/indian-express-malayalam/media/media_files/uploads/2023/07/Fruits.jpg)
Source: Pixabay
മലബന്ധം മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ്. ഇത് അസ്വസ്ഥത ഉണ്ടാക്കുക മാത്രമല്ല, വയറുവേദന, വയർവീർക്കൽ, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകും. മലവിസർജനം ശരിയായി നടക്കാത്തപ്പോഴാണ് മലബന്ധം സംഭവിക്കുന്നത്.
മോശം ഭക്ഷണക്രമം, ക്രമരഹിതമായ ഭക്ഷണ സമയം, ഉദാസീനമായ ജീവിതശൈലി, അസ്വസ്ഥമായ ഉറക്കം, സമ്മർദം തുടങ്ങി നിരവധി കാരണങ്ങളാൽ മലബന്ധമുണ്ടാകാം. മലബന്ധം അകറ്റാൻ പ്രകൃതിദത്തമായ രീതിയിൽ പരീക്ഷിക്കാവുന്ന നിരവധി മാർഗങ്ങളുണ്ട്. അതിലേറ്റവും എളുപ്പമായതൊന്ന് ശരിയായ പഴം കഴിക്കുകയാണ്. മലബന്ധ പ്രശ്നമുള്ളപ്പോൾ കഴിക്കാൻ അനുയോജ്യമായ ചില പഴങ്ങൾ ഏതൊക്കെയെന്ന് അറിയാം.
വാഴപ്പഴം
നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം മലബന്ധത്തിനുള്ള വീട്ടുവൈദ്യമായി പണ്ടുമുതലേ ഉപയോഗിച്ചുവരുന്നു. വാഴപ്പഴം ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. നല്ല പഴുത്ത വാഴപ്പഴമാണ് കഴിക്കേണ്ടത്. പഴുക്കാത്ത വാഴപ്പഴത്തിൽ ഉയർന്ന പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്. ഇത് വിപരീത ഫലമുണ്ടാക്കും.
ഓറഞ്ച്
നാരുകളുടെയും വിറ്റാമിൻ സിയുടെയും ഉറവിടമാണ് ഓറഞ്ച്. ജ്യൂസിനു പകരം മുഴുവൻ പഴമായി കഴിക്കുന്നത് കൂടുതൽ നാരുകൾ കിട്ടാൻ സഹായിക്കും. ഓറഞ്ചിലെ നരിൻജെനിൻ (ഒരു ഫ്ലേവനോയ്‌ഡ്) എന്ന സംയുക്തത്തിന്റെ സാന്നിധ്യം മലബന്ധമുള്ളവരെ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
കിവി
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ മറ്റൊരു പഴമാണ് കിവി. ഈ പഴത്തിലെ ഉയർന്ന ഫൈബറും വെള്ളവും മലബന്ധ പ്രശ്നത്തിന് പരിഹാരം നൽകും. കിവികളിൽ കാണപ്പെടുന്ന ആക്ടിനിഡിൻ എന്ന എൻസൈം മലബന്ധം അകറ്റാൻ സഹായിക്കുമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു.
ആപ്പിൾ
മലബന്ധവും വയറിളക്കവും ഒഴിവാക്കാൻ ആപ്പിൾ സഹായിക്കും. തൊലിയോടുകൂടി ആപ്പിൾ കഴിക്കണം. പുറംഭാഗത്താണ് ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുള്ളത്. ഇത് മലവിസർജനം പ്രോത്സാഹിപ്പിക്കുന്നു. ഈ പഴത്തിൽ ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. ഇതും മലബന്ധപ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
പപ്പായ
വെള്ളവും നാരുകളും കൊണ്ട് സമ്പുഷ്ടമായ കലോറി കുറഞ്ഞ പഴമാണ് പപ്പായ. മലവിസർജനം നിയന്ത്രിക്കാൻ സഹായിക്കും. ദഹനത്തെ സഹായിക്കുന്ന എൻസൈമായ പപ്പെയ്‌ൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.