scorecardresearch

Weekly Horoscope Apr 27- May 03: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

Weekly Horoscope, April 27 - May 03: ഏപ്രിൽ 27 ഞായർ മുതൽ മേയ് 03 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, April 27 - May 03: ഏപ്രിൽ 27 ഞായർ മുതൽ മേയ് 03 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscopeആദിത്യൻ മേടം രാശിയിൽ ഭരണി ഞാറ്റുവേലയിലാണ്. ഏപ്രിൽ 27 ഞായറാഴ്ച അമാവാസി. പിറ്റേന്നു മുതൽ ചന്ദ്രൻ വെളുത്ത പക്ഷത്തിൽ സഞ്ചരിക്കുന്നു. അന്നുമുതൽ വൈശാഖമാസം ആരംഭിക്കുകയാണ്.
          
ശനി മീനം രാശിയിലാണ്. ഏപ്രിൽ 28ന് വെളുപ്പിന് പൂരൂരുട്ടാതിയിൽ നിന്നും ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. രാഹു മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ചൊവ്വ കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. 
        
ബുധൻ നീചക്ഷേത്രമായ മീനം രാശിയിൽ സ്വന്തം നക്ഷത്രമായ രേവതിയിലാണ്. ശുക്രനും ഉച്ചരാശിയായ മീനത്തിലുണ്ട്. ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. നവഗ്രഹങ്ങളുടെ രാശിസ്ഥിതി, നക്ഷത്രസ്ഥിതി ഇവ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം അപഗ്രഥിക്കുന്നു.

Advertisment

അശ്വതി

വാരം ആരംഭിക്കുന്നത് അശ്വതി നാളിലാണ്. ജന്മനക്ഷത്രത്തിൽ കറുത്തവാവ് വരുകയാൽ ശുഭാരംഭം ഒഴിവാക്കണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ സുഹൃൽ സമാഗമം, ഗൃഹസന്തോഷം, പ്രവർത്തന മേഖലയിൽ സംതൃപ്തി ഇവയുണ്ടാവാം. വാരമധ്യ ദിവസങ്ങളിൽ ജോലിഭാരം കൂടാനിടയുണ്ട്. ഏകോപനം എളുതാവില്ല. മനസ്സന്തോഷം കുറയുന്നതായിരിക്കും. മുൻപത്തെ ചില പ്രവർത്തികളോർത്ത് വേണ്ടിയിരുന്നില്ലെന്ന തോന്നൽ ഉണ്ടായേക്കാം. എന്നാൽ സാമ്പത്തികമായി മോശമാവില്ല. വെള്ളി, ശനി ദിവസങ്ങളിൽ മെച്ചെപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം.

ഭരണി

ഗുണാനുഭവങ്ങൾ കുറയില്ല. ഗൃഹത്തിൽ സമാധാനമുണ്ടാവും. വിരുന്നുകൾ നടത്തും. അല്ലെങ്കിൽ അവയിൽ പങ്കെടുക്കും. ഇഷ്ടപ്പെട്ടവരുമായി സാമീപ്യസല്ലാപാദികൾക്ക് സന്ദർഭമുണ്ടാവും. വസ്ത്രാഭരണാദികൾ വാങ്ങുന്നതാണ്. ആരോഗ്യത്തിൽ തൃപ്തിയനുഭവപ്പെടും. വാരമധ്യത്തിലെ രണ്ടുമൂന്നു ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. മനക്ലേശം ഭവിക്കാം. ഉറക്കം തടസ്സപ്പെടും. വാരാന്ത്യദിനങ്ങളിൽ അപ്രതീക്ഷിത സഹായം ലഭിക്കും. ശുഭവാർത്തകൾ കേൾക്കുന്നതാണ്. ഭാവിയെക്കുറിച്ച് കുടുംബവുമായി ആലോചിക്കാനാവും. ചിലരെ സാന്ത്വനിപ്പിക്കാൻ സന്ദർഭം ലഭിക്കുന്നതാണ്.

കാർത്തിക

ജന്മനക്ഷത്രാധിപൻ ആദിത്യൻ ഉച്ചത്തിൽ സഞ്ചരിക്കുന്നതിനാൽ വ്യക്തിപ്രഭാവം ഉയരുന്നതാണ്. തൊഴിലിടത്തിൽ പദവിക്കുപരി സ്വാധീനവും അധികാരവുമുണ്ടാവും. ഒപ്പമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നൈപുണ്യം പുലർത്തുന്നതാണ്. ആലോചന യോഗങ്ങളിൽ വാക്കുകൾ വിലമതിക്കപ്പെടും. ബിസിനസ്സ് യാത്രകളാൽ പ്രയോജനം ഭവിക്കും. കുടുംബത്തിലെ യുവതലമുറയുമായി ദൃഢബന്ധം സ്ഥാപിക്കുന്നതാണ്. ധനോന്നതിയുണ്ടാവും. വിരുന്നുകൾ, മംഗളവേളകൾ ഇവയിൽ സംബന്ധിക്കും.

Advertisment

രോഹിണി

സ്വന്തം കാര്യം കൂടുതൽ ചിന്തിക്കും. സ്വർത്ഥത അറിഞ്ഞോ അറിയാതെയോ ഏറും. ന്യായമായ ആഗ്രഹങ്ങൾ തടസ്സപ്പെടില്ല. വാരാദ്യം  ചന്ദ്ര സഞ്ചാരം പന്ത്രണ്ടാം രാശിയിലാകയാൽ ചെലവേറാം. അനിഷ്ടന്മാരെ ആശ്രയിക്കാനിടയുണ്ട്. യാത്രാക്ലേശത്തിനും സാധ്യത കാണുന്നു. വാരമധ്യത്തിലെ ദിവസങ്ങളിൽ തൊഴിലിടത്തിൽ സംതൃപ്തിയുണ്ടാവും. തീരുമാനിച്ച കാര്യങ്ങൾ നിർവ്വഹണത്തിൽ എത്തിക്കുവാൻ കഴിയും. കുടുംബസുഖം, ഇഷ്ടഭക്ഷണയോഗം ഇവ പ്രതീക്ഷിക്കാം. വേതനാദികൾക്ക് പുറമേ കൈവായ്പകൾ, മുൻകൂർ തുക എന്നിവയും കൈവശമെത്താം. വെള്ളി, ശനി ദിവസങ്ങളിൽ ആലസ്യമുണ്ടാവും.

മകയിരം

ബുദ്ധിയുണർന്ന് പ്രവർത്തിക്കും. ഏകാഗ്രത ഭംഗപ്പെടില്ല. സമയനിഷ്ഠ, കൃത്യനിർവ്വഹണം ഇവയിൽ നിർബന്ധശീലം പുലർത്തുന്നതിനാൽ ശത്രുക്കൾ കൂടിക്കൊണ്ടിരിക്കും. വിളംബ കാലത്തിലായിരുന്ന കലാപ്രവർത്തനങ്ങൾ വേഗഗതിയിലാവും. അവസരങ്ങൾ തെരഞ്ഞെടുക്കും. വാഹനം മാറ്റി വാങ്ങാനുള്ള ശ്രമം വിജയം കാണും.  പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ ശ്രമം തുടരുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. മകൻ്റെ ആവശ്യങ്ങൾ സമ്മർദ്ദമുണ്ടാക്കാം. വാരാദ്യത്തിലെ പിരിമുറുക്കത്തിന് ക്രമേണ അയവുണ്ടാവും.

തിരുവാതിര

വാക്കിലും കർമ്മത്തിലുമെല്ലാം ആത്മവിശ്വാസം നിറയും. ചുമതലകൾ നിർവഹിക്കുന്നതിൽ വിജയിക്കുന്നതാണ്. കർമ്മരംഗം പുഷ്ടിപ്പെട്ടേക്കും. മേലധികാരകൾ പ്രീതരാവുന്നതാണ്. നേതൃപദവിയിൽ സഹപ്രവർത്തകർ പിന്തുണയ്ക്കും. ട്രാൻസ്ഫർ പ്രതീക്ഷിക്കുന്നവർ നിരാശപ്പെടില്ല. കുടുംബത്തോടൊപ്പം ലഘുയാത്രകൾക്ക് അവസരം ഭവിക്കുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഡ്യൂട്ടി അനുകൂല ഷിഫ്റ്റിലേക്ക് മാറും. ചൊവ്വ രണ്ടിൽ തുടരുന്നതിനാൽ ധനാഗമത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടാം.

പുണർതം

തൊഴിൽ തടസ്സങ്ങളെ മറികടക്കുന്നതാണ്.  നീതിയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. കരാർ പണികൾ നീട്ടിക്കിട്ടും. സർക്കാരിൽ നിന്നുള്ള കാര്യങ്ങൾ സുഗമമാവും. ബിസിനസ്സുകാർക്ക് ധാരാളം പുതിയ ഓർഡറുകൾ ലഭിക്കുന്നതാണ്. മനസ്സിനെ ബാധിച്ച വിഷമങ്ങൾ അകലാം. വാഹനം, വീട് ഇവയ്ക്ക് പുതുമോടിവരുത്തും. പിതാവിൻ്റെ രോഗാവസ്ഥ തൃപ്തികരമാവും. ആശുപത്രീവാസം അനുഭവിക്കുന്നവർക്ക് വീട്ടിൽ പോകാനായേക്കും.

Also ReadWeekly Horoscope (April 27 - May 03, 2025): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

പൂയം

ആദിത്യൻ അനുകൂലനാവുകയാൽ തൊഴിൽ രംഗത്ത് പുരോഗതി വരും. ചുമതലകൾ ശുഷ്ക്കാന്തിയോടെ നിർവഹിക്കുന്നതാണ്. മനസ്സ് കൂടുതൽ സർഗാത്മകമാവും. കലാപഠനത്തിൽ ശ്രദ്ധ പുലർത്തും. ഓൺലൈൻ ആയി ചെയ്തുവരുന്ന വ്യാപാരം വിപുലീകരിക്കും. ഞായർ മുതൽ വ്യാഴം വരെ കൂടുതൽ ഗുണാനുഭവങ്ങൾ വന്നെത്തുന്നതാണ്. കുടുംബ ക്ഷേത്ര ദർശനം സാധ്യമാവും. സ്വന്തം പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന സന്ദർഭങ്ങൾ സംജാതമാകുന്നതാണ്. ഒപ്പമുള്ളവരുടെ അനാരോഗ്യ പ്രവണതകളെ ചൂണ്ടിക്കാട്ടും. ചൊവ്വ ജന്മനക്ഷത്രത്തിൽ തുടരുന്നതിനാൽ എല്ലാക്കാര്യങ്ങളിലും ശ്രദ്ധ പുലർത്തണം.

ആയില്യം

പ്രവർത്തിക്കാൻ ഉത്സാഹമുണ്ടാവും. പുതിയ കാര്യങ്ങൾ പുതുതലമുറയിൽ നിന്നും ഗ്രഹിക്കും. ഗൃഹനിർമ്മാണത്തിന് ആവശ്യമായ അനുമതി സർക്കാരിൽ നിന്നും നേടുന്നതാണ്. ദൂരദിക്കിലേക്ക് ഉദ്യോഗമാറ്റമില്ലെന്ന വിവരം ലഭിക്കുന്നത് ആശ്വാസമുണ്ടാക്കും. ധനപരമായി മെച്ചമുണ്ടാവും. വ്യാപാരാവശ്യങ്ങൾക്ക് യാത്ര വേണ്ടിവന്നേക്കും. രോഗഗ്രസ്തനായ ബന്ധുവിനെക്കണ്ട് സഹായധനം നൽകും. അയൽ തർക്കങ്ങൾ സ്വയം പരിഹരിക്കും. ജന്മരാശിയിൽ ചൊവ്വ തുടരുന്നതിനാൽ മനക്ഷോഭം സാധ്യതയാണ്. വ്യായമം മുടക്കരുത്. ഉപഭോക്താവിൻ്റെ താത്പര്യം പരിഗണിക്കുമെങ്കിലും ഗുണനിലവാരത്തിൽ അനുരഞ്ജനത്തിന് മുതിരില്ല.

മകം

രാശിനാഥനായ ആദിത്യൻ്റെ ഉച്ചസ്ഥിതി മൂലം സമൂഹത്തിൻ്റെ ആദരവിന് പാത്രമാകും. പിതാവിൽ നിന്നും സഹായധനം ലഭിക്കുന്നതാണ്. മനസ്സിന് ഉന്മേഷം അനുഭവപ്പെടും. ന്യായമായ ആഗ്രഹങ്ങൾ സഫലമാവുന്നതാണ്. ലഘുപ്രയത്‌നം കൊണ്ടുതന്നെ വലിയ കാര്യങ്ങൾ പലതും നേടാനാവും. ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരം ലഭ്യമായേക്കും. അതുസംബന്ധിച്ച അറിയിപ്പ് കിട്ടും. ബന്ധുക്കളുടെ ഇടയിലെ പിണക്കം പറഞ്ഞുതീർക്കുവാൻ കഴിയും.  നവസംരംഭങ്ങളിൽ നിന്നും ലാഭം വന്നുതുടങ്ങും.

പൂരം

നക്ഷത്രേശനായ ശുക്രൻ ഉച്ചസ്ഥിതി പുലർത്തുകയാൽ കാര്യനിർവഹണത്തിന് മുൻപ് ഉണ്ടായിരുന്ന തടസ്സം ഇപ്പോൾ ഉണ്ടാവില്ല. സ്ത്രീകൾ, സുഹൃത്തുക്കൾ എന്നിവരുടെ പിന്തുണ കൈവരും. സഹപ്രവർത്തകർ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ആദിത്യൻ ഉച്ചസ്ഥനായി തുടരുന്നതിനാൽ ഭാഗ്യാനുഭവങ്ങൾ വന്നുചേരാം. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ആദായം വരും. രോഗഗ്രസ്തർക്ക് പാരമ്പര്യ ചികിൽസ ഫലപ്രദമാവും. ഏജൻസികളിലൂടെ വരുമാനം കൂടുന്നതാണ്. ഭൂമി സംബന്ധിച്ച വ്യവഹാരം  കോടതിക്കു പുറത്തുവെച്ച് ഒത്തുതീർക്കും.

ഉത്രം

സത്യാവസ്ഥ ബോധിപ്പിച്ചാലും ഒപ്പമുള്ള ചിലർക്ക് യാഥാർത്ഥ്യം തിരിയില്ല.  വീട്ടിനടുത്തേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് കൈവശമെത്താൻ വൈകും. പിതൃ-പുത്രബന്ധത്തിൽ രമ്യത അനുഭവപ്പെടും. കുടുംബ ക്ഷേത്രത്തിലെ നവീകരണത്തിന് ധനസമാഹരണം തുടങ്ങുന്നതാണ്. സാഹിത്യം, കല ഇവയിൽ അഭിനിവേശം വർദ്ധിക്കും. വാരാദ്യദിനങ്ങളിൽ മനക്ലേശത്തിനിടയുണ്ട്. അധികച്ചെലവ് നിയന്ത്രിക്കാൻ കഴിയും. ജീവിത പങ്കാളി തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന് സർക്കാരിൻ്റെ അനുമതി ലഭിക്കുന്നതാണ്.

അത്തം

സ്വതസ്സിദ്ധമായ പ്രവർത്തനശൈലി അംഗീകരിക്കപ്പെടും. ഉദ്യോഗസ്ഥർ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുകയാൽ മേലധികാരികളുടെ അഭിനന്ദനം നേടും. സ്വകാര്യ സ്ഥാപനത്തിൽ ജോലിഷിഫ്റ്റ് കുറഞ്ഞൊന്ന് അസൗകര്യപ്രദമായ സമയത്തേക്കാവും. കമ്പനികളുമായുള്ള വ്യാപാരക്കരാറുകൾ പുതുക്കാൻ കഴിയുന്നതാണ്. പഴയവീട് പുതുക്കാനായി ശ്രമം തുടങ്ങും. മകൻ്റെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കില്ല. ആദർശവും പ്രായോഗികതയും പൊരുത്തപ്പെടുത്താൻ ആകാതെ വിഷമിക്കുന്നതാണ്. ഞായർ, തിങ്കൾ ദിനങ്ങൾക്ക് മേന്മ കുറയും.

ചിത്തിര

പ്രയത്‌നം ഫലം കാണുന്നതാണ്. കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കും. നക്ഷത്രാധിപന് നീചമുളളത് ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. ചില കാര്യങ്ങളിൽ മറവിയുണ്ടാവും. പുതുവാഹനം വാങ്ങാനുള്ള ശ്രമം നീളുന്നതാണ്. സഹോദരന്മാരുമായി അഭിപ്രായ ഭിന്നത രൂപപ്പെടാനിടയുണ്ട്. മാധ്യസ്ഥ ശ്രമങ്ങൾ ഫലിക്കണമെന്നില്ല. വേലി/മതിൽ കെട്ടാനോ മറ്റോ ആയി ഭൂമി സംബന്ധമായ ചെലവേർപ്പെടാം. ഈശ്വര കാര്യങ്ങൾക്ക് സമയം കണ്ടെത്തും. 
വിദേശത്തുള്ളവർക്ക് തൊഴിൽ തടസ്സങ്ങൾ അകലുന്നതാണ്.

ചോതി

സാമാന്യം അനുകൂലമായ ആഴ്ചയാണ്. പലനിലയ്ക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യുവാനവസരം കിട്ടും. അലച്ചിലുണ്ടായാലും ബിസിനസ്സിൽ പുരോഗതി ദൃശ്യമാവുന്നതാണ്. ശത്രുക്കൾ ഇണങ്ങരാവും. പൂർവ്വിക സ്വത്ത് ലഭിക്കുന്ന കാര്യത്തിലെ തടസ്സങ്ങൾ ഒഴിയാം. പ്രണയ ബന്ധത്തിൽ മനക്ലേശത്തിന് സാധ്യത കാണുന്നു. മേലധികാരികളുടെ തെറ്റ് ചൂണ്ടിക്കാണിച്ച് വിരോധം സമ്പാദിക്കും. ജീവകാരുണ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കരുതലുണ്ടാവണം. 

വിശാഖം

സംഘടനാരംഗത്തെ ഏകോപനസിദ്ധി അഭിനന്ദിക്കപ്പെടും. തൊഴിൽ മേഖലയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഫലവത്തായേക്കും. വായ്പകൾ സമയബന്ധിതമായി തിരിച്ചടയക്കുന്നതാണ്. ബന്ധുസമാഗമം സന്തോഷമുണ്ടാക്കും. വിദ്യാർത്ഥികളുടെ ഉപരി വിദ്യാഭ്യാസത്തിൽ അവ്യക്തത തുടരാം. വാഗ്ദാനങ്ങൾ നിറവേറ്റാൻ കിണഞ്ഞു ശ്രമിക്കുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിൽപരമായി ആശ്വാസമുണ്ടാവും. വിനോദയാത്ര വിജയകരമായി പൂർത്തിയാക്കും. കുടുംബ ജീവിതത്തിൽ സമാധാനം നിലനിൽക്കുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയാം.

അനിഴം

നിശ്ചയദാർഢ്യം പ്രവർത്തനത്തിൽ നിറയുന്നതാണ്. ഏറ്റെടുത്ത ദൗത്യങ്ങളിലെ ഉത്തരവാദിത്വം ശ്ലാഘിക്കപ്പെടും. നവസാങ്കേതിക പരിജ്ഞാനം സഹപ്രവർത്തകർക്ക് പകർന്നുകൊടുക്കും. സാമ്പത്തിക കാര്യത്തിൽ മെച്ചമുണ്ടാവുന്നതാണ്. വിദ്യാർത്ഥികൾക്ക് കലാപരമായ പരിശീലനം ലഭിക്കുന്നതിന് അവസരം വന്നെത്തും. മാർക്കറ്റിംഗ് മേഖല, ഏജൻസി, കരാർ പണികൾ ഇവകളിൽ ശോഭിക്കുവാനാവും. രാശിനാഥനായ ചൊവ്വയ്ക്ക് നീചം വന്നതിനാൽ അനാവശ്യമായി ക്ഷോഭിച്ചേക്കാം. വീടുപണിയിൽ തടസ്സം വരാനിടയുണ്ട്.

തൃക്കേട്ട

പത്താം ഭാവാധിപൻ്റെ ഉച്ചസ്ഥിതിയാൽ തൊഴിലിൽ ഉയർച്ചയുണ്ടാവും. അടുക്കും ചിട്ടയും പുലർത്തുന്നതാണ്. ഉന്നതാധികാരികളുടെ പ്രീതി നേടുവാനാവും. നക്ഷത്രനാഥനായ ബുധൻ നീചരാശിയിലാണെങ്കിലും സ്വനക്ഷത്രമായ രേവതിയിൽ സഞ്ചരിക്കുന്നത് ബൗദ്ധിക നേട്ടത്തിന് കാരണമാകുന്നതാണ്. ജന്മനാട്ടിലെ ഉത്സവത്തിൽ സജീവമാകും. പൊതുജനമധ്യത്തിൽ സ്വീകാര്യത വരും. മറ്റുള്ളവർ മടിച്ചുനിൽക്കുന്ന കാര്യങ്ങൾ ഏറ്റെടുക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് ആകയാൽ കരുതൽ വേണ്ടതുണ്ട്.

മൂലം

പ്രതീക്ഷിച്ച പല കാര്യങ്ങളും വൈകി ചെയ്യാനാവും. മനസ്സുഖം സമ്മിശ്രമായിരിക്കും.  ധനാഗമം മോശമാവില്ല. ആഢംബരത്തിന് ചെലവേറുന്നതാണ്. ഗൃഹമോ വാഹനമോ മോടിപിടിപ്പിക്കും. ബന്ധുക്കളുമായി വാക്കുതർക്കത്തിൽ ഏർപ്പെടാനിടയുണ്ട്.  ഭൂമി വാങ്ങാവാനുള്ള തീരുമാനം കുടുംബത്തിൽ ചർച്ചചെയ്യുന്നതാണ്. അന്യദിക്കുകളിൽ കഴിയുന്നവർക്ക് ജന്മനാട്ടിൽ വരാൻ സന്ദർഭമുണ്ടാവും. ധാർമ്മിക കാര്യങ്ങൾ നടത്താൻ അവസരം ലഭിക്കുന്നതാണ്. വാരാദ്യ ദിവസങ്ങൾക്ക് ഗുണം കുറയാനിടയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ ശുഭവാർത്തയുണ്ടാവും.

പൂരാടം

നൈതികമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ മടിക്കില്ല. പൊതുപ്രവർത്തനത്തിൽ ഉന്മേഷം ഉണ്ടാവും. സാഹചര്യങ്ങൾക്ക് അനുസരിച്ച് മനോനില മാറി മറിയാം. നിദ്രാഭംഗമോ വിശ്രമരാഹിത്യമോ ദേഹസുഖക്കുറവോ ഉണ്ടാവും. നക്ഷത്രനാഥനായ ശുക്രനും ഭാഗ്യാധിപനായ ആദിത്യനും ഉച്ചത്തിൽ തുടരുന്നത് ഗുണാനുഭവങ്ങൾക്കും കാരണമാകും. ആടയാഭരണങ്ങൾ പാരിതോഷികമായി ലഭിക്കുന്നതാണ്. വിരുന്നുകളിലും മംഗളകർമ്മങ്ങളിലും ബഹുമാന്യത ലഭിക്കും. വാരാദ്യ ദിവസങ്ങളിലേ ആശയക്കുഴപ്പത്തിന് ശേഷം അനുകൂല ഫലങ്ങളുണ്ടാവും.

ഉത്രാടം

ഏതു പ്രതിസന്ധിയിലും ആത്മശക്തി ചോരില്ല. നിലപാടുകളിൽ ഉറപ്പുണ്ടാവും. മുഖം നോക്കാതെ അഭിപ്രായം വ്യക്തമാക്കുന്നതാണ്.  വിപണനതന്ത്രം ഫലം കണ്ടുതുടങ്ങും. വീട്ടിൽ കൂടുതൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ചേക്കും. കിടപ്പുരോഗിയായ  മാതാവിൻ്റെ ആരോഗ്യത്തിൽ തൃപ്തിയുണ്ടാവും. ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം നടത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. സമ്മേളനം, വിനോദം മുതലായ പരിപാടികളിൽ സംബന്ധിക്കാനിടയുണ്ട്. ഹൃദയ രോഗമുള്ളവർക്ക് വിദഗ്ദ്ധ ചികിൽസ കിട്ടുന്നതാണ്. ബുധനാഴ്ച തൊട്ട് കൂടുതൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.

തിരുവോണം

തൃപ്തിയും അതൃപ്തിയും കലരുന്ന വാരമായിരിക്കും. ബന്ധുക്കളുടെ വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കാം. സുഹൃത്തുക്കളുടെ ചില നിർബന്ധങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിക്കേണ്ടി വരുന്നതാണ്.  ആരോഗ്യപരമായി സൗഖ്യം കുറയാനിടയുണ്ട്. സ്ത്രീകളുടെ സാന്ത്വനവും പിന്തുണയും ലഭിക്കുന്നതാണ്. വ്യാപാരത്തിൽ നിന്നും മുതൽമുടക്കിന് അനുസരിച്ചുള്ള ആദായം  കിട്ടിയേക്കില്ല. മകൻ്റെ ശീലങ്ങളോട് പൊരുത്തപ്പെടുക ദുഷ്കരമാവും. വ്യാഴം മുതൽ ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതാണ്.

അവിട്ടം

ആത്മാർത്ഥത പ്രതീക്ഷിച്ചവരിൽ നിന്നും മോശം അനുഭവമാവും ലഭിക്കുക. സഹപ്രവർത്തകരുമായി തർക്കം ഉടലെടുക്കാനിടയുണ്ട്. ഔദ്യോഗികമായ കണക്കുകൾ  സൂക്ഷിക്കാൻ മറക്കരുത്. അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതുണ്ട്. പ്രധാന തീരുമാനങ്ങളിൽ കുടുംബക്കാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക അഭികാമ്യം. മകരക്കൂറുകാർക്ക് പ്രണയത്തിൽ ശൈഥില്യം വരാം. കുംഭക്കൂറുകാർക്ക് എതിർപ്പുകളെ പ്രതിരോധിക്കാനാവും. ഉന്നതാധികാരികളുടെ പ്രശംസ ലഭിച്ചേക്കും.

ചതയം

ആദർശം പറയുമെങ്കിലും പ്രായോഗികതയാണ് മുന്നിലുണ്ടാവുക. രോഗക്ലേശങ്ങളുള്ളവർക്ക് സൗഖ്യം ഭവിക്കുന്നതാണ്.. സഹോദരാനുകൂല്യം പ്രതീക്ഷിക്കാവുന്ന സന്ദർഭമാണ്. ഇഷ്ടഭക്ഷണയോഗം, വിശ്രമം, ഭോഗസൗഖ്യം ഇവയുണ്ടാവും. വാക്കുകളിൽ നേർമ്മ കുറയാനിടയുണ്ട്. ബിസിനസ്സ് തന്ത്രങ്ങൾ ഫലവത്താകും. നിക്ഷേപങ്ങൾ പുതുക്കുന്നതാണ്. അനാവശ്യമായിട്ടുള്ള തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നത് കരണീയം.  സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട രേഖകളും മറ്റും കിട്ടും. കലാസപര്യ കൊണ്ട് സാമ്പത്തിക പ്രയോജനം കിട്ടിയേക്കില്ല.

പൂരൂരുട്ടാതി

ക്ഷമാശീലം പരീക്ഷിക്കപ്പെടും. ജന്മനക്ഷത്രത്തിൽ രാഹു തുടരുന്നുവെങ്കിലും ശനി തിങ്കളാഴ്ച രാവിലെ ഉത്രട്ടാതിയിൽ സംക്രമിക്കുന്നുണ്ട്. മാനസിക സംഘർഷം കുറയാം. എന്നാൽ വാക്കുകളിൽ ശ്രദ്ധയുണ്ടാവണം. നേര് പറഞ്ഞാലും നുണയെന്ന തോന്നൽ ശ്രോതാവിനുണ്ടാവും. ജോലിക്കാര്യത്തിൽ ഔത്സുക്യം കുറയാൻ സാധ്യതയുണ്ട്. ചുമതലകൾ ചെയ്യാൻ പകരക്കാരെ ആശ്രയിക്കുന്നതു മൂലം കഷ്ടനഷ്ടങ്ങൾ വരാം. ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കപ്പെടാം. ശുക്രൻ്റെ സാന്നിധ്യം ഭോഗസുഖങ്ങൾ നൽകുന്നതാണ്. ഉപരിപഠനകാര്യത്തിൽ അവ്യക്തത തുടരുന്നതായിരിക്കും.

ഉത്രട്ടാതി

ജന്മശനി, ജന്മനക്ഷത്രമായ ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. ശനി, ഗുണമായാലും ദോഷമായാലും ഉടനെ ഫലം നൽകുന്ന ഗ്രഹമല്ല. എങ്കിലും കാര്യതടസ്സം ഉള്ളതായി തോന്നിയേക്കും. ലക്ഷ്യത്തിലെത്താൻ പുനർപരിശ്രമങ്ങൾ ആവശ്യമാവും. അഹിതങ്ങളായ ഉപദേശങ്ങൾക്ക് ചെവികൊടുക്കേണ്ട സ്ഥിതിയുണ്ടായേക്കും.  ശ്രമിച്ചാലും ധൂർത്ത് ഒഴിവാക്കാൻ കഴിഞ്ഞേക്കില്ല. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ കാലവിളംബം ഉണ്ടാവുന്നതാണ്. പ്രണയികൾക്ക് സന്തോഷാനുഭവം പ്രതീക്ഷിക്കാം. വസ്തുവിൽക്കുന്നതിലെ തടസ്സം നീങ്ങിയേക്കില്ല.

രേവതി

സുവ്യക്തമായ ചിന്തകളോ കൃത്യമായ ആസൂത്രണമോ ഉണ്ടായേക്കില്ല. പലപ്പോഴും "വന്നപാട് ചന്തം" എന്ന മട്ടിൽ പ്രവർത്തിക്കേണ്ടി വന്നേക്കും. ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടപ്പെടും. സമൂഹമാധ്യമങ്ങളുടെ തെറ്റായ സ്വാധീനത്തിന് വിധേയരാവാനിടയുണ്ട്. വ്യാപാരത്തിലെ മാന്ദ്യത്തിന് തെല്ല് ഉപശമനം വന്നേക്കും. കൃത്യനിർവഹണത്തിൽ പരാശ്രയത്വം ഉണ്ടാവാനിടയുണ്ട്. ആരോഗ്യ ജാഗ്രത അനിവാര്യമായ കാലഘട്ടമാണെന്നത് ഓർമ്മിക്കണം. കലാകാരന്മാർക്ക് അവസരങ്ങൾ തേടിവരുന്നതാണ്. ദൂരയാത്രകൾക്ക് തയ്യാറെടുക്കും. ഉപാസനാദികൾക്ക് മുടക്കം വരാം.

Read More:

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: