാം. സർക്കാർകാര്യങ്ങളിൽ അലച്ചിലേറും. കലാകായികമത്സരങ്ങളിൽ എല്ലാ സിദ്ധികളും പുറത്തെടുക്കാൻ കഴിയാതെ വരും.

തിരുവാതിര: ധർമ്മാധർമ്മങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പമുണ്ടാകും. സുഹൃത്തുക്കളിൽ നിന്നും പിന്തുണ കിട്ടിയെന്നുവരില്ല. കച്ചവടത്തിൽ നേരിയ വർധനവുണ്ടാകും. തീർത്ഥാടനം ആത്മശക്തി വർധിപ്പിക്കും. സന്താനങ്ങളുടെ ഉന്നത പഠനത്തിനായി വായ്പ കിട്ടും. പുതുതൊഴിലുകൾ തുടങ്ങാൻ വിദഗ്ദ്ധരുടെ ഉപദേശം തേടും. കുമാർഗങ്ങളിലൂടെ വരവധികരിക്കാം. പഴയ വിരോധികൾ ഇണങ്ങരാവാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്.

പുണർതം: വ്യവഹാരത്തിൽ വിജയിക്കും. സ്വന്തംസ്ഥാപനം നവീകരിക്കും. മക്കളുടെ വിവാഹകാര്യം നീളുന്നതിൽ വിഷമിക്കും. ചെറുതും വലുതുമായ യാത്രകൾ വേണ്ടി വരാം. ഉദരരോഗത്തിന് ചികിൽസ തേടും. എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കും. വയോജനങ്ങളുടെ ആരോഗ്യപാലനത്തിൽ ശ്രദ്ധ കാട്ടും. പൊതുപ്രവർത്തനത്തിൽ വ്യക്തിമുദ്രപതിപ്പിക്കും. അൽപകാലത്തെ മങ്ങലിനുശേഷം എല്ലാരംഗത്തും സക്രിയമായി ഇടപെടും.

പൂയം: ഭാഗ്യദോഷത്തിന് അവസാനമാകും. പുതിയ ജോലിയിൽ പ്രവേശിക്കാനാവും. പിതൃസ്വത്ത് അധീനതയിൽ വന്നു ചേരുന്നതായിരിക്കും. കുടുംബപ്രശ്നങ്ങൾ പരിഹൃതമാവും. മുതിർന്നവരുടെയും വൃദ്ധജനങ്ങളുടെയും പിന്തുണ കരുത്തേകും. വിവാഹകാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ സാധിക്കും. പുതിയ സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ സമയം കണ്ടെത്തും. പ്രതിഷേധങ്ങളെ നിസാരീകരിച്ച് മുന്നേറാനുള്ള ആത്മവീര്യം കൈവരിക്കും.

ആയില്യം: വസ്തുതർക്കങ്ങൾ അനുകൂലമാവും. മുടങ്ങിപ്പോയ ദൈവിക സമർപ്പണങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. ഗുരുജനങ്ങളെ സന്ദർശിച്ച് ഉപദേശം കൈക്കൊള്ളും. മക്കളുടെ കാര്യത്തിലുണ്ടായ ഉൽക്കണ്ഠകൾ അസ്ഥാനത്തായിരുന്നുവെന്നറിയും. സൗഹൃദക്കൂട്ടങ്ങളിൽ പങ്കുചേരും. കലാകാരന്മാർക്ക് ശാന്തമായ അന്തരീക്ഷത്തിൽ കലാപ്രവർത്തനം നടത്താൻ അവസരം ഉണ്ടാകും. ഏഴാംഭാവത്തിലെ കണ്ടകശനി ചിലപ്പോൾ പ്രണയം, ദാമ്പത്യം തുടങ്ങിയവയെ അൽപം കലുഷിതമാക്കാനിടയുണ്ട്. ഋണബാധ്യത പരിഹരിക്കാനുള്ള ശ്രമം ഒരു പരിധിവരെ വിജയിക്കും.

