Kochi Student Suspected of Nipah Virus: തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. നിപ വൈറസ് ബാധയാണെന്ന് പൂർണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണമെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രോഗിക്ക് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി ഇന്ന് രാവിലെയാണ് ഔദ്യോഗികമായി അറിയിച്ചത്. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച പരിശോധനാ ഫലത്തില്‍ യുവാവില്‍ വൈറസിന്റെ അംശം കണ്ടെത്തിയതായി പറയുന്നു എന്നും മന്ത്രി അറിയിച്ചിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി കൊച്ചിയില്‍ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേർന്നിരുന്നു. ആരോഗ്യ സെക്രട്ടറിയും ഡിഎച്ച്എസും യോഗത്തില്‍ പങ്കെടുക്കും.
Read More: നിപ വൈറസ്: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല; നാം സജ്ജരാണ്
എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേറ്റഡ് വാർഡുകൾ തയ്യാറായിട്ടുണ്ടെന്നും വൈറസ് ബാധ ഉണ്ടെങ്കിൽ അതിനെ ചെറുക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്ക്കും അവബോധം ഉണ്ടാകേണ്ടതാണ്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുതെന്നും എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം സ്വദേശിയായ വിദ്യാർത്ഥി ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിക്കുന്നത്. ഇന്റേൺഷിപ്പിനായാണ് തൃശൂരിൽ എത്തിയത്. എന്നാൽ തൃശൂരിൽ നിന്നല്ല, ഇടുക്കിയിൽ നിന്നും രോഗ ബാധ ഉണ്ടാകാനാണ് സാധ്യത എന്ന് തൃശൂർ ഡിഎംഒ അറിയിച്ചു.
അതേസമയം പ്രാഥമിക പരിശോധനയിൽ തലച്ചോറിനാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ശ്വാസകോശത്തിൽ ബാധിച്ചാൽ മാത്രമേ പടരാനുള്ള സാധ്യത ഉള്ളൂവെന്നും ഡിഎംഒ അറിയിച്ചു. ഈ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയ ആറ് പേർ തൃശൂരിൽ നിരീക്ഷണത്തിലാണെന്നും ഡിഎംഒ അറിയിച്ചു.
നിപ ജാഗ്രതയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി ശെെലജ ടീച്ചര്‍ പറഞ്ഞു. മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി കളമശേരി മെഡിക്കല്‍ കോളേജില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിപ രോഗം സംശയിക്കുന്ന രോഗിയുടെ അന്തിമ ലാബ് പരിശോധന ഫലം പുന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു കാത്തിരിക്കുകയാണ്. ഇത് ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ. എങ്കിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.
രോഗിയുമായി സമ്പര്‍ക്കമുണ്ടായ 86 പേരെ കണ്ടെത്തികഴിഞ്ഞു. അവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ ആണ്. ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ യോഗം രാവിലെ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
രോഗം സംശയിക്കുന്ന ആളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന 86 വരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ചികിത്സയ്ക്ക് വിധേയമാക്കും. നിപ ചികിത്സയ്ക്ക് വേണ്ട പരിശീലനം കളമശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് നല്‍കിക്കഴിഞ്ഞു.
സംശയനിവാരണത്തിനായി കണ്ട്രോൾ റൂമം തുറന്നിട്ടുണ്ട്. 1077, 1056 എന്നീ നമ്പറുകളിൽ വിളിച്ചാൽ ആവശ്യമായ വിവരങ്ങൾ ലഭിക്കും. സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും നടത്തിയാൽ ഇത്തരക്കാർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള സാഹചര്യം നിലവിലുണ്ട്. പൂനെയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ നിപ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. എന്ത് വന്നാലും ആത്മവിശ്വാസത്തോടെ നേരിടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. നിപയെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിനിയുമായി ബന്ധപ്പെട്ട മറ്റ് 86 വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
ആരോഗ്യമന്ത്രി കെ.കെ.ശെെലജയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേരുന്നു. കോഴിക്കോട് നിന്ന് മൂന്ന് ഡോക്ടർമാർ പങ്കെടുക്കുന്നുണ്ട്. എല്ലാ മുൻ കരുതലുകളും എടുത്തതായി ആരോഗ്യമന്ത്രി അറിയിച്ചു
ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാൻ മുഖ്യമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടു.
ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിപ വൈറസിനെപ്പറ്റി സോഷ്യൽ മീഡിയ വഴിവ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ സംശയിക്കുന്ന രോഗിയുടെ കാര്യത്തില്‍ വിശദീകരണവുമായി തൃശൂര്‍ ജില്ലാ മെഡിക്കൽ ഓഫീസർ. യുവാവിന് പനി ബാധിച്ചത് തൃശൂരിൽ നിന്നല്ലെന്ന് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. യുവാവും കൂട്ടരും നാല് ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. 22 പേരാണ് ഇയാളോട് ഒപ്പം താമസിച്ചിരുന്നത്. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പരിശോധിച്ചു. ആര്‍ക്കും ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ ആശങ്കകൾക്കിടയില്ല- ഡിഎംഒ പറഞ്ഞു. Read More
എറണാകുളത്ത് കൺട്രോൾ റൂം തുറക്കുമെന്നും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു
ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കോണ്ടാക്ട് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കളക്ടറുടേയും നേതൃത്വത്തില്‍ എറണാകുളത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
രണ്ട് പതിറ്റാണ്ട് മുൻപ് മലേഷ്യയിലായിരുന്നു ഈ രോഗം കണ്ടെത്തുന്നത്. മലേഷ്യ കടുത്ത വരൾച്ചയെ നേരിട്ട 1997 ൽ മൃഗങ്ങളും പക്ഷികളും വെളളം തേടി നാടുകളിലേക്ക് ചെക്കേറി. ഇതിന് പിന്നാലെ മലേഷ്യയിലെ പന്നി ഫാമുകളിൽ അജ്ഞാതമായ രോഗം പിടികൂടി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങിയതിന് പിന്നാലെ മനുഷ്യരെയും ഇത് വിഴുങ്ങി. Read More
നിപ വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ മുൻകരുതൽ നടപടികൾ ആരംഭിച്ചതായി എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ കൊച്ചിയിലേക്ക്. സ്ഥിതിഗതികൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
എറണാകുളത്തെ രോഗിക്ക് നിപ ബാധയെന്ന് സംശയിക്കുന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ എസ്.അനൂപ് കുമാര്‍. കോഴിക്കോട്ട് നിപ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. Read More
കോഴിക്കോട് നിന്ന് മൂന്ന് ഡോക്ടർമാർ അടങ്ങിയ ആറംഗ സംഘം കൊച്ചിയിൽ എത്തും. കോഴിക്കോട്ടെ നിപ കാലത്ത് ചികിത്സയ്ക്ക് നേതൃത്വം നൽകിയവരുടെ സംഘമാണ് എത്തുന്നത്.
ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
കൊച്ചിയിൽ ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡിഎച്ച്എസും പങ്കെടുക്കുന്ന ഉന്നതതല യോഗം ആരംഭിച്ചു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിലാണ് യോഗം നടക്കുന്നത്.
രോഗം ബാധിച്ചു എന്ന് സംശയിക്കപ്പെടുന്ന വിദ്യാർത്ഥി പഠിക്കുന്ന കോളേജും പരിസരവും നിരീക്ഷണത്തിലാണെന്നും ആർക്കും ഇതുവരെ പനിലക്ഷണങ്ങൾ ഇല്ലെന്നും ഡിഎംഒ അറിയിച്ചു.
യുവാവുമായി അടുത്ത് ഇടപഴകിയ ആറ് പേർ തൃശൂരിൽ നിരീക്ഷണത്തിലാണെന്ന് ഡിഎംഒ അറിയിച്ചു. വിദ്യാർത്ഥിക്കൊപ്പം ക്യാമ്പിൽ പങ്കെടുത്തവരെയാണ് നിരീക്ഷിക്കുന്നത്.