/indian-express-malayalam/media/media_files/Vi0HXYdeZtxIUPaCnIRY.jpg)
Photo Source: Pexels
പോഷകങ്ങളുടെയും ഊർജത്തിന്റെയും ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നവയാണ് ഡ്രൈ ഫ്രൂട്ട്സ്. അവശ്യ പോഷകങ്ങൾ അടങ്ങിയ വാൽനട്ട് ആരോഗ്യകരമായ ലഘുഭക്ഷണത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാണ്. രാവിലെ വാൽനട്ട് കഴിക്കുന്നത് തലച്ചോറിനും ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ?.
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഗുണം ചെയ്യുന്ന സംയുക്തങ്ങൾ എന്നിവയുടെ മികച്ച ഉറവിടമാണ് വാൽനട്ട്. ദൈനംദിന ഭക്ഷണത്തിൽ വാൽനട്ട് ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഹൃദയം, തലച്ചോറ്, കുടൽ എന്നിവയ്ക്ക് സഹായിക്കും. ഒരു പിടി വാൽനട്ട് കഴിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് നല്ല ഉത്തേജനം നൽകുമെന്ന് വിദഗ്‌ധർ പറഞ്ഞു.
തലച്ചോറിന് ഗുണം ചെയ്യും
ആന്റിഓക്‌സിഡന്റുകളുടെയും പോളിഫെനോളുകളുടെയും സ്വാഭാവിക ഉറവിടമായതിനാൽ വാൽനട്ട് തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. ഇവയിലെ സംയുക്തങ്ങൾ തലച്ചോറിലെ വീക്കം തടയുകയും ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും
വാൽനട്ടിൽ പ്രോട്ടീനും നാരുകളും കൂടുതലായതിനാൽ ഏറെ നേരം വയർ നിറഞ്ഞ സംതൃപ്തി നൽകുന്നു. ആസക്തി കുറയ്ക്കാനും കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാനും സഹായിക്കുന്നു. അതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും വാൾനട്ട് ശരീരത്തെ സഹായിക്കുന്നു. അതിനാൽ, ടൈപ്പ്-2 പ്രമേഹരോഗികളോ പ്രമേഹ സാധ്യതയുള്ളവരോ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കണം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഡ്രൈ ഫ്രൂട്ട്സിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ നല്ല (എച്ച്ഡിഎൽ) കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുകയും ശരീരത്തിലെ ചീത്ത (എൽഡിഎൽ) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഭാവിയിൽ ഹൃദയാഘാതത്തിനുള്ള അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ ഇവയ്ക്ക് കഴിയും. വാൽനട്ടിൽ നൈട്രിക് ഓക്സൈഡ് വർധിപ്പിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ അവയ്ക്ക് കഴിയും.
ദഹനപ്രശ്നങ്ങൾ അകറ്റും
വാൽനട്ടിൽ നല്ല പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. അവ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഇവയിലെ സംയുക്തങ്ങൾ ദഹനവ്യവസ്ഥയിലെ വീക്കം, കുടൽ തകരാറുകൾ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us