/indian-express-malayalam/media/media_files/eWLhyWXJXHxhH0trY0rQ.jpg)
വളരെ ചുരുങ്ങിയ കാലം കൊണ്ട് സെലിബ്രിറ്റി ഷെഫുകളുടെ ലിസ്റ്റിൽ ഇടം പിടിച്ച വ്യക്തിയാണ് സുരേഷ് പിള്ള എന്ന ഷെഫ് പിള്ള. തൻ്റെ വിഭവങ്ങളെക്കുറിച്ചും പാചകജീവിതത്തിലെ പല പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഏപ്രിൽ 11ന് റിലീസായ വർഷങ്ങൾക്കുശേഷം എന്ന സിനിമയിലും അദ്ദേഹത്തിൻ്റെ സാന്നിധ്യവുമുണ്ട്. സിനിമയിൽ അഭിനയിക്കാതെ തന്നെ സിനിമയുടെ ഭാഗമായ സന്തോഷത്തിലാണ് ഷെഫ് പിള്ള.
സംഭവം മറ്റൊന്നുമല്ല, സിനിമയുടെ രണ്ടാം പകുതിയിൽ നിവിൻ പോളി ഹോട്ടലിൽ ഇരുന്ന കഴിക്കുന്ന ഇറ്റാലിയൻ വിഭവം തയ്യാറാക്കി നൽകിയത് ഷെഫ് പിള്ളയാണ്. ദോഹയിൽ ആയിരുന്ന താൻ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ആ ഇറ്റാലിയൻ വിഭവം എങ്ങനെ എത്തിച്ചു എന്നതൊരു സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
നിവിൻ പോളിയും സ്‌ലോ റോസ്റ്റാഡ് ലാംബ് ഷാങ്കും! എന്നു തുടങ്ങുന്ന ക്യപ്ഷൻ്റെ ബാക്കി ഭാഗം ഇങ്ങനെയാണ്.
ഡിസംബറിൽ പുതിയ പ്രോജക്ടിന്‍റെ ആവശ്യത്തിനായി ദോഹയിലാണ്- ഒരു കോൾ വരുന്നു
വിനീത് ശ്രീനിവാസനാണ്…!
“ഹലോ ഷെഫ്! നമസ്കാരം…”
“ഹലോ ബ്രോ” - പതിവ് പോലെ എന്‍റെ മറുപടി.
“ഷെഫ്, ഒരു അത്യാവശ്യമുണ്ട്…. നാളെത്തെ ഷൂട്ടിന് ഒരു ഡിഷ് ഉണ്ടാക്കി തരണം സ്ലോറോസ്റ്റഡ് ലാംബ് ഷാങ്ക്, സ്മാഷ്ട് പൊട്ടറ്റോ, വിൽറ്റഡ് സ്പിനാച്ച്, റോസ്മേരിയും എഡിബിൾ ഫ്ലവർ ഗാർണ്ണിഷും..
കൊച്ചിയിലാണ്, ലൊക്കേഷനിൽ കൊണ്ട് വന്ന് പ്ലേറ്റ് ചെയ്യണം...”
ആട്ടിൻ കാൽ - നമ്മുടെ മെനുവിൽ ഇല്ലാത്ത വിഭവമാണ്. കോണ്ടിനെറ്റൽ ഡിഷാണ്, പെട്ടന്ന് എവിടുന്നു സംഘടിപ്പിക്കും എന്ന് മനസിൽ ഓർത്തു.
“നമുക്ക് സെറ്റാക്കാം” എന്ന് പറഞ്ഞു ഫോൺ വച്ചു.
ഉടൻ തന്നെ കൊച്ചിയിലെ ഷെഫ് സിജോയെ വിളിച്ചു കാര്യം പറഞ്ഞു, എവിടേക്കൊയോ വിളിച്ചു സാധനം റെഡിയാക്കി പിറ്റേന്ന് ഉച്ചക്ക് ഡിഷ് പാകം ചെയ്തു ഷൂട്ടിംഗ് പൂർത്തിയാക്കി.
രാത്രിയിൽ വിനിതിന്റെ മെസ്സേജ് - " നന്ദി ഷെഫ്!”
പതിവുപോലെ ഒരു ഹൃദയം ഇട്ട് മറുപടി കൊടുത്തു...
പിന്നിടുള്ള തിരക്കിൽ അക്കാര്യം മറന്ന് പോയി.
ഇന്നലെ രാത്രിയിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അത് അവസാന നിമിഷം കാൻസലായി.
കൂടെയുള്ള അർജുൻ പറഞ്ഞു - “ഒരു സിനിമ കണ്ടാലോ?”
താമസിക്കുന്ന വീട്ടിനടുത്തുള്ള നൂക്ലിയസ് മാളിൽ 10 മണിയുടെ ഷോയ്ക്ക് “വർഷങ്ങൾക്ക് ശേഷ”ത്തിന് ടിക്കറ്റ് എടുത്തു...!
ഫോണിൽ മെസ്സേജ് നോക്കിയിരുന്നപ്പോൾ അർജുൻ പറയുന്നു - ദേ... താങ്ക്സ് പേജിൽ ഷെഫ് പിള്ള”!
ഞാൻ സ്‌ക്രീനിൽ നോക്കിയപ്പോഴേക്കും അത് മാഞ്ഞു പോയിരുന്നു
ധ്യാനിന്‍റെയും പ്രണവിന്‍റെയും രംഗങ്ങളിലൂടെ ആദ്യ പകുതി കഴിഞ്ഞു.
നമ്മുടെ ആട്ടിൻ കാൽ എപ്പോ വരുമെന്ന ആകാംഷയിലൂടെയാണ് ഓരോ സീനും നോക്കിയിരുന്നത്...
രണ്ടാം പകുതി തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേ വരുന്നു നമ്മുടെ നിവിൻ പോളി...മാസ്സ് എൻട്രി!
പോഷ് കാണിക്കാനായി ഒരു റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനായി ഇരിക്കുന്നു - ഒരു മനോഹരമായ പ്ലേറ്റിൽ നമ്മുടെ ആട്ടിൻ കാൽ... ആ വിഭവം പോലെ ഭംഗിയായി ഒപ്പിയെടുത്ത ദൃശ്യങ്ങൾ!
നിവിൻ കത്തിവച്ച് ആട്ടിറച്ചി മുറിച്ച് കഴിക്കുന്നു!
ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എന്നെ ചിരിപ്പിച്ച സന്തോഷിപ്പിച്ച, ചിന്തിപ്പിച്ച, സുഹൃത്ത് ബന്ധത്തിന്റെ കഥ കണ്ടതിലുപരി, എന്‍റെ പ്രിയ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ നല്ലൊരു സിനിമയുടെ ഭാഗമായതിൽ ശെരിക്കും സന്തോഷമായി!
താങ്ക് യൂ വിനിത് ബ്രോ..
അടുത്ത സിനിമയിൽ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത്!
ഇനിയിപ്പോ അഭിനയിക്കാൻ ആളില്ലങ്കിൽ നായക വേഷമാണെങ്കിലും എനിക്ക് വിരോധമില്ലാട്ടോ- എന്ന് അദ്ദേഹം കുറിച്ചിരിക്കുന്നു.
Read More
- തൈരും മുളകും മതി, തയ്യാറാക്കാം സ്വാദിഷ്ടമായൊരു കറി
- വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റാണ് ഈ എണ്ണയില്ലാ പലഹാരം; റെസിപ്പി
- റവയും മുട്ടയും ഉണ്ടോ?; തയ്യാറാക്കാം സ്വാദിഷ്ടമായൊരു നാലുമണി പലഹാരം
- നോമ്പു തുറയ്ക്ക് ആപ്പിള്‍ കൊണ്ടൊരു കിടിലിന്‍ സര്‍ബത്ത്
- മൂന്ന് ചേരുവകൾ മാത്രം മതി; എളുപ്പത്തിൽ തയ്യാറാക്കാം ഈ മാജിക് ചിക്കൻ റോസ്റ്റ്
- അരിയും ഉഴുന്നും അരക്കാതെ 10 മിനിറ്റിൽ തയ്യാറാക്കാം നല്ല സോഫ്റ്റ് ദോശ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.