മകം: കർമ്മമേഖലയിൽ കുതിച്ചുചാട്ടം നടത്തും. ഉദ്യോഗസ്ഥർക്ക് സ്വന്തം ലാവണത്തിലേക്ക് മടങ്ങാൻ കഴിയും. പ്രതിസന്ധികളിൽ പ്രത്യുല്പന്നമതിത്വം പ്രകടമാക്കും. മക്കളുടെ വിദ്യാഭ്യാസത്തിന് സർക്കാർ ധനസഹായം, ബാങ്ക് വായ്പ ഇവ ലഭിച്ചേക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരുമെങ്കിലും ബന്ധം ഉറച്ചു കിട്ടാൻ സാധ്യത കുറവാണ്. കുടുംബപ്രശ്നങ്ങളിൽ നല്ല തീരുമാനം കൈക്കൊള്ളും. രാഷ്ട്രീയ പ്രവർത്തനത്തിൽ വിജയിക്കും. ധനപരമായി തരക്കേടില്ലാത്ത കാലമാണ്.

പൂരം: അധ്വാനഭാരം ഏറും. പുതുചുമതലകൾ വന്ന് ചേരും. സഹപ്രവർത്തകരുമായി പിണങ്ങേണ്ട സാഹചര്യം വന്നേക്കും. നാലിലെ ബുധശുക്രയോഗം കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുമെന്നതിന്റെ സൂചനയാണ്. നാലും പത്തും ഭാവാധിപന്മാരായ ചൊവ്വ, ശുക്രൻ എന്നിവരുടെ പരിവർത്തനം മൂലം പുതിയ താമസസ്ഥലം, തൊഴിലിടം എന്നിവയെക്കുറിച്ച് ചിന്തിച്ചേക്കാം. ആരോഗ്യപരമായി ശ്രദ്ധവേണ്ട കാലമാണ്. മാനസിക പിരിമുറുക്കങ്ങൾ ഉയരുവാനിടയുണ്ട്. ശാരീരികബലം ചോരുന്നതായി തോന്നാം. ഗുരുജനങ്ങളുടെ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും.

ഉത്രം: കന്നിക്കൂറുകാർക്കാവും കൂടുതൽ നേട്ടങ്ങൾ. പലരുടേയും അപ്രതീക്ഷിത പിന്തുണ ലഭിക്കും. പൊതുരംഗത്ത് അംഗീകാരം ഉയരും. തന്റെ സ്ഥാപനത്തിൽ പുതിയ തൊഴിൽ സംസ്കാരം പ്രാവർത്തികമാക്കും, ഉദ്യോഗസ്ഥർ അധികാരികളുടെ ‘നല്ല പുസ്തകത്തിൽ ‘ ഇടം നേടും. സഹോദരരുമായുള്ള ഭിന്നത പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തും. ഭൂതകാലത്തിലെ ചില മോശം പ്രവർത്തനങ്ങളുടെ ഫലം പിന്തുടരുന്നതിൽ അസ്വസ്ഥരാകും. ചിങ്ങക്കൂറുകാർക്ക് ശത്രുവിജയം ഭവിക്കും. ദൈവകാര്യങ്ങളിൽ മറവിയോ അശ്രദ്ധയോ സംഭവിക്കാനിടയുണ്ട്.

അത്തം: ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. ബൗദ്ധികമായി മുന്നേറ്റം നടത്തും. പഠനനിലവാരം ഉയരും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ദാമ്പത്യത്തിൽ പങ്കാളികൾ തമ്മിൽ സ്നേഹവും വിശ്വാസവും വളരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ സന്ദർഭം സഞ്ജാതമാകുന്നതാണ്. തീർത്ഥാടനയോഗമുണ്ട്. പഴയ ജീവിതക്രമത്തിലേക്ക് മടങ്ങും. ആരോഗ്യപരമായി സമ്മിശ്രകാലമായിരിക്കും.

ചിത്തിര: മൗനം സ്വർണ്ണമാണെന്ന് അനുഭവം കൊണ്ടറിയും. അലച്ചിലുണ്ടായാലും കാര്യസാധ്യത ഭവിക്കും. നെടുനാളത്തെ ക്ലേശാനുഭവങ്ങൾക്ക് ശുഭകരമായ പര്യവസാനം വരാം. ധനപരമായ ഞെരുക്കത്തിന് അയവ് വരുന്നതായിരിക്കും. ഭൂമിയുടെ ക്രയവിക്രയത്തിന് വഴി തെളിയും. കർമ്മകാണ്ഡത്തിൽ പുതിയ പൊൻതൂവലുകൾ വന്നുചേരും. വിഭിന്ന പ്രകൃതികളായ മനുഷ്യരുമായി ആശയവിനിമയം നടത്തി ചില ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യും. കുടുംബജീവിതത്തിൽ സമാധാനം ഭവിക്കും.

ചോതി: ചില ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കിട്ടാത്തത് വിഷമത്തിന് കാരണമാകാം. കടം വാങ്ങി കാര്യം നടത്തേണ്ട സാഹചര്യം ഉദിച്ചേക്കാം. സാമ്പത്തിക പരാധീനത വീർപ്പ്മുട്ടിക്കും. കമിതാക്കളുടെ പ്രണയനദിയുടെ ഒഴുക്ക് തടസ്സപ്പെടാം. കർമ്മരംഗത്ത് കാര്യങ്ങൾക്ക് വേഗത പോരെന്ന് തോന്നും. മുഖം ചുളിക്കാതെ, മനസ്സാന്നിധ്യത്തോടെ തന്നെ എല്ലാവരുമായി ഇടപഴകും. വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തും. മാസത്തിന്റെ പകുതിമുതൽ കാര്യങ്ങൾ കുറെശ്ശേ മെച്ചപ്പെടും. മുടങ്ങിപ്പോയ ദൈവിക വഴിപാടുകൾ പൂർത്തീകരിക്കും.

വിശാഖം: ആസൂത്രണം ചെയ്ത കാര്യങ്ങൾ ഒരുവിധം ഭംഗിയായി പൂർത്തിയാക്കും. പുതിയ സൗഹൃദങ്ങൾ ഭവിക്കും. സർക്കാർ ധനസഹായത്തിന് അർഹത വന്നുചേരും. കലാമത്സരങ്ങളിൽ പ്രതിഭാവിലാസം തെളിയിക്കും. കഫരോഗങ്ങൾ ക്ലേശിപ്പിക്കാം. മുതിർന്ന കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വ്യവഹാരത്തിൽ കക്ഷി ചേരാതിരിക്കുന്നതാവും ഉചിതം. ദീർഘയാത്രകൾ നീട്ടി വെക്കും. ദാമ്പത്യത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ആവർത്തിച്ചു കൊണ്ടിരിക്കും.

അനിഴം: കൂട്ടുകച്ചവടത്തിന് ഇത് അനുകൂല സമയമല്ല. വിദേശ യാത്രകൾക്ക് തടസ്സം വരാം. പ്രതീക്ഷിച്ച സാമ്പത്തിക സഹായം വന്നു ചേരണമെന്നില്ല. അധികാരികളുടെ നീരസത്തിന് പാത്രമായേക്കും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം ഉണ്ടായേക്കാം. സർഗവാസനകൾ സഹൃദയ പ്രശംസ നേടും. അയൽബന്ധങ്ങൾ രമ്യമാവും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ ബുദ്ധിപൂർവ്വം പ്രതിരോധിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയാം.

