scorecardresearch

സൂര്യഗ്രഹണം: ദോഷം ആർക്കൊക്കെ?

"അമാവാസി അഥവാ കറുത്തവാവ് ദിവസമാണ് (പകൽ നേരത്ത് ) സൂര്യഗ്രഹണം സംഭവിക്കുക. സൂര്യചന്ദ്രന്മാരുടെ സഞ്ചാരം തുല്യ ഡിഗ്രികളിലാവും അപ്പോൾ. ഒരേ രാശിയിലായിരിക്കും. സൂര്യനും ചന്ദ്രനും തുലാം രാശിയിലൂടെയാണ് ആ സമയത്ത് സഞ്ചരിക്കുന്നത്." ഒക്ടോബർ 25 ലെ സൂര്യഗ്രഹണത്തെ കുറിച്ച് ജ്യോതിഷഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതുന്നു

"അമാവാസി അഥവാ കറുത്തവാവ് ദിവസമാണ് (പകൽ നേരത്ത് ) സൂര്യഗ്രഹണം സംഭവിക്കുക. സൂര്യചന്ദ്രന്മാരുടെ സഞ്ചാരം തുല്യ ഡിഗ്രികളിലാവും അപ്പോൾ. ഒരേ രാശിയിലായിരിക്കും. സൂര്യനും ചന്ദ്രനും തുലാം രാശിയിലൂടെയാണ് ആ സമയത്ത് സഞ്ചരിക്കുന്നത്." ഒക്ടോബർ 25 ലെ സൂര്യഗ്രഹണത്തെ കുറിച്ച് ജ്യോതിഷഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
surya grahan, horoscope, iemalayalam

1198 തുലാം മാസം എട്ടിന് (2022 ഒക്ടോബർ 25 ന്) ചൊവ്വാഴ്ച സൂര്യഗ്രഹണമാണ്. അന്നേ ദിവസം ഒരു മണിക്കൂർ അഞ്ച് മിനിട്ട് നേരം ദൈർഘ്യമാണ് സൂര്യഗ്രഹണത്തിന് കണക്കാക്കിയിട്ടുള്ളത്. വൈകിട്ട് അഞ്ച് മണി 19 മിനിട്ടിന് തുടങ്ങി ആറ് മണി 24 മിനിട്ട് വരെയാണ് ഗ്രഹണകാലം.

Advertisment

ഈ ഗ്രഹണം കേരളത്തിൽ ദൃശ്യമോ ആചരണീയമോ അല്ലെന്ന് ചില പണ്ഡിതന്മാർ പറയുന്നു. പരമഗ്രാസം 25 ശതമാനത്തിൽ കുറവായാൽ പ്രസ്തുത ഗ്രഹണം ആചരണീയമല്ലെന്ന് ഉണ്ട്. എന്നാൽ തിരുപ്പതി അടക്കമുള്ള ക്ഷേത്രങ്ങളിലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും സൂര്യഗ്രഹണം ജ്യോതിഷ നിയമങ്ങളെ മുൻനിർത്തി ആചരിക്കുന്നുണ്ട്.

ഗ്രഹണത്തിന്റെ പിന്നിലെ പുരാണ കഥ ഇപ്രകാരമാണ്. ബ്രാഹ്മണവേഷത്തിൽ വന്ന് അമൃത് ഭക്ഷിച്ച സൈംഹികേയൻ എന്ന അസുരനെ ദ്വാരപാലകന്മാരായി നിന്നിരുന്ന സൂര്യചന്ദ്രന്മാർ മനസ്സിലാക്കി മഹാവിഷ്ണുവിന് കാട്ടിക്കൊടുത്തു. വിഷ്ണു, തന്റെ ചക്രം ഉപയോഗിച്ച് ആ അസുരന്റെ തലയറുത്തുവെങ്കിലും അമൃത് കുറച്ച് പാനം ചെയ്തിരുന്നതിനാൽ ശരീരം തലയും ഉടലുമായി വേർപെട്ടതല്ലാതെ ജീവൻ നഷ്ടമായില്ല. അങ്ങനെ രണ്ട് അസുരന്മാർ ഉയിർത്തെഴുന്നേറ്റു. അവരാണ് രാഹുവും കേതുവും. ആ നിമിഷം മുതൽ രാഹുവിനും കേതുവിനും തങ്ങളെ വിഷ്ണുവിന് കാട്ടിക്കൊടുത്ത സൂര്യചന്ദ്രന്മാരോട് പകയായി. തരം കിട്ടുമ്പോൾ അവർ സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നു. അതാണ് ഗ്രഹണം.

രാഹുഗ്രസ്തം, കേതു ഗ്രസ്തം എന്നിങ്ങനെ ഗ്രഹണം രണ്ടുവിധം. അവയ്ക്ക് രാഹു വിഴുങ്ങുന്ന ഗ്രഹണം, കേതു വിഴുങ്ങുന്ന ഗ്രഹണം എന്നിങ്ങനെ അർത്ഥം പറയാം. ഒക്ടോബർ 25-ാം തീയതിയിലെ സൂര്യഗ്രഹണം കേതുഗ്രസ്തം അഥവാ കേതു സൂര്യനെ വിഴുങ്ങുന്ന ഗ്രഹണമാണ്.

