77 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രമേഹം ബാധിച്ചതോടെ ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുന്നു. ഇത് ആളുകളുടെ ജീവിതനിലവാരത്തെ ബാധിക്കുകയും അവരുടെ ആരോഗ്യചെലവുകൾ ഉയർത്തുകയും ചെയ്യുന്നു. ഈ അവസ്ഥയെ നിയന്ത്രിക്കാതിരുന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. എന്താണ് ഇതിന്റെ പിന്നിലുള്ള കാരണങ്ങളെന്ന് അറിയുന്നതിലൂടെ അവ നിയന്ത്രിക്കാനും സാധിക്കും.
പ്രമേഹത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ, കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയാണ്. എന്നാൽ അവയുടെ പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുകയും അവയെ നിയന്ത്രിക്കുന്നത് പ്രമേഹബാധിതരുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് നാനാവതി മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് സീനിയർ കൺസൾട്ടന്റ് ഡോ.ഗിരീഷ് പാർമർ പറയുന്നു.
ഗ്ലൈസെമിക് വ്യതിയാനവും അതിന്റെ സ്വാധീനവും
ഗ്ലൈസെമിക് വേരിയബിലിറ്റി എന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറിച്ചിലുകളെ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിക്കുക, ഫിസിക്കൽ ആക്റ്റിവിറ്റികൾ, സമർദ്ദം, മരുന്നുകൾ എന്നീ ഘടകങ്ങൾ ഈ വ്യതിയാനങ്ങളെ സ്വാധീനിക്കാം. ഉയർന്ന ഗ്ലൈസെമിക് വേരിയബിലിറ്റി പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഘടകങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനും രോഗികളെ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് മാറുന്നത് ഹ്രസ്വകാലവും ദീർഘകാലവുമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ കുറവ്) തലകറക്കം, ആശയക്കുഴപ്പം, അബോധാവസ്ഥ എന്നിവ പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകും. ഹൈപ്പർ ഗ്ലൈസീമിയ ( രക്തത്തിലെ പഞ്ചസാരയുടെ കൂടുന്നത്) നിർജ്ജലീകരണം, ക്ഷീണം, രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും ദീർഘകാല നാശനഷ്ടം എന്നിവയ്ക്ക് കാരണമാകും.
പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്ന ഘടകങ്ങൾ
ഭക്ഷണക്രമവും ഭക്ഷണ സമയവും: ഏത് തരം ഭക്ഷണം കഴിക്കുന്നു, അവയുടെ അളവ്, കഴിക്കുന്ന ഭക്ഷണത്തിന്റെ തരം, കഴിക്കുന്ന സമയം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും. അതേസമയം ക്രമരഹിതമായ ഭക്ഷണ സമയവും ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ദി ലാൻസെറ്റിൽ (2020) പ്രസിദ്ധീകരിച്ച പഠനത്തിൽ ഭക്ഷണ സമയത്തിന്റെ പ്രാധാന്യത്തെയും ഗ്ലൈസെമിക് നിയന്ത്രണത്തിലുള്ള അവയുടെ സ്വാധീനത്തെയും ഊന്നിപ്പറയുന്നു. എന്നും ഓരേ സമയത്ത് ആഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
ശാരീരിക പ്രവർത്തനങ്ങൾ: വ്യായാമത്തിലൂടെ ശരീരത്തിൽ ഇൻസുലിൻ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്ക്കാൻ സഹായിക്കുന്നു. വ്യായാമം കൂടുന്നതോ കുറയുന്നതോ അളവിനെ ബാധിക്കും. ഉദാഹരണത്തിന്, തീവ്രമായ വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ താൽക്കാലിക വർധനവിന് കാരണമാകും. അതേസമയം, വ്യായാമം ചെയ്യാതെ ഇരിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിച്ചേക്കാം, ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
മരുന്ന്: ഇൻസുലിൻ, ഓറൽ ഹൈപ്പോഗ്ലൈസെമിക് ഏജന്റുകൾ തുടങ്ങിയ ചില മരുന്നുകളുടെ ഉപയോഗത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിന് കൃത്യമായ സമയത്ത് ഡോസ് കഴിക്കേണ്ടത് ആവശ്യമാണ്. ഇതിൽനിന്നുണ്ടാകുന്ന വ്യത്യാസങ്ങളും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. കൂടാതെ, മറ്റു രോഗാവസ്ഥകൾക്ക് ഉപയോഗിക്കുന്ന കോർട്ടികോസ്റ്റീറോയിഡുകൾ പോലുള്ള ചില മരുന്നുകളും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ബാധിക്കും.
സമ്മർദ്ദവും രോഗവും: ശാരീരികവും വൈകാരികവുമായ സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ഹോർമോണുകളെ റിലീസ് ചെയ്യുന്നതിന് കാരണമാകുന്നു. രോഗങ്ങൾ, പ്രത്യേകിച്ച് അണുബാധകൾ, എന്നിവയും പഞ്ചസാരയുടെ അളവിനെ പെട്ടെന്ന് വർധിപ്പിച്ചേക്കാം. അണുബാധയെ ചെറുക്കാൻ ശരീരം സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതാണ് കാരണം.
ഉറക്കത്തിന്റെ പാറ്റേണുകൾ: ഡയബറ്റിസ് കെയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ (നട്ട്സൺ & അതേഴ്സ് 2011) ഉറക്കത്തിന്റെ ദൈർഘ്യവും ഗ്ലൈസെമിക് നിയന്ത്രണവും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തി. നന്നായി ഉറങ്ങാതിരുന്നാൽ അത് പഞ്ചസാരയുടെ അളവിനെയും ഇൻസുലിൻ സംവേദനക്ഷമതയെയും ബാധിക്കുന്നു. ഇത് ഗ്ലൈസെമിക് വ്യതിയാനത്തിന് കാരണമാകുന്നു.
പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുക: രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുന്നത് ഏറ്റക്കുറച്ചിലുകളുടെ പാറ്റേണുകളും വ്യത്യാസങ്ങളും തിരിച്ചറിയാൻ സഹായിക്കും. ഇത് ഭക്ഷണക്രമം, വ്യായാമം, മരുന്ന് എന്നിവ സമയബന്ധിതമായി ക്രമീകരിക്കാൻ സഹായിക്കുന്നു.
ഭക്ഷണ ഷെഡ്യൂൾ: കൃത്യമായ ഇടവേളകളിൽ സമീകൃത ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും കുറയുന്നതും തടയാൻ സഹായിക്കും. നാരുകളാൽ സമ്പുഷ്ടവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വർധിപ്പിക്കും.
പതിവ് ഫിസിക്കൽ ആക്റ്റിവിറ്റികളിൽ ഏർപ്പെടുക: നടത്തം, യോഗ പോലുള്ള മിതമായ വ്യായാമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കും. വ്യക്തിഗത ആവശ്യങ്ങളും ആരോഗ്യസ്ഥിതികളും അടിസ്ഥാനമാക്കിയുള്ള ശാരീരിക പ്രവർത്തനങ്ങളുടെ നിർണ്ണയിക്കാൻ ആരോഗ്യ വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുക.
സമ്മർദ്ദം നിയന്ത്രിക്കുകയും ഉറക്കത്തിന് മുൻഗണന നൽകുകയും ചെയ്യുക: സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളായ പരിശീലനങ്ങൾ, ശ്വസന വ്യായാമങ്ങൾ, മെഡിറ്റേഷൻ എന്നിവ ഉൾപ്പെടുത്തുന്നത്, പഞ്ചസാരയുടെ അളവിലുള്ള സമ്മർദ്ദത്തിന്റെ ആഘാതം ലഘൂകരിക്കാൻ സഹായിക്കുന്നു. മതിയായ ഉറക്കം ഉറപ്പാക്കുകയും സ്ഥിരമായി കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ഗ്ലൈസെമിക് നിയന്ത്രിക്കുന്നു.
മരുന്നുകൾ പതിവായി അവലോകനം ചെയ്യുക: വ്യക്തിഗത ആവശ്യങ്ങൾ അനുസരിച്ച്, മരുന്നിന്റെ അളവുകളും അനുയോജ്യമാണെന്ന് ഉറപ്പാക്കാൻ ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തുക. പുതിയ രോഗങ്ങളോ ശാരീരിക പ്രവർത്തനങ്ങളിലെ മാറ്റങ്ങളോ പോലും വിദഗ്ധനെ അറിയിക്കുന്നത്, അതിനനുസരിച്ച് മരുന്നുകൾ ക്രമീകരിക്കാൻ അവരെ സഹായിക്കും.
രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കുക: രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്ന ഘടകങ്ങൾ മനസ്സിലാക്കുന്നത് ഫലപ്രദമായ പ്രമേഹ നിയന്ത്രണത്തിന് അത്യാവശ്യമാണ്. പ്രമേഹ പരിചരണത്തിലെ ഏറ്റവും പുതിയ ഗവേഷണങ്ങളെയും സംഭവവികാസങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കുന്നത് അവരുടെ ചികിത്സാ പദ്ധതികളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ വ്യക്തികളെ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ പോലെ നിലനിർത്താൻ ഒന്നിലധികം ഘടകങ്ങളെ സന്തുലിതമാക്കേണ്ടി വരും. ഈ ഏറ്റക്കുറച്ചിലുകൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കുകയും അവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത്,
പ്രമേഹബാധിതരായ ആളുകളുടെ ജീവിതനിലവാരത്തെ ഗണ്യമായി മെച്ചപ്പെടുത്തും. ആരോഗ്യപരിപാലന വിദഗ്ധരുമായി പതിവായി കൂടിയാലോചനകൾ നടത്തുകയും പ്രമേഹ പരിചരണത്തിലെ ഏറ്റവും പുതിയ പുരോഗതിയെക്കുറിച്ച് അറിയുകയും ചെയ്യുന്നത് അവരുടെ അവസ്ഥയെ നിയന്ത്രിക്കാനും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകളുടെ സാധ്യത കുറയ്ക്കാനും വ്യക്തികളെ കൂടുതൽ പ്രാപ്തരാക്കും.