തൃക്കേട്ട: മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേൾക്കും. ഉചിതമായ തീരുമാനങ്ങളിലൂടെ ലക്ഷ്യത്തിലെത്തും. ധനപരമായി മാസത്തിന്റെ രണ്ടാം പകുതിയാവും മെച്ചം. വ്യാപാരത്തിൽ ഉപഭോക്താവിനെ ആകർഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കും. അഭിനേതാക്കളും കവികളും ഗായകരും പുരസ്കരിക്കപ്പെടും. സാമ്പത്തിക അച്ചടക്കത്തിലൂടെ ഒപ്പമുള്ളവർക്ക് പുതിയ മാതൃക സൃഷ്ടിക്കും. വിദ്യാർത്ഥികൾ നൂതനവിഷയങ്ങൾ പഠിക്കുവാൻ ശ്രമം നടത്തും. അനുരാഗികൾക്ക് അനുകൂല കാലമാണ്. കിടപ്പു രോഗികൾക്ക് ആശ്വാസം ഉണ്ടാകും. സഹോദരരുമായുള്ള സ്വത്തു തർക്കം രമ്യമായി പരിഹരിക്കാനാവും.

മൂലം: ഭാഗ്യകർമ്മലാഭാധിപന്മാരുടെ പന്ത്രണ്ടിലെ സ്ഥിതി മൂലം ഡിസംബർ ആദ്യ പകുതി ക്ലേശകരമായേക്കും. കർമ്മരംഗത്ത് കഷ്ടനഷ്ടങ്ങൾ വരാം. ലാഭം കുറയാനിടയുണ്ട്, വ്യാപാരത്തിൽ. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ഉണ്ടാകാം. അലച്ചിൽ വർദ്ധിക്കും. ഉന്നത പദവിയിലിരിക്കുന്നവരുമായി കലഹിക്കാം. അധീനത്തിലാവും എന്ന് വിചാരിച്ച കാര്യങ്ങൾ നടക്കാൻ ഒരു പാട് വിയർപ്പൊഴുക്കേണ്ടിവന്നേക്കും. എങ്കിലും ആത്മശക്തി നഷ്ടമാകില്ല. പതിമ്മൂന്നാം മണിക്കൂറിലെങ്കിലും എല്ലാക്കാര്യങ്ങളും നടന്നുകൂടും.

പൂരാടം: ഗാർഹികമായ വിഷമങ്ങൾ കുറയും. പുതിയ വാഹനമോ പാർപ്പിടമോ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ പുരോഗതി പ്രാപ്രിക്കും. ബന്ധു സഹായം വന്നുചേരും. പുതിയദൗത്യങ്ങളിൽ കുറേ അലച്ചിൽ ഉണ്ടാവാനിടയുണ്ട്.
സ്വയം തൊഴിൽ ചെയ്യുന്നവർ ധാരാളം വെല്ലുവിളികളെ അഭിമുഖീകരിക്കും. രാഷ്ട്രീയ പ്രവർത്തകരുടെ നയങ്ങൾ പാളും. നല്ലകാര്യങ്ങൾക്ക് പണച്ചെലവേറും. രണ്ടാം ഭാവാധിപൻ ആയ ശനി ഭാവത്തിൽ തന്നെ നിൽക്കുകയാൽ ധനവരവ് കുറയില്ല.

ഉത്രാടം: മകരക്കൂറുകാർക്ക് മൂന്ന് ഗ്രഹങ്ങൾ സർവ്വാഭീഷ്ട സ്ഥാനത്ത് നിൽക്കുകയാൽ നേട്ടങ്ങൾ വർദ്ധിക്കും. പരീക്ഷാ വിജയം, തൊഴിൽ മുന്നേറ്റം, ബഹുമതി, അശനശയനസൗഖ്യം എന്നിവ കൈവരും. സർക്കാർ ഇടപാടുകളിൽ കാര്യസിദ്ധി ഭവിക്കും. ധനുക്കൂറുകാരായ ഉത്രാടം നാളുകാർക്ക് ഇത് ശരാശരി സമയമാണ്. പകർച്ചവ്യാധികൾ പിടിപെടാം. തൊഴിലിൽ കൃത്യവിലോപം മൂലം ശാസന കേൾക്കും. ന്യായമായ സ്ഥാനക്കയറ്റം കിട്ടാൻ കാത്തിരിക്കേണ്ടിവരും. പിതാവിന്റെ സമ്പാദ്യത്തെച്ചൊല്ലി സഹോദര കലഹത്തിനും സാധ്യതയുണ്ട്. വിദേശത്തുനിന്നും ജന്മനാട്ടിലേക്ക് മടങ്ങാൻ സന്ദർഭം ഉണ്ടാവും. ചോരശല്യം, യാത്രാദുരിതം എന്നിവ ചില സാധ്യതകൾ.

തിരുവോണം: ഗ്രഹാനുകൂല്യം ഉള്ള കാലമാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും.
കുടുംബ സമേതം വിനോദയാത്രകൾ ഉണ്ടാവും. നിക്ഷേപങ്ങളിൽ നിന്നും വരുമാനം കൂടും. വസ്ത്രമോ സ്വർണമോ ധനമോ പാരിതോഷികമായി ലഭിക്കാം. മുഴുവൻ കഴിവും പുറത്തെടുക്കാൻ കലാമത്സരങ്ങളിൽ അവസരം ലഭ്യമാവും. പ്രൊഫഷണലുകൾ നന്നായി തിളങ്ങും. നേതൃഗുണങ്ങൾ എതിരാളികളെ അമ്പരപ്പിക്കും. വ്യാപാരികൾ കുറഞ്ഞ സമയത്തിൽ കൂടുതൽ ലാഭം നേടും. അഞ്ചിലെ ചൊവ്വ ഉദരരോഗത്തിന് കാരണമായേക്കാം.

അവിട്ടം: കുംഭക്കൂറുകാരായ അവിട്ടം നാളുകാർക്ക് കുടുംബപ്രശ്നങ്ങൾ വർദ്ധിക്കും. മകരക്കൂറുകാർക്ക് മക്കളെക്കൊണ്ട് ചില മനപ്രയാസങ്ങൾ വരാം. ഇരുകൂറുകാർക്കും സാമ്പത്തിക സ്ഥിതി മോശമാവില്ല. ഭൂമി വാങ്ങാൻ ശ്രമിക്കുമെങ്കിലും ചില നിയമതടസ്സങ്ങൾ ഉണ്ടാവാം. വ്യാപാരം പുരോഗതിയിലാവും. കലാകാരന്മാർ സ്വന്തം കലയുടെ പ്രദർശനത്തിന്/അവതരണത്തിന് ശ്രമിക്കും. വിവാഹകാര്യത്തിൽ തീരുമാനം നീളാം. യാത്രകളിൽ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനിടയുണ്ട്. പ്രകൃതി ചികിൽസയിലൂടെ കിടപ്പ് രോഗികൾക്ക് ആശ്വാസം വന്നേക്കാം. സാമൂഹിക പ്രവർത്തകർ ചില എതിർപ്പുകളെ നേരിട്ടേക്കും.

ചതയം: സഹായിക്കാമെന്നേറ്റവർ പിന്മാറാം. ബന്ധുക്കളുടെ പൂർണപിന്തുണ കിട്ടാത്തതും വിഷമം വർദ്ധിപ്പിക്കാം. രണ്ടാം ഭാവത്തിലെ ഗുരു സ്ഥിതിമൂലം പ്രശ്നങ്ങളെ സുഗമമായി മറികടക്കും. സംയമനം കൊണ്ട് കലഹവേളകളിൽ ശാന്തതയുണ്ടാക്കും. സർക്കാരിൽ നിന്നുമുള്ള ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് കൈവരും. മാസത്തിന്റെ രണ്ടാം പകുതിയിൽ ധനസ്ഥിതി ഉയരുന്നതായിരിക്കും. മാറ്റിവെച്ചിരുന്ന കാര്യങ്ങൾ ക്ലേശിക്കാതെ തന്നെ നടന്നുകിട്ടും. വസ്തുവിന്റെ ക്രയവിക്രയത്തിന് ഇത് ഉത്തമമായ കാലഘട്ടമല്ല. ഉന്നതരാഷ്ട്രീയ വ്യക്തിത്വങ്ങളുമായി ബന്ധം സ്ഥാപിക്കും.

പൂരുട്ടാതി: പഴയ നിലപാടുകൾ മാറ്റാനും കഠിനമായ തീരുമാനങ്ങൾ പിൻവലിക്കാനും സന്നദ്ധത കാട്ടും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. പുതുതൊഴിലിൽ പ്രവേശിക്കാൻ സാഹചര്യം വന്നുചേരും. നവമാധ്യമങ്ങളിൽ എഴുതുന്ന അഭിപ്രായക്കുറിപ്പുകൾ ഏറെ ‘ഇഷ്ടം’ നേടും. പാരമ്പര്യ വസ്തുക്കളുടെ കൈവശാവകാശം ലഭിക്കും. കുംഭക്കൂറുകാർക്ക് മാതൃക്ലേശം വരാം. ചില ബന്ധുക്കളുടെ വിരോധം നേടിയേക്കും. ഭാഗ്യപരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുന്നതാവും നല്ലത്. പ്രണയികൾക്ക് ഇതൊരു പ്രണയവസന്തമാണ്. ദാമ്പത്യത്തിൽ സ്വാസ്ഥ്യം വർദ്ധിക്കും.

ഉത്രട്ടാതി: ജന്മവ്യാഴം മൂലം പലതരം തടസ്സങ്ങൾ തുടർന്നേക്കാം. കടം വാങ്ങി കടം വീട്ടേണ്ടി വരാം. ദുഷ്പ്രചരണങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിജയം കാണണമെന്നില്ല. കരാർ പണി, ചെറുകിട കച്ചവടം എന്നിവ ഉപജീവനമാക്കിയവർക്ക് അന്നന്നത്തെ ചെലവുകൾ നടന്നു കിട്ടും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും മുൻപ് വിദഗ്ദ്ധോപദേശം തേടുന്നത് നന്നായിരിക്കും. കുടുംബജീവിതത്തിൽ സൗന്ദര്യപ്പിണക്കം ഉണ്ടാവാം. ഡിസംബർ പകുതി മുതൽ കാര്യങ്ങൾ അനുകൂലമാവും. സർക്കാരിൽ നിന്നും സഹായ ധനം, വായ്പ ഇവയ്ക്ക് സാധ്യതയുണ്ട്. പൊതുപ്രവർത്തകർ രണ്ടിലെ രാഹുമൂലം ‘നാക്കുപിഴ’ കളെ സൂക്ഷിക്കേണ്ടതുണ്ട്.

രേവതി: സഹായ ഭാഗ്യാധിപന്മാരുടെ (ശുക്രനും ചൊവ്വയും) പരിവർത്തനം മൂലം സഹായ വാഗ്ദാനങ്ങൾ നിറവേററപ്പെടണമെന്നില്ല. അധ്വാനം പലപ്പോഴും മൂല്യമാക്കപ്പെടാത്ത സ്ഥിതി വരാം. എട്ടിലെ കേതു കാര്യതടസ്സങ്ങൾ, ആശയക്കുഴപ്പങ്ങൾ എന്നിവയ്ക്ക് വഴിവെക്കാം. എന്നാൽ സ്വക്ഷേത്രബലവാനായി പതിനൊന്നിൽ നിൽക്കുന്ന ശനി അസാധ്യം എന്ന് കരുതപ്പെടുന്ന കാര്യങ്ങളെ നേടിത്തരും. മുതിർന്നവരുടെ അംഗീകാരം മനോബലമേകും. പഴയ വസ്തുക്കളുടെ കച്ചവടത്തിൽ നിന്നും ലാഭമുണ്ടാകും. വിദേശജോലികൾക്കുള്ള ശ്രമം വിജയിക്കുന്നതായിരിക്കും. കിടപ്പ് രോഗികൾക്ക് ആശ്വാസം വന്നുചേരും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. ആലോചനാപൂർവ്വം ആശയ വിനിമയത്തിൽ ഏർപ്പെടുന്നത് നല്ലത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Nthly horoscope december 2022 star predictions