scorecardresearch

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം. കോവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനിക്കെതിയുള്ള പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്

രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം. കോവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനിക്കെതിയുള്ള പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്

author-image
Health Desk
New Update
Dengue fever, Dengue fever prevention, Dengue fever causes, Dengue fever symptoms, ഡങ്കിപ്പനി, ഡങ്കി പനി, Indian express malayalam, IE malayalam

സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിയ്ക്കെതിരായ ക്യാമ്പയിൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പ് നടത്തുന്ന കൊതുക്, കൂത്താടി നിയന്ത്രണ-നശീകരണ പ്രവർത്തനങ്ങൾക്ക് പുറമേ ജൂൺമാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി 'തോട്ടങ്ങളിലേക്ക് നീങ്ങാം' എന്ന ക്യാമ്പയിനും ആവിഷ്‌ക്കരിച്ചിരുന്നു.

Advertisment

ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം. കോവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനിക്കെതിയുള്ള പ്രതിരോധം ശക്തമാക്കണം. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും സിഎഫ്എൽടിസികളും ദുരിതാശ്വാസ ക്യാമ്പുകളും കൊതുകിൽ നിന്നും മുക്തമാക്കണം. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽപ്പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്തങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾ കാണാൻ സാധ്യതയുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ ആരംഭത്തിൽ തന്നെ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം.

വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽകൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിടത്തിനുള്ളിലും ടെറസ്, സൺഷേഡുകൾ, കെട്ടിടത്തിന്റെ പരിസരം എന്നിവയിൽ കെട്ടിനിൽക്കുന്ന വെളളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കൾ സംസ്‌കരിക്കുകയും വേണം. ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൊതുക് വളരാൻ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കുത്താടികളെ നശിപ്പിക്കണം.

Advertisment

ബ്രേക്ക് ദ ചെയിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടേയും കടകളുടെയും മുന്നിൽ കൈകൾ കഴുകുന്നതിനായി സംഭരിച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി എന്നിവ കഴുകി വൃത്തിയാക്കണം.. മാർക്കറ്റുകളിൽ മത്സ്യം സൂക്ഷിക്കുന്ന പെട്ടികൾ, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. റബ്ബർ മരങ്ങളിൽ വച്ചിട്ടുളള ചിരട്ടകളിലും കവുങ്ങിൻ തോട്ടങ്ങളിൽ വീണു കിടക്കുന്ന പാളകളിലും മരപ്പൊത്തുകളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലും കൊതുകുകൾ മുട്ടയിടാം. അതിനാൽ തോട്ടങ്ങളിൽ കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കുക.

വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുക. ജല ദൗർലഭ്യമുളള പ്രദേശങ്ങളിൽ ജലം സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കാനും ശ്രദ്ധിക്കണം.

Read more: കോവിഡ് പോസിറ്റീവായ അമ്മമാർക്കും മുലയൂട്ടൽ തുടരാം: വനിതാ-ശിശു വികസന മന്ത്രാലയം

Health Health Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: