scorecardresearch
Latest News

1198 തുലാം മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: Thulam Malayalam Month 2022 Horoscope Astrological Predictions

Thulam Malayalam Month 2022 Horoscope Astrological Predictions: തുലാം മാസം എങ്ങനെയായിരിക്കുമെന്ന് സംക്ഷിപ്തമായി അവതരിപ്പിക്കുകയാണ് പ്രമുഖ ജ്യോതിഷ പണ്ഡിതനായ ജ്യോതിഷഭൂഷണം ശ്രീനിവാസ അയ്യർ

1198 തുലാം മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: Thulam Malayalam Month 2022 Horoscope Astrological Predictions
Thulam Malayalam Month 2022 Horoscope Astrological Predictions

Thulam Malayalam Month 2022 Horoscope Astrological Predictions: തുലാമാസം ഒക്ടോബർ 18 ന് ആരംഭിക്കുന്നു. തുലാം മാസത്തിൽ സൂര്യൻ, കേതു എന്നീ ഗ്രഹങ്ങൾ തുലാം രാശിയിൽ സഞ്ചരിക്കുന്നു. തുലാം ഒന്ന് മുതൽ ശുക്രനും, ഒമ്പത് മുതൽ ബുധനും തുലാം രാശിയിൽ പ്രവേശിക്കുന്നു. ചൊവ്വ ഈ മാസം അവസാന ആഴ്ചവരെ മിഥുനം രാശിയിൽ തുടരുന്നുണ്ട്. വ്യാഴം മീനത്തിലും, ശനി മകരത്തിലും, രാഹു മേടത്തിലും തന്നെയാണ്. തുലാം ഒന്നിന് ചന്ദ്രൻ പൂയത്തിലും മാസാന്ത്യത്തിൽ ഒരു വട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യത്തിലുമായി സഞ്ചരിക്കുന്നു.

ഈ ഗ്രഹനില പ്രകാരം ഓരോ നാളുകാരുടെയും 1198 തുലാം മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം നോക്കാം.

Thulam Malayalam Month 2022 Horoscope Astrological Predictions

Aswathy Nakshathra Star Predictions in Malayalam: അശ്വതി

പ്രശ്നങ്ങളെ ധൈര്യപൂർവ്വം എതിരിടും. ആരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന തീരുമാനം മാറ്റം കൂടാതെ പാലിക്കും. ധനപരമായി അത്ര മോശം കാലമല്ല. എന്നാൽ ചെലവും ഉണ്ടാകും. കർമ്മരംഗത്ത് ഉണ്ടായിരുന്ന ചാഞ്ചാട്ടങ്ങൾ അവസാനിച്ച് ഉറച്ച നിലയുണ്ടാവും. സഹോദരരുമായുള്ള ബന്ധത്തിന് ഉലച്ചിൽ വരാം. നാല് ഗ്രഹങ്ങൾ സപ്തമഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ പ്രണയികൾ പ്രണയം തന്നെ വെറുക്കാനിടയുണ്ട്. കുടുംബജീവിതം നയിക്കുന്നവരുടെ ഇടയിൽ അനൈക്യവും ഛിദ്ര പ്രേരണകളുമുണ്ടാവാം. ഏറെ യാത്രകൾക്ക് സാധ്യത കാണുന്നു.

Bharani Nakshathra Star Predictions in Malayalam: ഭരണി

കാര്യതടസ്സങ്ങൾ നീങ്ങും. പുതിയ പദവികൾ ലഭിക്കാം. ഉദ്യോഗത്തിലിരിക്കുന്നവർക്ക് മേലധികാരികളുടെ പിന്തുണ കിട്ടും. കച്ചവടത്തിൽ മുന്നേറ്റം ഉണ്ടാകും. പങ്ക് കച്ചവടത്തിൽ ഏർപ്പെടും. വിദേശ യാത്രയ്ക്കും അനുകൂല സമയമാണ്. അനുരാഗികൾക്ക് പരസ്പര വിശ്വാസം കുറയാം. ദാമ്പത്യത്തിൽ പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. ആരോഗ്യ പരിശോധനകൾ മുടക്കരുത്.

Karthika Nakshathra Star Predictions in Malayalam: കാർത്തിക

വൈകാരികമായി ദുർബലരാവും. കോപവും സന്തോഷവും പരിഭവവും ഒക്കെ വേഗം വന്നുപോകും. ബന്ധുക്കളുടെ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കില്ല. സുഹൃത്തുക്കളെ കാണാൻ വിസമ്മതിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. വിദ്യാർത്ഥികളുടെ കഠിനാധ്വാനം പാഴാവില്ല. ഗാർഹികജീവിതത്തിൽ സമാധാനമുണ്ടാകും. ധനവരവ് വർദ്ധിക്കാം.

Rohini Nakshathra Star Predictions in Malayalam: രോഹിണി

രോഗങ്ങളകന്ന് ആരോഗ്യപുഷ്ടിയുണ്ടാകും. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയും. കുടുംബപ്രശ്നങ്ങൾ കുറയും. രണ്ടിലെ ചൊവ്വ, പരുക്കൻ വാക്കുകൾ പറയാൻ സാഹചര്യം സൃഷ്ടിക്കും. തന്മൂലം ചില കാലുഷ്യങ്ങൾ ഉണ്ടാകാം. രാഷ്ട്രീയക്കാർക്ക് അണികളുടെ പിന്തുണ വർദ്ധിക്കും. കലാകാരന്മാർക്ക് അംഗീകാരം വന്നുചേരും. കിടപ്പ് രോഗികൾക്ക് മരുന്നുകൾ ഫലിക്കുന്നതായി അനുഭവപ്പെടും.

Makayiram Nakshathra Star Predictions in Malayalam: മകയിരം

തൊഴിലിൽ വളർച്ച പ്രകടമാകും. വ്യാപാര-വ്യവസായികൾ നവസംരംഭങ്ങൾ ആരംഭിക്കും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാം. പ്രശ്നപരിഹാരത്തിന് കാലവിളംബമരുത്. നിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകും. ഭൂമിയുടെ ക്രയവിക്രയം ഒരുവിധം നടന്നുകൂടും. ദൂരയാത്രകൾ കരുതലോടെ വേണം. ആരോഗ്യപരമായി അധികം മെച്ചമുള്ള സമയമല്ല. ഹൃദയരോഗികൾ ഏറ്റവും കരുതലെടുക്കണം.

Thiruvathira Nakshathra Star Predictions in Malayalam: തിരുവാതിര

ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഋണബാധ്യതകൾ പരിഹരിക്കും. വാഹനങ്ങൾ മൂലം ചെലവേർപ്പെടാം. ബന്ധുക്കളുടെ പിന്തുണ മൂലം ചില കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തും. വിദ്യാർത്ഥികൾക്ക് കുറച്ചു കൂടി ശ്രദ്ധ വേണ്ട കാലമാണ്. തൊഴിലില്ലാത്തവർക്ക് ശുഭവാർത്തയെ ത്താം. കരാറുകൾ പുതുക്കപ്പെടാം. ആരോഗ്യപരിപാലനത്തിൽ അലംഭാവം പാടില്ല. ജീവിത ശൈലീ രോഗങ്ങളെ കരുതേണ്ടതുണ്ട്.

Punartham Nakshathra Star Predictions in Malayalam: പുണർതം

ഏതു കാര്യവും ചിന്തിച്ച് ചെയ്യുന്നതാവും ഉചിതം. തൊഴിലിൽ തെറ്റായ തീരുമാനങ്ങൾ എടുക്കാനിടയുണ്ട്. ഗാർഹികമായി സ്വസ്ഥതയുണ്ടാവും. സന്താനങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്കകൾ അകലും. ഗുരുസ്ഥാനീയരെ കാണാനും സ്നേഹാനുഗ്രഹങ്ങൾ ലഭിക്കാനും സന്ദർഭം ഉണ്ടാകും. വാഹനം, വൈദ്യുതി, ആയുധം, അഗ്നി ഇവ ഉപയോഗിക്കുമ്പോൾ ജാഗ്രത നഷ്ടപ്പെടുത്തരുത്. പൊതുപ്രവർത്തകർ വെല്ലുവിളികളെ നേരിടും.

Pooyam Nakshathra Star Predictions in Malayalam: പൂയം

പൂർവ്വിക സ്വത്തുക്കൾ അനുഭവിക്കാനാകും. ഉദ്യോഗത്തിൽ അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാകും. ശത്രുക്കൾ അനുരഞ്ജനത്തിനെത്തും. അവിവാഹിതർക്ക് വിവാഹം നടക്കും. അനുരാഗികളുടെ സ്നേഹബന്ധം കൂടുതൽ ഊഷ്മളമാകും. സകുടുംബം തീർത്ഥയാത്ര നടത്തും. കച്ചവടത്തിൽ ലാഭം നേരിയ തോതിൽ ഉയരാം. വിദേശത്ത് പഠനത്തിനോ / ജോലിക്കോ പോകാനുള്ള ശ്രമം വിജയിക്കും.

Ayilyam Nakshathra Star Predictions in Malayalam: ആയില്യം

നാലാം രാശിയിൽ നാലുഗ്രഹങ്ങൾ സംഗമിക്കുന്നതിനാൽ ചില ഗാർഹിക പ്രശ്നങ്ങൾ വർദ്ധിക്കും. ചില കുഴപ്പങ്ങൾ അവസാനിക്കുകയും ചെയ്യും. വീട് പണിയുന്നവർക്ക് പണം വന്നുചേരാത്തതിനാൽ പണി അൽപ്പം നിർത്തി വെക്കേണ്ടി വരാം. പുതുവാഹനങ്ങൾ വാങ്ങാനുള്ള ശ്രമം തടസ്സപ്പെടാം. മാതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അനാവശ്യ ചിന്തകൾക്ക് അറുതിവരുത്തണം. കലഹവാസനയ്ക്ക് കടിഞ്ഞാണിടുകയും വേണം. വളഞ്ഞ വഴികളിലൂടെ ധനാഗമം ഉണ്ടാകാം. സുഹൃത്തുക്കളുടെ പിന്തുണ ഊർജം പകരും.

Makam Nakshathra Star Predictions in Malayalam: മകം

വൈവാഹികം, പ്രണയ സാക്ഷാൽക്കാരം എന്നിവ ഒഴികെ മിക്ക കാര്യങ്ങളും അനുകൂലമാകും. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങൾ അനുകൂലമാകും. സഹോദരർ തർക്കമവസാനിപ്പിച്ച് ഐക്യപ്പെടും. പ്രൊഫഷണലുകൾ സ്വന്തം കർമ്മരംഗത്ത് കുതിച്ച് ചാട്ടം നടത്തും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. വിനോദ പരിപാടികളിൽ സംബന്ധിക്കും. ആത്മീയ സാധനകളിൽ ഒട്ടും താത്പര്യം ഉണ്ടാവില്ല. ബന്ധുക്കളുടെ പിന്തുണ സ്വയം വന്നുചേരും. ഊഹക്കച്ചവടത്തിൽ ലാഭം നേടും. സർക്കാരിൽ ആനുകൂല്യങ്ങൾ സിദ്ധിക്കും.

Pooram Nakshathra Star Predictions in Malayalam: പൂരം

ചിന്താപൂർവമായ ഇടപെടലുകൾ നടത്തി കുടുംബതർക്കങ്ങളിൽ തീർപ്പുണ്ടാക്കും. അധികാര സ്ഥാപനങ്ങളിൽ സ്ഥാനക്കയറ്റം ഉണ്ടാകും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് വായ്പ, സർക്കാർ ധനസഹായം ഇവ കൈവരാം. ആരോഗ്യപ്രശ്നങ്ങൾ അധികരിക്കില്ല. നല്ല സുഹൃത്തുക്കളെ ലഭിക്കാം. പ്രതീക്ഷിച്ച ചില ശുഭസന്ദേശങ്ങൾ പുത്തനുണർവിന് കാരണമാകും. വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം വരാം. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ കാലം പൂർണ്ണമായും അനുകൂലമാണെന്ന് പറയാനാവില്ല. സംഘടനാപാടവം മികവ് നേടും.

Uthram Nakshathra Star Predictions in Malayalam: ഉത്രം

ചിങ്ങക്കൂറുകാരായ ഉത്രം നാളുകാർക്ക് നേട്ടം വർദ്ധിക്കും. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് വിപരീത കാര്യങ്ങളെ എതിർത്ത് മുന്നേറേണ്ടിവരും. പറയുന്നതിന്റെ പൊരുൾ ശ്രോതാവ് ഉൾക്കൊള്ളാത്തത് തെറ്റിദ്ധാരണകൾ ഉയർത്തും. ലക്ഷ്യത്തിലേക്ക് വെച്ച ചുവട് പിൻവലിക്കേണ്ടി വന്നേക്കാം. ധനപരമായി മോശസ്ഥിതി ഉണ്ടാവില്ല. മക്കളുടെ ഭാവികാര്യങ്ങളെക്കുറിച്ച് ചിന്താധീനരാകും. ആരോഗ്യസ്ഥിതി സമ്മിശ്രാവസ്ഥയിലാവും. ചികിത്സാരീതി മാറ്റുന്നതിനെക്കുറിച്ച് വിദഗ്ദ്ധാഭിപ്രായം തേടും. മാസത്തിന്റെ രണ്ടാം പകുതി മുതൽ സ്ഥിതി കുറച്ചൊക്കെ ഗുണപരമാവാം.

Atham Nakshathra Star Predictions in Malayalam: അത്തം

അഷ്ടമ രാഹുവും രണ്ടിലെ കേതുവും സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നത് തുടരും. വാഗ്വാദങ്ങളിൽ കക്ഷിചേരാതിരിക്കുന്നതാണ് കരണീയം. കർമ്മരംഗത്ത് നിലവിലെ സ്ഥിതി വലിയ തോതിൽ മാറാനിടയില്ല. ശനിയുടെ വക്രഗതി തീരുന്നത് ശുഭസൂചനയാണ്. മക്കളുടെ പഠിപ്പ്, ജോലി, വിവാഹ കാര്യം എന്നിവയിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകും. ഗൃഹനിർമ്മാണ കാര്യങ്ങൾ ഇഴഞ്ഞ് നീങ്ങും. ധനസ്ഥിതിയിൽ മുന്നേറ്റമുണ്ടാകാം. കടബാധ്യതയിൽ നിന്നും മോചനം നേടാൻ കിണഞ്ഞ് പരിശ്രമിക്കും.

Chithira Nakshathra Star Predictions in Malayalam: ചിത്തിര

സാഹചര്യങ്ങൾ പതിയെ മാറുന്നത് സന്തോഷമുണ്ടാക്കും. വിദ്യാർത്ഥികൾക്ക് ദിശാബോധം കൈവരും. ഉദ്യോഗസ്ഥർക്ക് അധികാരി കളുടെ ശാസന കേൾക്കേണ്ട സ്ഥിതി സംജാതമാകാം. ദിവസവേതനക്കാർക്ക് തൊഴിൽ ലഭ്യത കുറയില്ല. കരാറുകാർക്ക് കിട്ടേണ്ട കുടിശികകൾ കുറച്ചെങ്കിലും കൈവശം വന്നുചേരുന്നതാണ്. ചിന്തശക്തിയെക്കാൾ വൈകാരികത ഏറുന്ന കാലമാണ്. വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടത് ആരോഗ്യത്തിനും പ്രധാനമാണെന്നത് മറക്കരുത്. ഉപാസനകളിൽ ഒമ്പത്, പത്ത് ഭാവങ്ങളിലായി സഞ്ചരിക്കുന്ന ചൊവ്വ തടസ്സം സൃഷ്ടിച്ചേക്കാം.

Chothi Nakshathra Star Predictions in Malayalam: ചോതി

പ്രശ്നസങ്കീർണമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ശുക്രൻ, കേതു, ബുധൻ, സൂര്യൻ എന്നിങ്ങനെ സ്നേഹവും ദ്വേഷവും കലർന്ന ഗ്രഹങ്ങളാണ് ജന്മരാശിയിൽ ഇടം പിടിച്ചിരിക്കുന്നത്. അതിനാൽ ബന്ധുവാര്, ശത്രുവാര് എന്ന് അറിയാൻ കഴിഞ്ഞെന്നുവരില്ല. ശരിതെറ്റുകളെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മങ്ങലേൽക്കും. ദാമ്പത്യം ഒരു വെല്ലുവിളിയാകാം. ആരോഗ്യ കാര്യത്തിൽ ഏറ്റവും ശ്രദ്ധവേണം. പണവരവ് മോശമാകില്ല. അത് ആവശ്യത്തിന് തന്നെയാണോ ചെലവഴിക്കുന്നതെന്ന് സ്വയം പരിശോധിക്കണം. തിടുക്കത്തിലുള്ള തീരുമാനങ്ങൾ ദോഷഹേതുകമാവാം. ക്ഷമയും സഹിഷ്ണുതയും തന്നെയാണ് രക്ഷാകവചങ്ങളാവുക എന്ന് ഓർക്കുക.

