scorecardresearch

France vs Croatia, FIFA World Cup 2018 Final Highlights: കപ്പ് ഫ്രാന്‍സിന് തന്നെ (4-2)

France vs Croatia, FIFA World Cup 2018 Final Highlights: 1998ല്‍ കപ്പ് നേടിയ ഫ്രാന്‍സിന്റെ നായകനാണ് ഇന്ന് ഫ്രാന്‍സ് പരിശീലകനായ ദിദിയര്‍ ദെഷാംപ്. ഫ്രാന്‍സിനിത് രണ്ടാം ലോകകപ്പ് കിരീടം.

France vs Croatia, FIFA World Cup 2018 Final Highlights: 1998ല്‍ കപ്പ് നേടിയ ഫ്രാന്‍സിന്റെ നായകനാണ് ഇന്ന് ഫ്രാന്‍സ് പരിശീലകനായ ദിദിയര്‍ ദെഷാംപ്. ഫ്രാന്‍സിനിത് രണ്ടാം ലോകകപ്പ് കിരീടം.

author-image
WebDesk
New Update
France vs Croatia, FIFA World Cup 2018 Final Highlights: കപ്പ് ഫ്രാന്‍സിന് തന്നെ (4-2)

France vs Croatia, FIFA World Cup 2018 Final Highlights: ക്രോയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സിന് ലോകകപ്പ് കിരീടം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. പതിനെട്ടാം മിനുട്ടില്‍ മന്‍സൂകിച്ച് നേടിയ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സിന്റെ അക്കൗണ്ട് തുറന്നത്. ഇരുപത്തിയെട്ടം മിനുട്ടില്‍ പെരിസിച്ചിലൂടെ ക്രോയേഷ്യ തിരിച്ചടിക്കുന്നു. മുപ്പത്തിയെട്ടാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഗ്രീസ്‌മാനിലൂടെ ഫ്രാന്‍സ് ഗോള്‍നില ഇരട്ടിപ്പിക്കുന്നു.

Advertisment

രണ്ടാം പകുതിയില്‍ അമ്പത്തിയൊമ്പതാം മിനുട്ടില്‍ പോഗ്ബയും അറുപത്തിയഞ്ചാം മിനുട്ടില്‍ എംബാപ്പെയും ഫ്രാന്‍സിനുവേണ്ടി ഗോള്‍ നേടുന്നു. അറുപത്തിയൊമ്പതാം മിനുട്ടില്‍ മന്‍സൂകിച്ച് ക്രോയേഷ്യക്ക് വേണ്ടി രണ്ടാം ഗോള്‍ നേടുന്നു. കളിയിലുടനീളം ആക്രമിച്ചു കളിച്ചെങ്കിലും ക്രോയേഷ്യയ്ക്ക് പിന്നീട് ഒരു ഗോള്‍ നേടാനായില്ല.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിരീടം ഫ്രാന്‍സിലേക്ക് മടങ്ങിവരുന്നത്. 1998ല്‍ കപ്പ് നേടിയ ഫ്രാന്‍സിന്റെ നായകനാണ് ഇന്ന് ഫ്രാന്‍സ് പരിശീലകനായ ദിദിയര്‍ ദെഷാംപ്. ഫ്രാന്‍സിനിത് രണ്ടാം ലോകകപ്പ് കിരീടം.

ചാംബ്യന്മാര്‍ ഫ്രാന്‍സ് !

22:24ഫുള്‍ടൈം ഫ്രാന്‍സ് ചാമ്പ്യന്മാര്‍ !

publive-image

22:21ഗ്രീസ്മാന്‍ എടുത്ത സെറ്റ് പീസ്‌ ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ മാര്‍ക്കിങ് ഭേദിച്ച പോഗ്ബയുടെ കാലുകളിലേക്ക്. പോഗ്ബയ്ക്ക് ഷോട്ട് എടുക്കാനാകുന്നില്ല.. ക്ലിയറന്‍സ്..

Advertisment

22:20 മത്സരം അഞ്ച് മിനുട്ട് അധികസമയത്തിലേക്ക് കടക്കുമ്പോള്‍ ഫ്രാന്‍സിന്റെ തുടരെതുടരെയുള്ള രണ്ട് കൗണ്ടര്‍ അറ്റാക്ക് ശ്രമങ്ങള്‍.. ഗ്രീസ്മാനെ സാല്‍ക്കോ ഫൗല്‍ ചെയ്യുന്നു. ഫ്രാന്‍സിന് മറ്റൊരു ഫ്രീകിക്ക് !

22:17 റാക്കിറ്റിച്ച് !! എണ്‍പത്തിയെട്ടാം മിനുട്ടില്‍ റാക്കിറ്റിച്ചിന്റെ മറ്റൊരു ലോങ്ങ്‌ റേഞ്ച് ശ്രമം.. ഫ്രാന്‍സ് പ്രതിരോധത്തിന് മുകളിലൂടെ പറന്ന ഷോട്ട് ഗോളിയേയും പോസ്റ്റും മറികടന്ന് ഗ്യാലറിയിലേക്ക്..

22:14 മത്സരം തൊണ്ണൂറ് മിനിട്ടിന്റെ അവസാന അഞ്ച് മിനുട്ടിലെക്ക് കടക്കുമ്പോള്‍ മൂന്നാമതൊരു ഗോളിനുള്ള കഠിനപ്രയത്നത്തിലാണ് ക്രോയേഷ്യ. വിങ്ങുകളില്‍ നിന്ന് ക്രോസ് കണ്ടെത്താനുള്ള ക്രോയേഷ്യന്‍ തന്ത്രം ഇതുവരേക്കും പരാജയമാണ്. അത് തന്നെ ആവര്‍ത്തിക്കുകയാണ് ക്രോയേഷ്യന്‍ പരിശീലകന്‍. ഏരിയല്‍ ഫൈറ്റില്‍ മുന്‍തൂക്കമുല്ല ഫ്രാന്‍സ് പ്രതിരോധത്തെ മറികടന്ന് ഹെഡ്ഡറോ ഷോട്ടോ കണ്ടെത്തുക അനായാസമല്ല.

22:10 സബ്സ്റ്റിറ്റ്യൂഷന്‍ : ഡബിള്‍ ഫ്രാന്സിന്റെ ജിറോഡിന് പകരം ഫെകീര്‍

ക്രോയേഷ്യയുടെ സ്ട്രിനിച്ചിന് പകരം സാക്ക

22:07 ചാന്‍സ് !! റാക്കിറ്റിച്ച് !! ബാഴ്‌സലോണയുടെ മധ്യനിരതാരം റാക്കിറ്റിച്ച് എടുത്ത ഗ്രൗണ്ട് ഷോട്ട് തലനാരിഴ വ്യത്യാസത്തില്‍ ഫ്രഞ്ച് പോസ്റ്റ് താണ്ടി പുറത്തേക്ക്..

22:04 മന്‍സൂക്കിച്ചിന്റെ മിടുക്കില്‍ പിറന്ന ഗോളിലൂടെ ക്രോയേഷ്യ തങ്ങളുടെ പ്രതീക്ഷ വീണ്ടെടുക്കുകയാണ്. കുറച്ചുകൂടി ആത്മവിശ്വാസത്തോടെയാണ് അവര്‍ ഇപ്പോള്‍ കളിക്കുന്നത് എന്ന് വ്യക്തം. അപ്പോഴും ഫ്രാന്‍സ് കൗണ്ടര്‍ അറ്റാക്കുകള്‍ അപകടകരമായിമായി തന്നെ തുടരുന്നുണ്ട്..

22:01സബ്സ്റ്റിറ്റ്യൂഷന്‍ : ഫ്രാന്‍സിന്റെ മറ്റ്യൂഡിക്ക് പകരം ടൊലീസോ

22:00സബ്സ്റ്റിറ്റ്യൂഷന്‍ : ക്രൊയേഷ്യയുടെ റെബിച്ചിന് പകരം ക്രാമരിച്ച്

21:59 ഫ്രാന്‍സ് പ്രതിരോധം ഗോളി ലോറിസിന് നല്‍കിയ മൈനസ് പാസ് മുതലെടുത്ത്‌ മന്‍സൂക്കിച്ചിന്റെ ഗോള്‍. ബോസിലേക്ക് ഓടിക്കയറിയ താരം പന്ത് അടിച്ചുകയറ്റുന്നത് ഗോളി ലോറിസിന്റെ കാലിനിടയിലൂടെ..

21:57 ഗോള്‍ !! ക്രൊയേഷ്യ ! മന്‍സൂകിച്ച് !!

21:56 ക്രോയേഷ്യന്‍ പ്രതിരോധത്തിന്റെ ഇടയിലൂടെ പത്തൊമ്പതുകാരന്‍ എംബാപ്പെയുടെ ഗ്രൗണ്ട് ഷോട്ട് ! സുബാശിച്ചിന് പ്രതികരിക്കാന്‍ യാതൊരു അവസരവും നല്‍കാതെ ഇടത് പോസ്റ്റിലേക്ക് പന്ത് തറച്ചുകയറുന്നു.

21:53 ഗോള്‍ !! ഫ്രാന്‍സ് !! കിലിയന്‍ എംബാപ്പെ !!

publive-image

21:50 ഇടത് വിങ്ങില്‍ ഉണ്ടായിരുന്ന എംബാപ്പെയുടെ വേഗതയാണ് ഇത്തവണ ക്രോയേഷ്യയ്ക്ക് ഭീഷണിയായത്. ഇടത് വിങ്ങില്‍ മുന്നേറിയ പത്തൊമ്പത്കാരന്‍ ബോക്സിന്റെ സെന്‍ററില്‍ നിലയുറപ്പിച്ചിരുന്ന ഗ്രീസ്മാന് പന്ത് കൈമാറുന്നു. ഗ്രീസ്മാനില്‍ നിന്ന് പന്ത് കൈപറ്റിയ പോഗ്ബയുടെ വലത് കാലില്‍ നിന്ന് ആദ്യ ഷോട്ട്. ആദ്യ ഷോട്ട് ക്രോയേഷ്യന്‍ പ്രതിരോധത്തില്‍ തട്ടി തിരിച്ച് വീണ്ടും പോഗ്ബയുടെ കാലുകളിലേക്ക്. .പോഗ്ബയുടെ ഇടത് കാലിന്‍ നിന്നും പിറന്ന്ന രണ്ടാമത്തെ ഷോട്ട് ക്രോയേഷ്യന്‍ ഗോളി സുബാശിച്ചിനെ മറികടന്ന് പോസ്റ്റിലേക്ക്..

21:47ഗോള്‍ !! പോഗ്ബ !! ഫ്രാന്‍സ് !!

publive-image

21:46ക്രൊയേഷ്യ ഹൈ പ്രസ്സിങ്ങ് ഗെയിം പുറത്തെടുക്കാന്‍ തുടങ്ങിയതോടെ ഫ്രാന്‍സിന്റെ നിരന്തരമുല്ല കൗണ്ടര്‍ അറ്റാക്കുകള്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഗ്രീസ്മാന്‍ ഒറ്റയ്ക്ക് കണ്ടെത്തിയ ഒരു മുന്നേറ്റത്തില്‍ വിഡായുടെ അവസാന ക്ലിയറന്‍സ്.

21:43 സബ്സ്റ്റിറ്റ്യൂഷന്‍ : ഫ്രാന്‍സിന്റെ കാന്റെക്ക് പകരം എന്‍സോസി

21:42 ചാന്‍സ് !! ഇടത് വിങ്ങില്‍ നിന്നും കിലിയന്‍ എംബപ്പെയുടെ മറ്റൊരു മുന്നേറ്റം. എംബാപ്പെയുടെ വേഗതയെ കവച്ചുവെക്കാന്‍ ക്രോയേഷ്യയുടെ വീഡായ്ക്ക് സാധിക്കുന്നില്ല.. എംബാപ്പെ കണ്ടെത്തിയ ഷോട്ട് മുന്നോട്ട് കയറി വന്ന ക്രോയേഷ്യന്‍ ഗോളി സുബാശിച്ച് തടുക്കുന്നു.

21:39 ഹൈ പ്രസ്സിങ്ങ് ഗെയിം ആണ് ക്രൊയേഷ്യ ഇപ്പോള്‍ പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. ഫ്രാന്‍സിന്റെ പക്കല്‍ പന്ത് ഉള്ളപ്പോഴൊക്കെയും കടുത്ത രീതിയില്‍ പ്രസ് ചെയ്യുവാനും പന്ത് കൈവശപ്പെടുത്താനും ക്രോയേഷ്യക്ക് ആവുന്നു. ക്രോയേഷ്യയുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഫ്രാന്‍സിന് ആകുമോ ?

21:36 ചാന്‍സ് ! റെബിച്ച് !! ഇടത് വിങ്ങില്‍ നിന്ന് ക്രൊയേഷ്യയുടെ റെബിച്ച് എടുത്ത ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ഫ്രഞ്ച് പോസ്റ്റ്‌ താണ്ടി പുരത്തേക്ക്..

21:34 രണ്ടാം പകുതി

21:30 നാല് ഗോളും രണ്ട് അസിസ്റ്റുകളും ആണ് ഫ്രാന്‍സിന്റെ ഗ്രീസ്‌മാന്റെ പേരില്‍ ഉള്ളത്. ഫ്രാന്‍സിന്റെ ആറു ഗോളുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രീസ്മാന് മുന്നില്‍ ഗോള്‍വേട്ടയിലുള്ളത് ഇംഗ്ലണ്ടിന്റെ ഹാരി കേന്‍ മാത്രമാണ്. ആറ്ഗോളുകള്‍ ആണ് ഇംഗ്ലീഷ് നായകന്‍ കണ്ടെത്തിയത്.

21:26 ആദ്യപകുതിയുടെ ഗോള്‍നിലയും മഞ്ഞക്കാര്‍ഡുകളുടെയും എണ്ണത്തില്‍ ഫ്രാന്‍സ് ആണ് മുന്നില്‍ എങ്കില്‍ പൊസഷനിലും മുന്നേറ്റങ്ങളിലും ക്രോയേഷ്യ ആണ് മുന്നില്‍.

21:18ഹാഫ്ടൈം

21:16 ആദ്യപകുതിയില്‍ മൂന്ന്‍ മിനുട്ട് സമയം അധികമായി അനുവദിച്ചിരിക്കുന്നു.

21:15 ക്രോയേഷ്യയ്ക്ക് കോര്‍ണര്‍.. തുടരെയുള്ള രണ്ടാം കോര്‍ണര്‍ കിക്കിന് പിന്നാലെ ഉംറ്റിറ്റി വീണു കിടക്കുന്നു.. പോഗ്ബയുടെ മൂന്നാമത് ക്ലിയറന്‍സില്‍ അടുത്ത കോര്‍ണര്‍.. റാക്കിറ്റിച്ചിന്റെ സെറ്റ് പീസില്‍ വീഡാ കണ്ടെത്തിയ ഹെഡ്ഡര്‍ പുറത്തേക്ക്...

21:11 മഞ്ഞക്കാര്‍ഡ്‌ : ക്രോയേഷ്യന്‍ താരത്തെ ഫൗള്‍ ചെയ്ത ഫ്രാന്‍സിന്റെ പ്രതിരോധ താരം ഹെര്‍ണാണ്ടസിന് കാര്‍ഡ്.

21:08 ഗോള്‍ !! ഗ്രീസ്‍‌മാന്‍ !! പെനാല്‍റ്റി കിക്കില്‍ ഗോള്‍ നേടി ഫ്രാന്‍സ് വീണ്ടും മുന്നില്‍..

