/indian-express-malayalam/media/media_files/uploads/2023/01/health-weight-loss.jpg)
Representtive Imge
ശരീര ഭാരം കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തിന് ദോഷം ചെയ്യും. ഒരു വ്യക്തിയുടെ ഉയരത്തിന് അനുസരിച്ചായിരിക്കും ശരീര ഭാരം വേണ്ടത്. ഒരാളുടെ ഉയരത്തിന് അനുസരിച്ച് ശരീരഭാരം എത്രവരെയാവാം എന്ന് അറിഞ്ഞിരിക്കുന്നത് അമിതവണ്ണം പോലുള്ള ജീവിതശൈലീ രോഗങ്ങളിൽ നിന്ന് അകന്നുനിൽക്കാനും ശരീരഭാരം പരിമിതപ്പെടുത്താനും സഹായിക്കും.
ശരീര ഭാരം പലപ്പോഴും സുഹൃത്തുക്കൾക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും സംസാര വിഷയമാകാറുണ്ട്. എല്ലാ ദിവസവും ശരീര ഭാരം പരിശോധിക്കുന്ന ചിലരെങ്കിലുമുണ്ടാകാം, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ. എന്നാൽ, അടുത്ത തവണ ശരീര ഭാരം പരിശോധിക്കാൻ പോകുന്നതിനു മുൻപായി ഒരു കാര്യം ശ്രദ്ധിക്കുക. ശരീര ഭാരം പരിശോധിക്കുന്നതിനും ശരിയായ സമയമുണ്ട്.
ശരീര ഭാരം പരിശോധിക്കാനുള്ള അനുയോജ്യമായ സമയം എപ്പോഴാണ്?
അതിരാവിലെ വെറും വയറുമായിട്ടായിരിക്കണം ശരീര ഭാരം പരിശോധിക്കേണ്ടത്. ''അതായത്, മലവിസർജനത്തിനുശേഷം. വെള്ളമോ മരുന്നോ ചായയോ മറ്റെന്തെങ്കിലുമോ കഴിക്കാതെ പരിശോധിക്കുമ്പോഴാണ് ശരിയായ തൂക്കം എത്രയാണെന്ന് ലഭിക്കുക,'' ഫുഡ് തെറാപ്പിസ്റ്റായ ഡോ.റിയ ബാനർജി അങ്കോള ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
''വയർ വൃത്തിയാക്കിയ ശേഷം രാവിലെയാണ് ഭാരം പരിശോധിക്കാനുള്ള ശരിയായ സമയം. അപ്പോൾ മുമ്പ് ദഹിച്ച ഭക്ഷണത്തിന്റെ ഭാരം കൂട്ടാതെ തന്നെ കൃത്യമായ തൂക്കം മനസിലാക്കാം. 500 ഗ്രാം മുതൽ 1 കിലോ വരെ ഭാരത്തിലെ വ്യത്യാസം നിങ്ങൾക്ക് കാണാം,'' ന്യൂട്രീഷ്യനിസ്റ്റും സോൾഫിറ്റ് ക്ലൗഡ് കിച്ചൻ സ്ഥാപകയുമായ രൂപ സോണി പറഞ്ഞു.
പ്രഭാത ഭാരം ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കുന്നുവെന്നതും ഓർമിക്കേണ്ടതാണ്. ''ദിവസേന 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യുന്ന ആളുകൾക്ക്, സാധാരണയായി വൈകുന്നേരങ്ങളിൽ ശരീര ഭാരം അൽപം കൂടുതലായിരിക്കും, കാരണം അതിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഭാരം ഉൾപ്പെടുന്നു. എന്നാൽ കായികതാരങ്ങൾ അല്ലെങ്കിൽ ശാരീരികമായി സജീവമായവർക്ക് സാധാരണയായി രാവിലെയെ അപേക്ഷിച്ച് വൈകുന്നേരങ്ങളിൽ ഭാരം കുറവാണ്. എപ്പോഴും ശരിയായ ഭാരം രാവിലത്തെയായിരിക്കും,'' ഡോ.റിയ വിശദീകരിച്ചു.
ശരീര ഭാരം എത്ര തവണ പരിശോധിക്കണം?
അതിരാവിലെയാണ് ശരീര ഭാരം പരിശോധിക്കാനുള്ള അനുയോജ്യമായ സമയം. എല്ലാ ദിവസവും ഭാരം പരിശോധിക്കേണ്ടതില്ലെന്ന് ഡോ.റിയ പറഞ്ഞു. മാസത്തിൽ ഒരിക്കൽ ഒഴിഞ്ഞ വയറുമായി ഭാരം പരിശോധിക്കുക. വളരെ ജിജ്ഞാസയുണ്ടെങ്കിൽ, ആഴ്ചയിൽ ഒരിക്കൽ നോക്കാം. തലേദിവസം കഴിച്ച ഭക്ഷണം, ദിവസം മുഴുവൻ കുടിച്ച വെള്ളത്തിന്റെ അളവ്, ഏതെങ്കിലും പുതിയ മരുന്ന്, ശാരീരിക പ്രവർത്തനത്തിന്റെ തോത് എന്നിവയെ ആശ്രയിച്ച് ഭാരത്തിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് ഓർക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.