scorecardresearch

നാരങ്ങാവെള്ളം കുടിച്ച് നോമ്പു തുറക്കരുത്; കാരണമിതാണ്

നോമ്പു തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നോമ്പു തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

author-image
Health Desk
New Update
lime, lime juice, ramadan, ramadan fasting

നാരങ്ങാവെള്ളം

റമദാൻ നോമ്പ് ആരംഭിച്ചതോടെ വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയും ഇസ്ലാം മതവിശ്വാസികള്‍ റമദാൻ നോമ്പു അനുഷ്ഠിക്കുകയാണ്. റമദാൻ കാലത്ത് ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമങ്ങളിലും നല്ല ശ്രദ്ധ വേണം. പ്രത്യേകിച്ച് കടുത്ത വേനലിലൂടെയാണ് ദിവസങ്ങൾ കടന്നുപോവുന്നത്. നോമ്പു തുറക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിശദീകരിക്കുകയാണ് ആയുർവേദ ഡോക്ടറായ ഡോ. ജെസ്ന.

Advertisment

"നാരങ്ങ വെള്ളം അല്ലെങ്കിൽ ചായ കുടിച്ച് നോമ്പു മുറിക്കരുത്. ഇത് ആരോഗ്യകരമല്ല. ഏറെ നേരം നോമ്പുപിടിച്ചതിനു ശേഷം പെട്ടെന്ന് ഇവ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. പകരം സാധാരണ വെള്ളമോ നന്നാറിയിട്ടു തിളപ്പിച്ച വെള്ളമോ ഉപയോഗിക്കാം. നന്നാറിയിട്ടു തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം അതിലേക്ക് ചിയ സീഡ്സും പനം കൽക്കണ്ടമോ ബ്രൗൺ ഷുഗറോ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. വളരെ ആരോഗ്യകരമായൊരു പാനീയമാണിത്. മാത്രമല്ല ഇത് പ്രകൃതിദത്തമായൊരു കൂളന്റു കൂടിയാണ്. മേൽപ്പറഞ്ഞ പാനീയങ്ങൾക്ക് ഒപ്പം ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്," ഡോ. ജെസ്ന ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

നോമ്പു തുറന്നതിനു ശേഷം കഴിക്കുന്ന പഴങ്ങൾ തിരഞ്ഞെടുക്കുമ്പോഴും സൂക്ഷിക്കുക. അസിഡിക് ആയിട്ടുള്ള പൈനാപ്പിൾ, ഗ്രേപ്പ്, ഓറഞ്ച്, മറ്റു സിട്രസ് രസമുള്ള പഴങ്ങൾ എന്നിവ ഒഴിവാക്കുക. പകരം തണ്ണിമത്തൻ, ആപ്പിൾ, മാങ്ങ, പപ്പായ, പഴം, മാതളനാരങ്ങ, പേരക്ക പോലുള്ളവ കഴിക്കാം.

Advertisment

ഇടിയപ്പം, അപ്പം, പുട്ട് പോലുള്ള ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. ഉലുവകഞ്ഞിയാണ് ആരോഗ്യകരമായ മറ്റൊരു ഭക്ഷണം. ഉലുവകഞ്ഞിയിൽ ജീരകം, ചെറിയ ഉള്ളി, തേങ്ങ എന്നിവ ചേർത്തരച്ച് മിക്സ് ചെയ്ത് കഴിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്.

പലരും നോമ്പുതുറയിൽ സമൂസ പോലുള്ള വിഭവങ്ങൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

Ramadan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: