scorecardresearch

ആർത്തവത്തിന് മുന്‍പ് സ്തനങ്ങള്‍ക്ക് വേദന അനുഭവപ്പെടുന്നത് സാധാരണമാണോ?

സ്തനവേദന കഠിനമാകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്, ഇതിന്റെ പിന്നിലെ കാരണങ്ങള്‍ വിശദമാക്കുകയാണ് വിദഗ്ധര്‍

സ്തനവേദന കഠിനമാകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്, ഇതിന്റെ പിന്നിലെ കാരണങ്ങള്‍ വിശദമാക്കുകയാണ് വിദഗ്ധര്‍

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Breast Pain, Periods

ശരീരവേദന, മലബന്ധം, അസ്വസ്ഥതകള്‍ എന്നീ ലക്ഷണങ്ങള്‍ ആര്‍ത്തവ സമയത്തോട് അടുക്കുമ്പോള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ ചില സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ സ്തനങ്ങള്‍ക്ക് വേദനയും തോന്നാറുണ്ട്. ഇത് ആശങ്കപ്പെടേണ്ട കാര്യമാണോ?

Advertisment

ഇതിന് പിന്നിലെ കാരണമെന്താണെന്ന് വിശദീകരിക്കുകയാണ് ഡോ. തനയ. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് തനയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആർത്തവസമയത്ത്, ഒരു സ്ത്രീയുടെ ശരീരം ഗർഭധാരണത്തിനും കുഞ്ഞിന്റെ ഭാവിക്കും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്നും അത് സ്തനങ്ങളിലെ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളെ സജീവമാക്കുന്നുവെന്നും അവർ പറയുന്നു.

“ഈസ്ട്രജനും (പ്രത്യുത്പാദന വ്യവസ്ഥയ്ക്കും ലൈംഗിക സ്വഭാവങ്ങളുടെയും വികാസത്തിനും കാരണമാകുന്ന ലൈംഗിക ഹോർമോണ്‍) പ്രോജസ്റ്ററോണും (ആർത്തവചക്രം, ഗർഭം എന്നിവയുമായി ബന്ധപ്പെട്ട ഹോർമോൺ) സ്തനങ്ങൾക്കുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിനും അവയുടെ വളര്‍ച്ചയ്ക്കും കാരണമാകുന്നു. ആർത്തവത്തിന് മുന്‍പുള്ള പെട്ടെന്നുണ്ടാകുന്ന വളർച്ച കാരണം സ്തനങ്ങൾക്ക് ഭാരം അനുഭവപ്പെടുകയും വേദന തോന്നുകയും ചെയ്യുന്നു, ” അവര്‍ വിശദീകരിച്ചു. എല്ലാ മാസവും വേദന വരുന്നുണ്ടെങ്കില്‍ ഇത് വളരെ സാധാരണമാണെന്നാണ് ഡോ. തനയയുടെ അഭിപ്രായം.

Advertisment

“നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദനയിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുകയാണെങ്കില്‍, മുമ്പ് ഇല്ലാത്ത എന്തെങ്കിലും മുഴകൾ കണ്ടെത്തുകയോ ചെയ്താൽ നിങ്ങൾ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്,” അവർ കൂട്ടിച്ചേർത്തു. ഈ സാഹചര്യങ്ങളില്‍ വേദന സംഹാരികള്‍ കഴിക്കാമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നുണ്ട്.

“ഈസ്ട്രജന്റെ അളവ് കൂടുന്നത് സ്തനനാളങ്ങൾ വലുതാകുന്നതിനും പ്രൊജസ്‌ട്രോണിന്റെ അളവ് ഉയരുമ്പോൾ പാൽ ഗ്രന്ഥികൾ വലുതാകുന്നതിനും കാരണമാകുന്നു. അവ ഒരുമിച്ച് സംഭവിക്കുമ്പോഴാണ് വേദന തോന്നുന്നത്. വളരെ കഠിനമായ വേദന വരെ അനുഭവപ്പെട്ടേക്കാം, ഇത് സാധാരണമാണ്” ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി ഡയറക്ടർ ഡോ.നൂപൂർ ഗുപ്ത പറഞ്ഞു.

എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആശ്വാസം ലഭിക്കുന്നതിന് ചില പൊടിക്കൈകളുമുണ്ട്.

ധാരാളം വെള്ളം കുടിക്കുക: ഇത് വയറുവേദന കുറയ്ക്കാൻ സഹായിക്കും കൂടുതല്‍ ആശ്വാസം ലഭിക്കുകയും ചെയ്യും.

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക: പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഉപ്പ്, പഞ്ചസാര, കഫീന്‍, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക. ഫോളിക് ആസിഡ്, കാല്‍ഷ്യം, മഗ്നീസിയം, വിറ്റാമിന്‍ ബി 6 എന്നിവയടങ്ങിയിട്ടുള്ള ഉത്പന്നങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് വേദന അകറ്റാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

നന്നായി ഉറങ്ങുക: ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.

വ്യായാമം: ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റുവരെ വ്യായാമം ചെയ്യുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: