scorecardresearch
Latest News

നിങ്ങൾക്ക് ശരീരഭാരം എത്രവരെയാവാം?; ഈ കണക്കുകൾ അറിഞ്ഞിരിക്കൂ

പ്രായത്തിനും ഉയരത്തിനും അനുസരിച്ച് എത്രവരെ ശരീരഭാരമാവാം? വിദഗ്ധർ പറയുന്നു

health, weight loss, ie malayalam
വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക

ഒരു വ്യക്തിക്ക് അവരുടെ ഉയരവും പ്രായവും അനുസരിച്ച് എത്രതൂക്കം വേണം? പലരിലും സംശയമുണർത്തുന്ന ചോദ്യമാണിത്. ഒരു വ്യക്തിയുടെ ശരീരഘടന, അവരുടെ ജീവിതശൈലി, അവരുടെ നിത്യേനയുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഒരാളുടെ ഉയരത്തിന് അനുസരിച്ച് ശരീരഭാരം എത്രവരെയാവാം എന്ന് അറിഞ്ഞിരിക്കുന്നത് അമിതവണ്ണം പോലുള്ള ജീവിതശൈലീ രോഗങ്ങളിൽ നിന്ന് അകന്നുനിൽക്കാനും ശരീരഭാരം പരിമിതപ്പെടുത്താനും സഹായിക്കുമെന്നാണ് ഡൽഹിയിലെ ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. അരവിന്ദ് അഗർവാൾ പറയുന്നത്.

“ഓരോ വ്യക്തിയും അവരുടെ ഉയരത്തിനനുസരിച്ച് ഭാരം നിലനിർത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ്. ഉയരത്തിനനുസരിച്ച് എത്ര തൂക്കം വേണമെന്ന് പലർക്കും അറിയില്ല,” ഡോ. അരവിന്ദ് കൂട്ടിച്ചേർത്തു.

ഈ കണക്കുകൂട്ടൽ സാധാരണയായി BMI (ബോഡി മാക്സ് ഇൻഡക്സ്) അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു വ്യക്തിയുടെ ഉയരം അനുസരിച്ച് ശരീര ഭാരം എത്രവരെയാവാം എന്നാണ് ബോഡി മാക്സ് ഇൻഡക്സ് സൂചിപ്പിക്കുന്നത്. ഒരാൾക്ക് ഭാരം കുറവാണോ, സാധാരണ ഭാരമാണോ, അമിതഭാരമുണ്ടോ, അമിതവണ്ണമുണ്ടോ എന്നൊക്കെ നിർണ്ണയിക്കാനുള്ള അളവുകോലായി ബിഎംഐ ഉപയോഗിക്കുന്നു.

 • ബിഎംഐ 18.5ൽ താഴെയാണെങ്കിൽ, വേണ്ടത്ര ശരീരഭാരം (underweight) ഇല്ലെന്നാണ് സൂചിപ്പിക്കുന്നത്.
 • 18.5നും 24.9നും ഇടയിലാണ് BMI എങ്കിൽ നിങ്ങളുടെ ശരീരഭാരം അനുയോജ്യമാണ്.
 • 25നും 29.9നും ഇടയിലാണ് BMI എങ്കിൽ അമിതഭാരമാണ് (overweight).
 • 30ൽ കൂടുതലുള്ള BMI അമിതവണ്ണത്തെ (obesity) സൂചിപ്പിക്കുന്നു.

ബിഎംഐ എന്നത് ഭാരം അളക്കുന്നതിനെ തെറ്റിദ്ധരിപ്പിക്കുന്നതും കൃത്യമല്ലാത്തതുമായ ആശയമാണ് എന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. “ബിഎംഐ ഒരു ഡോക്ടറോ ജീവശാസ്ത്രജ്ഞനോ രൂപപ്പെടുത്തിയതല്ല. ഒരു ഗണിതശാസ്ത്രജ്ഞനാണ് ഇത് വികസിപ്പിച്ചെടുത്തത്. പേശികളുടെ അളവ്, അസ്ഥികളുടെ സാന്ദ്രത, അല്ലെങ്കിൽ മൊത്തത്തിലുള്ള ശരീരഘടന, കൂടാതെ വംശീയ, ലിംഗ വ്യത്യാസങ്ങൾ പോലും കണക്കിലെടുക്കാത്തതിനാൽ ബിഎംഐയിൽ വിവിധ പ്രശ്നങ്ങളുണ്ട്,” മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. അഭിഷേക് സുഭാഷ് പറയുന്നു.

ഒരു വ്യക്തിയുടെ ഫിറ്റ്നസിനും ആരോഗ്യത്തിനുമാണ് നിങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നതെങ്കിൽ ബിഎംഐ കാൽക്കുലേറ്ററിനെ മാത്രം പരിഗണിക്കുന്നത് ഉചിതമല്ല. “ബിഎംഐ എന്നത് വെറും അക്കങ്ങൾ മാത്രമാണ്. ഈ സംഖ്യകളേക്കാൾ, ആളുകൾ അവരുടെ ആരോഗ്യത്തിലും ശാരീരികക്ഷമതയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അത് തീർച്ചയായും അവരുടെ ഉയരമോ ഭാരമോ നിർണ്ണയിക്കുന്നില്ല. ആളുകൾ അവരുടെ ഫിറ്റ്‌നസ് ലെവലുകൾ എങ്ങനെയാണെന്നും അവരുടെ ദൈനംദിന ജോലികൾ ബുദ്ധിമുട്ടില്ലാതെ നേടാനും നിർവഹിക്കാനും കഴിയുന്നുണ്ടോ എന്നുമാണ് പരിശോധിക്കേണ്ടത്. ഒപ്പം ശരിയായ ഭക്ഷണവും വ്യായാമവും ആവശ്യത്തിന് ഉറക്കവും ലഭിക്കുന്നുണ്ടോ എന്ന് വിശകലനം ചെയ്യുകയും ആത്മപരിശോധന നടത്തുകയും വേണം,” ഡോ അഭിഷേക് കൂട്ടിച്ചേർത്തു.

ഉയരവും ഭാരവും തമ്മിൽ ഉണ്ടായിരിക്കേണ്ട അനുപാതത്തിന്റെ ഒരു സാമ്പിൾ ചാർട്ടും ഡോ അഭിഷേക് നൽകുന്നു.

 • ഉയരം 4 അടി 10 ഇഞ്ച് ആണെങ്കിൽ, അനുയോജ്യമായ ഭാരം 41 മുതൽ 52 കിലോഗ്രാം വരെ ആണ്. ഇതിൽ കൂടുതലാണെങ്കിൽ അത് ആരോഗ്യത്തിന് നല്ലതല്ല.
 • ഉയരം അഞ്ചടി ആണെങ്കിൽ ഭാരം 44 മുതൽ 55.7 കിലോഗ്രാം വരെ ആയിരിക്കണം.
 • ഉയരം അഞ്ചടി രണ്ടിഞ്ച് ആണെങ്കിൽ ഭാരം 49 മുതൽ 63 കിലോഗ്രാം വരെ ആവാം.
 • ഉയരം അഞ്ചടി നാല് ഇഞ്ച് ആണെങ്കിൽ ഭാരം 49 മുതൽ 63 കിലോഗ്രാം വരെ ആയിരിക്കണം.
 • അഞ്ചടി ആറിഞ്ച് ഉയരമുള്ള ഒരാളുടെ ഭാരം 53 മുതൽ 67 കിലോഗ്രാം വരെ ആവാം.
 • ഉയരം അഞ്ചടി എട്ട് ഇഞ്ച് ആണെങ്കിൽ, ഭാരം 56 മുതൽ 71 കിലോഗ്രാം വരെയാണ്.
 • അഞ്ചടി പത്ത് ഇഞ്ചിൽ, ഭാരം 59 മുതൽ 75 കിലോഗ്രാം വരെ ആയിരിക്കണം.
 • ഉയരം ആറടി ആണെങ്കിൽ, ശരീര ഭാരം 63 മുതൽ 80 കിലോഗ്രാം വരെ ആവാം.

2000 സെപ്റ്റംബറിൽ, അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം ശരീരഭാരവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത മനസ്സിലാക്കി തരാൻ മികച്ച ഒരു അളവുകോലാണെന്ന് പറയുന്നു. ബിഎംഐയേക്കാൾ മികച്ച അളവുകോലാണ് ഇതെന്നും പഠനത്തിൽ പറയുന്നു. മെഡിക്കൽ ന്യൂസ് ടുഡേ പ്രകാരം, ശരീരത്തിലെ കൊഴുപ്പ് ശതമാനം കണക്കാക്കുന്നത് ഒരു വ്യക്തിയുടെ ഫിറ്റ്‌നസ് ലെവൽ അളക്കുന്നതിനുള്ള ഉചിതമായ മാർഗമാണ്, കാരണം അത് ഒരു വ്യക്തിയുടെ ശരീരഘടനയെ പ്രതിഫലിപ്പിക്കുന്നു.

“ഒരേ ഉയരവും ഒരേ പ്രായവുമുള്ള രണ്ട് വ്യത്യസ്ത ആളുകൾക്ക് ഒരേ ഭാരമുണ്ടാകാം. ഒരേ BMIയും ആയിരിക്കും. എന്നാൽ രണ്ടുപേരിലും കൊഴുപ്പിന്റെയും പേശികളുടെയും ഉള്ളടക്കം വ്യത്യസ്തമായിരിക്കും. ഒരാൾക്ക് കൂടുതൽ പേശികളുണ്ടായിരിക്കാം, ശരീരത്തിൽ കൊഴുപ്പ് കുറവായിരിക്കും. എന്നാൽ മറ്റേയാളിൽ കാര്യങ്ങൾ നേരെ തിരിച്ചാവാം,” കുറവായിരിക്കും, മറ്റൊന്നിന്റെ കാര്യത്തിൽ തിരിച്ചും,” മുംബൈയിലെ സൈഫി ഹോസ്പിറ്റൽ, അപ്പോളോ സ്പെക്ട്ര, നമഹ ആൻഡ് ക്യൂറെ ഹോസ്പിറ്റലുകളിലെ ലാപ്രോസ്‌കോപ്പിക് ആൻഡ് ബാരിയാട്രിക് സർജൻ ഡോ.അപർണ ഗോവിൽ ഭാസ്‌കർ ഉദാഹരണസഹിതം വിശദീകരിക്കുന്നു.

അനുയോജ്യമായ ഭാരം നിലനിർത്തുന്നതിനുള്ള ഒരെളുപ്പവഴി ശരീരത്തിലെ കലോറി കുറയ്ക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. അതായത് ഒരാൾ നിത്യേന ചെലവഴിക്കുന്നതിനേക്കാൾ കുറച്ച് കലോറി കഴിക്കുക എന്നതാണ് അഭികാമ്യം. പതിവ് വ്യായാമത്തോടൊപ്പം ഇക്കാര്യത്തിൽ കൂടി ശ്രദ്ധിച്ചാൽ നല്ല രീതിയിൽ ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാനാവും. കാരണം വേണ്ടത്ര കലോറി ലഭിക്കാതെ വരുമ്പോൾ ശരീരം അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ എരിച്ച് തുടങ്ങും.

“ശരീരത്തിലെ ഉയർന്ന കൊഴുപ്പ് ശതമാനം ഒരാളെ ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യതയിലേക്ക് നയിച്ചേക്കാം. ശരീരത്തിലെ കൊഴുപ്പ് ശതമാനം 15 അല്ലെങ്കിൽ അതിൽ താഴെയാണ് പുരുഷന്മാർക്ക് ശുപാർശ ചെയ്യുന്നത്, സ്ത്രീകൾക്ക് ഇത് 25 ശതമാനം അല്ലെങ്കിൽ അതിൽ താഴെയാണ്,” ഫിറ്റ്‌നസ് വിദഗ്ധനും ഫിറ്ററിന്റെ സഹസ്ഥാപകനുമായ ബാല കൃഷ്ണ റെഡ്ഡി ദബ്ബേദി പറയുന്നു.

പ്രായവും ശരീരഭാരവും തമ്മിലും ചില അനുപാതങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. സിഡിസിയുടെ (Centers for Disease Control and Prevention) കണക്ക് പ്രകാരം പ്രകാരം ഒരാളുടെ പ്രായപരിധി അനുസരിച്ച് അനുയോജ്യമായ ഭാരം എത്രവരെയാകാം എന്നു നിജപ്പെടുത്തുന്ന ഒരു പട്ടികയും ഡോ. അരവിന്ദ് അഗർവാൾ പങ്കിടുന്നു.

 • 19-29 വയസ്സ് പ്രായമുള്ള ആൺകുട്ടിയുടെ ഭാരം 83.4 കിലോഗ്രാം വരെയും പെൺകുട്ടിയുടെ ഭാരം 73.4 കിലോഗ്രാം വരെയും ആവാം.
 • 30-39 വയസ്സിനിടയിലുള്ള പുരുഷന്റെ ഭാരം 90.3 കിലോഗ്രാം വരെയും സ്ത്രീയുടെ ഭാരം 76.7 കിലോഗ്രാം വരെയും ആവാം.
 • 40-49 വയസ്സുള്ള പുരുഷന്റെ ഭാരം 90.9 കിലോഗ്രാം വരെയും, സ്ത്രീയുടെ ഭാരം 76.2 കിലോഗ്രാം വരെയും ആവാം.
 • 50-60 വയസ്സുള്ള പുരുഷന്റെ ഭാരം 91.3 കിലോ വരെയും സ്ത്രീയുടെ ഭാരം 77.0 കിലോ വരെയും ആവാം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ideal weight height age bmi body fat percentage benefits