/indian-express-malayalam/media/media_files/uploads/2019/06/anoop-nipah.jpg)
കോഴിക്കോട്: എറണാകുളത്തെ രോഗിക്ക് നിപ ബാധയെന്ന് സംശയിക്കുന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ എസ്.അനൂപ് കുമാര്‍. കോഴിക്കോട്ട് നിപ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു.
Read More:എറണാകുളത്തെ രോഗിക്ക് നിപയെന്ന് സംശയം: ആരോഗ്യമന്ത്രി കെ.കെ ശൈലജ
കഴിഞ്ഞ തവണത്തേതു പോലെയല്ല, ഇത്തവണ വൈറസിനെ ചെറുക്കാന്‍ നാം പൂര്‍ണ സജ്ജരാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. അതേസമയം കോഴിക്കോട്ട് നിന്നും കൊച്ചിയിലേക്കെത്തുന്ന ഡോക്ടര്‍മാരുടെ സംഘത്തില്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിലാണ് നിപ വൈറസാണ് എന്ന് പറയുന്നത്. എന്നാൽ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം വന്നതിന് ശേഷമേ ഇത് ഉറപ്പിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച പരിശോധനാ ഫലത്തില്‍ യുവാവില്‍ വൈറസിന്റെ അംശം കണ്ടെത്തിയതായി പറയുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി കൊച്ചിയില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം നടക്കുകയാണ്. ആരോഗ്യ സെക്രട്ടറിയും ഡിഎച്ച്എസും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേറ്റഡ് വാർഡുകൾ തയ്യാറായിട്ടുണ്ടെന്നും വൈറസ് ബാധ ഉണ്ടെങ്കിൽ അതിനെ ചെറുക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി ആരോഗ്യമന്ത്രി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം പ്രാഥമിക പരിശോധനയിൽ തലച്ചോറിനാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ശ്വാസകോശത്തിൽ ബാധിച്ചാൽ മാത്രമേ പടരാനുള്ള സാധ്യത ഉള്ളൂവെന്നും ഡിഎംഒ അറിയിച്ചു. ഈ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയ ആറ് പേർ തൃശൂരിൽ നിരീക്ഷണത്തിലാണെന്നും ഡിഎംഒ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.