/indian-express-malayalam/media/media_files/uploads/2023/04/food.jpg)
പരമാവധി പോഷക ഗുണം നഷ്ടപ്പെടുത്താതെയുള്ള പാചകം ആരോഗ്യകരമായ ജീവിതത്തിന് ഗുണം ചെയ്യും. പാചകം ചെയ്യുന്നതിനു മുൻപായി ചില ധാന്യങ്ങളും പയർവർഗങ്ങളും കുതിർക്കേണ്ടതുണ്ട്. കാരണം ഇവയിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനത്തിനും ഇവയെ ശരീരത്തിന് വിഘടിപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഇവ കുതിർത്ത വെള്ളം ഉപയോഗിക്കണോ അതോ കളയണോ?.
ന്യൂട്രീഷ്യനിസ്റ്റ് ജൂഹി കപൂർ ഇതിനുള്ള ഉത്തരം ഇൻസ്റ്റഗ്രാം പോസ്റ്റിൽ നൽകിയിട്ടുണ്ട്. ധാന്യങ്ങളും പയർവർഗങ്ങളും കുതിർത്ത വെള്ളം വെറുതെ കളയുന്നത് നല്ല ശീലമല്ല. കുതിർത്ത വെള്ളത്തിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. പോഷകാഹാര ഗുണം ലഭിക്കുന്നതിന് ഈ വെള്ളം പാചകം ചെയ്യാൻ ഉപയോഗിക്കുക. കുതിർത്ത വെള്ളത്തിൽ ആന്റി ന്യൂട്രിയന്റുകളുണ്ടെന്നും വെള്ളം കളയണമെന്നുമാണ് പൊതുവെയുള്ള തെറ്റിദ്ധാരണയെന്ന് അവർ അഭിപ്രായപ്പെട്ടു.
ധാന്യങ്ങളോ പയർവർഗങ്ങളോ കുതിർത്ത വെള്ളം വെറുതെ കളയാതെ മറ്റു നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. എന്നിരുന്നാലും, ധാന്യങ്ങൾ കുതിർത്ത വെള്ളത്തിൽ ബാക്ടീരിയകളോ മറ്റ് മാലിന്യങ്ങളോ അടങ്ങിയിരിക്കാമെന്നതിനാൽ അവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് ജിൻഡാൽ നാച്യുർകെയർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറ്റീഷ്യ​ൻ സുഷമ പി.എസ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനടു പറഞ്ഞു.
കപൂറിന്റെ അഭിപ്രായത്തിൽ ഈ വെള്ളത്തിൽ ആന്റിന്യൂട്രിയന്റുകൾ അടങ്ങിയിട്ടില്ല. ധാന്യങ്ങളിലോ പയറുവർഗങ്ങളിലോ അടങ്ങിയിരിക്കുന്ന ഫൈറ്റേറ്റുകൾ (ഫൈറ്റിക് ആസിഡ്) ധാതുക്കളുമായി ചേരുന്നില്ല. അതിനാൽ തന്നെ കുതിർക്കുമ്പോൾ അവ വെള്ളത്തിൽ ലയിക്കുന്നില്ല. എന്നാൽ വിറ്റാമിൻ ബി പോലെയുള്ള വിറ്റാമിനുകൾ വെള്ളത്തിൽ ലയിക്കുന്നുവെന്ന് അവർ പറഞ്ഞു.
കുതിർക്കുന്നതിനുള്ള ചില നിയമങ്ങൾ
- കുതിർക്കുന്നതിനു മുൻപ് ധാന്യങ്ങളും പയർവർഗങ്ങളും നന്നായി കഴുകുക
- മുറിയിലെ താപനിലയിൽ 2-4 മണിക്കൂർ കുതിർക്കുക
- മുഴുവൻ ധാന്യങ്ങളോ പയർവർഗങ്ങളോ ആണെങ്കിൽ 8-10 മണിക്കൂർ കുതിർക്കുക
- കുതിർത്ത വെള്ളം ഒരിക്കലും കളയരുത്. പോഷക ഗുണത്തിനായി അവ ഉപയോഗിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.