scorecardresearch

പ്രമേഹമുള്ളവർ ചുവന്ന ആപ്പിളിനുപകരം പച്ച ആപ്പിൾ കഴിക്കുക, എന്തുകൊണ്ട്?

നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് ആപ്പിൾ. എന്നിരുന്നാലും, ഇവയിലെ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സ്വാധീനം ചെലുത്തും

നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് ആപ്പിൾ. എന്നിരുന്നാലും, ഇവയിലെ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സ്വാധീനം ചെലുത്തും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
green apple, health, ie malayalam

ആപ്പിളുകൾ ആരോഗ്യത്തിന് മികച്ചതാണ്. പച്ച, ചുവപ്പ് നിറത്തിലുള്ള തൊലിയോടുകൂടിയ ആപ്പിളുകൾ വിപണിയിൽ സുലഭമാണ്. പ്രമേഹ രോഗികൾ പതിവായി ആപ്പിൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇടയാക്കും. ആപ്പിളിന്റെ തൊലിയിൽ കാണപ്പെടുന്ന പോളിഫെനോളുകൾ ഇൻസുലിൻ പുറത്തുവിടാൻ പാൻക്രിയാസിനെ ഉത്തേജിപ്പിക്കുകയും കോശങ്ങളെ പഞ്ചസാര ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ന്യൂട്രീഷ്യനിസ്റ്റ് ഡോ.പ്രിയങ്ക റോത്തഗി പറഞ്ഞു.

Advertisment

ചുവന്ന ആപ്പിളുകളെക്കാൾ പച്ച ആപ്പിളുകളാണ് ഗുണകരം. ചുവന്ന ആപ്പിളിന് മധുരം കൂടുതലാണെങ്കിലും, പച്ച ആപ്പിളിൽ കുറഞ്ഞ പഞ്ചസാരയും കൂടുതൽ നാരുകളും കൂടുതൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് ആപ്പിൾ. എന്നിരുന്നാലും, ഇവയിലെ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സ്വാധീനം ചെലുത്തും. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് നിരീക്ഷിക്കേണ്ടതുണ്ട്.

''ഒരു ഇടത്തരം ആപ്പിളിൽ 27 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, എന്നാൽ അതിൽ 4.8 ഗ്രാം നാരുകളാണ്. ഇത് ദഹനത്തെയും കാർബോഹൈഡ്രേറ്റിന്റെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകില്ല. രക്തത്തിൽ പതുക്കെ മാത്രമേ പഞ്ചസാര പ്രവേശിക്കുകയുള്ളൂ. കൂടാതെ, ആപ്പിളിൽ കാണപ്പെടുന്ന പഞ്ചസാരയുടെ ഭൂരിഭാഗവും ഫ്രക്ടോസ് ആണ്. മുഴുവൻ പഴമായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഇത് കാര്യമായ സ്വാധീനം ചെലുത്തുന്നില്ല,'' പൂനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ: സ്വാതി സന്ധൻ പറഞ്ഞു.

Advertisment

ആപ്പിൾ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നു. രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് പഞ്ചസാര എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ. പ്രമേഹമുള്ളവരിൽ, ഒന്നുകിൽ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നില്ല (ടൈപ്പ് 1) അല്ലെങ്കിൽ ദൈനംദിന ആവശ്യങ്ങൾ (ടൈപ്പ് 2) നിറവേറ്റുന്നതിന് ആവശ്യമായ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ''ആപ്പിൾ പതിവായി കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇടയാക്കും,'' അവർ പറഞ്ഞു.

ആപ്പിളിൽ അടങ്ങിയിരിക്കുന്ന ക്വെർസെറ്റിൻ പോലുള്ള പ്രത്യേക ഫ്ലേവനോയിഡുകൾ കാർബോഹൈഡ്രേറ്റ് ദഹനത്തെ മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ക്ലോറോജെനിക് ആസിഡ് ശരീരത്തെ പഞ്ചസാര കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിച്ചേക്കാം, അതേസമയം ഫ്ലോറിസിൻ രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കിയേക്കാം.

എന്താണ് പഠനം പറയുന്നത്?

2019 ഒന്നിലധികം പഠനങ്ങളുടെ മെറ്റാ അനാലിസിസ് അനുസരിച്ച് ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് കണ്ടെത്തി. 2017-ൽ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തിൽ ഗ്ലൂക്കോസ് അല്ലെങ്കിൽ സുക്രോസ് എന്നിവ ഭക്ഷണത്തിലോ പാനീയങ്ങളിലോ ഫ്രക്ടോസ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ അളവ് കുറയ്ക്കുന്നതിനും കാരണമാകുമെന്ന് കണ്ടെത്തി. ആരോഗ്യകരമായ കൊഴുപ്പ് അല്ലെങ്കിൽ പ്രോട്ടീനുമായി പഴങ്ങൾ സംയോജിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കും.

പ്രമേഹമുള്ളവർ പ്രതിദിനം എട്ട് മുതൽ പത്ത് വരെ വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് യുഎസ് ആസ്ഥാനമായുള്ള നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ ചില മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത് . ഒരു പഴം ഒരു ചെറിയ ആപ്പിളിന് തുല്യമാണ്. പ്രമേഹരോഗി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ദിവസം മുഴുവൻ പഴങ്ങൾ കഴിക്കുന്നത് പരിഗണിക്കണം.

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: