/indian-express-malayalam/media/media_files/2025/03/28/YHtQBjmfSp2szKrmQyHF.jpg)
Iftar Meal Recipes: ഇഫ്താർ വിഭവങ്ങൾ
സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം വിളിച്ചോതി ഈദുൽ ഫിത്തർ ദിനത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ദൈവത്തിലേക്ക് സ്വയമർപ്പിച്ച പ്രാര്‍ഥനാനിരതമായ മുപ്പതു ദിനരാത്രങ്ങൾ സമ്മാനിച്ച ആത്മവിശുദ്ധിയോടെയും ഊർജ്ജത്തോടെയുമാണ് ഇസ്‌ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.
റമസാൻ മാസത്തിൽ പ്രഭാത സമയം മുതൽ അസ്തമനം വരെ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കി നോമ്പെടുക്കുന്ന വിശ്വാസികൾ വൈകുന്നേരം, അസ്തമന സമയത്തെ മഗ്‌രിബ് നമസ്‍കാരത്തിനു മുമ്പായി നോമ്പ് മുറിക്കുന്നതിനായി ഇരിക്കുന്നതിനാണ് ഇഫ്താർ എന്ന് പറയുന്നത്. ഇഫ്താറിന് വിളമ്പുന്ന ഭക്ഷണ വിഭവങ്ങളെ പൊതുവെ ഇഫ്താർ വിഭവങ്ങൾ എന്നാണ് അറിയപ്പെടുക.
പാൽ പത്തിരി
ചേരുവകൾ
- വെള്ളം- 4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- ജീരകപ്പൊടി- 1/2 ടീസ്പൂൺ
- ഏലയ്ക്കപ്പൊടി- ഒരു നുള്ള്
- നെയ്യ്- 1 ടേബിൾസ്പൂൺ
- അരിപ്പൊടി- 2 1/2 കപ്പ്
- തേങ്ങാപ്പാൽ- 1 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ നാല് കപ്പ് വെള്ളമെടുത്ത് അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ജീരകപ്പൊടി, ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കാം.
- ഇതിലേയ്ക്ക് രണ്ടര കപ്പ് അരിപ്പൊടി ചേർത്തിളക്കാം.
- വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി മാവ് കുഴച്ച് പരത്തുക.
അധികം കട്ടി കുറയാതെ പരത്തിയ മാവിൽ നിന്നും പത്തിരി വട്ടത്തിലാക്കി മുറിച്ചെടുക്കാം. - അത് വാഴയിലക്കുള്ളിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കാം.
- വെന്ത പത്തിരി ഒന്നര കപ്പ് തേങ്ങാപ്പാലിൽ അഞ്ചോ പത്തോ മിനിറ്റ് കുതിർത്തു വെച്ച് വിളമ്പാം.
പഴം നിറച്ചത്
ചേരുവകൾ
- ഏത്തപ്പഴം- 5
- പഞ്ചസാര- 50ഗ്രാം
- തേങ്ങ- 1/2 മുറി
- ഏലയ്ക്ക- 5 എണ്ണം
- അണ്ടിപരിപ്പ്- 5
- കിസ്മിസ്- 10 എണ്ണം
- മൈദ- 20ഗ്രാം
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യ് ഒഴിക്കാം. അര കപ്പ് തേങ്ങ ചിരകിയതു ചേർത്ത് വാട്ടിയെടുക്കാം.
- മധുരത്തിനനുസരിച്ച് പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, കിസ്മിസ്, കശുവണ്ടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരു ബൗളിലേയ്ക്കു മാറ്റാം.
- നന്നായി പഴുത്ത പഴം നടുവെ മുറിച്ച് ഉള്ളിലെ കുരു കളയാം. അതിലേയ്ക്ക് തേങ്ങ വിളയിച്ചതു വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിക്കാം.
- എണ്ണ ചൂടായി കഴിയുമ്പോൾ തേങ്ങ നിറച്ച പഴം മൈദ വെള്ളത്തിൽ കലക്കിയതിൽ മുക്കി വറുക്കാം. ഇത് ചൂടോടെ ചായക്കൊപ്പം കഴിച്ച നോക്കൂ.
പേരയ്ക്ക സ്മൂത്തി
ചേരുവകൾ
- പേരയ്ക്ക- 1
- പഞ്ചസാര അല്ലെങ്കിൽ തേൻ- ആവശ്യത്തിന്
- കശുവണ്ടി- 4
- പാൽ- 5 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- പേരയ്ക്കയുടെ പൾപ്പ് പ്രത്യകം എടുക്കാം.
- അതിലേയ്ക്ക് മധുരത്തിനനുസരിച്ച് പഞ്ചസാരയും, അഞ്ച് ടേബിൾസ്പൂൺ പാലും, 4 കശുവണ്ടിയും ചേർത്ത് അരച്ചെടുക്കാം.
- ഇത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
- നന്നായി തണുത്തതിനു ശേഷം ഗ്ലാസിലേയ്ക്ക് ഒഴിക്കാം.
- മുകളിൽ പേരയ്ക്കയുടെ കഷ്ണങ്ങൾ ചേർക്കാം. ഇനി തണുപ്പ് മാറുന്നതിനു മുമ്പ് കുടിക്കാം.
ഓവനില്ലാതെ മുട്ട പഫ്സ്
ചേരുവകൾ
- ഗോതമ്പ് പൊടി- 2 കപ്പ്
- ഉപ്പ്- 1 ടീസ്പൂൺ
- വെണ്ണ- 150 ഗ്രാം
- സവാള- 1
- മുളകു പൊടി- 1 ടീസ്പൂൺ
- ഗരം മസാല- 1/4 സ്പൂൺ
- തക്കാളി- 1
- മുട്ട
തയ്യാറാക്കുന്ന വിധം
- 2 കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
- കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി മുറിച്ചെടുക്കാം.
- ഉരുളകൾ ഘനം കുറച്ച് പരത്തി അൽപ്പം ബട്ടർ മുകളിൽ പുരട്ടുക. അതിനു മുകളിൽ ഗോതമ്പ് പൊടി വിതറുക. ശേഷം ഒരിക്കൽ കൂടി മടക്കാം.
- മടക്കിയ ഭാഗത്ത് അൽപ്പം വെണ്ണ കൂടി പുരട്ടി കോർണറുകൾ മടക്കി പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞ് ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ചോളൂ.
- ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിനു ശേഷം വീണ്ടും പരത്തി മടക്കിയെടുത്ത് അൽപ്പ സമയം കൂടി ഫ്രിഡ്ജിൽ വെയ്ക്കാം. ഇത് മൂന്ന് തവണ ആവർത്തിക്കുക.
- ശേഷം ചതുരാകൃതിയിൽ പരത്തി മുറിച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ഇടത്തരം വലിപ്പമുള്ള ഒരു സവാള കട്ടി കുറച്ച് അരിഞ്ഞതു ചേർത്ത് വഴറ്റുക.
- സവാളയുടെ നിറം മാറി വരുമ്പോൾ ഒരു തക്കാളി കഷ്ണങ്ങളാക്കിയത് ചേർക്കാം.
- അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യത്തിന് മുട്ട പുഴുങ്ങി വയ്ക്കുക.
- പരത്തി വച്ചിരിക്കുന്ന മാവിൻ്റെ മുകളിൽ ഒരു മുട്ടയുടെ പകുതി മുറിച്ചതും തയ്യാറാക്കിയ മസാലയിൽ നിന്ന് അൽപ്പവും വച്ച് മടക്കുക.
- അടികട്ടിയുള്ള ഒരു പാത്രത്തിൽ വറുക്കാനാവശ്യത്തിന് എണ്ണ എടുത്ത് ചൂടാക്കാം.
- ചൂടായ എണ്ണയിൽ പഫ്സ് വറുത്തെടുക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.