Vishakham Nakshathra Star Predictions in Malayalam: വിശാഖം

പല വിഷയങ്ങളിൽ താൽപ്പര്യമേറും. പലതും തുടങ്ങി വെയ്ക്കുകയും ചെയ്യും. എന്നാൽ മിക്കതും പകുതിവഴിയിലാവാം. പിതാവിനോട് ദ്വേഷിച്ചേക്കാം. വഴിയാത്രകൊണ്ട് വലയാം. ചെലവേറുമെങ്കിലും നല്ല കാര്യങ്ങൾക്കു വേണ്ടിയും ചെലവുണ്ടായത് ആശ്വാസത്തിനിടവരുത്തും. പ്രതിദ്വന്ദ്വികളോട് ഒഴിഞ്ഞുമാറുന്നതാണ് കരണീയം. രോഗങ്ങൾ വരാം. സമയം തെറ്റാതെ ചികിത്സിക്കാൻ അമാന്തിക്കരുത്. കലാവാസന അംഗീകരിക്കപ്പെടും.

Anizham Nakshathra Star Predictions in Malayalam: അനിഴം

പല പദ്ധതികൾ ആസൂത്രണം ചെയ്താലും നടപ്പിലാക്കാൻ കഴിയുന്നവ കുറവായിരിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. തൊഴിലിടത്തിൽ നേട്ടങ്ങൾ വരാം. പഴയ സതീർത്ഥ്യരെ കണ്ടുമുട്ടും. വിദേശയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അതിനവസരം കിട്ടും. വില കൂടിയ ഗൃഹോപകരണങ്ങൾ വാങ്ങും. സർക്കാർ ആനുകൂല്യങ്ങൾ വൈകും. കുടുംബത്തിലെ വയോജനങ്ങളെ സന്ദർശിക്കും. വിദ്യാർത്ഥികൾക്ക് പഠിപ്പിലെ ശ്രദ്ധകുറയും; പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യം കൂടും. വരവുചെലവുകളുടെ അനുപാതം തെറ്റാനിടയുണ്ട്.

Thrikketa Nakshathra Star Predictions in Malayalam: തൃക്കേട്ട

ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. ഗുണമുള്ള പ്രവൃത്തികൾ ചെയ്യും. ശത്രുക്കളുടെ പ്രശംസയ്ക്ക് പോലും പാത്രമാവും. മക്കളുടെ വിവാഹാദി സൽകാര്യങ്ങളിൽ തീരുമാനമുണ്ടാകും. പ്രവാസ ജീവിതം നയിക്കുന്നവർക്ക് സന്തോഷവാർത്തകൾ ലഭിക്കും. സംതൃപ്തമായ കുടുംബജീവിതം തുടരും. ഗൃഹനിർമ്മാണം പുരോഗമിക്കും. അഷ്ടമകുജൻ തടസ്സങ്ങളുണ്ടാക്കിയേക്കാം. ആരോഗ്യപ്രശ്നങ്ങൾ ഉദയം ചെയ്യാം. ജാഗ്രത വേണം, എല്ലാക്കാര്യത്തിലും.

Moolam Nakshathra Star Predictions in Malayalam: മൂലം

ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. പണവരവ് പ്രതീക്ഷിച്ചതിലധി കമാവും. രോഗഗ്രസ്തർക്ക് ആശ്വാസമുണ്ടാകും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടും. കലാരംഗത്തുള്ളവർക്ക് കീർത്തിയും പാരിതോഷികവും കൈവരും. പരിശ്രമങ്ങൾക്ക് ലക്ഷ്യപ്രാപ്തിയു ണ്ടാവും. വിദ്യാഭ്യാസത്തിൽ വ്യക്തമായ മുന്നേറ്റം വന്നെത്തും. കർമ്മരംഗത്ത് അദ്ധ്വാനത്തിനനുസരിച്ച് പ്രതിഫലം കിട്ടും. സർക്കാരിൽ നിന്നും അനുമതിപത്രം, സഹായ ധനം മുതലായവ ലഭിച്ചേക്കും. സുഖാശനം, ഭോഗസിദ്ധി എന്നിവയും ഫലം.

Pooradam Nakshathra Star Predictions in Malayalam: പൂരാടം

ബന്ധുക്കളുടെ പിണക്കം തീരും. സുഹൃത്തുക്കളുടെ പിന്തുണയുണ്ടാവും. മടിച്ച് നിന്ന കാര്യങ്ങൾ ധൈര്യപൂർവ്വം ഏറ്റെടുക്കും. ഉദ്യോഗം, കൃഷി, വ്യാപാരം എന്നിവയിൽ നിലനിന്നുവന്ന കുഴപ്പങ്ങൾ അവസാനിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ചില നല്ലവാർത്തകൾ ശ്രവിക്കും. പൊതുരംഗത്തുള്ളവർക്ക് നേതൃപദവി ലഭിക്കും. നിക്ഷേപങ്ങളിൽ വലിയ ലാഭം പ്രതീക്ഷിക്കാം. ഏഴിലെ ചൊവ്വയുടെ സ്ഥിതി ദാമ്പത്യത്തിൽ അലോസരങ്ങൾ ഉണ്ടാക്കിയേക്കാം.

Uthradom Nakshathra Star Predictions in Malayalam: ഉത്രാടം

ആത്മാർത്ഥത അംഗീകരിക്കപ്പെടും. കർമ്മമേഖലയിൽ കാര്യക്ഷമതയേറും. വിശ്വസ്തരുടെ പിന്തുണയോടെ ചില എതിർശബ്ദങ്ങളെ നേരിടും. മാനസികോല്ലാസത്തിനും വിനോദയാത്രയ്ക്കും സമയം കണ്ടെത്തും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. വാഹനയാത്ര ജാഗ്രതയോടെ വേണം. പണം ആവശ്യത്തിന് വന്നുചേരും. എന്നാൽ ധൂർത്തിനുള്ള സാഹചര്യം ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധക്കുറവ് വരരുത്.

Thiruvonam Nakshathra Star Predictions in Malayalam: തിരുവോണം

കാര്യവിഘ്നം നീങ്ങി , കൃത്യനിർവഹണം ഭംഗിയാക്കും. മുൻപ് കടുത്ത നിലപാടുകൾ കൈക്കൊണ്ടവർ അനുരഞ്‌ജനത്തിനൊരുങ്ങും. സഹപ്രവർത്തകരുടെ പിന്തുണ തൃപ്തികരമായിരിക്കും. നിക്ഷേപവളർച്ച ആശിച്ചതു പോലെയാകും. ചെറുപ്പക്കാർക്ക് പുതിയ തൊഴിൽസാധ്യതകൾ തുറന്നുകിട്ടും. പത്താം ഭാവത്തിലെ ഗ്രഹബാഹുല്യം സൂചിപ്പിക്കുന്നത് ഒന്നിലധികം തൊഴിലുകളിൽ ഏർപ്പെടാൻ സാഹചര്യമുദിക്കുമെന്നാണ്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അന്യനാടുകളിലേക്ക് പോകേണ്ടി വരാം. മാതാവിന്റെ ആരോഗ്യനില സമ്മിശ്രമായിരിക്കും. കമിതാക്കൾക്ക് കാലം അത്ര അനുകൂലമല്ല.

Avittam Nakshathra Star Predictions in Malayalam: അവിട്ടം

കൃത്യമായി ആസൂത്രണം ചെയ്തിരുന്നത് അതുപോലെ നടത്താനാവും. പാതിവഴിയിൽ നിന്നവ പൂർത്തീകരണത്തോടടുക്കും. പിതൃസ്വത്ത് സംരക്ഷിക്കും. അതിൽ നിന്നും ആദായം വരും. കർമ്മമേഖലയിൽ പുതിയ ഉത്തരവാദിത്വങ്ങൾ വന്നെത്തും. പടിഞ്ഞാറൻ ദിക്കിലേക്കുള്ള യാത്രകൾ സഫലമാവും. ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവയിൽ ശ്രദ്ധ പുലർത്തും. ചിലരുടെ ഉപദേശ പ്രകാരം ഒന്നും ചെയ്യാതിരുന്നത് നന്നായി എന്ന് തോന്നും.

Chathayam Nakshathra Star Predictions in Malayalam: ചതയം

രാശിനാഥനായ ശനിയുടെ വക്രഗതി അവസാനിക്കുന്നതിനാൽ ജീവിതത്തിന്റെ മന്ദഗതി മാറും. നവോന്മേഷം വീണ്ടെടുക്കും. പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ സംജാതമാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നതവിജയം നേടാൻ സാധിക്കും. പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകും. സഹായവാഗ്ദാനങ്ങൾ ചിലപ്പോൾ പാഴാകാം. അഞ്ചിലെ ചൊവ്വ മക്കളുടെ കാര്യത്തിൽ ചില ആശങ്കകൾക്ക് വഴിയൊരുക്കാം. നേർവഴികളിലൂടെ ലഭിക്കുന്ന ധനത്തിൽ സന്തോഷിക്കും. തീർത്ഥാടനയോഗവുമുണ്ട്.

Pooruttathi Nakshathra Star Predictions in Malayalam: പൂരുട്ടാതി

ചീത്തക്കൂട്ടുകെട്ടുകൾ അവസാനിപ്പിക്കും. ആത്മവിശ്വാസം വർദ്ധിക്കും. പ്രത്യുല്പന്നമതിത്വത്തോടെ പെരുമാറി എതിരാളികളെ അടിയറവ് പറയിക്കും. ധനവരവ് മോശമാകില്ല. കിടപ്പ് രോഗികൾക്ക് ഭേദപ്പെട്ട കാലമാണ്. കുടുംബപ്രശ്നങ്ങൾ അവസാനിച്ചതിൽ സന്തോഷിക്കും. തൊഴിൽ തേടുന്നവർക്ക് വരുമാനമാർഗം ഉണ്ടാകും. പഠിതാക്കൾ പഠിപ്പിൽ മുന്നേറും. സാമൂഹികമായി അംഗീകാരം ലഭിക്കും.

Uthrattathi Nakshathra Star Predictions in Malayalam: ഉത്രട്ടാതി

അഷ്ടമത്തിലെരവി-ശിഖി യോഗം മൂലം സമ്മർദ്ദങ്ങളെ നേരിടേണ്ടിവരും. ചില പ്രശ്നങ്ങൾ നൂലാമാലകളാകാം. അദ്ധ്വാനം വർദ്ധിക്കും. കൗതുക- ആഡംബര രവസ്തുക്കൾ വാങ്ങാൻ ധാരാളം പണം ചെലവഴിക്കും. മുഖരോഗങ്ങൾ- കണ്ണ്, പല്ല്, ചെവി, മൂക്ക്– ഉപദ്രവിക്കാം. തീരുമാനങ്ങൾ ആലോചിച്ചു വേണം നടപ്പിലാക്കാൻ. കലഹത്തിലും തർക്കത്തിലും തലയിടാതിരിക്കുന്നത് നന്ന്. ആരോഗ്യരക്ഷയിൽ ശ്രദ്ധ വേണം.

Revathi Nakshathra Star Predictions in Malayalam: രേവതി

ക്ഷമയും നിരന്തരമായ പ്രയത്നവും വിജയത്തിലെത്തും. മാറ്റങ്ങളെ ഉൾക്കൊള്ളും, ഒപ്പം പാരമ്പര്യത്തിലധിഷ്ഠിത ജീവിതം നയിക്കും. അവിവാഹിതർക്ക് വിവാഹയോഗമുണ്ട്. തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാകും. മക്കളുടെ ഭാവിശ്രേയസ്സിനായി സാമ്പത്തിക നിക്ഷേപങ്ങൾ നടത്തും. കച്ചവടത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരും. കലാപരമായ സിദ്ധികൾ പുറംലോകമറിയും. ചില സഞ്ചാരങ്ങൾ നേട്ടങ്ങൾ നൽകണമെന്നില്ല. ആരോഗ്യ പരിരക്ഷയിൽ അലസതയരുത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Thulam malayalam month 2022 horoscope astrological predictions