/indian-express-malayalam/media/media_files/2025/05/05/xgT3UIIPTXiD8jbEaOQ6.jpg)
Source: Freepik
വെള്ളരിക്കയിൽ നിറയെ ജലാംശമുണ്ട്. ശരീരത്തിന് ജലാംശം നൽകാനും പല വിട്ടുമാറാത്ത അവസ്ഥകളെയും നിയന്ത്രിക്കാനും വെള്ളരിക്ക സഹായിക്കും. എളുപ്പത്തിൽ ലഭിക്കുന്ന പച്ചക്കറിയായിട്ടും, അവയുടെ പോഷക മൂല്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. വെള്ളരിയിൽ ഏകദേശം 95 ശതമാനം വെള്ളമാണ്. ചൂടുള്ള കാലാവസ്ഥയിൽ, ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ ദ്രാവകങ്ങൾ വേഗത്തിൽ നഷ്ടപ്പെടുന്നു, ഈ നഷ്ടം നികത്തുന്നതിന് വെള്ളരിക്ക സഹായിക്കും. വേനൽക്കാല ഭക്ഷണക്രമത്തിൽ വെള്ളരിക്ക ഉൾപ്പെടുത്തുന്നത് താപനില നിയന്ത്രിക്കാനും, പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പിഎച്ച് എന്നിവയ്ക്ക് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുന്നു.
കലോറി കുറവ്
വെള്ളരിക്കയിൽ കലോറി വളരെ കുറവാണ്. ഇടത്തരം വലിപ്പമുള്ള ഒരു വെള്ളരിക്കയിൽ സാധാരണയായി ഏകദേശം 30–40 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ശരീരഭാരം നിലനിർത്താനോ കുറയ്ക്കാനോ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ്. കുറഞ്ഞ കലോറി ഉണ്ടായിരുന്നിട്ടും, വെള്ളരിക്ക പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി, പേശികളുടെ പ്രവർത്തനത്തിനും ഹൃദയാരോഗ്യത്തിനും അത്യാവശ്യമായ മഗ്നീഷ്യം, പൊട്ടാസ്യം, ഉപാപചയപ്രവർത്തനത്തിനും ആന്റിഓക്‌സിഡന്റ് പ്രതിരോധത്തിനും പ്രധാനമായ മാംഗനീസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
വെള്ളരിക്കയിലെ വിറ്റാമിൻ കെ ശരീരത്തെ കാൽസ്യം നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു, അസ്ഥികളെ ബലപ്പെടുത്തുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നതിന് അത്യാവശ്യമായ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുന്ന പൊട്ടാസ്യം ഇവയിൽ കൂടുതലാണ്. വെള്ളരിക്കയിലെ സ്റ്റിറോളുകൾ മോശം കൊളസ്ട്രോൾ അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
വയറിന്റെ ആരോഗ്യം
വെള്ളരിക്കയിൽ വലിയ അളവിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെയും പതിവ് മലവിസർജ്ജനത്തെയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കൂടുതൽ സംതൃപ്തി നൽകുകയും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
ചർമ്മത്തിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ
വെള്ളരിക്ക ജലാംശം, പോഷകാഹാരം എന്നിവ മാത്രമല്ല നൽകുന്നത്. ഫ്ലേവനോയ്ഡുകൾ, ടാനിനുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും വീക്കം കുറയ്ക്കാനും കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായകമായ ഒരു ധാതുവായ സിലിക്കയുടെ സ്വാഭാവിക ഉറവിടമാണ്. പതിവായി കഴിക്കുന്നത് വേനൽക്കാലത്ത് സാധാരണയായി കാണപ്പെടുന്ന വീക്കം, വരൾച്ച, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയെ ചെറുക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.