FIFA World Cup 2018 : 1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ക്ക് ബ്രസീലിനെ പരാജയപ്പെടുത്തി ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിന്റെ നായകനായിരുന്നു ദിദിയര്‍ ദെഷാംപ്. 171 ഗോളുകള്‍ പിറന്ന ടൂര്‍ണമെന്റില്‍ ആറ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയത് ദാവോര്‍ സൂക്കര്‍ എന്ന ക്രോയേഷ്യന്‍ സ്ട്രൈക്കര്‍. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യയില്‍ ഫിഫ ലോകകപ്പിന്റെ മറ്റൊരു ഫൈനലിന് പന്തുരുളുമ്പോള്‍ ചരിത്രം മറ്റൊരു പകപോക്കലിനുകൂടി വഴിയൊരുക്കുകയാണോ ? 1998ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട്‌ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു മടങ്ങിയ ദാവോര്‍ സക്കറിന്റെ ക്രൊയേഷ്യയുടെ എതിരാളികള്‍ ദിദിയര്‍ ദെഷാംപ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ്. 1998ലെ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന റെക്കോര്‍ഡ് മറികടന്ന്‌ ഫൈനലിലെത്തിയ ക്രോയേഷ്യന്‍ ഫുട്ബോളിന്റെ പ്രസിഡന്റ് സാക്ഷാല്‍ ദാവോര്‍ സൂക്കര്‍ !

അപരാജിതരായി ഫൈനല്‍ വരെ എത്തിയവരാണ് ഇരു ടീമുകളും. ലോകോത്തരരായ മധ്യനിര താരങ്ങളുടെ സാന്നിധ്യമുള്ള ടീമുകള്‍. ക്രോയേഷ്യയിലാണ് എങ്കില്‍ ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും മാറ്റിയോ കൊവാച്ചിച്ചും. ബ്രോണ്‍സൊവിച്ച് എന്ന ഡിഫന്‍സീവ് സ്വഭാവമുള്ള മിഡ്ഫീല്‍ഡറെയും അവസരോചിതമായി ഉപയോഗപ്പെടുത്തിയ ആളാണ്‌ ക്രോയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ച്. ലോവ്റനും വീഡായും അടങ്ങുന്ന ക്രോയേഷ്യയുടെ പ്രതിരോധം തങ്ങളുടെ കരുത്ത് തെളിയിച്ചു കഴിഞ്ഞു. അവരെ മറികടന്നാലും ഗോള്‍പോസ്റ്റില്‍ രണ്ട് പെനാല്‍റ്റി കിക്കുകളില്‍ എണ്ണപ്പെട്ട സേവുകള്‍ നടത്തി ടീമിനെ വിജയത്തിലേക്ക് നയിച്ച സുബാശിച്ചെന്ന വന്‍മതില്‍ പകരുന്ന ആത്മവിശ്വാസം !

ആന്റോണിയോ കാന്റെയും പോള്‍ പോഗ്ബയും മറ്റ്യൂഡിയും അടങ്ങുന്നതാണ് ഫ്രാന്‍സിന്റെ മധ്യനിര. ഉംറ്റിറ്റിയും വരാനേക്കും പുറമേ കാന്റെയെന്ന നോ നോണ്‍സെന്‍സ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ കവറിങ്ങും കൂടിയായാലെ ഫ്രാന്‍സ് പ്രതിരോധത്തെ അളക്കാന്‍ പറ്റൂ. വല കാക്കുന്നത് ഫ്രാന്‍സിനുവേണ്ടി എക്കാലത്തുമായി ഏറ്റവും കൂടുതല്‍ തവണ ഇറങ്ങിയിട്ടുള്ള ലോറിസ് എന്ന വിശ്വസ്തനായ ഗോള്‍കീപ്പര്‍.

മധ്യനിരയില്‍ നിന്ന് കളി മെനയുന്ന ശൈലിയാണ് ക്രോയേഷ്യന്‍ ഫുട്ബോള്‍ ഇതുവരെ പിന്തുടര്‍ന്നത്. അപ്രതീക്ഷിതമായി വിങ്ങുകളില്‍ നിന്ന് പിറക്കുന്ന ക്രോസുകള്‍ പോസ്റ്റില്‍ അടിച്ചുകയറ്റാന്‍ മികവുള്ള പെരിസിച്ചിന്റെയും മന്‍സൂക്കിച്ചിന്റെയും സാന്നിധ്യവും ക്രോയേഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.

‘LM 10’ ; ബോംബ്‌ വീണ തെരുവുകളില്‍ പന്ത് തട്ടി വളര്‍ന്ന മാന്ത്രികന്‍

വേഗതയിലാണ് ഫ്രാന്‍സിന് മുന്‍‌തൂക്കം. ഏത് നിമിഷവും കളിയുടെ ഗതി മാറ്റി മറിക്കാനുള്ള വേഗതയാണ് എംബപ്പെ എന്ന പത്തൊമ്പതുകാരന്റെ കാലുകള്‍ക്ക്. ഫാള്‍സ് 9 പൊസീഷനില്‍ കളിക്കുന്ന ആന്റോണിയോ ഗ്രീസ്മാന്റെ ക്വാളിറ്റിക്ക് എത്ര കരുത്തുറ്റ പ്രതിരോധത്തെയും മറികടന്ന് അവസരമൊരുക്കാനാകും. ഇതുവരേക്കും തിളങ്ങാനായിട്ടില്ല എങ്കിലും ജിറോഡിന്റെ അനുഭവസമ്പത്തും ഉയരവും അപകടകരം തന്നെ.

പക്ഷെ ഇന്നത്തെ മത്സരത്തില്‍ ഏറ്റവും നിര്‍ണായകമാവുക ദിദിയര്‍ ദെഷാംപും സ്ലാറ്റ്കോ ഡാലിച്ചും പയറ്റുന്ന തന്ത്രങ്ങള്‍ തന്നെയാകും. പ്രതിരോധത്തിലൂന്നിയുള്ള ഒരു ഫുട്ബോള്‍ തന്നെയാണ് ദേഷാംപ് റഷ്യയില്‍ പുറത്തെടുത്തത്. ഫുട്ബോള്‍ വിദഗ്ദരും താരങ്ങളും വരെ ‘ആന്റി ഫുട്ബോള്‍’ എന്ന് വിളിച്ച കളി ശൈലി. എതിരാളികളെ മടുപ്പിക്കുന്ന പ്രതിരോധ ഫുട്ബോളിനിടയില്‍ എതിരാളികള്‍ക്ക് വന്നുചേരുന്ന പിഴവുകളെ വേണ്ടവിധം മുതലെടുക്കാന്‍ ഫ്രാന്‍സിന് സാധിച്ചിട്ടുണ്ട്. ആദ്യ ഗോള്‍ കണ്ടെത്താനാകും ഫ്രാന്‍സ് ശ്രമിക്കുക. ഒരു ഗോള്‍ അടിച്ചുവെങ്കില്‍ പിന്നീട് പ്രതിരോധത്തിലേക്ക് മാറുന്നതാണ് ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറായ ദേഷാംപിന്റെ തന്ത്രം. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ അത് കണ്ടതാണ്.

സംഘടിതമായ ശ്രമമാണ് ക്രോയേഷ്യയെ ഫൈനല്‍വരെ എത്തിച്ചത്. ആദ്യ മത്സരത്തില്‍ സബ്സ്റ്റിറ്റ്യൂഷനിറങ്ങാന്‍ വിമുഖത് പ്രകടിപ്പിച്ച നിക്കോളാ കലിനിച്ചിനെ തിരിച്ചയച്ചയാളാണ് സ്ലാറ്റോ ഡാലിച്ച്. മന്‍സൂക്കിച്ച് ഒഴിച്ചാല്‍ നമ്പര്‍ 9 പൊസീഷനില്‍ സ്ഥിരമായി കളിക്കുന്ന ഒരേയൊരു താരത്തെയാണ് അദ്ദേഹം മടക്കിയയച്ചത്. താന്‍ പുറത്തെടുക്കാന്‍ പോകുന്നത് ടീം ഗെയിം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് എക്സ്ട്രാ ടൈം മാച്ചുകള്‍ കളിച്ച് അതില്‍ മൂന്നും വിജയിച്ച ടീം. അതവര്‍ക്ക് പകര്‍ത്തുന്ന ആത്മവിശ്വാസവും ചെറുതല്ല.

അഞ്ച് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അതില്‍ മൂന്ന് തവണയും വിജയം ഫ്രാന്‍സിന് അനുകൂലമായിരുന്നു. പക്ഷെ അവസാനമായി കളിച്ച രണ്ട് മത്സരങ്ങളില്‍ സമനില കണ്ടെത്താനായി എന്നത് ക്രോയേഷ്യയ്ക്ക് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. കണക്കുകള്‍ക്കപ്പുറത്താകും ഇന്നത്തെ കളി. കലാശക്കളി അരങ്ങേറുന്ന ലുഷ്നിക്കി സ്റ്റേഡിയത്തില്‍ അരങ്ങേറുക 1998ലേതിന് പകരംവീട്ടല്‍ ആവുമോ എന്ന ചോദ്യത്തിന് ക്രോയേഷ്യന്‍ ഇതിഹാസം ദാവോര്‍ സൂക്കര്‍ നല്‍കുന്ന മറുപടിയും അത് തന്നെയാണ്.

“ഫുട്ബോളില്‍ ഇത് (പകരംവീട്ടല്‍) ഒരു നല്ല വാക്കാണ്‌. പക്ഷെ എനിക്കത് ഇഷ്ടമല്ല. തൊണ്ണൂറ് മിനുട്ട് നീളുന്ന കളിയാണ് ഫുട്ബോള്‍. അതില്‍ ഏറ്റവും നല്ല തയ്യാറെടുപ്പ് നടത്തിയവര്‍ വിജയിക്കും. ശാരീരികമായി മികച്ച തയ്യാറെടുപ്പ് നാടത്തിയവരാന് ഫ്രാന്‍സ്. ലോകകപ്പിനിടയില്‍ഞാന്‍ മോഡ്രിച്ചിന്റെയും മറ്റ് ക്രൊയേഷ്യന്‍ താരങ്ങളുടെയും കണ്ണുകളില്‍ കണ്ടത് അത് തന്നെയാണ്. അവരും മികച്ച രീതിയില്‍ തയ്യാറെടുത്തിട്ടുണ്ട്.”

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