Advertisment

അമാവാസി അഥവാ കറുത്തവാവ് ദിവസമാണ് (പകൽ നേരത്ത്) സൂര്യഗ്രഹണം സംഭവിക്കുക. സൂര്യചന്ദ്രന്മാരുടെ സഞ്ചാരം തുല്യ ഡിഗ്രികളിലാവും അപ്പോൾ. ഒരേ രാശിയിലായിരിക്കും. സൂര്യനും ചന്ദ്രനും തുലാം രാശിയിലൂടെയാണ് ആ സമയത്ത് സഞ്ചരിക്കുന്നത്. ഈ രണ്ടു ഗ്രഹങ്ങളും ചോതി നക്ഷത്രത്തിന്റെ ഒന്നാം പാദത്തിലുമാണ്.

ഇതിൽ നിന്നും സൂര്യഗ്രഹണം നടക്കുന്നത് തുലാം രാശിയിലാണെന്ന് വ്യക്തമായി. തുലാം രാശിയിൽ/ കൂറിൽ ജനിച്ചവർക്ക് 'ഗ്രഹണ ദോഷം' ഉണ്ടെന്ന് പഞ്ചാംഗത്തിൽ കുറിച്ചിട്ടുണ്ട്. ഗ്രഹണം സംഭവിക്കുന്നത് കൃത്യം ചോതി നക്ഷത്രത്തിലായതിനാൽ ദോഷം കൂടുതൽ ചോതി നാളിനാണ്. അതിന്റെ പിന്നിലെയും മുന്നിലെയും നക്ഷത്രങ്ങൾക്കും ഈ ദോഷമുണ്ട്. അത് ചിത്തിര, വിശാഖം എന്നിവയ്ക്കത്രെ!

ഗ്രഹണം നടന്ന നക്ഷത്രമായ ചോതിയുടെ അനുജന്മങ്ങളായ നക്ഷത്രങ്ങൾക്കും ഗ്രഹണദോഷം വരും. അവ ചതയവും തിരുവാതിരയുമാണ്. അതായത് ചിത്തിര, ചോതി, വിശാഖം, ചതയം, തിരുവാതിര എന്നീ അഞ്ചു നക്ഷത്രങ്ങളിൽ ജനിച്ചവർക്കാണ് ഗ്രഹണ ദോഷം വരിക. അതിന്റെ പരിഹാരമായി ശിവഭജനം, ഗ്രഹണസ്നാനം, പിതൃതർപ്പണം, ദാനധർമ്മങ്ങൾ എന്നിവയാണ് പ്രമാണ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നത്.

ഗ്രഹണം നടന്ന നക്ഷത്രത്തിൽ ജനിച്ചവർക്ക് ചിലപ്പോൾ ലക്ഷ്യത്തിലെത്താൻ ക്ലേശിക്കേണ്ട അവസ്ഥ വന്നുചേരാറുണ്ട്. സൂര്യദശ, സൂര്യന്റെ അപഹാരം എന്നിവയിലൂടെ കടന്നു പോകുന്നവർ കൂടുതൽ പരീക്ഷണങ്ങളെ നേരിടാറുണ്ട്. സൂര്യന്റെ നക്ഷത്രങ്ങളായ കാർത്തിക, ഉത്രം, ഉത്രാടം എന്നിവരെയും ചെറിയ അളവിൽ ഗ്രഹണ ദോഷം ബാധിക്കുന്നു. 2022 ഒക്ടോബർ മാസത്തിലെ സൂര്യഗ്രഹണം ചരരാശിയായ തുലാം രാശിയിൽ വരുന്നതിനാൽ ദോഷഫലങ്ങൾ തീവ്രമാകുമെങ്കിലും സ്ഥായിയായിരിക്കില്ല.

ഗ്രഹണത്തിന് മുൻപും പിൻവും മൂന്ന് ദിവസം വിവാഹം, ഗൃഹപ്രവേശം, നാമകരണം, വിദ്യാരംഭം, ദേവപ്രതിഷ്ഠ തുടങ്ങിയവയൊന്നും പാടില്ലെന്ന് പ്രമാണ ഗ്രന്ഥങ്ങളിലുണ്ട്.

ഗ്രഹണം സംഭവിക്കുന്ന നക്ഷത്രക്കാർക്ക് മാത്രമല്ല, എല്ലാ നാളുകാർക്കും ചെറുതോ വലുതോ ആയ കാര്യതടസ്സം, മനക്ലേശം എന്നിവ ഗ്രഹണം മൂലം സംഭവിക്കുമെന്നാണ് പൊതുനിരീക്ഷണം.

സൂര്യൻ രാജാവ്, രാഷ്ട്രീയം, ഭരണാധികാരി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹമാണ്. അതിനാൽ സൂര്യഗ്രഹണം രാഷ്ട്രീയപ്രവർത്തകരേയും ഭരണാധികാരികളേയും ബാധിക്കാറുണ്ട്. ഗ്രഹണതീവ്രതയും ഗ്രഹണബന്ധവും അനുസരിച്ച് അവർക്ക് സ്ഥാനഭ്രംശം, തോൽവി, ദുഷ്കീർത്തി എന്നിവ വരാം.

'Mundane Astrology' അഥവാ ഭൗമജ്യോതിഷം മുൻനിർത്തി പരിശോധിച്ചാൽ തുലാം രാശി ചൈന തിബറ്റ്, അർജന്റീന, ആസ്ട്രിയ, കാനഡ തുടങ്ങിയ രാജ്യങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. അവിടെ ആഭ്യന്തരമോ രാഷ്ട്രീയമോ ഒക്കെ ആയ ചില ആകസ്മിക പ്രശ്നങ്ങൾ ഉടലെടുക്കാം എന്നും ഭൗമ ജ്യോതിഷത്തെ പിൻപറ്റി ചൂണ്ടിക്കാണിക്കാവുന്നതാണ്.

Astrology Horoscope Solar Eclipse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: