റമദാൻ നോമ്പിന്റെ ആരംഭത്തോടെ വ്രതപുണ്യത്തിന്റെ നാളുകൾ സമാഗതമായി. റമദാൻ കാലത്ത് ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമങ്ങളിലും നല്ല ശ്രദ്ധ വേണം. വേനൽ കടുക്കുന്നതും വേനൽമഴയുടെ കുറവും ചൂട് വർധിപ്പിക്കുകയാണ്. ചൂട് കൂടുന്ന കാലാവസ്ഥയായതിനാൽ ശരീരത്തിലെ ജലാംശം കുറയുന്നതിനും സാധ്യതയുണ്ട്. ഈ നോമ്പ്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് എറണാകുളം സിൽവർലൈൻ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ന്യൂട്രീഷനിസ്റ്റ് ഡോ.നീതാ പ്രദീപ് പറയുന്നു.
കടുത്ത ചൂടുള്ള സമയമായതിനാൽ പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്താനായി നോമ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണസാധനങ്ങളുണ്ട്. നോമ്പ് എടുക്കുമ്പോൾ ശരീരത്തിനു ക്ഷീണം ഉണ്ടാകാതിരിക്കാനും ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താനും ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
പുലർച്ചെയുള്ള ഭക്ഷണം
പുലർച്ചെ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. രാവിലെ മിതമായും നോമ്പ് തുറന്നതിനുശേഷം അമിതമായും ഭക്ഷണം കഴിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത് ഒഴിവാക്കണം. പുലർച്ചെയുള്ള അത്താഴത്തിൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കുക. തലേന്നത്തെ മാംസഭക്ഷണങ്ങൾ രാവിലെ ചൂടാക്കി കഴിക്കുന്നവരുണ്ട്. ഇത് ഒഴിവാക്കുക. പെട്ടെന്ന് വിശക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങളെക്കാൾ ഓട്സ് പോലുള്ളവ കഴിക്കുന്നത് വളരെ നല്ലതാണ്. വറുത്തതും പൊരിച്ചതും പുലർച്ചെ കഴിക്കാതിരിക്കുക. കഴിക്കണമെന്നു നിർബന്ധമാണെങ്കിൽ, ഡീപ് ഫ്രൈ ചെയ്യുന്നതിനു പകരം ഷാലോ ഫ്രൈ ചെയ്തവ കഴിക്കുക.
പഴങ്ങളും ഡ്രൈഫ്രൂട്ട്സും
ആപ്പിള്‍, തണ്ണിമത്തന്‍, ഏത്തപ്പഴം, പേരയ്ക്ക എന്നിവ പോലെയുള്ള പഴങ്ങൾ കഴിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സോഡിയം എന്നിവ ക്ഷീണം അകറ്റും. മുട്ടയുടെ വെള്ള ഡ്രൈഫ്രൂട്ട്സ് എന്നിവ കഴിക്കുന്നത് നല്ലതാണ്. പുളിയുള്ള പഴങ്ങൾ രാവിലെ കഴിക്കാതിരിക്കുന്നതാണ് നല്ലത്. രാവിലെ ഒന്നര ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ശരീരത്തിലെ ജലാംശം കുറയുന്നത് ക്ഷീണം തോന്നുന്നതിനും യൂറിനറി ഇൻഫെക്ഷനും കാരണമായേക്കാം.
നോമ്പ് തുറന്നതിനുശേഷമുള്ള ഭക്ഷണം എങ്ങനെ?
നോമ്പ് തുറന്നതിനുശേഷം ഭക്ഷണം പെട്ടെന്ന് കഴിക്കാൻ പാടില്ല. ഇത് ദഹനത്തിനും ആരോഗ്യത്തിനും പ്രശ്നങ്ങൾ വരുത്തുന്നു. കാരയ്ക്ക കഴിച്ച് നോമ്പ് തുറക്കാം. നോമ്പ്തുറയ്ക്ക് ശേഷം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഉപവാസസമയത്ത് ജലാംശം കുറഞ്ഞ് നിർജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. ജ്യൂസ് കുടിക്കുന്നതിനെക്കാൾ പഴങ്ങളായി തന്നെ കഴിക്കുന്നതാണ് നല്ലത്. അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവർ പുളിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും അധികം പുളിയുള്ളത് എടുക്കാതിരിക്കുക. നാരങ്ങാവെള്ളത്തിൽ ഉപ്പും മധുരവും ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. നാരങ്ങയിൽ പൊട്ടാസ്യം ഉപ്പിൽ സോഡിയം പഞ്ചസാരയിൽ ഗ്ലൂക്കോസും അടങ്ങിയിരിക്കുന്നതിനാൽ അത് ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുന്നു. പാലും വെള്ളവും ഈന്തപ്പഴവും കഴിക്കാം.
രാത്രിയിലും വറുത്തതും പൊരിച്ചതും കഴിവതും കുറഞ്ഞ അളവിൽ മാത്രം കഴിക്കുക. അല്ലാത്തപക്ഷം, അസിഡിറ്റിക്കും കുടൽ പ്രശ്നങ്ങൾക്കും കാരണമാകാം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ തന്നെ കഴിക്കുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ നോമ്പ് കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ബേക്കറി, പാഴ്സൽ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. നോമ്പിന്റെ ഗുണം പൂർണമായും ലഭിക്കണമെന്നാണ് ആഗ്രഹമെങ്കിൽ, സസ്യാഹാരം ഉൾപ്പെടുത്തുന്നത് പ്രയോജനപ്പെടും. രാത്രിയിൽ അമിതഭക്ഷണം ഒഴിവാക്കിയാൽ പിറ്റേദിവസം പകൽസമയത്തെ ക്ഷീണം കുറയും.
ഇവ ശ്രദ്ധിക്കുക
- എണ്ണയിൽ ഡീപ് ഫ്രൈ ചെയ്ത വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ പരമാവധി കുറയ്ക്കുക.
- കടുത്ത വെയിലുള്ളതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നത് കുറയ്ക്കുക. അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്നവരാണെങ്കിൽ കുട എടുക്കാൻ മറക്കരുത്.
- ശരീരത്തിൽ ജലാംശം കുറഞ്ഞ അവസ്ഥയായതിനാൽ കുറച്ചു നേരം വെയിൽ കൊണ്ടാൽതന്നെ ക്ഷീണം അനുഭവപ്പെടാം.
- ജ്യൂസുകൾ കുടിക്കാനിഷ്ടപ്പെടുന്നവർ ഫ്രഷ് ജ്യൂസ് കുടിക്കാൻ ശ്രദ്ധിക്കുക. കടകളിൽനിന്നു വാങ്ങുന്നവ പരമാവധി ഒഴിവാക്കുക. വീട്ടിൽ ഉണ്ടാക്കുന്ന ജ്യൂസിൽ മധുരമിട്ടു കുടിക്കുന്നതും ഒഴിവാക്കുക. കാർബണേറ്റഡ് കുപ്പി പാനീയങ്ങളും വേണ്ട.
- മാംസാഹാരം ഒഴിവാക്കാൻ ഒട്ടും ഇഷ്ടമില്ലാത്തവർ സസ്യാഹാരവും ഉൾപ്പെടുത്താൻ ശ്രമിക്കുക. ഒരു ബൗളിൽ പച്ചക്കറികളും പഴങ്ങളും മിക്സ് ചെയ്ത് കഴിക്കുക.
- ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൂടാതെ ശ്രദ്ധിക്കുക. പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങളിൽ ഉപ്പ് കൂടാൻ സാധ്യതയുണ്ട്.
- പാൽ ചായ,കാപ്പി, കട്ടൻ കാപ്പി, ചായ എന്നിവ അധികം കുടിക്കാതിരിക്കുക. കഫീൻ നിർജലീകരണത്തിനു കാരണമായേക്കാം.
- നോമ്പ് തുറക്കുന്നതിനു മുൻപുള്ള ഭക്ഷണത്തിൽ ആദ്യം ചായ കുടിക്കുന്നതിനു പകരം ചെറുചുടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് നല്ലതാണ്.
- ജ്യൂസുകളിലും മറ്റും കസ്ക്സ് ഉപയോഗിക്കുന്നത് നല്ലതാണ്. അവ കൂളിങ്ങ് നൽകുന്നു. നേരിട്ട് ഇവ ഉപയോഗിക്കുന്നതിനു പകരം, വെള്ളത്തിലിട്ടു കുതിർത്തശേഷം ഉപയോഗിക്കാം.
- ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കേണ്ടതാണ്. അതുകൊണ്ട് നോമ്പ് തുറക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുക. ഭക്ഷണം കഴിച്ചശേഷമാണ് വെള്ളം കുടിക്കേണ്ടത്.
- ഡ്രൈഫ്രൂട്ട്സിൽ വെള്ളത്തിന്റെ അംശം കുറവായിരിക്കാം. റോസ്റ്റഡ്, സോൾട്ടട് നട്സ് കഴിക്കാതെ പ്ലെയിൽ ആയിട്ടുള്ളവ കഴിക്കുക.
പ്രായമായവരുടെയും ശ്രദ്ധയ്ക്ക്
എന്തെങ്കിലും രോഗത്തിനു മരുന്നു കഴിക്കുന്നവരാണെങ്കിൽ നോമ്പ് എടുക്കുന്നതിനു മുൻപ്, ആരോഗ്യ വിദഗ്ധരെ കണ്ട് വിശദമായ പരിശോധന നടത്തണം. ഡോക്ടറുടെ നിർദേശം ഇല്ലാതെ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നിർത്താൻ പാടില്ല. പ്രമേഹരോഗികൾ രാവിലെ കഴിക്കാനുള്ള മരുന്നുകൾ കൃത്യമായി തന്നെ കഴിക്കണം. ഉച്ചയ്ക്കു നിർബന്ധമായും കഴിക്കേണ്ട മരുന്നുകൾ ഉണ്ടെങ്കിൽ അത് മറ്റൊരു സമയത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ഡോക്ടറിനോട് ചോദിക്കാം. പ്രമേഹമുള്ളവര്‍ പാല്‍ രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്. പ്രമേഹരോഗികളെങ്കില്‍ പച്ചക്കറികള്‍ ചേര്‍ത്ത ഓട്‌സ് ഉപ്പുമാവ് രാവിലെ കഴിക്കാം.