21:06പെനാല്‍റ്റി ! പെരിസിച്ചിന്റെ ഹാന്‍ഡില്‍ ഫ്രാന്‍സിന് പെനാല്‍റ്റി.

21:04 ഫ്രാന്‍സിന് ലഭിച്ച കോര്‍ണര്‍ കിക്കില്‍ ക്ലിയറന്‍സിനിടയില്‍ ക്രോയേഷ്യ ഹാന്‍ഡ് ചെയ്തതായി ഫ്രാന്‍സ് ആരോപിക്കുന്നു. പെനാല്‍റ്റി ആവശ്യത്തില്‍ റഫറി വീഡിയോ റഫറിങ്ങിന്റെ സഹായം തേടുന്നു.

21:01 കാന്റെ വഴങ്ങിയ സെറ്റ് പീസിന് പിന്നാലെ പന്ത് ഫ്രഞ്ച് ബോക്സില്‍. ബോക്സിനറ്റത്ത് വച്ച് ഇടത് കാലില്‍ പന്തെടുത്ത് വലത് കാലിലേക്ക് മാറ്റി കൃത്യമായൊരു ഗ്യാപ്പ് കണ്ടെത്തിയ ശേഷം പെരിസിച്ച് ഷൂട്ട്‌ ചെയ്യുന്നു. ഫ്രഞ്ച് പ്രതിരോധത്തെ മറികടന്ന പന്ത് ഗോളിയുടെ കൈകല്‍ക്കുമപ്പുറം പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക് തറച്ചുകയറുന്നു.

20:58 ഗോള്‍ !! പെരിസിച്ച് !!! ക്രൊയേഷ്യാാാാാാ !

publive-image

20:57 മഞ്ഞക്കാര്‍ഡ് : മന്‍സൂക്കിച്ചിന്റെ ഫൗള്‍ ചെയ്തതിനെതുടര്‍ന്ന് കാന്റെക്ക് കാര്‍ഡ്.

20:54 ഫ്രാന്‍സ് ഹാഫില്‍ ക്രോയേഷ്യയ്ക്ക് ഫ്രീകിക്ക്. അഞ്ച് മിനുട്ടില്‍ ക്രോയേഷ്യക്ക് അനുകൂലമായി പിറന്ന രണ്ടാമത്തെ ഫ്രീകിക്ക് ആണിത്. മോഡ്രിച്ച് എടുത്ത സെറ്റ് പീസിനുമേല്‍ ഫ്രാന്സിന്റെ ക്ലിയറന്‍സ്..

20:51 ഗ്രീസ്മാന്‍ എടുത്ത സെറ്റ് പീസ്‌ പ്രതിരോധിക്കാനുള്ള മന്‍സൂക്കിച്ചിന്റെ ഹെഡ്ഡര്‍ ലക്‌ഷ്യം തെറ്റി സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. ഈ ലോകകപ്പിലെ പന്ത്രണ്ടാമത്തതും ഒരു ലോകകപ്പ് ഫൈനലിലെ ആദ്യത്തേതുമായ സെല്‍ഫ് ഗോള്‍ ആണിത്. ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോളുകള്‍ പിറന്ന വര്‍ഷമാണിത്.

20:48 ഗോള്‍ !! ഫ്രാന്‍സ് !! മന്‍സൂകിച്ചിന്റെ തലയില്‍ നിന്നൊരു സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ആനുകൂല്യം..

publive-image

20:47 മത്സരത്തില്‍ ഫ്രാന്‍സ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ചു മിനുട്ടുകലായി ഫ്രഞ്ച്പട ക്രൊയേഷ്യന്‍ ബോക്സില്‍ സമ്മര്‍ദം ചെലുത്തുകയാണ്. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ബ്രോസോവിച്ച് ഗ്രീസ്മാനെ ചെയ്ത ഫൗളില്‍ ഫ്രാന്സിനനുകോല ഫ്രീകിക്ക് !

20:42 മത്സരത്തിലിതുവരെ കൂടുതല്‍ ശ്രദ്ധയോടെ കൃത്യമായ പദ്ധതികളിലാണ് ഇരു ടീമുകളും മുന്നെരിയിട്ടുള്ളത്‌. പന്തിന്മേല്‍ കൂടുതല്‍ പൊസഷന്‍ നിലനിര്‍ത്തിയത് ക്രൊയേഷ്യ തന്നെ. പക്ഷെ ഫ്രാന്‍സിന്റെ കഴിഞ്ഞ കളികള്‍ കണ്ടവര്‍ക്ക് അറിയാം, പൊസഷന്‍ ഒന്നുമില്ലെങ്കില്‍ പോലും ചെറിയ അവസരങ്ങള്‍ പോലും കൃത്യമായി വിനിയോഗിക്കുവാനുള്ള ക്രിയാത്മകതയും സാങ്കേതിക തികവും ഉള്ളവരാണ് ഫ്രാന്‍സ്.

20:37 ഇന്നത്തെ മത്സരത്തില്‍ ഏറ്റവും നിര്‍ണായകമാവുക ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപും ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്കോ ഡാലിച്ചും പുറത്തെടുക്കുന്ന തന്ത്രങ്ങള്‍ തന്നെയാകും. പ്രതിരോധത്തിലൂന്നിയുള്ള ഒരു ഫുട്ബോള്‍ തന്നെയാണ് ദേഷാംപ് റഷ്യയില്‍ പുറത്തെടുത്തത്. ഫുട്ബോള്‍ വിദഗ്ദരും താരങ്ങളും വരെ ‘ആന്റി ഫുട്ബോള്‍’ എന്ന് വിളിച്ച കളി ശൈലി. എതിരാളികളെ മടുപ്പിക്കുന്ന പ്രതിരോധ ഫുട്ബോളിനിടയില്‍ എതിരാളികള്‍ക്ക് വന്നുചേരുന്ന പിഴവുകളെ വേണ്ടവിധം മുതലെടുക്കാന്‍ ഫ്രാന്‍സിന് ഇതുവരേക്കും സാധിച്ചിട്ടുണ്ട്. ആദ്യത്തെ ഗോള്‍ കണ്ടെത്താനും അതിനുശേഷം പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനുമാകും ഫ്രാന്‍സ് ശ്രമിക്കുക. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ദേഷാംപിന്റെ ഈ തന്ത്രം കണ്ടതാണ്.

20:34 ആദ്യ മിനുട്ടുകളില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ക്ക് തിരി കൊളുത്തിയത് ക്രൊയേഷ്യയാണ്. രണ്ട് തവണയെങ്കിലും ക്രോയേഷ്യന്‍ മുന്നേറ്റം ഫ്രഞ്ച് ബോക്സില്‍ എത്തിയെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധത്തെ അതൊന്നും തന്നെ അലട്ടിയില്ല.

20:30കിക്കോഫ്‌ !

publive-image

20:28ഫോര്‍മേഷന്‍

4-2-3-1 എന്ന ഫോര്‍മേഷനില്‍ തന്നെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മധ്യനിരയില്‍ നിന്ന് കളി മെനയുന്ന ശൈലിയാണ് ക്രോയേഷ്യന്‍ ഫുട്ബോള്‍ ഇതുവരെ പിന്തുടര്‍ന്നത്. അപ്രതീക്ഷിതമായി വിങ്ങുകളില്‍ നിന്ന് പിറക്കുന്ന ക്രോസുകള്‍ പോസ്റ്റില്‍ അടിച്ചുകയറ്റാന്‍ മികവുള്ള പെരിസിച്ചിന്റെയും മന്‍സൂക്കിച്ചിന്റെയും സാന്നിധ്യവും ക്രോയേഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.

വേഗതയിലാണ് ഫ്രാന്‍സിന് മുന്‍‌തൂക്കം. ഏത് നിമിഷവും കളിയുടെ ഗതി മാറ്റി മറിക്കാനുള്ള വേഗതയാണ് എംബപ്പെ എന്ന പത്തൊമ്പതുകാരന്റെ കാലുകള്‍ക്ക്. ഫാള്‍സ് 9 പൊസീഷനില്‍ കളിക്കുന്ന ആന്റോണിയോ ഗ്രീസ്മാന്റെ ക്വാളിറ്റിക്ക് എത്ര കരുത്തുറ്റ പ്രതിരോധത്തെയും മറികടന്ന് അവസരമൊരുക്കാനാകും. ഇതുവരേക്കും തിളങ്ങാനായിട്ടില്ല എങ്കിലും ജിറോഡിന്റെ അനുഭവസമ്പത്തും ഉയരവും അപകടകരം തന്നെ.

20:25 ഇരു ടീമുകളുടെയും ദേശീയഗാനം ആലപിക്കുകയാണ് ഇപ്പോള്‍.

20:14 ഇരു ടീമുകളും അഞ്ച് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ മൂന്ന് തവണ ഫ്രാന്‍സ് വികയിച്ചപ്പോള്‍ രണ്ട് തവണ മത്സരം സമനിലയിലായിരുന്നു. ഇരുവരും ഏറ്റുമുട്ടിയത്തില്‍ ഏറ്റവും വാശിയേറിയ മത്സരം 1998 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലാണ്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു മടങ്ങിയ ടൂര്‍ണമെന്റിലെ ടോപ്സ്കോററായിരുന്ന ദാവോര്‍ സക്കറിന്റെ ക്രൊയേഷ്യയുടെ എതിരാളികള്‍ അന്നത്തെ ഫ്രാന്‍സ് നായകന്‍ ദിദിയര്‍ ദെഷാംപ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ്. ചരിത്രം ആവര്‍ത്തിക്കുമോ ? അതോ ക്രോയേഷ്യ പകരംവീട്ടുമോ ?

https://malayalam.indianexpress.com/fifa/fifa-world-cup-2018-didier-deschamps-davor-suker-final/

20:08 കാന്റെയും പോഗ്ബയും ആദ്യ ഇലവനില്‍ ഇടംപിടിച്ച ഒരു മത്സരത്തില്‍ പോലും ഫ്രാന്‍സ് പരാജയപ്പെട്ടിട്ടില്ല. മധ്യനിരകള്‍ തമ്മിലുള്ള മത്സരം കൂടിയാണ് ഇന്നത്തേത്. ഫ്രാന്‍സ് നിരയില്‍ പോഗ്ബയും കാന്റെയും എന്ന പോലെയാണ് ക്രോയേഷ്യന്‍ മധ്യനിരയില്‍ റാക്കിറ്റിച്ചും മോഡ്രിക്കും.

20:05ലൈനപ്പ്

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

20:00 റഷ്യന്‍ ലോകകപ്പിലെ ജേതാക്കള്‍ ആരെന്ന് അറിയാനുള്ള കലാശപ്പൊര് ആരംഭിക്കാന്‍ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി.

France vs Croatia Live Score Streaming, FIFA World Cup 2018 Final Live Streaming: ഫിഫ ലോകകപ്പിന്റെ കലാശപ്പോരില്‍ ക്രൊയേഷ്യയും ഫ്രാന്‍സും ഏറ്റുമുട്ടുന്നു. ചരിത്രം കുറിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ക്രൊയേഷ്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലാണ് ഇത്. 1998ല്‍ തങ്ങളുടെ നാട്ടില്‍ നടന്ന ലോകകപ്പില്‍ മാത്രമാണ് ഫ്രാന്‍സിന് ലോകകിരീടം നേടാനായത്. ടൂര്‍ണമെന്റിലുടനീളം അജയ്യരായാണ് ഇരുവരും മുന്നേറിയത്.

France Fifa Football World Cup 2018 Croatia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: