/indian-express-malayalam/media/media_files/2025/02/21/RD0ylWXN9XjhiQibDEgd.jpg)
ശ്രേയ ശരൺ
തമിഴ്, തെലുങ്ക് സിനിമകളിലായി തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രേയ ശരൺ. വിവാഹത്തോടെ സിനിമയിൽ സജീവമല്ലെങ്കിലും, സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. 42-ാം വയസിലും ഫിറ്റ്നസിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും നടി തയ്യാറല്ല. സിനിമയിൽ അഭിനയിക്കുകയാണെങ്കിലും കുടുംബത്തോടൊപ്പം സമയം ആസ്വദിക്കുകയാണെങ്കിലും, ഫിറ്റ്‌നസ് ശ്രേയ ശരണിന്റെ ജീവിതത്തിലെ മുൻഗണനകളിലൊന്നാണ്.
യോഗ വർഷങ്ങളായി തന്റെ ദിനചര്യയുടെ ഭാഗമാണെന്ന് നടി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പൈലേറ്റ്സും എനിക്ക് പ്രിയപ്പെട്ടതാണ്. സ്വിമ്മിങ് ആക്ടീവായിരിക്കാനുള്ള മറ്റൊരു മികച്ച മാർഗമാണെന്ന് നടി പറഞ്ഞു. സ്ട്രെങ്ത് ട്രെയിനിങ്ങും ഫിറ്റ്നസ് ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ്. വർക്ക്ഔട്ടിനെക്കുറിച്ച് പറയുകയാണെങ്കിൽ നൃത്തമാണ് പ്രധാനമെന്നും നടി അഭിപ്രായപ്പെട്ടു.
നൃത്തം എപ്പോഴും എനിക്കൊപ്പമുണ്ട്. അതൊരു നല്ല വ്യായാമം മാത്രമല്ല, സന്തോഷം നൽകുന്നതു കൂടിയാണ്. വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു. അതിലൂടെ ആവശ്യത്തിന് ഊർജം ലഭിക്കുന്നു. ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് ഞാൻ കഴിക്കാൻ ഇഷ്ടപ്പെടുന്നത്. വ്യായാമത്തിന് മുമ്പ് ഞാൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന ലഘുഭക്ഷണം ഒരു പിടി ബദാമും ഒരു വാഴപ്പഴവുമാണ്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉൾപ്പെടെ 15 അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ബദാം സ്ഥിരമായ ഊർജം നൽകുന്നുവെന്ന് ശ്രേയ വ്യക്തമാക്കി.
സമയം ലഭിക്കുമ്പോൾ പോഷകസമൃദ്ധമായ ഒരു സ്മൂത്തി തയ്യാറാക്കി കുടിക്കാറുണ്ടെന്നും ശ്രേയ വെളിപ്പെടുത്തി. ബദാം, ബെറികൾ, ഫ്ളാക്സ് സീഡുകൾ എന്നിവ ചേർത്താണ് സ്മൂത്തി തയ്യാറാക്കുന്നത്. ഇത് ഉന്മേഷദായകവും പോഷകസമൃദ്ധവും വ്യായാമത്തിന് മുമ്പ് ദഹിക്കാൻ എളുപ്പവുമാണ്. അതുപോലെ ജലാംശം വളരെ പ്രധാനമാണ്. ദിവസം മുഴുവനും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും ശ്രേയ പറഞ്ഞു.
വ്യായാമത്തിന് ശേഷം, ഗ്രിൽ ചെയ്ത പച്ചക്കറികളോടുകൂടിയ ക്വിനോവ അല്ലെങ്കിൽ മുഴുവൻ ധാന്യങ്ങൾ, മുട്ട പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കുന്ന ലഘുഭക്ഷണവും ആസ്വദിക്കാറുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം, ഫിറ്റ്നസ് എന്നത് സ്ഥിരത പുലർത്തുക, ശ്രദ്ധാപൂർവ്വമായ തിരഞ്ഞെടുപ്പുകൾ നടത്തുക എന്നിവയാണെന്നും ശ്രേയ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.