/indian-express-malayalam/media/media_files/2025/01/11/SX0npY1XEdl1OJtmCkB6.jpg)
Source: Freepik
കൊളസ്ട്രോൾ പ്രശ്നങ്ങളുള്ളവർക്ക് മുട്ട കഴിക്കാൻ ഭയമാണ്. മുട്ട കഴിച്ചാൽ കൊളസ്ട്രോൾ ഉയരുമോയെന്ന് അവർ ആരോഗ്യ വിദഗ്ധരോട് എപ്പോഴും ചോദിക്കാറുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ അഥവാ മോശം കൊളസ്ട്രോൾ ഉയരുമെന്നതിനാൽ മുട്ട അമിതമായി കഴിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകാറുണ്ട്. മുട്ടയും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമീപകാല ഗവേഷണങ്ങൾ കൂടുതൽ വിവരങ്ങൾ നൽകുന്നുണ്ട്.
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. ഒരു വലിയ മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്, ഇതെല്ലാം മഞ്ഞക്കരുവിലാണ് കാണപ്പെടുന്നത്. മുട്ട പോലുള്ള കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവിൽ വലിയ സ്വാധീനം ചെലുത്തുന്നില്ലെന്ന് ഇപ്പോൾ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കരൾ സ്വാഭാവികമായും കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്നു. ഭക്ഷണത്തിലൂടെ കൊളസ്ട്രോൾ അളവ് വർധിക്കുമ്പോൾ കരൾ ഉത്പാദനം കുറയ്ക്കുന്നു.
മുട്ടകളിലെ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകില്ല. പകരം, ജനിതകശാസ്ത്രം, ഭക്ഷണത്തിലെ കൊഴുപ്പുകളുടെ തരങ്ങൾ (പ്രത്യേകിച്ച് ട്രാൻസ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും), ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
ദിവസവും മുട്ട കഴിക്കുന്നത് കൊളസ്ട്രോളിനെ ബാധിക്കുമോ?
ദിവസവും ഒരു മുട്ട എന്നത് മിക്ക ആളുകൾക്കും സുരക്ഷിതമാണെന്നും രക്തത്തിലെ കൊളസ്ട്രോളിൽ കാര്യമായ മാറ്റം വരുത്തുകയോ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും ഒന്നിലധികം പഠനങ്ങൾ സൂചിപ്പിക്കുന്നു. എല്ലാവർക്കും ഇത് ഒരുപോലെ ആകണമെന്നില്ല. ചിലരിൽ മുട്ട ഉൾപ്പെടെയുള്ള കൊളസ്‌ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവരിൽ എൽഡിഎൽ കൊളസ്‌ട്രോൾ അളവിൽ ഗണ്യമായ വർധനവ് അനുഭവപ്പെടാം. ശരീരം കൊളസ്‌ട്രോൾ കൈകാര്യം ചെയ്യുന്ന രീതിയെ സ്വാധീനിക്കുന്ന ജനിതക ഘടകങ്ങളാണ് ഇതിന്റെ പ്രധാന കാരണം. കൊളസ്ട്രോൾ ഉള്ളവരോ അല്ലെങ്കിൽ ഹൃദ്രോഗമുള്ളവരോ മുട്ട കഴിക്കുമ്പോൾ ജാഗ്രത പാലിക്കണം.
1. മഞ്ഞക്കരു കുറയ്ക്കുക: മുട്ടയിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും മഞ്ഞക്കരുവിലാണ് കാണപ്പെടുന്നത്, അതിനാൽ പ്രോട്ടീൻ സമ്പുഷ്ടവും കൊളസ്ട്രോൾ ഇല്ലാത്തതുമായ മുട്ടയുടെ വെള്ള കഴിക്കുക.
2. ഭക്ഷണത്തിലെ ആകെ കൊഴുപ്പിന്റെ അളവ് നിരീക്ഷിക്കുക: റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവയ്ക്കു പകരം ഒലിവ് ഓയിൽ, അവോക്കാഡോ, നട്സ് എന്നിവ കഴിക്കുക.
3. മിതത്വം പ്രധാനം: പലർക്കും ഒരു ദിവസം ഒരു മുട്ട സുരക്ഷിതമാണെങ്കിലും, ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് ആഴ്ചയിൽ കുറച്ച് മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.
4. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരത്തിന്റെ ഭാഗമായി മുട്ടകൾ ഉൾപ്പെടുത്തുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.