കോവിഡ് പോസിറ്റീവ് ആണെങ്കിലും അമ്മമാർ നവജാതശിശുക്കൾക്ക് മുലയൂട്ടുന്നത് തുടരാമെന്ന് ലോകാരോഗ്യ സംഘടനയും വനിതാ-ശിശു വികസന മന്ത്രാലയവും വ്യക്തമാക്കി. കോവിഡ് പോസിറ്റീവ് ആയ അമ്മാർക്ക് മുലയൂട്ടൽ തുടരാൻ വേണ്ട മാർഗനിർദ്ദേശങ്ങളും പിന്തുണയും നൽകണമെന്ന് വനിതാ-ശിശു വികസന മന്ത്രാലയം, ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കും ഫീൽഡ് പ്രവർത്തകർക്കും നിർദ്ദേശം നൽകി.

അമ്മയ്ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽപ്പോലും മുലയൂട്ടൽ വഴി കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയും. കോവിഡ് സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്ത അമ്മമാർക്ക് ലോകാരോഗ്യസംഘടനയും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും മുന്നോട്ട് വെയ്ക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള നിർദ്ദേശങ്ങളും മാനസിക പിന്തുണയും നൽകാനും വനിതാ-ശിശു വികസന മന്ത്രാലയം ഫീൽഡ് പ്രവർത്തകരോടും ആരോഗ്യ സംരക്ഷണ ദാതാക്കളോടും ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

അമ്നിയോട്ടിക് ദ്രാവകത്തിലോ മുലപ്പാലിലോ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ തന്നെ ഗർഭാവസ്ഥയിലോ മുലപ്പാലിലൂടെയോ വൈറസ് പകരുകയില്ലെന്നും മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കുന്നു.

“നിങ്ങളുടെ കുട്ടിയുമായുള്ള സമ്പർക്കത്തിന് മുമ്പും ശേഷവും സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. കുഞ്ഞിന് ഭക്ഷണം നൽകുന്ന കപ്പ്, കുപ്പികൾ, ടീത്തർ തുടങ്ങുന്ന തൊടുന്നതിനു മുൻപും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ശിശുവിന് ഭക്ഷണം നൽകുന്ന പരിചരണക്കാരുടെ എണ്ണം പരിമിതപ്പെടുത്തുക, ”മറ്റൊരു ട്വീറ്റിൽ വനിതാ-ശിശു വികസന മന്ത്രാലയം വ്യക്തമാക്കുന്നു.

മുലയൂട്ടലിൽ നിന്ന് കോവിഡ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടനയും ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായാണ് ആചരിക്കപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് വനിതാ ശിശു വികസന മന്ത്രാലയം, കോവിഡ് കാല മുലയൂട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. നവജാത ശിശുവിന് ഏറെ പോഷകങ്ങൾ നൽകുകയും മാരകമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരമായ നേട്ടങ്ങൾ നൽകുകയും ചെയ്യുന്ന മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോകമുലയൂട്ടൽ വാരത്തിന്റെ ലക്ഷ്യം.

Read more: പുകവലിക്കുന്നത് കോവിഡ് ഭീഷണിയെ വർധിപ്പിക്കുന്നത് എങ്ങനെ?: ഡോക്ടർമാർ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook